Mon. Aug 31st, 2026

കൊച്ചി: കുര്‍ബാന തര്‍ക്കവുമായി ബന്ധപ്പെട്ട് എറണാകുളം അങ്കമാലി അതിരൂപതാ ആസ്ഥാനത്തുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് വൈദികര്‍ക്കെതിരെ കൂടി കേസ്. അതിക്രമിച്ചു കയറി നാശനഷ്ടങ്ങളുണ്ടാക്കിയതിന് 21 വൈദികര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസ്. വഴി തടഞ്ഞ് സമരം ചെയ്തതിനും കേസെടുത്തു. സംഘര്‍ഷത്തിനിടെ കൊച്ചി സെന്‍ട്രല്‍ പോലീസ് എസ് ഐ ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിരുന്നു.

അതിനിടെ എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനമായ കൊച്ചിയിലെ മേജർ ആർച്ച് ബിഷപ്പ് ഹൗസിൽ ഒരു വിഭാഗം വൈദികരുടെ പ്രതിഷേധം തുടരുകയാണ്. അറസ്റ്റ് ചെയ്തു നീക്കും വരെ പ്രതിഷേധം തുടരാനാണ് വൈദികരുടെ തീരുമാനം. പ്രശ്നപരിഹാരത്തിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചർച്ച നടത്തും. ബിഷപ്പ് ഹൗസിലെ പ്രതിഷേധത്തിനിടെയുണ്ടായ അക്രമ സംഭവങ്ങളിൽ കൂടുതൽ പേർക്കെതിരെ പൊലീസ് കേസെടുക്കും.

കളക്ടർ ചേമ്പറിൽ നടക്കുന്ന ചർച്ചയിൽ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ, ആർച്ച് ബിഷപ്പ് ജോസഫ് പാമ്പ്ലാനി, സമരസമിതി അംഗങ്ങൾ, വൈദിക സമിതി അംഗങ്ങൾ എന്നിവരും ചർച്ചയിൽ പങ്കെടുക്കും. പ്രതിഷേധത്തിനിടെ കൊച്ചി സെൻട്രൽ പോലീസ് എസ് ഐ അടക്കം പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്.