Wed. Nov 25th, 2026

കൊച്ചി: മലപ്പുറത്ത് എഫ് ട്യൂണ്‍ ഫെയര്‍നസ് ക്രീം ഉപയോഗിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയുടെ വൃക്ക തകരാറിലായ സംഭവത്തില്‍ ക്രീമിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ പൂട്ടി. ക്രീമിന്റെ പരസ്യങ്ങളില്‍ നല്‍കിയിരുന്ന ഫോണ്‍ നമ്പറുകളും നിലവില്‍ പ്രവര്‍ത്തനരഹിതമാണ്. നമ്പറുകളുടെ ഉടമകളെക്കുറിച്ചുള്ള വിവരങ്ങള്‍ തേടി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് സൈബര്‍ സെല്ലിന് കത്ത് നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ വിശദമായ മൊഴിയും ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.

വ്യാജ ഫെയര്‍നസ് ക്രീമിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. നേരത്തെ പോലീസും ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പും പരിശോധനകള്‍ നടത്തിയിരുന്നെങ്കിലും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ വീഴ്ചയുണ്ടായെന്നാണ് വിലയിരുത്തല്‍. എഫ് ട്യൂണുമായി ബന്ധപ്പെട്ട വെബ്‌സൈറ്റുകളില്‍ നാല് ഫോണ്‍ നമ്പറുകളാണ് ഉപയോഗിച്ചിരുന്നത്. ഇതില്‍ പ്രധാനിയെന്ന് കരുതുന്ന കാസര്‍കോട് സ്വദേശിനിയുടെ നമ്പറും ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. ഫെയര്‍നസ് ക്രീമിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളും നിലവില്‍ ലഭ്യമല്ല. അന്വേഷണ സംഘത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് സൈറ്റുകള്‍ അടച്ചുപൂട്ടിയെന്നാണ് ലഭിക്കുന്ന വിവരം.

നേരത്തെ ഇത്തരം ക്രീമുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചപ്പോള്‍, വിദേശത്തുനിന്ന് എത്തിക്കുന്ന ക്രീമുകള്‍ ഇന്ത്യയില്‍ വെച്ച് റീപാക്ക് ചെയ്ത് വിവിധ ബ്രാന്‍ഡുകളുടെ പേരില്‍ വില്‍ക്കുന്നതായി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവ റീപാക്ക് ചെയ്യുന്നത് ആരാണെന്നോ ഉല്‍പന്നങ്ങളുടെ ഉടമസ്ഥാവകാശവും വിപണനാവകാശവും ആര്‍ക്കാണെന്നോ കണ്ടെത്താന്‍ അന്ന് അന്വേഷണ സംഘത്തിന് സാധിച്ചിരുന്നില്ല. നേരത്തെ വിറ്റഴിച്ച അതേ ക്രീമുകള്‍ ഇപ്പോള്‍ മറ്റ് ബ്രാന്‍ഡുകളുടെ പേരില്‍ വിപണിയിലെത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവിലെ സംഭവത്തില്‍ ക്രീമുകളുടെ പാക്കിങ് കേന്ദ്രങ്ങള്‍ കാസര്‍കോടാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ദുബായ്, പാകിസ്ഥാന്‍, ചൈന എന്നിവിടങ്ങളില്‍നിന്ന് കൂടുതലായി എത്തിക്കുന്ന ക്രീമുകള്‍ കാസര്‍കോട് വെച്ച് റീപാക്ക് ചെയ്യുകയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാണ് പോലീസിന്റെ തീരുമാനം.

Content Highlights: Official websites and advertisement phone numbers linked to F Tune fairness cream have been shut down following a Malappuram student’s kidney damage complaint. The Drugs Control department has requested cyber cell details on the numbers and recorded the student’s statement. Police suspect imported creams are repacked in Kasaragod.





 

Leave a Reply