Mon. Nov 23rd, 2026

കൊല്ലം: സി പി എം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച കേരളത്തിന്റെ വികസനത്തിനായുള്ള നയരേഖയില്‍ സംസ്ഥാനത്തിന്റെ വിഭവ സമാഹരണം കൂട്ടണം എന്നകാര്യം പ്രധാനമായി കാണുന്നതായി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.

കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തെ മറികടക്കുന്നതിനുള്ള പദ്ധതികളാണ് തയ്യാറാവുക. സംസ്ഥാനത്തിന് സാമ്പത്തിക ലാഭം ഉണ്ടാക്കാന്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കും. വിഭവ സമാഹരണം വര്‍ധിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനക്ഷേമം മുന്‍നിര്‍ത്തിയാണ് സര്‍ക്കാരിന്റെ പദ്ധതികള്‍. സ്വകാര്യ മൂലധനം നിക്ഷേപം സ്വീകരിക്കുന്നത് അടക്കമുള്ള എല്ലാ കാര്യങ്ങളും ജനവിരുദ്ധമാകാത്ത നിലയില്‍ നടപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ തയ്യാറാവുകയന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

പൊതുമേഖല വില്‍ക്കുന്ന നയമാണ് ബി ജെ പിയുടേത്. മോദി സര്‍ക്കാര്‍ കാലത്ത് എഴുപത് ശതമാനത്തിലധികം പൊതുമേഖല വിറ്റെന്നും ഇത് തുടങ്ങിവെച്ചത് കോണ്‍ഗ്രസാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രത്തില്‍ നിന്ന് കടുത്ത അവഗണനയാണ് സംസ്ഥാനം നേരിടുന്നത്. അര്‍ഹതപ്പെട്ട വിഹിതം നല്‍കാന്‍ കേന്ദ്രം തയാറാകുന്നില്ല. നികുതി വിഹിത്തില്‍ കുറവ് വരുത്തി.

സമ്മേളനത്തെപ്പറ്റി വരുന്ന പല വാര്‍ത്തകളും ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്താനാണ് ശ്രമിക്കുന്നത്. കൃത്യമായി കാര്യങ്ങള്‍ വിശദീകരിച്ചെങ്കിലും ആ തരത്തിലല്ല മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നത്. കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തെ മറികടക്കുന്നതിന് കൂടുതല്‍ വിഭവ സമാഹരണത്തിലൂടെ മുന്നോട്ട് പോവാനായി കിഫ്ബിയെ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിച്ചു.

എന്നാല്‍ ഈ ശ്രമങ്ങളെല്ലാം ജനങ്ങള്‍ക്കെതിരാണെന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നത്. ഇത് കേരളത്തിനെതിരായ പ്രചാരവേലയാണ്. എന്തുപറഞ്ഞാലും അതില്‍ നെഗറ്റീവ് കണ്ടെത്താനുള്ള ശ്രമമാണിത്. കേരളത്തിന്റെ പൊതുവായ വികസനത്തിനായുള്ള നയരേഖയെ വക്രീകരിക്കാനാണ് ശ്രമമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.