Sun. Nov 22nd, 2026

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗിന്റെ ഭൗതികദേഹം സംസ്‌കരിക്കുക നിഗംബോധ്ഘട്ടില്‍. ആഭ്യന്തര മന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം. പ്രത്യേക സ്ഥലം വേണമെന്ന കോണ്‍ഗ്രസ്സ് ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചില്ല. നാളെ രാവിലെ 11.45നാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ഡല്‍ഹി എന്‍ സി ആറിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ ശ്മശാനങ്ങളിലൊന്നാണ് നിഗംബോധ്ഘട്ട്.

എന്നാല്‍ സ്മാരകത്തിനുള്ള സ്ഥലത്തു തന്നെ സംസ്‌കാരം നടത്താത്തതില്‍ കടുത്ത അമര്‍ഷത്തിലാണ് കോണ്‍ഗ്രസ്. കേന്ദ്ര സര്‍ക്കാര്‍ നിലപാട് വേദനാജനകമെന്ന് കെസി വേണുഗോപാല്‍ പ്രതികരിച്ചു. മന്‍മോഹന്‍ സിങിന്റെ സ്മാരകത്തിനുള്ള സ്ഥലം അടുത്തയാഴ്ച തീരുമാനിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കുടുംബത്തെ അറിയിച്ചത്. സ്മാരകത്തിനുള്ള സ്ഥലത്ത് തന്നെ സംസ്‌കാരം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കിയ കത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പുറത്തുവിട്ടു.

രാജ്യത്ത് സര്‍ക്കാര്‍ ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ രാത്രി ഡല്‍ഹിയിലെ വസതിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു മന്‍മോഹന്‍ സിങ്ങിനെ ഉടന്‍ എയിംസിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി 9.51 ഓടെ മരണം സ്ഥിരീകരിച്ചു.