Mon. Nov 23rd, 2026

പ്രശസ്ത പ്രൊഡക്ഷൻ ഡിസൈനറായ ജോതിഷ് ശങ്കർ സംവിധാനം ചെയ്ത ബേസിൽ ജോസഫ് നായകനായ ഏറ്റവും പുതിയ ചിത്രമാണ് ‘പൊൻമാൻ’.  മികച്ച പ്രതികരണങ്ങളോടെ ചിത്രം പ്രദർശനം തുടരുകയാണ്. നിരവധി ആളുകളാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തുന്നത്. അദ്ധ്യാപകനും എഴുത്തുകാരനുമായ ഡോ. എ, കെ വാസു ‘പൊൻമാൻ’ സിനിമയെക്കുറിച്ച് എഴുതിയ ശ്രദ്ധേയമായ ഒരു കുറിപ്പ് ചുവടെ ചേർക്കുന്നു.

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിതാണ് ചിത്രത്തിൽ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. ജി.ആർ. ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് പൊൻമാൻ ഒരുക്കിയിരിക്കുന്നത്. ജി. ആർ ഇന്ദുഗോപൻ, ജെസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

✍️ ഡോ. എ കെ. വാസു

ലാറ്റിൻ ക്രൈസ്തവ വിഭാഗത്തിലെ ഏറെ ദരിദ്രരായ കുറച്ചധികം സുഹൃത്തുക്കളുണ്ടെനിക്ക്. എറണാകുളം നഗരമധ്യത്തിലും ഇടപ്പള്ളിയിലും വൈറ്റിലയിലുമെല്ലാം മധ്യവർഗത്തിലുള്ള ലാറ്റിൻ ക്രൈസ്തവരും കുറച്ച് സമ്പന്നരുമുണ്ട്. പക്ഷേ ഞങ്ങളുടെ ഇടച്ചിറ പോലുള്ള പ്രദേശത്ത് കുടിയേറി പാർത്തിട്ടുള്ള ലാറ്റിൻ ക്രൈസ്തവർ താരതമ്യേന സാമ്പത്തികമായി പിന്നാക്കമാണ്. കുറച്ചധികം പേർ ദളിതരോടൊപ്പം കോളനി എന്ന തുണ്ട്ഭൂമികളിൽ താമസിക്കുന്നു.

നാട്ടിലെ സുറിയാനി ക്രിസ്ത്യാനികൾ അവരോട് ആവുന്നത്ര മാറി നടക്കുന്നതും ശ്രദ്ധിച്ചിട്ടുണ്ട്.
ദാരിദ്രാവസ്ഥ നിലവിലുള്ളപ്പോഴും ലാറ്റിൻ ക്രൈസ്തവ മധ്യവർഗ്ഗങ്ങൾ അനുവർത്തിച്ചു പോരുന്ന ആചാരാനുഷ്ഠാനങ്ങൾ എല്ലാം അതേപടി അനുകരിക്കാൻ സാമ്പത്തികമായി വലിയ ദുരന്തങ്ങൾ പേറുന്നവരാണ് എൻറെ മുൻചൊന്ന കൂട്ടുകാർ.

കുടുംബത്തിൻറെ സാമ്പത്തികാവസ്ഥയിൽ കൂട്ടിയാൽ കൂടുന്നതിനും അപ്പുറത്തുള്ള സ്വർണവും കല്യാണ ആഡംബരങ്ങളും തലയിൽ വച്ചതുവഴി എൻറെയൊരു അടുത്ത സുഹൃത്ത് ഏതാണ്ട് 15 കൊല്ലത്തോളം സഹിച്ച സാമ്പത്തികട്രോമ എനിക്ക് നേരിൽ അനുഭവമുള്ളതാണ്.

എളങ്കുന്നപുഴയിലുള്ള മത്സ്യത്തൊഴിലാളി വിഭാഗത്തിലുള്ള മറ്റൊരു സുഹൃത്തും പെങ്ങന്മാരെ കെട്ടിക്കാൻ അനുഭവിച്ച സാമ്പത്തിക ദുരവസ്ഥയും തൊട്ടടുത്തറിയാം. രണ്ടുപേരുടെയും അവസ്ഥ ആത്മഹത്യയെയും മുറിച്ചുകടക്കുന്ന അതിസാഹസികതയാണ്. സത്യത്തിൽ ‘പൊൻമാൻ’ എന്ന സിനിമ അതേ ലോകം അതേ മട്ടിൽ പുനരാവിഷ്കരിച്ച അനുഭവമായിരുന്നു എനിക്കുണ്ടായത്.

അടിത്തട്ടു മനുഷ്യരുടെ ആരും കാണാത്ത ജീവിതത്തെയാണ് പൊന്മാൻ ദൃശ്യവൽക്കരിച്ചിട്ടുള്ളത്. ഈ മ യൗ എന്ന സിനിമ മുന്നോട്ടുവച്ചത് ലാറ്റിൻ ക്രൈസ്തവരുടെ അതുവരെ കാണാത്ത മറ്റൊരു ജീവിതമായിരുന്നു. ഈ മ യൗ എന്ന സിനിമയുടെ തുടർച്ച പൊന്മാൻ എന്ന സിനിമയിൽ വ്യക്തമാണ്.

ഈ മ യൗ ശവമടക്ക് എന്ന ആഘോഷത്തിന് ഒരു കുടുംബം കഷ്ടപ്പെടുന്നത് അവതരിപ്പിക്കുമ്പോൾ
പൊന്മാൻ കല്യാണം എന്ന ആഡംബരം ഒരു കുടുംബത്തെ ദുരന്തക്കടലിൽ താഴ്ത്തുന്നത് കാട്ടിത്തരുന്നു. കൊല്ലം നഗരത്തിന്റെ തീരദേശമായ തലവെട്ടിച്ചിറ കേന്ദ്രീകരിച്ചാണ് സിനിമയുടെ പ്രമേയം വികസിക്കുന്നത്.

അടിത്തട്ട് വിഭാഗങ്ങളുടെ ആഘോഷങ്ങളുടെയെല്ലാം സാമ്പത്തിക അടിത്തറ നിലനിൽക്കുന്നത് പന്തൽപ്പിരിവ് എന്ന പരസ്പര സഹായത്തിലാണ്. പന്തൽവരവ് തന്നതിനു ശേഷം തരാം എന്നു പറഞ്ഞുകൊണ്ട് പലചരക്ക് കട,പന്തൽക്കാരൻ, പരിചയമുള്ള തുണിക്കട, വിരുന്നിനോടുന്ന വാഹനത്തിൻ്റെ മുതലാളി എന്നിവരോടെല്ലാം ചേച്ചിമാരുടെ കല്യാണത്തിന് അച്ഛൻ കടം പറഞ്ഞത് ഓർക്കുന്നു……….

സിനിമയിൽ കണ്ടതുപോലെ ആളുകൾ കയ്യൊഴിയാതെ കയ്യയച്ച് സഹായിച്ചതു കൊണ്ട് മാത്രമാണ് അക്കാലങ്ങളിലെല്ലാം ഞങ്ങളുടെ കുടുംബം പിടിച്ചുനിന്നത്. ഇപ്പോഴും നാട്ടിൽ ഏതെങ്കിലും കല്യാണം നടക്കുമ്പോൾ അമ്മ വിളിച്ചു പറയും, നമ്മുടെ കല്യാണത്തിന് സഹായിച്ചതാണ് നീ വന്നാലും ഇല്ലെങ്കിലും പന്തൽപ്പിരിവിന് കാശ് തന്നേപറ്റൂ എന്ന്……….
പലിശയില്ലാ കടമാണ് മോനെ അതെന്ന്……

ഇക്കാലമത്രയും ആ പലിശയില്ലാ കടം വീട്ടുന്നതിൽ വീഴ്ച വരുത്തിയിട്ടില്ല എന്നത് കുടുംബ ബന്ധങ്ങളുടെ തുടർച്ച നിലനിർത്തുന്നു……..

മുമ്പ് അങ്ങോട്ട് സഹായിച്ച ആളുകൾ കയ്യൊഴിയുന്നതുകൊണ്ടാണ് ‘പൊന്മാൻ’ എന്ന സിനിമയിലെ കുടുംബത്തിന് പ്രതിസന്ധി ഉണ്ടാവുന്നത്. അത് പരിഹരിക്കാൻ അവർ ചെയ്യുന്ന അതിസാഹസീകതകളാണ് ‘പൊൻമാൻ’ എന്ന സിനിമയിലെ സാഹസീകതയും വേറിടലും.
ചെറുക്കൻ്റെ വീട്ടുകാർ ആവശ്യപ്പെടുന്ന 25 പവൻ സ്വർണം പെൺവീട്ടുകാർ കൊടുക്കാമെന്ന് വാക്കുകൊടുക്കുന്നു.

പണം സംഘടിപ്പിക്കാൻ കഴിയാതാവുമ്പോൾ പന്തൽപിരിവ് കിട്ടിയതിനുശേഷം പണം നൽകാം എന്ന വ്യവസ്ഥയിൽ മടിയിൽ ജ്വല്ലറി എന്ന് വിശേഷിപ്പിക്കുന്ന പി.പി അജേഷിനോട് സ്വർണം തൽക്കാലം വാങ്ങുന്നു.

എന്നാൽ പകുതി സ്വർണത്തിന്റെ വില നൽകാനുള്ള പന്തൽപിരിവ് മാത്രമേ അവർക്ക് ലഭിച്ചിട്ടുള്ളൂ.
പാർട്ടിക്കാരും പള്ളിക്കാരുമെല്ലാം രാഷ്ട്രീയ പ്രശ്നത്തിൽ കുടുംബത്തോട് ശത്രുതാ മനോഭാവത്തിലാണ് നിന്നത്.

പണത്തിന്റേത് കഴിച്ചുള്ള ബാക്കി സ്വർണം എടുക്കാൻ ഗുണ്ടാസ്വഭാവത്തിലുള്ള നവവരൻ സമ്മതിക്കുന്നില്ല എന്നതും പ്രശ്നമാണ്. ഈ സ്വർണ്ണം തിരിച്ചു വാങ്ങാൻ വെട്ടിച്ചിറയിൽ എത്തുന്ന പി.പി.അജേഷും അവനോട് ഇണങ്ങിയും പിണങ്ങിയും പിന്നാലെ കൂടുന്ന പെണ്ണിൻറെ ആങ്ങളയുമെല്ലാം ഇതുവരെ കാണാത്തൊരു ലോകം തുറന്നിടുന്നു.

സിനിമയുടെ കൺക്ലൂഷൻ കൃത്യമായ ഒരു രാഷ്ട്രീയം മുന്നോട്ട് വെക്കുന്നുണ്ട്. അത് പെണ്ണായാൽ പൊന്നു വേണം എന്ന കച്ചവട താൽപര്യങ്ങൾക്ക് എതിരാണ് എന്നതാണ് സവിശേഷത. പെണ്ണായാൽ പൊന്നല്ല നേരും നെറിവുമാണ് വേണ്ടത് എന്ന് പൊന്നില്ലാതെ അവളെ സ്വീകരിക്കുന് പി.പി.അജേഷ് അവസാനം പ്രഖ്യാപിക്കുന്നുണ്ട്.

പഴയ വിഗ്രഹങ്ങളിൽ ചാർത്തുന്നത് പോലെ സ്വർണമിടാൻ നിൽക്കാതെ, സ്വർണ്ണവിപണിക്കാർ നിർമ്മിച്ചുവച്ച “പൊന്നിൻകുടമാകൽ” സങ്കല്പങ്ങളിൽ പെട്ടു പോകാതെ കാര്യമായി സ്വർണം ഇടുന്നതിൽ നിന്നും മാറി നടക്കുന്നവരാണ് പുതിയകാലത്തെ പെൺകുട്ടികൾ. ആരും അറിയാതെ സംഭവിക്കുന്ന ഗുണപരമായ ഒരു സാമ്പത്തിക വിപ്ലവമാണത്. അപ്പോഴും സ്ത്രീധനം ഒരു പ്രശ്നമായി നിലനിൽക്കുന്നു.

പട്ടു വ്യാപാരികളും സ്വർണ്ണ വ്യാപാരികളും ക്യാമറ യൂണിറ്റുകളുമൊക്കെ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ആഡംബര വിവാഹത്തിൻറെ മാസ്മരിക ലോകം സമ്പന്നർക്ക് നിസ്സാരമായേക്കാം. എന്നാൽ അതിനെ അനുകരിക്കാൻ നിർബന്ധിക്കപ്പെടുന്ന മധ്യവർഗ്ഗത്തിനും ദരിദ്രർക്കും എല്ലാം വലിയ ബാധ്യത തന്നെയാണ്. അത്തരം ആഘോഷ ലഹരിയിൽ നിന്നും മലയാളിയെ മാറി ചിന്തിക്കാൻ പൊന്മാൻ എന്ന സിനിമ പ്രേരിപ്പിക്കുന്നുണ്ട്.

ഒരു ജാതി പിള്ളേരിഷ്ടാ എന്ന സിനിമയുടെ പ്രിവ്യൂ കാണാനാണ് ഇടപ്പള്ളി വനിതാ വിനിത തീയറ്ററിൽ എത്തിയത്. തികഞ്ഞ രാഷ്ട്രീയമുള്ള ഒരു ജാതി പിള്ളേരിഷ്ടാ എന്ന സിനിമയ്ക്ക് ശേഷം പൊന്മാൻ എന്ന മറ്റൊരു രാഷ്ട്രീയ സിനിമ കൂടി കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.

പൊന്മാൻ എന്ന സിനിമയുടെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ…..