Wed. Sep 23rd, 2026

കോഴിക്കോട്: മീഡിയാവൺ മാനേജിങ് എഡിറ്റർ പ്രൊഫ. എം. ദാവൂദിന്റെ കൈവെട്ടുമെന്ന് വണ്ടൂരിൽ സി.പി.എം പ്രവർത്തകർ നടത്തിയ പ്രകോപനപരമായ മുദ്രാവാക്യം വിളിയിൽ കേരള പത്രപ്രവർത്തക യൂണിയൻ (KUWJ) സംസ്ഥാന കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിനും പൗരാവകാശങ്ങൾക്കും വേണ്ടി നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന ഒരു പാർട്ടിയുടെ ഭാഗത്ത് നിന്ന് ഇത്തരം വെല്ലുവിളികളും അക്രമത്തിനുള്ള ആഹ്വാനവും പ്രതിഷേധാർഹമാണെന്ന് യൂണിയൻ വ്യക്തമാക്കി.

മാധ്യമങ്ങളുടെ നിലപാടുകളോട് വിയോജിക്കാനും തെറ്റായ വിവരങ്ങളുണ്ടെങ്കിൽ അത് തിരുത്താനും നിയമപരമായ നിരവധി വഴികളുണ്ടായിരിക്കെ, ഒരു മാധ്യമപ്രവർത്തകനെ ശാരീരികമായി ഇല്ലാതാക്കുമെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നത് സി.പി.എം പോലുള്ള ഒരു സംഘടനയ്ക്ക് ഒട്ടും ഭൂഷണമല്ലെന്ന് KUWJ ചൂണ്ടിക്കാട്ടി. വിമർശനങ്ങളുടെ പേരിൽ മീഡിയാവണിനെതിരെ അക്രമാസക്തമായ പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്യുന്നത് ചാനലിലെ ജീവനക്കാർക്ക് വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും പത്രപ്രവർത്തക യൂണിയൻ കൂട്ടിച്ചേർത്തു.

പാർട്ടി നേതൃത്വം ഇത്തരം പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചവരെ നിയന്ത്രിക്കാനും തിരുത്താനും തയ്യാറാകണമെന്ന് KUWJ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു. ഭീഷണി മുഴക്കിയവർക്കെതിരെ പോലീസ് നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.

കൊലവിളി മുദ്രാവാക്യവും വിവാദ പശ്ചാത്തലവും

വണ്ടൂർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിലാണ് “ഇല്ല കഥകൾ പറഞ്ഞിട്ട് പ്രസ്ഥാനത്തിന് നേരെ വന്നാൽ ആ കൈകൾ വെട്ടിമാറ്റും” എന്ന് ഭീഷണി മുഴക്കിയത്. മുൻ എംഎൽഎ എൻ കണ്ണൻ നിയമസഭയിൽ നടത്തിയ ഒരു പ്രസംഗത്തെക്കുറിച്ചുള്ള മീഡിയാവൺ എം.ഡി.യുടെ പരാമർശമാണ് സി.പി.എം പ്രവർത്തകരെ പ്രകോപിപ്പിച്ചത്.

ഒരു പ്രാദേശിക സി.പി.എം നേതാവ് മീഡിയാവണിനെതിരെ വർഗീയ ആരോപണങ്ങൾ ഉന്നയിച്ചതിന് മറുപടി നൽകവേയാണ് എം. ദാവൂദ് എൻ. കണ്ണനെ പരാമർശിച്ചത്. 1996 മുതൽ 2001 വരെ വണ്ടൂർ എം.എൽ.എ ആയിരുന്ന എൻ. കണ്ണൻ 1999 മാർച്ച് 23-ന് നിയമസഭയിൽ മലപ്പുറം ജില്ലയിലെ ‘താലിബാൻവത്കരണത്തെ’ക്കുറിച്ച് ഒരു സബ്മിഷൻ അവതരിപ്പിച്ചിരുന്നു. അതിൽ, “ക്രിസ്ത്യാനികൾ ക്രിസ്മസ് ആഘോഷിക്കുമ്പോൾ അവരുടെ വീടുകളിൽ പ്രകാശിപ്പിക്കുന്ന നക്ഷത്ര വിളക്കുകൾ മുസ്ലിം കടകളിൽ വിൽക്കാൻ പാടില്ല.

ശബരിമലക്ക് പോകുന്ന ഹിന്ദുക്കൾ ധരിക്കുന്ന കറുത്ത തുണി മുസ്ലിം കടകളിൽ വിൽക്കാൻ പാടില്ല എന്നുള്ള ശാസനയാണ് നൽകിക്കൊണ്ടിരിക്കുന്നത്” എന്ന് കണ്ണൻ പ്രസംഗിച്ചിരുന്നു. ഈ പ്രസംഗം നടത്തിയ സഖാവിന്റെ പാർട്ടി ക്ലാസുകൾ കേട്ടുവളർന്നയാളാണ് മീഡിയാവണിനെതിരെ വർഗീയ ആരോപണം ഉന്നയിക്കുന്നതെന്നായിരുന്നു ദാവൂദിന്റെ പരാമർശം.

എന്നാൽ, എൻ.ഡി.എഫിനെതിരെ കണ്ണൻ നടത്തിയ പ്രസംഗം മുസ്ലിങ്ങൾക്കെതിരായി മാറ്റിയെഴുതി എന്നാണ് സി.പി.എം ആരോപിക്കുന്നത്. ഈ വിഷയത്തിലാണ് കൊലവിളി മുദ്രാവാക്യം ഉയർന്നിരിക്കുന്നത്. മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള ഈ കൈയേറ്റത്തിൽ പത്രപ്രവർത്തക യൂണിയൻ മീഡിയാവൺ സെല്ലും ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.