Tue. Nov 24th, 2026

മലപ്പുറം: മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിലെ പ്രസവത്തിനിടെ അസ്മയെന്ന യുവതി മരിച്ച സംഭവത്തില്‍ പ്രസവമെടുക്കാന്‍ സഹായിച്ച സ്ത്രീ കസ്റ്റഡിയില്‍. ഒതുക്കുങ്ങല്‍ സ്വദേശി ഫാത്തിമയെയാണ് മലപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഫാത്തിമയുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് വിവരം. കേസില്‍ യുവതിയുടെ ഭര്‍ത്താവ് ആലപ്പുഴ വണ്ടാനം സ്വദേശിയും മതപ്രഭാഷകനുമായ സിറാജുദ്ദീനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ നരഹത്യാക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതിയെ തിങ്കളാഴ്ച്ച പ്രസവം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇയാളെ സഹായിച്ചവരെ പൊലീസ് നിരീക്ഷിക്കുന്നുണ്ട്. വൈകാതെ മറ്റുളളവരെയും ചോദ്യം ചെയ്യുമെന്നാണ് വിവരം.

അതേസമയം, ആരോഗ്യമേഖലയില്‍ ലോകനിലവാരം പുലര്‍ത്തുന്ന കേരളത്തില്‍ ചിലയിടത്ത് വീടുകളിലെ പ്രസവം പ്രോത്സാഹിപ്പിക്കപ്പെടുന്നത് ആശങ്കാജനകമാണെന്ന് ഐഎംഎ പറഞ്ഞു. വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും മറവില്‍ നടക്കുന്ന ഇത്തരം ക്രൂരതകളുടെ ഇരകളാണ് ഈയിടെ ജീവന്‍ നഷ്ടപ്പെട്ട നമ്മുടെ സഹോദരിമാരെന്നും ഇത്തരം സംഭവങ്ങൾ നോക്കിനില്‍ക്കാന്‍ പരിഷ്‌കൃത സമൂഹത്തിനാവില്ലെന്നും ഐഎംഎ പറയുന്നു. രോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കും ശിശുക്കള്‍ക്കും നല്‍കേണ്ട ആരോഗ്യസേവനങ്ങളില്‍ വീഴ്ച്ചവരുത്തുന്നത് കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമായി നിര്‍വചിക്കാന്‍ ഭരണാധികാരികള്‍ തയ്യാറാകണമെന്നും എങ്കില്‍ മാത്രമേ ഇത്തരം ദുരന്തങ്ങള്‍ തടയാനും അതിനു പിന്നിലുള്ള അധമ ചിന്താഗതിക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും സാധിക്കുമെന്നും ഐഎംഎ പറഞ്ഞു.

തന്റെ അഞ്ചാമത്തെ പ്രസവത്തിനിടെ അമിത രക്തസ്രാവത്തെ തുടര്‍ന്നാണ് പെരുമ്പാവൂര്‍ സ്വദേശിയായ അസ്മ മരണപ്പെട്ടത്. പ്രസവ സമയത്തുതന്നെ അസ്മ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഭര്‍ത്താവ് സിറാജുദ്ദീന്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കാന്‍ തയ്യാറായില്ല. കുഞ്ഞിന് ജന്മം നല്‍കിയതിന് പിന്നാലെ അസ്മ മരിച്ചു. തുടര്‍ന്ന് സിറാജുദ്ദീന്‍ മൃതദേഹം പെരുമ്പാവൂരിലെത്തിച്ചു. അസ്മയുടെ ബന്ധുക്കളുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. അമിത രക്തസ്രാവമാണ് മരണകാരണമെന്ന് കളമശേരി മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റ്മാര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. അസ്മയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചിരുന്നെങ്കില്‍ രക്ഷിക്കാനാവുമായിരുന്നെന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടര്‍മാരും പറഞ്ഞിരുന്നു.

പ്രസവം എടുക്കാന്‍ സഹായിച്ച സ്ത്രീയുടെ മകനും അറസ്റ്റില്‍

സംഭവത്തില്‍ അസ്മയുടെ പ്രസവം എടുക്കാന്‍ സഹായിച്ച സ്ത്രീയുടെ മകനെയും പോലീസ് അറസ്റ്റ് ചെയ്തു. പ്രസവം എടുക്കാന്‍ സഹായിച്ച ഒതുക്കുങ്ങല്‍ സ്വദേശി ഫാത്തിമയെ ഇന്ന് മലപ്പുറം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ അസ്മയുടെ ഭര്‍ത്താവ് സിറാജ്ജുദ്ദിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വീട്ടിലെ പ്രസവത്തിനായി ഫാത്തിമയ്‌ക്കൊപ്പം മകനും സഹായിച്ചിരുന്നുവെന്നാണ് പോലീസിന് കിട്ടിയ വിവരം. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.

യുവതിയെ വീട്ടില്‍ വച്ച് പ്രസവിക്കുന്നതിന് മനപൂര്‍വം നിര്‍ബന്ധിച്ചുവെന്നാണ് സിറാജ്ജുദ്ദിനെതിരായ കുറ്റം. പ്രസവാനന്തരം ചികിത്സ കിട്ടാതെ അസ്മ മരിച്ചതിനാല്‍ നരഹത്യയും പിന്നീട് തെളിവ് നശിപ്പിച്ചതിനാല്‍ ഈ കുറ്റവും സിറാജുദ്ദീനെതിരെ ചുമത്തിയിട്ടുണ്ട്.അസ്മയുടെ നേരത്തെയുള്ള നാല് പ്രസവത്തില്‍ രണ്ട് പ്രസവം വീട്ടിലാണ് നടന്നത്. ആശുപത്രിയില്‍ പ്രസവിത്തുന്നത്തിന് സിറാജ്ജുദ്ദീന്‍ അനുവദിക്കാത്തതിനാലാണ് വീട്ടില്‍ പ്രസവിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു. പ്രസവശേഷം വൈദ്യസഹായം ലഭിക്കാതെ രക്തം വാര്‍ന്നാണ് യുവതി മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. കൃത്യമായ പരിചരണം ലഭിച്ചിരുന്നുവെങ്കില്‍ മരണം സംഭവിക്കില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913, 6235729908