Sun. Nov 22nd, 2026

✍️ അബ്ദുല്ല അൻസാരി

കാലം മാറിയപ്പോൾ, ഡീപ്പ് സ്റ്റേറ്റ് എന്ന യാഥാർത്ഥ്യത്തിനും പരിണാമം സംഭവിച്ചിരിക്കുന്നു. ഡീപ് സ്റ്റേറ്റിന് പല നിർവചനങ്ങളുമുണ്ട്. നിക്ഷിപ്ത ലക്ഷ്യങ്ങളും അജണ്ടയുമായി, അധികാര കേന്ദ്രങ്ങളുടെ പിന്നാമ്പുറങ്ങളിൽ വളരെ നിഗൂഡവും അനധികൃതവുമായി സമാന്തര അധികാര ശൃംഖലകൾ സൃഷ്ടിച്ച് പ്രവർത്തിക്കുന്ന, അദൃശ്യ അധോലോക ഗവൺമെൻ്റാണ് ഡീപ് സ്റ്റേറ്റ് എന്ന് ചുരുക്കത്തിൽ പറയാം. അധികാരത്തിൽ ഇരിക്കുന്നവരുടെ നിക്ഷിപ്ത താല്പര്യങ്ങളും അകമഴിഞ്ഞ നിഗൂഢ പിന്തുണയാണ് അതിൻറെ ജീവവായു. ദേശീയ അന്തർദേശീയ തലങ്ങളിൽ കോർപ്പറേറ്റ് കുത്തകകളും വൻകിട മാഫിയകളും തുടങ്ങി പ്രാദേശിക, പ്രവിശ്യാ തലങ്ങളിൽ എത്തുമ്പോൾ നമ്മുടെ നാട്ടിലെ സംവരണ സംവിധാനത്തെ നിരന്തരമായി അട്ടിമറിച്ചുകൊണ്ടിരിക്കുന്ന സവർണ്ണ ഒളിഗാർക്കി മുതൽ പിൻവാതിൽ നിയമനം, ഇടതുപക്ഷ സർക്കാരിലെ സംഘപരിവാർ സ്വാധീനം തുടങ്ങിയവ വരെ ഇതിൻറെ പരിധിയിൽ പെടും. അടുത്ത കാലം വരെ നിരവധി മറകൾക്ക് പിന്നിൽ ഒളിച്ചിരുന്ന ഡീപ്പ് സ്റ്റേറ്റ്, ഇപ്പോൾ എല്ലാവിധ മറകളും ഭേദിച്ച്, സാവകാശം സാക്ഷാൽ രൂപത്തിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരിക്കുന്നു. 2019 ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുടനെ എന്‍സിപി നേതാവ് ശരദ് പവാര്‍, ഗൗതം അദാനിയുടെ മധ്യസ്ഥതയിൽ ബിജെപിയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു എന്ന, അജിത് പവാറിന്റെ വെളിപ്പെടുത്തല്‍ ശ്രദ്ധേയമാണ്. ട്രംപിന്റെ ഭരണത്തിൽ കേവല ഉപദേശകൻ മാത്രമല്ല, നിർണായക സ്വാധീനമുള്ള വ്യക്തി കൂടിയാണ് കുത്തക ഭീമൻ ഇലോൺ മസ്ക്. ജർമൻ തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ കക്ഷിയായ എഎഫ്ഡിക്ക് അയാൾ പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നത് കൂടി ഓർക്കണം. അമേരിക്കയുടെ ദേശീയ അന്തർദേശീയ നയങ്ങൾ രൂപപ്പെടുത്തുന്നതിൽ ഇവാഞ്ചലിസ്റ്റുകൾക്കുള്ള പങ്കും ഏറെ വലുതാണ്.

അവശേഷിക്കുന്ന 20 ലക്ഷം വരുന്ന ഫലസ്തീൻ ജനതയെ നാടുകടത്തി, ഗസ്സ തുരുത്തിനെ തങ്ങളുടെ പശ്ചിമേഷ്യയിലെ കടൽത്തീര സുഖവാസ കേന്ദ്രമാക്കി മാറ്റാൻ, സേനയെ അയക്കാൻ ഒരുക്കമാണെന്ന് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നു. തകർന്നുതരിപ്പണമായ ഗസ്സയിൽ, തദ്ദേശീയ ജനതക്ക് ഇനിയും ജീവിതം സാധ്യമല്ല. അവർക്ക് സമാധാനവും സന്തോഷവും വേണമെന്നുള്ളവർ, അവരെ മറ്റെവിടെയെങ്കിലും കുടിയിരുത്തുകയാണ് വേണ്ടത്. ഇങ്ങനെ പോകുന്നു കുപ്രസിദ്ധ റിയൽ എസ്റ്റേറ്റ് വ്യവസായിയായ ട്രംപിന്റെ പുതിയ വരട്ടുവാദങ്ങൾ. മരുമകൻ ജാരെഡ് കുഷ്നർ (Jared Kushner) കഴിഞ്ഞവർഷം അവതരിപ്പിച്ച ‘ഗസ്സ സുഖവാസ കേന്ദ്ര’ പദ്ധതിയാണ് പൊടിതട്ടിയെടുത്ത്, വൈറ്റ്ഹൗസിൽ നെതന്യാഹുവിനെ സാക്ഷി നിർത്തി, നൂറുകണക്കിന് മാധ്യമ പ്രവർത്തകർക്ക് മുന്നിൽ ട്രംപ് പ്രഖ്യാപിച്ചത്.

അയൽപക്കത്തെ ഗ്രീൻലൻഡ് ദ്വീപും പനാമ കനാലും പിടിച്ചടക്കുമെന്നും കാനഡയെ യുഎസിന്റെ 51-ാം സംസ്ഥാനമാക്കി മാറ്റുമെന്നും കൂടി ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ജോർദാനും ഈജിപ്റ്റും മറ്റ് അറബ് രാജ്യങ്ങളും ചേർന്ന് 20 ലക്ഷം ഗസ്സക്കാരെ ഏറ്റെടുത്ത് സ്ഥലം കാലിയാക്കി തരണം. പൊട്ടാതെ കിടക്കുന്ന ബോംബുകൾ നിർവീര്യമാക്കി ലോകത്തുടനീളമുള്ള ജനങ്ങളുടെ ഇഷ്ട വിനോദകേന്ദ്രമാക്കി തുരുത്തിനെ പരിവർത്തിപ്പിക്കും. ട്രംപിന്റെ സ്വപ്ന പദ്ധതി തരക്കേടില്ല. നെതന്യാഹുവും പുതിയ സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ (Marco Rubio) യും ട്രംപിനെ സമൂഹമധ്യത്തിൽ വാഴ്ത്താൻ മറ്റെന്തു വേണം. ‘ഗസ്സയെ വീണ്ടും സുന്ദരമാക്കാം’ ദൗത്യം ഏറ്റെടുക്കാൻ യു.എസ് സന്നദ്ധമാണെന്നും, പശ്ചിമേഷ്യൻ മേഖലയിൽ സമാധാനമാണ് ഏവരുടെയും ലക്ഷ്യമെന്നും റൂബിയോ എക്സി’ൽ കുറിച്ചു. ഗസ്സ ഏറ്റെടുക്കാൻ സൈനിക നീക്കമടക്കം ആവശ്യമായതെന്തും ചെയ്യുമെന്ന് ട്രംപ് ആവർത്തിക്കുന്നുണ്ട്. പശ്ചിമേഷിയിൽ സമാധാനം നിലനിർത്താൻ വേണ്ടി എന്തും ചെയ്യാനും അയാൾ ഒരുക്കമാണത്രേ. ‘ഗസ്സ ഏറ്റെടുക്കാൻ യു.എസ് സൈനികരുടെ ആവശ്യം വേണ്ടിവരില്ല; ഇസ്രായേൽ, പ്രദേശം തങ്ങൾക്ക് ദാനമായി നൽകും’ പിന്നീട് ട്രംപ് തിരുത്തി.

ഫലസ്തീനികളില്ലാത്ത ഗസ്സയെന്ന മോഹം അംഗീകരിക്കാൻ ആവില്ലെന്ന്, ചതിക്കും വഞ്ചനക്കും നെറികേടിനും എക്കാലവും ചൂട്ടുപിടിച്ച ബ്രിട്ടനടക്കം പ്രഖ്യാപിച്ചിട്ടുണ്ട്. സ്വതന്ത്ര ഫലസ്​തീൻ രാഷ്​ട്രം എന്ന നിലപാടിൽ വിട്ടുവീഴ്ച ഇല്ലെന്നും​ പലസ്തീനികളുടെ ഭൂമി കൈയേറാനുള്ള ഇസ്രയേൽ നടപടികളെ അംഗീകരിക്കില്ലെന്നും സൗദി അറേബ്യയും വ്യക്തമാക്കിട്ടുണ്ട്. ഇതര അറബ് രാജ്യങ്ങങ്ങളും കടുത്ത ഭാഷയിൽ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും തങ്ങളുടെ നിലപാട് എത്രത്തോളം സ്ഥിരതയുള്ളതാണെന്ന് കാലം തന്നെ തെളിയിക്കേണ്ടി വരും.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞ ഉടൻ, ആവേശഭരിതരായ അനുയായികളെയും തന്നെ പിന്തുണയ്ക്കുന്ന വമ്പിച്ച ജനക്കൂട്ടത്തെയും സാക്ഷിനിർത്തി, ജൂലൈ 13 ലെ പഴയ പെൻസിൽവേനിയ വധശ്രമത്തെ അനുസ്മരിപ്പിച്ചുകൊണ്ട് ട്രംപ് പ്രഖ്യാപിച്ചു; ‘ദൈവം ഒരു പ്രത്യേക ലക്ഷ്യത്തോടെയാണ് എന്നെ രക്ഷിച്ചത്. ‘നമ്മുടെ രാജ്യത്തെ രക്ഷിക്കുകയും അതിനെ മഹത്വത്തിൻറെ കൊടുമുടിയിൽ എത്തിക്കുകയും ചെയ്യുക’ എന്നതുമാണ് ആ ലക്ഷ്യം. ഇപ്പോൾ നാം ഒരുമിച്ച് ആ ലക്ഷ്യം നിറവേറ്റാൻ പോകുന്നു. നമ്മുടെ മുന്നിലുള്ള ദൗത്യം അത്ര എളുപ്പമല്ല, പക്ഷേ എൻ്റെ ആത്മാവിലുള്ള ഓരോ തരി ഊർജവും സിരകളിലെ അവസാനത്തെ ചൈതന്യവും പോരാട്ട വീര്യവും ദൈവം എന്നെ ഏൽപ്പിച്ച ചുമതലക്കായി ഞാൻ തീർച്ചയായും വിനിയോഗിക്കും.'(Donald Trump says God spared my life for a reason…,Sumanti Sen, Nov 06, 2024, Hindustan Times).

കഴിഞ്ഞ വർഷം, ക്രിസ്ത്യൻ ടിവി അവതാരകനായ പ്രമുഖ ഇവാഞ്ചലിസ്റ്റ്, ഹങ്ക് കുന്നേമാൻ (Hank Kunneman) കഴിഞ്ഞ ഇലക്ഷൻ പ്രക്രിയയെ വിശേഷിപ്പിച്ചത് ‘നന്മയും തിന്മയും തമ്മിലുള്ള പോരാട്ടം’ എന്നാണ്. ‘പ്രസിഡൻ്റ് ട്രംപിൽ ശത്രുക്കൾ ഭയപ്പെടുന്ന ഒരു ഘടകമുണ്ട്. അതിനെ നാം അഭിഷേകം എന്ന് വിളിക്കും’; തെരഞ്ഞെടുപ്പിന് ശേഷം കുന്നേമാൻ പറഞ്ഞു. ഒരു വ്യക്തിയുടെയോ വസ്തുവിന്റെയോ മേൽ ആകമാനം എണ്ണ പുരട്ടി വിശുദ്ധമായി പ്രഖ്യാപിക്കുന്ന ഇസ്രായേൽ സമൂഹത്തിൻറെ പരമ്പരാഗത ആചാരമാണ് ബൈബിൾ പ്രകാരം അഭിഷേകം. ഇവാഞ്ചലിസ്റ്റുകളിൽ ചിലർക്ക്, ട്രംപ് പുതിയ കാലത്തെ മോശയും രക്ഷകനുമാണ്. അമേരിക്കയിലെ അറിയപ്പെടുന്ന ഇവാഞ്ചലിസ്റ്റുകളിൽ ഒരാളായ റവ. ഫ്രാങ്ക്ലിൻ ഗ്രഹാ (Rev. Franklin Graham) മിനെ സംബന്ധിച്ചിടത്തോളം ട്രംപ്, ‘ലോകത്തെ രക്ഷിക്കുക’ എന്ന ദൗത്യത്തിനായി ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണെന്നതിൽ സംശയമില്ല. ‘ചെവിയിലൂടെ തുളച്ചു കയറിയ ബുള്ളറ്റ്, തലച്ചോറിൽ നിന്ന് കേവലം ഒരു മില്ലിമീറ്റർ മാത്രം തെറ്റി, കാഞ്ചി വലിച്ച അവസാന നിമിഷത്തിൽ തല അല്പമൊന്ന് തിരിഞ്ഞു. ദൈവം തൻറെ പ്രത്യേക കൃപയാൽ തല തിരിച്ച് അദ്ദേഹത്തിൻറെ ജീവൻ രക്ഷിച്ചു.’ അദ്ദേഹം പ്രഖ്യാപിച്ചു. ‘ട്രംപ് തൻറെ ആദ്യ ടേമിൽ ഒരു വാഗ്ദാനം നൽകിയിരുന്നു; യുഎസ് സുപ്രീം കോടതിയിൽ ഗർഭച്ഛിദ്ര വിരുദ്ധ ജഡ്ജിമാരെ നിയമിക്കുമെന്ന്. നിയുക്ത പ്രസിഡൻറ് ആത്മാർത്ഥതയുള്ള വ്യക്തിയാണെന്ന് ഇത് തെളിയിക്കുന്നു. ക്രിസ്ത്യാനിറ്റിയുടെയും രാജ്യത്തെ സുവിശേഷകരുടെയും വിജയമാണത്. ഡെമോക്രാറ്റുകൾക്ക് സംരക്ഷിക്കാൻ കഴിയാത്ത മത മൂല്യങ്ങളെ നിയുക്ത പ്രസിഡൻ്റ് സംരക്ഷിക്കു’മെന്ന് നാം ഉറച്ച് വിശ്വസിക്കുന്നു’ ഫ്രാങ്ക്ലിൻ ഗ്രഹാം വ്യക്തമാക്കി (Political Evangelism in God’s Ole Party, Michael Ross, January 17, 2025, Critical database in humanities, science and global justice). LGBTQ വിനെതിരെ സ്വീകരിച്ച ട്രംപിന്റെ വിട്ടുവീഴ്ച ഇല്ലാത്ത പുതിയ നിലപാടുകളും ഇവാഞ്ചലിസ്റ്റുകൾ തങ്ങളുടെ നേട്ടമായി ഏറെ ആഘോഷിക്കുന്നുണ്ട്.

ഇസ്രയേലിലെ അംബാസഡറായി മൈക്ക് ഹക്കബി (Mike Huckabee) യെ തിരഞ്ഞെടുത്തത് തന്നെ, ഇനിയുള്ള കാലം മതമാണ് യുഎസിന്റെ വിദേശ നയങ്ങൾക്ക് രൂപം നൽകുക എന്ന സൂചനയാണ്. ഇസ്രായേലിനെ തീക്ഷ്ണമായി പിന്തുണയ്ക്കുന്ന യുഎസ് ഇവാഞ്ചലിസ്റ്റുകളിൽ ഒരാളാണ് ഹക്കബി. ക്രിസ്തുവിൻ്റെ രണ്ടാം വരവിലേക്ക് നയിക്കുന്ന സംഭവ വികാസങ്ങൾ വേഗത്തിലാക്കാൻ, അധിനിവേശ വെസ്റ്റ് ബാങ്കും ഗസയും ഉൾപ്പെടെ, ബൈബിൾ പരാമർശിച്ച മൊത്തം പ്രദേശങ്ങളും യഹൂദന്മാരാൽ നിറയണമെന്ന് ഇവാഞ്ചലിസ്റ്റുകൾ ദൃഡമായി വിശ്വസിക്കുന്നു. തുടർന്ന് ക്രിസ്തു ഭൂമിയിലേക്ക് മടങ്ങിയെത്തും, അന്തിക്രിസ്തുവിനെയും അയാളുടെ സൈന്യത്തെയും കൊന്നൊടുക്കും, തൻ്റെ ആദ്യ വരവിൽ വാഗ്ദാനം ചെയ്തിരുന്ന ദൈവരാജ്യം സ്ഥാപിക്കും. അവൻ്റെ മഹത്തായ ശക്തിപ്രകടനം പ്രത്യക്ഷത്തിൽ ദർശിച്ച്, യഹൂദന്മാർ യേശുവിനെ മിശിഹായായി അംഗീകരിച്ച് അവൻറെ അനുയായികളായി തീരും (Jews and the Rapture, Carl Olson, 26 Oct 23, Catholic Answers Magazine). ട്രംപിന്റെ പുതിയ പ്രഖ്യാപനങ്ങളിലൂടെ, ലോക ഇവാഞ്ചലിസം ലക്ഷ്യം വെക്കുന്നത്, മുകളിൽ പരാമർശിച്ച പോലെ, ക്രിസ്തുവിൻറെ രണ്ടാം വരവിന് രംഗം ഒരുക്കുകയാണ്. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഉള്ളടക്കത്തിൽ ഏറ്റവും അധികം സ്വാധീനം ചെലുത്തുന്ന ഡീപ് സ്റ്റേറ്റ് ആണ് ഇവാഞ്ചലിസം എന്നതിൽ സംശയം വേണ്ട. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ജിമ്മി കാർട്ടർ മുതലുള്ള 8 രാഷ്ട്രത്തലവന്മാരിൽ ബറാക് ഒബാമയും ജോ ബെൈഡനും ഒഴികെ മറ്റ് ആറ് പേരും ഇവാഞ്ചലിസ്റ്റുകളായിരുന്നു.

‘വാഗ്ദത്ത ഭൂമി’ എന്ന ക്രിസ്ത്യൻ സയണിസ്റ്റുകളുടെ, കെട്ടുകഥയുടെ സാംഗത്യം കൂടി പരിശോധിക്കുന്നത് ഉചിതമായിരിക്കും. തങ്ങളുടെ കുലപതിയായി ഇസ്രായേല്യർ കരുതുന്ന അബ്രഹാം ജനിച്ചത് ഇന്നത്തെ ഇറാഖിലെ ഊർ എന്ന നഗരത്തിലാണ്. അദ്ദേഹം പിന്നീട് മിസ്രയീം എന്ന ഇന്നത്തെ ഈജിപ്തിലേക്കും അവിടെനിന്നും ഫലസ്തീൻ, ഇസ്രായേൽ, ട്രാൻസ്ജോർദാൻ, ലെബനൻ സിറിയ എന്നിവയടങ്ങുന്ന പഴയ കനാനിലേക്കും കുടിയേറുമ്പോൾ അവിടങ്ങളൊന്നും ആളൊഴിഞ്ഞ പ്രദേശങ്ങൾ ആയിരുന്നില്ല. മേൽ പ്രദേശങ്ങൾ മൊത്തം വ്യാപിച്ചുകിടന്നിരുന്ന കനാന്യർ ആയിരുന്നു പ്രബല വിഭാഗം. എന്നുവെച്ചാൽ, അബ്രഹാമിന്റെ സന്തതികൾ, കുടിയേറ്റം നടത്തിയ പ്രദേശം മാത്രമാണ് ഫലസ്തീൻ; ഒരിക്കലും അത് അവരുടെ ജന്മദേശം ആയിരുന്നില്ല. കനാന്യരുടെ ചരിത്രത്തിന് ബി.സി 5000 ത്തിനപ്പുറം പഴക്കമുണ്ട്. 7000 വർഷങ്ങളുടെ ചരിത്ര പാരമ്പര്യം ഉള്ള, നിയോലിതിക്, ചാൽക്കോലിതിക് ജനതയായിരുന്നു അവർ. അതേസമയം അബ്രഹാമിൻ്റെ കുടിയേറ്റം ബി.സി 2000 ത്തിനിപ്പുറം മാത്രമാണ് നടക്കുന്നത്. മാത്രവുമല്ല, അദ്ദേഹത്തിന് ശേഷം അദ്ദേഹത്തിൻറെ രണ്ട് തലമുറകൾ മാത്രമാണ് ഫലസ്തീനിൽ കഴിഞ്ഞുകൂടിയത്. അബ്രഹാമിൻ്റെ മൂന്നാം തലമുറക്കാരനായ യോസേഫിന് മിസ്രയീമിൻ്റെ ഭരണത്തിൽ മുഖ്യസ്ഥാനം ലഭിച്ചതോടെ കുടുംബം ഒന്നാകെ അവിടേക്ക് കുടിയേറി. പിന്നീടുള്ള നാലര നൂറ്റാണ്ടു കാലം യിസ്രായേല്യർ വസിച്ചത് ഈജിപ്തിലായിരുന്നു. എന്നാൽ ഇതിനകം മിസ്രയീമിൽ മണ്ണിൻ്റെ മക്കൾ വാദം ശക്തിപ്പെടുകയും, യിസ്രായേൽ വിരുദ്ധ കോപ്റ്റ് ദേശീയതാവാദം ശക്തിപ്രാപിക്കുകയും ചെയ്തു. അതോടെ അടിച്ചമർത്തപ്പെട്ട യഹൂദർ, പിന്നീട് വിമോചകനായ പ്രവാചകൻ മോശെയുടെ കാലത്താണ് സ്വതന്ത്രരാകുന്നത്. മോശയോടൊപ്പം ഫലസ്തീനിലേക്ക് മടങ്ങിയ അവർക്ക് പക്ഷേ, പ്രദേശത്ത് പ്രവേശിക്കാൻ സാധിച്ചില്ല. ഏറെക്കാലശേഷം യോശ്വായുടെ കാലത്താണ് അവർക്ക് ഫലസ്തീനിൽ പ്രവേശിക്കാൻ കഴിഞ്ഞത്. അപ്പോഴും അവിടം ജനശൂന്യമായിരുന്നില്ല. പുറപ്പാട് പുസ്തകം പതിമൂന്നാം അധ്യായത്തിൽ പറയുന്നത് പോലെ ‘കനാന്യർ, ഹിത്യർ, അമോര്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശമാ’യാണ് അത് അക്കാലത്ത് നിലനിന്നിരുന്നത്. കനാൻ ദേശത്തിൻ്റെ തെക്കു കിഴക്ക്, ഫിലിസ്ത്യർ അധിവസിച്ചിരുന്നു. അവരിൽ നിന്നാണ് ആ ദേശത്തിന് ഫലസ്തീൻ എന്ന പേര് തന്നെ രൂപപ്പെടുന്നത്. അഹങ്കാരവും ധാർമികവ്യതിയാനങ്ങളും ആഭ്യന്തര ശൈഥില്യങ്ങളും കാരണം ക്രമേണ യിസ്രായേല്യർ തകർച്ചയിലേക്ക് കൂപ്പുകുത്തിയതായി യിരെമ്യാ, യെശയ്യാ, യെഹെസ്കേൽ തുടങ്ങിയ പുസ്തകങ്ങളും സങ്കീർത്തനങ്ങളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. യേശുവിൻ്റെ കാലത്ത് റോമക്കാരായിരുന്നു ജൂതരെ ഭരിച്ചിരുന്നതെന്ന് കൂടി ഓർക്കണം. ആഭ്യന്തര ശൈഥില്യങ്ങളെ തുടർന്ന് 12 ഗോത്രങ്ങളിൽ പത്തെണ്ണവും ഫലസ്തീൻ ഒഴിഞ്ഞു പോവുകയും വിവിധ പ്രദേശങ്ങളിലായി ചിതറുകയും പിൽക്കാലത്ത് അവിടങ്ങളിലെ ജനതതികൾക്കിടയിൽ ലയിച്ച് അപ്രത്യക്ഷമാവുകയും ചെയ്തു. അവശേഷിച്ച രണ്ടു ഗോത്രങ്ങളിൽ ബിന്യാമിൻ ഗോത്രവും ക്രമേണ ചരിത്രത്തിൽ നിന്ന് മായിക്കപ്പെട്ടു. ആധുനിക ദേശരാഷ്ട്രങ്ങളുടെ സാമൂഹ്യഘടന രൂപപ്പെടുമ്പോൾ ഫലസ്തീൻ പ്രദേശത്ത് യഹൂദർ നന്നെ വിരളമായിരുന്നു. അതേസമയം, തദ്ദേശീയരായ വലിയൊരു ജനത അവിടെ നവികസിക്കുകയും ചെയ്തിരുന്നു. മുകളിൽ സൂചിപ്പിച്ച പ്രകാരം അവശേഷിച്ച ഒരേയൊരു ഗോത്രം മാത്രമാണ് ഇസ്രായേൽ ജനത എന്നും, ഒരിക്കലും തങ്ങളുടെതല്ലാതിരുന്ന നാട് തങ്ങൾക്കായി ദൈവം വാഗ്ദാനം ചെയ്തു എന്നുമുള്ള വാദത്തിലെ കാപട്യവും അധാർമികതയും ആലോചനാമൃതമാണ്. ഇസ്രായേല്യരുടെ ജന്മഭൂമി എന്ന ന്യായം യാതൊരടിസ്ഥാനവുമില്ലാത്ത കേവലം വംശീയവാദ കെട്ടുകഥ മാത്രമാണ്.

ഏറെ രസകരമായ മറ്റൊന്നു കൂടി അറിയണം. ജൂത സയണിസം 1860 കളോടെയാണ് ആരംഭിച്ചിരുന്നെങ്കിലും ഔദ്യോഗികമായി രൂപം കൊള്ളുന്നത് തിയഡോർ ഹെർസിയുടെ നേതൃത്വത്തിൽ 1897 ലാണ്. എന്നാൽ ക്രിസ്ത്യൻ സയണിസത്തിന് അനുകൂലമായ പ്രൊപ്പഗണ്ട പതിനാറാം നൂറ്റാണ്ടിൽ തന്നെ ആരംഭിച്ചിരുന്നു. പിന്നീട്, ഇംഗ്ലണ്ടിലെ സയണിസ്റ്റ് ഇവാഞ്ചലിക്കൽ പ്രൊട്ടസ്റ്റൻ്റുകാരാണ് സയാണിസം എന്ന ആശയം, 1840-കളിൽ യഹൂദ വൃത്തങ്ങൾക്ക് കൈമാറിയതെന്ന് സമകാലിക ഇസ്രായേലി ചരിത്രകാരിയായ അനിത ഷാപിറ (Anita Shapira) അഭിപ്രായപ്പെടുന്നുണ്ട് (Israel: A History, P. 15, Anita Shapira, The Schusterman Series in Israel Studies). മിഷനറി താൽപര്യങ്ങൾ സംരക്ഷിക്കാനും ലോകത്താകമാനം ആധിപത്യം ഉറപ്പിക്കാനും, തങ്ങളുടെ താല്പര്യങ്ങൾക്കും ഇച്ഛകൾക്കുമനുസരിച്ച് മനോമുകരത്തിൽ വിരിയുന്ന പുതുപുത്തൻ വ്യാമോഹങ്ങൾ പ്രകാരം, ചരിത്രത്തിലുടനീളം സഭ ബൈബിളിന്റേതെന്ന നിലയിൽ പലവിധ പ്രവചനങ്ങളും കിടിലൻ വ്യാഖ്യാനങ്ങളും നടത്തിയിട്ടുണ്ട്.

1200 വർഷങ്ങളോളം നീണ്ടുനിന്ന ജൂത വിദ്വേഷത്തിനും കൂട്ടക്കൊലക്കും സഡൻ ബ്രേക്ക് ഇട്ട്, ചർച്ചും കൂട്ടരും ജൂതരെ കയ്യിലെടുക്കുന്ന ചുവടുമാറ്റത്തിന് പിന്നിലും ഇത്തരമൊരു ഗൂഢ ലക്ഷ്യമുണ്ടായിരുന്നു. അങ്ങനെയാണ് സയണിസം എന്ന ആശയം തന്നെ രൂപം കൊള്ളുന്നത്. 1896 ൽ സയണിസത്തിന്റെ ആധികാരിക പുസ്തകമായ ‘ജൂതരാഷ്ട്രം’ (The Jewish State) തിയഡോർ ഹെർസെൽ പ്രസിദ്ധീകരിക്കുന്നതിനും പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ്, 1884 ൽ റവ. വില്യം ഹെച്ചലർ (William Hechler) എന്ന ആംഗ്ലിക്കൻ പുരോഹിതൻ ‘ജൂത ജനതയുടെ പലസ്തീനിലേക്കുള്ള മടക്കം’ (The Restoration of the Jews to Palestine) എന്ന പ്രബന്ധം പ്രസിദ്ധീകരിക്കുകയുണ്ടായി. ‘ക്രിസ്ത്യൻ വിശ്വാസികൾ കാത്തിരിക്കുന്ന യേശുവിന്റെ മടങ്ങിവരവിനുള്ള മുൻകൂർ വ്യവസ്ഥയായി ജൂതന്മാർ പലസ്തീനിലേക്ക് മടങ്ങണമെന്നത് ബൈബിൾ അടിസ്ഥാനത്തിലുള്ള ഒരു അനിവാര്യതയാണ്’ എന്നായിരുന്നു അദ്ദേഹത്തിൻറെ വാദം. ഇവാഞ്ചലിക്കൽ സഭകളുടെ ആവിർഭാവത്തോടെയാണ് ഉത്തരത്തിൽ പുതിയ തരം ദൈവശാസ്ത്രം ഉയർന്നു വരുന്നത്. അടുത്തകാലം വരെ ബൈബിളിന്റെ അവസാന പുസ്തകമായ ‘വെളിപ്പാടി’ന് വലിയ പ്രാധാന്യം നൽകിയിരുന്നില്ല. പക്ഷേ, ഇവാഞ്ചലിക്കൽ സഭകളുടെ ആവിർഭാവത്തോടെ ബൈബിളിലെ ഓരോ അക്ഷരവും മാന്തി നോക്കി ദുർവ്യാഖ്യാനം നടത്തി, അതിലെ മുഴുവൻ ടെക്സ്റ്റും അങ്ങിനെ തന്നെ സംഭവിച്ചതാണെന്നും, ഭാവിയിൽ സംഭവിക്കാനിരിക്കുന്നതാണെന്നും വ്യാഖ്യാനിക്കാനും അതിനനുസരിച്ച് കഥകൾ മെനയാനും തുടങ്ങി. വെളിപ്പാട് പുസ്തകത്തിന്റെ ഭാഷ ദുർഗ്രാഹ്യയവും ഉപമാപ്രമേയങ്ങൾ നിറഞ്ഞതുമായതിനാൽ ഏതു തരത്തിലുള്ള വ്യാഖ്യാനത്തിനും വഴങ്ങുന്നതുമാണ്.

ജൂതന്മാർ ‘തിരഞ്ഞെടുക്കപ്പെട്ട വംശം’ ആയതിനാൽ അവർ ഒരു രാജ്യമായി പരിവർത്തിക്കപ്പെടുന്നത് ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനെ ത്വരിതപ്പെടുത്തുമെന്ന് ക്രിസ്ത്യൻ സയണിസ്റ്റുകൾ പ്രചരിപ്പിച്ചുകൊണ്ടിരുന്നു. ഇതിനെ സാധൂകരിക്കുന്ന രീതിയിൽ ബൈബിളിനെ, പ്രത്യേകിച്ചും, പുതിയ നിയമത്തിലെ വെളിപ്പാട് പുസ്തകം, പഴയ നിയമത്തിലെ ദാനിയേൽ പ്രവചന പുസ്തകം എന്നിവ വ്യാഖ്യാനിച്ച് പുതിയ തിയോളജി ഉണ്ടാക്കി. 1917 ൽ ബ്രിട്ടൻ ഫലസ്തീനിൽ ജൂത ജനതക്ക് ഒരു രാഷ്ട്രം (National home for the Jewish people) ഉണ്ടാവണം എന്നു പ്രഖ്യാപിച്ചു. അതിനു വേണ്ടി വർഷാവർഷം നിശ്ചിത എണ്ണം ജൂതന്മാർ, അന്ന് ബ്രിട്ടന്റെ അധീനതിയിലായിരുന്ന പാലസ്തീനിലേക്ക് കുടിയേറുവാൻ അനുമതിയും നൽകി (https://m.facebook.com/story.php story_fbid=10220824382713971&id=1670783550&mibextid=Nif5oz). തുടർന്നുള്ള 31 വർഷത്തെ ആസൂത്രിതവും നിഗൂഢവും വഞ്ചനാപരവുമായ പ്രവർത്തനത്തിന്റെ ആകെ തുകയാണ് 1948 സ്ഥാപിതമായ ഇസ്രായേൽ രാഷ്ട്രം. അവശേഷിക്കുന്ന അന്തിക്രിസ്തുവിന്റെ അനുയായികളെ കൂടി പ്രദേശത്തുനിന്ന് പുറത്താക്കുന്നതോടുകൂടിയാണ് ദൈവരാജ്യം അതിൻറെ പൂർണ്ണത കൈവരുക. അപ്പണിയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. പശ്ചിമേഷ്യയെ സംബന്ധിച്ച പുതിയ പ്രഖ്യാപനത്തിൽ ഇത്ര മാത്രമേ ട്രംപും ഉദ്ദേശിക്കുന്നുള്ളൂ.