Fri. Sep 18th, 2026

ഗുവാഹത്തി: അസമില്‍ കോണ്‍ഗ്രസ് ഭരണകാലത്ത് താന്‍ മര്‍ദനത്തിന് ഇരയായിട്ടുണ്ടെന്നും ഏഴു ദിവസം ജയില്‍വാസം അനുഭവിച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ശനിയാഴ്ച ഡെറാഗണിലെ ലചിത് ബര്‍ഫുക്കന്‍ പൊലീസ് അക്കാദമി ഉദ്ഘാടനം ചെയ്യുമ്പോഴാണ് ഹിതേശ്വര്‍ സൈക്കിയ അസം മുഖ്യമന്ത്രിയായിരുന്ന കാലത്തെ അനുഭവം അമിത് ഷാ പങ്കുവച്ചത്.

”അസമില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് ഞാനും മര്‍ദനത്തിന് ഇരയായിട്ടുണ്ട്. ഹിതേശ്വര്‍ സൈക്കിയ ആയിരുന്നു അന്ന് മുഖ്യമന്ത്രി. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിക്കെതിരെ മുദ്രാവാക്യം മുഴക്കിയ സമയമായിരുന്നു. അന്ന് ഏഴു ദിവസം ജയില്‍ ഭക്ഷണം കഴിച്ചു. രാജ്യത്തുടനീളമുള്ള ആളുകള്‍ അസമിനെ രക്ഷിക്കാന്‍ അണിചേര്‍ന്നു. ഇന്ന് അസം വികസനത്തിന്റെ പാതയിലാണ്.” അമിത് ഷാ പറഞ്ഞു.

പൊലീസ് അക്കാദമിക്ക് ലചിത് ബര്‍ഫുക്കന്റെ പേരു നല്‍കിയതില്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയോട് അമിത് ഷാ നന്ദി അറിയിച്ചു. ”അടുത്ത അഞ്ചു വര്‍ഷത്തിനിടെ ഈ പൊലീസ് അക്കാദമി രാജ്യത്തെ തന്നെ മികച്ച അക്കാദമിയായി മാറും. മുഗള്‍ സാമ്രാജ്യത്തിനെതിരെ ധീരമായി പോരാടിയ ലചിത് ബര്‍ഫുക്കന്റെ പേര് പൊലീസ് അക്കാദമിക്ക് നല്‍കിയ മുഖ്യമന്ത്രിക്ക് നന്ദി അറിയിക്കുന്നു. ഒരുകാലത്ത് അസമില്‍ മാത്രം അറിയപ്പെട്ടിരുന്ന ലചിത് ബര്‍ഫുക്കാന്റെ ആത്മകഥ ഇന്ന് 23 ഭാഷകളില്‍ കുട്ടികളെ പഠിപ്പിക്കുകയും അവരെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു.” അമിത് ഷാ അറിയിച്ചു.