Thu. Nov 26th, 2026

ബേസിൽ ജോസഫ് ചിത്രം പൊൻമാന്റെ സക്സസ് ട്രെയിലർ പുറത്ത്. ചിത്രം നേടുന്ന വലിയ വിജയം ആഘോഷിച്ചു കൊണ്ടാണ് ട്രെയിലർ പുറത്ത് വിട്ടിരിക്കുന്നത്. റിലീസ് ചെയ്ത ആദ്യദിനം മുതൽ ഗംഭീര പ്രേക്ഷക പ്രതികരണം നേടിയ ചിത്രം, നിരൂപകരുടേയും പ്രശംസ നേടുന്നുണ്ട്.

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത് വിനായക അജിത് നിർമ്മിച്ച ചിത്രം, ജി ആർ ഇന്ദുഗോപൻ്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ജി ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ബേസിൽ ജോസഫ്, ലിജോമോൾ ജോസ്, സജിൻ ഗോപു, ആനന്ദ് മന്മഥൻ എന്നിവരുടെ ഗംഭീര പ്രകടനങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. പി പി അജേഷ് എന്ന നായക കഥാപാത്രമായി ബേസിൽ ജോസഫ് തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ചിത്രത്തിൽ നൽകിയിരിക്കുന്നത്.

മരിയൻ ആയി സജിൻ ഗോപുവും അമ്പരപ്പിക്കുന്ന പ്രകടനമാണ് സമ്മാനിച്ചത്. സ്റ്റെഫി എന്ന നായികയായി ലിജോമോൾ ജോസും ബ്രൂണോ എന്ന കഥാപാത്രമായി ആനന്ദ് മന്മഥനും പ്രേക്ഷകരുടെ കയ്യടി നേടുന്നുണ്ട്. ആദ്യാവസാനം പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിക്കൊണ്ടാണ് ചിത്രം കഥ പറയുന്നത്.