Wed. Sep 23rd, 2026

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ എസ് ജയചന്ദ്രന്‍ നായരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. സാഹിത്യത്തിനും ചലച്ചിത്രത്തിനും സാഹിത്യ പത്രപ്രവര്‍ത്തനത്തിനും വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് ജയചന്ദ്രന്‍ നായര്‍. പത്രലോകത്തിനും സാഹിത്യലോകത്തിനും വലിയ നഷ്ടമാണ് ജയചന്ദ്രന്‍നായരുടെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളകൗമുദിയിലും കലാകൗമുദിയിലും സമകാലിക മലയാളത്തിലുമായി പടര്‍ന്നു നിന്നതാണ് അദ്ദേഹത്തിന്റെ പതിറ്റാണ്ടുകള്‍ വ്യാപ്തിയുള്ള ജീവിതം. സാഹിത്യകൃതികളെ മുന്‍നിര്‍ത്തിയുള്ള ജയചന്ദ്രന്‍ നായരുടെ പഠനങ്ങള്‍ ശ്രദ്ധേമായിരുന്നു. പിറവി എന്ന ചിത്രവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ സംഭാവന ദേശീയതലത്തില്‍ തന്നെ ശ്രദ്ധേയമായി. ലിറ്റററി മാഗസിന്‍ രംഗത്ത് പല പുതുമകളും ആവിഷ്‌കരിച്ച പത്രാധിപര്‍ കൂടിയായിരുന്നു എസ് ജയചന്ദ്രന്‍ നായരെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.