Sat. Nov 21st, 2026

കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരാളുടെ മരണത്തിനിടയാക്കിയ കെട്ടിട അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആശുപത്രി സൂപ്രണ്ട് ഡോ. ടി കെ ജയകുമാര്‍. കെട്ടിടത്തിനടിയില്‍ ആരും കുടുങ്ങിയിട്ടില്ലെന്ന് മന്ത്രിയോട് പറഞ്ഞത് താനാണെന്നും അതിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുകയാണെന്നും ജയകുമാര്‍ പറഞ്ഞു.അകത്ത് ആരുമില്ലെന്ന് അവിടെ ഉണ്ടായിരുന്നവരാണ് തന്നോട് പറഞ്ഞത്. അടിയില്‍ ആളുകള്‍ ഉണ്ടാവാന്‍ സാധ്യത ഇല്ലെന്ന് കരുതി. ഇതിന്റെ അടിസ്ഥാനത്തിലുള്ള വിവരമാണ് മന്ത്രിക്ക് കൈമാറിയത്. സംഭവത്തിന് പിന്നാലെ മൂന്ന് വാര്‍ഡുകളിലെ ആളുകളെ പതിനഞ്ച് മിനിറ്റുകള്‍കൊണ്ട് മാറ്റി. ആരെയും നിര്‍ബന്ധിച്ചു ഡിസ്ചാര്‍ജ് ചെയ്തില്ല. മുന്‍ നിശ്ചയപ്രകാരമാണ് ഡിസ്ചാര്‍ജുകള്‍ നല്‍കിയത്. സംഭവത്തിന് ശേഷം മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം പ്രശ്‌നങ്ങളില്ലാതെ പോകുന്നു. ചികിത്സയെ ബാധിച്ചിട്ടില്ലെന്നും സൂപ്രണ്ട് പറഞ്ഞു.

രക്ഷാപ്രവര്‍ത്തനത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുകയാണെന്നും സൂപ്രണ്ട് പറഞ്ഞു.കെട്ടിടത്തിന് പൂര്‍ണമായും പ്രശ്നങ്ങളുണ്ടെന്നും സൂപ്രണ്ട് പറഞ്ഞു. പ്രവര്‍ത്തനം പൂര്‍ണമായി നിര്‍ത്തിയ ശേഷം ആളുകളെ മാറ്റുക സാധ്യമല്ലായിരുന്നു. പകരം സംവിധാനം ഇല്ലാതെ കെട്ടിടം അടച്ചിടാന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. കെട്ടിടത്തില്‍ ശാസ്ത്രീയ പഠനം അനിവാര്യമായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് രണ്ട് ഏജന്‍സികള്‍ പഠനം നടത്തിയെന്നും സൂപ്രണ്ട് പറഞ്ഞു. ഇടിച്ചു കളയുകയോ ബലപ്പെടുത്തുകയോ ചെയ്യാനാണ് രണ്ട് ഏജന്‍സികളും പറഞ്ഞത്. അതില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഇതോടെ മൂന്നാം ഏജന്‍സിയെ പഠനം നടത്താന്‍ നിയോഗിച്ചു. ഇതോടെയാണ് കെട്ടിടം പൂര്‍ണമായും പൊളിച്ചു മാറ്റാന്‍ തീരുമാനമായതെന്നും സൂപ്രണ്ട് പറഞ്ഞു.

കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 2012 ലാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ ജോയിന്‍ ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷമാണ് കൃത്യമായ പഠനം നടത്തി കെട്ടിടത്തിന്റെ അവസ്ഥ സംബന്ധിച്ച റിപോര്‍ട്ട് ലഭിച്ചത്.

പുതിയ കെട്ടിടത്തിന് 2016 ലെ കിഫ്ബി ഫണ്ടില്‍ നിന്ന് അംഗീകാരം ലഭിച്ചിരുന്നു. സേവനങ്ങള്‍ ഇതിലേക്ക് മാറ്റാനുള്ള നടപടികള്‍ നടന്നുവരികയാണ്. പഴയ കെട്ടിടം പൂര്‍ണമായും അടച്ചിടണമെന്ന് പറയേണ്ടതായിരുന്നു. എന്നാല്‍, ഇവിടുത്തെ എല്ലാ സേവനങ്ങളും നിര്‍ത്തിവെക്കാന്‍ കഴിയുമായിരുന്നില്ല. കെട്ടിടത്തിനുള്ളില്‍ ആരും ഉണ്ടായിരുന്നില്ലെന്ന വിവരമാണ് ആദ്യം ലഭിച്ചത്. മന്ത്രി എത്തിയപ്പോള്‍ ഞാന്‍ തന്നെയാണ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍, ഒരാളെ കാണാതായെന്ന വിവരം പിന്നീടാണ് ലഭിച്ചത്. അതിനു ശേഷം വീണ്ടും തിരച്ചില്‍ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെടുത്തതെന്നും സൂപ്രണ്ട് പറഞ്ഞു.

സംഭവം നടന്ന ഉടനെത്തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നുവെന്ന് ഡി എം ഇ. ഡോ. വിശ്വനാഥ് പറഞ്ഞു. അപകടം നടന്ന ഇടത്തേക്ക് ജെ സി ബി എത്തിക്കാന്‍ പ്രയാസം നേരിട്ടു. 10 മിനുട്ടു കൊണ്ട് ഫ്‌ളോറിലെ 330 പേരെ മാറ്റിയിരുന്നുവെന്നും ഡോ. വിശ്വനാഥ് പറഞ്ഞു. മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നു വീണ് സ്ത്രീ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മെഡിക്കല്‍ കോളജ് സൂപ്രണ്ടും ഡി എം ഇയും.