കോട്ടയം: മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് തടഞ്ഞ് പ്രതിഷേധിച്ച ചാണ്ടി ഉമ്മന്‍ എംഎല്‍എക്കെതിരെ കേസ്. ചാണ്ടി ഉമ്മന്‍ പുറമെ സ്ഥലത്ത് പ്രതിഷേധിച്ച 30 ഓളം പേര്‍ക്കെതിരെയും കോട്ടയം ഗാന്ധിനഗര്‍ പൊലീസ് കേസെടുത്തു. ആംബുലന്‍സ് തടഞ്ഞ് പ്രതിഷേധിച്ചതിന്റെ പേരിലാണ് നടപടി.
മൂന്ന് ആവശ്യങ്ങളുന്നയിച്ച ചാണ്ടി ഉമ്മന്‍ എംഎല്‍എ സര്‍ക്കാരിന്റെയും പൊലീസിന്റെയും നടപടിയെ ശക്തമായി വിമര്‍ശിച്ചു. ബിന്ദുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടു. ബിന്ദുവിന്റെ മകള്‍ നവമിയുടെ ശസ്ത്രക്രിയ ചെലവ് 3.40 ലക്ഷം രൂപ സര്‍ക്കാര്‍ വഹിക്കണമെന്നും നവമിക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടു.


