Tue. Jul 28th, 2026

✍️ ചന്ദ്രപ്രകാശ് എസ് എസ്

ഇന്ത്യയിൽ നിയമം മൂലം സതി അഥവാ ഉടന്തടിച്ചാട്ടം നിർത്തലാക്കിയിട്ട് 195 വർഷം –
1829 ഡിസംബർ 4നായിരുന്നു സതി എന്ന അനാചാരത്തെ ബ്രിട്ടീഷ് ഇന്ത്യയിൽ നിരോധിച്ചത്.
അതേസമയം 1980 കളുടെ അവസാനപാദം വരെ ‘സതി അനുഷ്ടാനങ്ങൾ’ ഒറ്റയും തെറ്റയുമായി രാജ്യത്ത് തുടരുകയും, അതിൽ വിരലിലെണ്ണാവുന്നവ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും ഉണ്ടായി.

1987ലാണ് രാജസ്ഥാനിൽ രൂപ് കൻവർ സതിയനുഷ്ഠിച്ചത്. രൂപ് കൻവാറിന്റെ ഭർത്താവായ മാൻസിംഗ് മരണപ്പെട്ടതോടെയാണ് അവർ സതിയെന്ന ദുരാചാരത്തിന് ഇരയായത്. സംഭവം നടന്ന
1987 സെപ്തംബർ 4 ന് ശേഷമാണ് ആധുനിക ഇന്ത്യയിൽ ഈ ദുരാചാരം വീണ്ടും ജനശ്രദ്ധയാകർഷിക്കുന്നത്. രാജസ്ഥാനിലെ ശികർ ജില്ലയിലെ ഡെറോള ഗ്രാമത്തിലാണ് രാജ്പുത് സമുദായക്കാരിയായ ഒരു പാവം പെൺകുട്ടി ക്രൂരമായി കൊലചെയ്യപ്പെട്ടത്.

ആയിരക്കണക്കിന് സതി അനുകൂലികളാണ് അന്ന് രൂപ് കൻവാറിന്റെ സതി കൊലയ്ക്ക്  സാക്ഷിയാകാൻ സംഭവസ്ഥലത്ത് എത്തിച്ചേർന്നത്. ആ നാളുകളിൽ സതിക്കെതിരെ ഒരു പ്രതിഷേധം രാജസ്ഥാൻ തലസ്ഥാനമായ ജയ്പൂരിൽ അരങ്ങേറിയപ്പോൾ മൂവായിരത്തോളം സ്ത്രീകൾ പങ്കെടുത്തു.
തൊട്ട് പിറ്റേ ദിവസം സതി അനുകൂലികൾ നടത്തിയ പ്രകടനത്തിൽ സതിദേവിക്കും,വിശ്വാസ സംരക്ഷണത്തിനും വേണ്ടി തെരുവിൽ ഇറങ്ങിയത് എഴുപതിനായിരത്തിൽ പരം സ്ത്രീകളാണ്.

രൂപ് കൻവറിന്റെ ഭർത്താവിന്റെ പിതാവ് സുമേർ സിംഗ്, അദ്ദേഹത്തിന്റെ ബന്ധുക്കളായ രഞ്ജിത് സിംഗ്,രണജിത്ത് സിംഗ്, ഭൂപേന്ദ്ര സിംഗ് എന്നിവർ അന്ന് അറസ്റ്റിലായിരുന്നു. രൂപ് കൻവാറിനെ ദുരാചാരത്തിന്റെ പേരിൽ തീവച്ചു കൊലപ്പെടുത്താൻ ഭർത്താവിന്റെ 15 വയസ്സുകാരനായ സഹോദരനുമുണ്ടായിരുന്നു.ജുവനൈൽ ഹോമിലാണ് ഇയാൾ വിചാരണ നേരിട്ടത്.

ഈ സംഭവുമായി ബന്ധപ്പെട്ട് 45 പേരെയാണ് കൊലപാതക കുറ്റം ചുമത്തി വിചാരണ ചെയ്തത്.എന്നാൽ വിചാരണയ്ക്കു ശേഷം അവരെ മതിയായ തെളിവുകൾ ഇല്ലാത്തതിൻ്റെ പേരിൽ വെറുതേ വിടുകയാണ് കോടതി ചെയ്തത്. മറ്റൊരു കേസിൽ സതിയെ ന്യായീകരിക്കുകയും അതിനോട് അനുഭാവം പ്രകടിപ്പിയ്ക്കുകയും ചെയ്ത രാഷ്ട്രീയ നേതാക്കളുൾപ്പടെ 11 പേരെയും ജയ്പൂർ കോടതി വെറുതെവിട്ടു.

ഈ സംഭവത്തിന് 170 വർഷം മുമ്പ് 1817 ൽ സതി അനുഷ്ഠിക്കാനുള്ള അനുവാദത്തിന് വേണ്ടി കൊല്ലം ബ്രിട്ടീഷ് റസിഡന്‍സിക്ക് മുമ്പില്‍ വീരമ്മ എന്നൊരു സ്ത്രീ നടത്തിയ സത്യാഗ്രഹം ചരിത്രത്തിൽ ഇടംനേടി. കേണല്‍ മണ്‍റോ ആയിരുന്നു അന്നത്തെ ബ്രിട്ടീഷ് റസിഡൻ്റ്. റസിഡൻ്റിനും, തിരുവിതാംകൂർ രാജ്ഞിക്കും വലിയ തലവേദനയാണ് വീരമ്മയുടെ സത്യാഗ്രഹം കൊണ്ടുണ്ടായത്.

ഏതാനും മാസങ്ങൾക്ക് മുമ്പാണ് വീരമ്മയുടെ ഭര്‍ത്താവ് മരിച്ചത്. ചിതയില്‍ ചാടി സതി അനുഷ്ഠിക്കാന്‍ അന്ന് ആരും വീരമ്മയെ അനുവദിച്ചില്ല. അതിനുപകരം തീക്കൂണ്ഡം സൃഷ്ടിച്ച് അതില്‍ ചാടി ആത്മാഹൂതിചെയ്ത് സതി അനുഷ്ഠിക്കാന്‍ അനുവാദം തരണമെന്ന് അപേക്ഷിച്ചാണ് വീരമ്മയുടെ സത്യാഗ്രഹം. അവരെ അറസ്റ്റ് ചെയ്ത് നീക്കാൻ ഭരണകൂടം ആദ്യഘട്ടത്തിൽ മടിച്ചു. വീരമ്മയെ സതിയിൽ നിന്നും പിന്‍തിരിപ്പിക്കാന്‍ പലരും പലവിധം ശ്രമിച്ചുവെങ്കിലും അതൊന്നും ഫലവത്തായില്ല.

ഇന്ത്യയിൽ അന്ന് സതി അനുഷ്ഠിക്കുന്ന സ്ത്രീകളെ കുടുംബ പരദേവതകളാക്കി ആരാധിച്ചിരുന്നു. സതി അനുഷ്ടിച്ചാൽ താനും നാളെയൊരു സതി പരദേവതയാകുമെന്ന ചിന്ത വിരമ്മയ്ക്കുണ്ടായിരുന്നു. കൊല്ലത്ത് കമ്പനി പട്ടാളത്തിലുണ്ടായിരുന്ന ശിതാരാമന്‍ എന്ന പാണ്ടിനാട്ടുകാരൻ്റെ പത്നിയാണ് വീരമ്മ. സതി അനുഷ്ഠിക്കാനുള്ള അനുവാദം നല്‍കാന്‍ റസിഡന്റ് തയ്യാറായില്ല. തിരുവിതാംകൂറിൽ അന്ന് സതി ഉണ്ടായിരുന്നില്ല.

എന്നാൽ ഈ ചടങ്ങ് തന്റെ സ്വദേശമായ പാണ്ടിനാട്ടിൽ (മദ്രാസ്) ഉണ്ടെന്നാണ് സ്ത്രീയുടെ അവകാശവാദം. അങ്ങനെയാണെങ്കില്‍ പാണ്ടിനാട്ടില്‍ പോയി ചടങ്ങ് അനുഷ്ഠിക്കാന്‍ നിർദ്ദേശിക്കുകയല്ലാതെ റസിഡൻ്റിൻ്റെ മുൻപിൽ മറ്റൊരു പോംവഴിയും ഇല്ലായിരുന്നു. പാണ്ടിനാട്ടിലേക്ക് പോകാനുള്ള ചെലവും നൽകാമെന്ന് റസിഡന്റ് പറഞ്ഞു. പക്ഷെ വീരമ്മ ഒന്നും അനുസരിക്കാതെ,
രാജ കല്പന പോലും ലംഘിച്ച് റസിഡന്‍സിക്ക് മുമ്പില്‍ തന്റെ ആവശ്യം മുന്‍നിര്‍ത്തി സത്യാഗ്രഹം തുടർന്നു.

മതപരമായ ആചാരമാണിതെന്ന് പറഞ്ഞ് വീരമ്മയെ സഹായിക്കാൻ അക്കാലത്തും ചില വീരന്മാർ നമ്മുടെ നാട്ടിലും ഉണ്ടായി. വീരമ്മയുടെ സതി അനുഷ്ഠാന ആഗ്രഹത്തെ അവർ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ദിവസങ്ങളോളം വീരമ്മ സത്യാഗ്രഹം തുടർന്നു.ഒടുവില്‍ പാണ്ടിനാട്ടിലെ വീരമ്മയുടെ ബന്ധുക്കളെ വിളിച്ചുവരുത്തി അവരെ അങ്ങോട്ട് കൂട്ടികൊണ്ടുപോകാനുള്ള നടപടികൾ സര്‍ക്കാര്‍ ആരംഭിച്ചു. ഇതിനുവേണ്ടി വീരമ്മയുടെ ചിറ്റപ്പനായ പാപ്പയ്യനെ കൂട്ടി അവരെ നാട്ടിലേക്ക് അയക്കുന്നതിന് 500 പണം ഖജനാവില്‍ നിന്നും കൊടുത്തു. ഇതുസംബന്ധിച്ച് ദിവാന് റാണി നല്‍കിയ നീട്ട് ഇപ്പോൾ പുരാരേഖ വകുപ്പിലുണ്ട്. കൊല്ലവർഷം 993 മീനം 21( ഇംഗ്ലിഷ് വർഷം 1817 ലേതാണ് നീട്ട്.