തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി കാണിച്ചു കൊടുത്ത വഴിയാണ് സുരേഷ്ഗോപി പിന്തുടരുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബിജെപി എന്നും ചാതുർ വർണ്യ ആശയത്തിനൊപ്പമാണെന്നും ആ ആശയത്തിന് ആദിവാസികളെ വെറുപ്പാണെന്നും അത് കൊണ്ടാണ് സുരേഷ് ഗോപിക്ക് ഇങ്ങനെ പറയാൻ കഴിയുന്നതെന്നും ബിനോയ് വിശ്വം പരിഹസിച്ചു.
പാർലമെന്റ് ഉദ്ഘാടനത്തിൽ നിന്ന് രാഷ്ട്രപതി ദ്രൗപതി മുർമുവിനെ ഒഴിവാക്കിയവരാണ് ബിജെപി. അയോധ്യ പ്രതിഷ്ഠ ചടങ്ങിലും രാഷ്ട്രപതി ഉണ്ടായിരുന്നില്ല. സുരേഷ് ഗോപിയുടെ വാക്കുകൾ യാദൃശ്ചികമല്ല. ബിജെപിയുടെ ചാതുർ വർണ്യ ആശയത്തിന്റെ തുടർച്ചയാണ്.
കേരളം പിന്നോക്കം ആണെന്ന് പറഞ്ഞാൽ സഹായം അനുവദിക്കാമെന്ന് പറഞ്ഞ കേന്ദ്ര മന്ത്രി ജോർജ് കുര്യനോട് കേരളത്തിന് പറയാനുള്ളത്, ‘അങ്ങിനെ പറയാൻ മനസില്ല’ എന്നാണ്. ഭരണഘടനയുടെ മൂല്യങ്ങൾ അറിയാത്ത കേന്ദ്ര മന്ത്രിമാർ ഓരോന്ന് ജൽപ്പിക്കുകയാണ്.
ബിജെപിയുടെ യഥാർത്ഥ മുഖം കേരളം തിരിച്ചറിയുന്നുവെന്നും കേന്ദ്ര മന്ത്രിമാരുടെ ഈ പരാമർശങ്ങളിൽ നാളെ സിപിഐയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.


