✍️ സി.ആർ.സുരേഷ്
“ഞാൻ ചിന്തിക്കുകയായിരുന്നില്ല; പരീഷണം നടത്തുകയായിരുന്നു”.
(എക്സ് – റേ കണ്ടുപിടിച്ചപ്പോൾ എന്താണ് തോന്നിയതെന്ന ചോദ്യത്തിനു നൽകിയ മറുപടി).
വൈദ്യശാസ്ത്രത്തിൽ നിർണായകമായ എക്സ്റേയുടെ കണ്ടെത്തലിലൂടെ ശാസ്ത്രചരിത്രത്തിൽ ചിരപ്രതിഷ്ഠ നേടിയ ശാസ്ത്രജ്ഞനാണ് വില്യം കോൺറാഡ് റോണ്ട്ജൻ (1845 – 1923). പരലുകളുടെയും തന്മാത്രകളുടെയും സവിശേഷതകളിലേക്ക് ആഴ്ന്നിറങ്ങാൻ എക്സ്റേ രശ്മികൾ സഹായിച്ചു. റേഡിയോ ആക്ടിവതയും അണുമാതൃകയും കണ്ടെത്തുന്നതിനും ക്വാണ്ടം സിദ്ധാന്തം വഴി ക്ലാസ്സിക്കൽ ഭൗതികശാസ്ത്രം തന്നെ അഴിച്ചുപണിയുന്നതിനും വഴിവച്ചത് എക്സ് കിരണങ്ങളാണ്.
ഇന്നത്തെ ജർമനിയിലുൾപ്പെടുന്ന പഴയ പ്രഷ്യയിലെ ലെന്നപ്പിൽ ആയിരുന്നു ജനനം. കുടുംബം നെതർലൻഡ്സിലേക്ക് താമസംമാറ്റിയതോടെ അവിടുത്തെ ഒരു ബോർഡിങ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. സൂറിച്ചിലെ പോളിടെക്നിക്കിൽ മെക്കാനിക്കൽ എൻജിനീയറിങ് പഠനകാലത്ത് അവിടെവച്ച് ക്ലോഷ്യസ്, കുന്റ്ർ തുടങ്ങിയ പ്രഗല്ഭ ശാസ്ത്രജ്ഞരുടെ ക്ലാസുകൾ കേൾക്കാനും അവരുമായി പരിചയപ്പെട്ടതും വഴിത്തിരിവായി. റോണ്ട്ജനിലെ പ്രതിഭയെ തൊട്ടുണർത്തിയത് ഇവരാണ്.
1895-ൽ, ബവേറിയയിലെ വൂർസ്ബർഗ് സർവകലാശാലയിലെ ഭൗതികശാസ്ത്ര മേധാവിയായി സേവനമനുഷ്ഠിക്കുന്ന സമയത്താണ് കാഥോഡ് രശ്മികളെപ്പറ്റി ഗവേഷണം നടത്തുന്നത്. പെട്ടന്നാണ് ഒരു അപൂർവ പ്രകാശം പരന്നത്. ആ പ്രകാശമാകട്ടെ ഒരു സ്ക്രീനിൽ പതിയുന്നു. ആ പ്രകാശദിശയിലേക്ക് റോണ്ട്ജൻ തന്റെ കൈ ഉയർത്തിക്കാട്ടി. പക്ഷേ പതിഞ്ഞത് കൈപ്പത്തിയായിരുന്നില്ല. പകരം കൈയിലെ അസ്ഥിയുടെ നിഴൽ. ആ രശ്മികൾക്ക് റോണ്ട്ജൻ അജ്ഞാത രശ്മികൾ എന്നർഥത്തിൽ ഒരു പേരു നല്കി.
“എക്സ്റേ രശ്മികൾ’ പദാർഥങ്ങളെ തുളച്ച് കടന്നുപോകാനുള്ള ആ രശ്മികളുടെ കഴിവ് വൈദ്യശാസ്ത്രരംഗത്ത് വലിയ വിപ്ലവം സൃഷ്ടിച്ചു. മാംസം പോലുള്ള മൃദുപദാർത്ഥങ്ങളെ തുളച്ച് കടക്കുകയും എല്ലുകൾ പോലുള്ള കഠിനപദാർഥങ്ങളാൽ തടയപ്പെടുകയും ചെയ്യുകവഴി മനുഷ്യരുടെ ആന്തരികാവയവങ്ങളുടെ ചിത്രങ്ങൾ പകർത്താനും ഇതിലൂടെ സാധിച്ചു.
ആദ്യ എക്സ്റേ ചിത്രത്തിൽ പതിഞ്ഞത് റോണ്ട്ജന്റെ പത്നി അന്നബർത്ത ലൂഡ്വിഗിന്റെ കൈപ്പത്തിയായിരുന്നു. കൈയിലെ അസ്ഥികളും വിവാഹമോതിരവും പതിഞ്ഞ ആ ചിത്രം എക്സ് രശ്മികളുടെ ആദ്യകാല പ്രതീകമായി നിലകൊള്ളുന്നു.
1901 ൽ ഈ കണ്ടുപിടുത്തത്തിന് ഭൗതികശാസ്ത്രത്തിനുള്ള ആദ്യ നൊബേൽ സമ്മാനം ലഭിച്ചു.


