Wed. Aug 26th, 2026

✍️ ലിബി.സി. എസ്

1916 ൽ ശ്രീനാരയണഗുരു ജാതിയും മതവും ഉപേക്ഷിച്ചുകൊണ്ടുള്ള വിളമ്പരം നടത്തിയതിന്റെ ഒന്നാം വാർഷിക ദിവസം 1917 ഏപ്രിൽ 29 നാണ് സഹോദരൻ അയ്യപ്പൻ സഹോദര സംഘം രൂപീകരിച്ചത്. ജാതിനശീകരണം, മിശ്ര ഭോജനം, മിശ്രവിവാഹം, അധ:കൃത വർഗോദ്ധാരണം, സ്ഥിതിസമത്വവാദം എന്നിവ ഈ സംഘത്തിൻറെ പ്രവർത്തന പരിപാടികളായിരുന്നു. ഈ സംഘത്തിൻ്റെ ആഭിമുഖ്യത്തിലായിരുന്നു ഒരു മാസത്തിന് ശേഷം 1917 മെയ് 29-ന് ചെറായിയിൽ കേരളം രുചിച്ച സാമൂഹ്യവിപ്ളവ രുചിയുള്ള ‘മിശ്രഭോജനം’ നടന്നത്. ആ സമയത്ത് തന്നെ സഹോദര സംഘത്തിൻറെ ഒരു യൂണിറ്റ് ചേർത്തലയിലും ആരംഭിച്ചിരുന്നു. ചേർത്തലയിലും മൂന്ന്‌ തവണ മിശ്രഭോജന വിപ്ലവങ്ങൾ നടത്തിയിരുന്നു.

എല്ലാവർക്കും അറിയാവുന്നതുപോലെ ഗുരുവിൻറെ “ഇങ്ങനെ പ്രസംഗിച്ച് നടന്നിട്ട് എന്ത് കാര്യം അയ്യപ്പാ? നമുക്ക് കാര്യമായി എന്തെങ്കിലും ചെയ്യണ്ടേ?” എന്ന ചോദ്യമാണ് അയ്യപ്പനെ കാര്യമായി ചിലതൊക്കെ ചെയ്യാൻ പ്രേരിപ്പിച്ചത്. അതിൻറെ അവശേഷിക്കുന്ന ഏറ്റവും വലിയ ചരിത്ര സ്മാരകമാണ് ചേർത്തല കളവംകോടത്തെ കണ്ണാടി പ്രതിഷ്‌ഠ. ശ്രീനാരയണ സാഹിത്യവും ചരിത്രവും എഴുതുന്നവർ ബോധപൂർവം അതിൽ നിന്നും കെ സി കുട്ടനെയും സഹോദര സംഘത്തെയും ഒഴിവാക്കാറുണ്ടെങ്കിലും ചരിത്ര സത്യം അതാണ്.

എന്തുകൊണ്ട്‌ കണ്ണാടി പ്രതിഷ്ഠ സംഭവിച്ചു?

1927 ജൂൺ 14 ന് (1102 ഇടവം 31)പുലർച്ചെയായിരുന്നു കളവംകോടം ക്ഷേത്രത്തിലെ കണ്ണാടി പ്രതിഷ്ഠ. ക്ഷേത്ര പുനരുദ്ധാരണത്തിന് സമീപത്തെ നാല് എസ്.എൻ.ഡി.പി ശാഖകളുടെ നേതൃത്വത്തിൽ ശ്രീനാരായണ കരുണവിലാസിനി യോഗം രൂപീകരിച്ചു. ക്ഷേത്ര നിർമ്മാണത്തിന് നേതൃത്വം നൽകിയ പണിക്കവീട്ടിൽ പത്മനാഭപ്പണിക്കരും കളവംകോടത്തെ കുട്ടൻ വൈദ്യനും ചേർന്ന് കോട്ടയം നാഗമ്പടത്ത് വിശ്രമിക്കുകയായിരുന്ന ഗുരുവിനെ ചെന്ന് കണ്ട് പ്രതിഷ്ഠ നടത്തുന്നതിന് ക്ഷണിച്ചു. താൻ വരില്ലെന്നും ഇനി ക്ഷേത്രങ്ങൾ അല്ല വിദ്യാലയങ്ങൾ ആണ് സ്ഥാപിക്കേണ്ടത് എന്ന് പറഞ്ഞു ഗുരു അവരെ മടക്കി.

ആത്മഹത്യാഭീഷണി

എന്നാൽ പത്മനാഭ പണിക്കർ ഗുരു വന്ന് പ്രതിഷ്ഠകർമ്മം നിർവ്വഹിച്ചില്ലെങ്കിൽ പണി നടന്ന് കൊണ്ടിരിക്കുന്ന ക്ഷേത്രത്തിനുള്ളിൽ താൻ ആത്മാഹത്യ ചെയ്യും എന്ന് പ്രഖ്യാപിച്ചു. പത്മനാഭ പണിക്കരുടെ നിർബന്ധ ബുദ്ധിക്ക് മുൻപിൽ സ്നേഹബുദ്ധ്യാ വഴങ്ങിയ ഗുരു അവസാനം താൻ എത്തിച്ചേർന്ന് കൊള്ളാം എന്ന് അറിയിക്കുകയായിരുന്നു.

ഗുരു കളവങ്കോടത്തെത്തിയത്‌ കണ്ണാടി പ്രതിഷ്ഠിക്കാൻ മുൻകൂട്ടി പ്ലാൻ ചെയ്‌തൊന്നുമല്ല. സാധാരണ ഒരു വിഗ്രഹ പ്രതിഷ്ഠക്കു വേണ്ടിയായിരുന്നു. അതിനുള്ള ഒരു വിഗ്രഹം അവിടെ തന്നെ തയ്യാർ ചെയ്തു വെച്ചിരുന്നു. പ്രധാന കോവിലിൽ ശിവപ്രതിഷ്ഠ വേണമെന്നും ദേവീ പ്രതിഷ്ഠ വേണമെന്നും ഭക്തന്മാർക്കിടയിൽ തർക്കമുണ്ടായിരുന്നു, അത്തരം ഏതു ദൈവം വേണമെന്ന തർക്കങ്ങൾ മിക്കവാറും ഗുരു പ്രതിഷിച്ചിട്ടുള്ള ക്ഷേത്രങ്ങളിൽ എല്ലാം ഉയർന്നിരുന്നു, അതെല്ലാം ഗുരു എന്ന മീഡിയേറ്ററുടെ മുന്നിൽ അന്നും അപ്രസക്തമാകാറുണ്ട്. എന്നാൽ ഇവിടെ ഉണ്ടായ തർക്കം അങ്ങിനെ ആയിരുന്നില്ല.

പ്രതിഷ്ഠക്കെത്തിയ ഗുരു മുറിയിൽ വിശ്രമിക്കുമ്പോൾ മുറിക്കു പുറത്ത്‌ ചേർത്തലയിലെ സഹോദര സംഘത്തിൻറെ പ്രവർത്തകർ കെ സി കുട്ടൻറെ നേതൃത്വത്തിലെത്തി ഗുരു ഇവിടെ വിഗ്രഹ പ്രതിഷ്‌ഠ നടത്തരുതെന്നും ഇനി ക്ഷേത്രങ്ങൾ ആവശ്യമില്ലെന്നും ഇത് അന്ധവിശ്വാസം വളർത്താനേ ഉപകരിക്കൂ എന്നും പറഞ്ഞു ക്ഷേത്ര പ്രതിഷ്ഠയെ എതിർത്തു. വാസ്തവത്തിൽ അത് തന്നെ ആയിരുന്നു ഗുരുവിന്റെയും അഭിപ്രായം. ഗുരു അതാദ്യം തന്നെ പ്രകടിപ്പിക്കുകയും ചെയ്തതാണല്ലോ?

ക്ഷേത്ര പ്രതിഷ്‌ഠ സംഘടിപ്പിച്ച ഭക്തന്മാരും സഹോദര സംഘക്കാരും തമ്മിൽ തർക്കമായി. ക്ഷേത്രങ്ങളും പ്രതിഷ്ഠകളും ആവശ്യമില്ല. അത്‌ അന്ധവിശ്വാസമാണ്‌ എന്ന് കെ സി കുട്ടനും ക്ഷേത്രങ്ങൾ അത്യാവശ്യമാണ്‌ എന്ന് ഭക്തന്മാരും വാദിച്ചു. ഗുരു പറഞ്ഞാൽ തർക്കം തീരുമെങ്കിലും ഗുരു ആ തർക്കത്തിൽ ഇടപെട്ടില്ല.

പക്ഷേ സംഘാടകരോട് ഇനി നിങ്ങൾക്ക്‌ വിഗ്രഹങ്ങൾ ആവശ്യമില്ല എന്ന്‌ പറഞ്ഞു. അദ്ദേഹം അവരോട്‌ ചോദിച്ചു: ‘ഇവിടെ അടുത്തെങ്ങാനും നല്ല നിലക്കണ്ണാടി കിട്ടുമോ?’ ‘സംഘടിപ്പിക്കാം.’ അവർ പറഞ്ഞു. അവർ കൊച്ചിയിൽ പോയി ഒരു കണ്ണാടി വാങ്ങിക്കൊണ്ടുവന്നു. അതിൻറെ രസം ചുരണ്ടി ‘ഓം ശാന്തി’ എന്ന് എഴുതിക്കൊണ്ടുവരാൻ പറഞ്ഞു. സംഘടകർ ‘ഒം ശാന്തി’ എന്ന് എഴുതിക്കൊണ്ടുവന്നു. അക്ഷര തെറ്റ് മനസിലാക്കി തിരുത്താൻ ശ്രമിച്ചപ്പോൾ വേണ്ട അതിനും ഒരുപാട് അർത്ഥമുണ്ടെന്ന് പറഞ്ഞു ആ അക്ഷരത്തെറ്റോടെ തന്നെ പ്രതിഷ്ഠിക്കാൻ തയ്യാറാക്കി വെച്ചിരുന്ന കരിങ്കൽ വിഗ്രഹം മാറ്റിവെച്ച്‌ ഗുരു കളവങ്കോടത്ത്കണ്ണാടി പ്രതിഷ്ഠ നടത്തി. താൻ വരില്ലെന്നും ഇനി ക്ഷേത്രങ്ങൾ അല്ല വിദ്യാലയങ്ങൾ ആണ് സ്ഥാപിക്കേണ്ടത് എന്നും ആദ്യം തന്നെ ഗുരു പ്രറഞ്ഞതിന്റ കാരണം വെളിവാക്കുന്ന എന്നേക്കുമുള്ള തെളിവാണ് ആ അക്ഷര തെറ്റും കണ്ണാടിയും.

എന്തയാലും പ്രതിഷ്ടിച്ചില്ലെങ്കിൽ ക്ഷേത്രത്തിനുള്ളിൽ ആത്മഹത്യചെയ്യുമെന്നു ഭീഷണി മുഴക്കിയവരും പ്രതിഷ്‌ഠ തടയാനെത്തിയവരും നാരായണഗുരു എന്ന മീഡിയേറ്ററുടെ മുൻപിൽ നിഷ്പ്രഭരായി. വാസ്തവത്തിൽ വഴക്ക് ഒഴിവാക്കുക എന്ന ഒരു ഉദ്ദേശമേ ആ പ്രതിഷ്ഠയ്ക്ക് ഉണ്ടായിരുന്നുള്ളൂ എങ്കിലും അതിനെ വേദാന്താമായും അദ്വൈതമായുമൊക്കെ വ്യഖ്യാനിക്കുന്നത് കേട്ട് വല്ലാത്തൊരു ചിരി ആ കറുത്ത ചിരിക്കാരൻ ഇപ്പോഴും ചിരിക്കുന്നുണ്ടാകും!

അയ്യപ്പ ചിരി

ശബരിമലയിൽ മോക്ഷം നേടാൻ പോയി ചിലർ മോക്ഷമടയുന്നതുകാണുമ്പോൾ മനസിൽ തോന്നിയ ഡോ. ടി ഭാസ്‌കരൻറെ ഗുരുവൈഖരിയിലെ ഒരു കറുത്ത ചിരിയാണ് ഇവിടെ കുറിക്കുന്നത്. മുൻപും കുറിച്ചിട്ടുള്ളതാണ്.

ഭക്തികച്ചവടം ഇത്രയും വികസിക്കാതിരുന്ന കാലത്തുപോലും ശബരിമല ഭക്തരുടെ പ്രാകൃത കോപ്രായങ്ങൾ കണ്ട് നൂറു വർഷം മുമ്പേ നാരായണ ഗുരു ശബരിമല അയ്യപ്പ ഫാൻസിനെ നോക്കിയും ഇതുപോലെ ചിരിച്ചിരുന്നു.

ഒരിക്കൽ ഒരു ശബരിമല സീസണിൽ ഗുരുവും സഹോദരൻ അയ്യപ്പനും കൂടി ആലുവ അദ്വൈതാശ്രമത്തിൻറെ ഗെയ്റ്റിന് അടുത്തുള്ള മാവിൻചുവട്ടിൽ ഇരുന്ന് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ വഴിയിലൂടെ പോയ അഞ്ചോ ആറോ പേരുള്ള ഒരു ശബരിമല തീർത്ഥാടകസംഘം

“സ്വാമിയേ…… അയ്യപ്പോ….. അയ്യപ്പോ… സ്വാമിയേ…..” എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ട് പോകുന്നതുകണ്ടപ്പോൾ സഹോദരൻ അയ്യപ്പനോട് സംസാരിക്കുന്നതിനിടയിൽ ഗുരു പെട്ടന്ന്

”അയ്യപ്പൻ ദേ ഇവിടെ ഇരിപ്പുണ്ട് ” എന്ന് ഉറക്കെ ശബരിമല ഫാൻസിനോടായി വിളിച്ചുപറയും.
ഉടനെ ശിഷ്യനും കൗണ്ടർ അടിക്കും ”ദേ സ്വാമിയുമുണ്ട്” എന്ന്. (ശ്രദ്ധിക്കുക ആദ്യം ട്രോളിയത് അയ്യപ്പൻ മാഷ് ആയിരുന്നില്ല. അദ്ദേഹം കൗണ്ടർ അടിക്കുക മാത്രമാണ് ചെയ്തത്.)

ഈ ചിരിയെ പിന്നീട് ഗുരു ഗൗരവമായി കൈകാര്യം ചെയ്തതായിരുന്നു ശിവഗിരി തീർത്ഥാടനം എന്ന് അതിൻറെ ചരിത്രം പരിശോധിച്ചാൽ മനസിലാകും.

പിന്നീട് മലയാളം 1103 -ല്‍ ഗുരു കോട്ടയം നാഗമ്പടം ശിവക്ഷേത്രത്തില്‍ വിശ്രമിക്കുമ്പോള്‍ സ്ഥലത്തെ ഭക്ത ജനങ്ങള്‍ ശ്രീ. ടി കെ കിട്ടന്‍ റൈറ്റര്‍, ശ്രീ.വല്ലഭശേരില്‍ ഗോവിന്ദന്‍ വൈദ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ അവിടെയെത്തി.

ഗുരു: എന്താ, വൈദ്യര്‍ വിശേഷിച്ചു റൈറ്റര്‍ ഉം ആയിട്ട് ?

വൈദ്യര്‍: റൈറ്റര്‍ക്ക് തൃപ്പാദ സന്നിധിയില്‍ ഒരു കാര്യം ഉണര്‍ത്തിച്ചു അനുവാദം വാങ്ങിപ്പാനുണ്ട്.
ഗുരു: എന്താണ് പറയാമല്ലോ?

വൈദ്യര്‍: കാര്യങ്ങള്‍ ചോദ്യ രൂപത്തില്‍ അക്കമിട്ടു എഴുതി വച്ചിരിക്കുകയാണ്?

റൈറ്റര്‍: ” ശിവഗിരി തീര്‍ത്ഥാടനം ” (എന്ന് വായിച്ചു)

ഗുരു : തീര്‍ത്ഥാടനം? ശിവഗിരിയിലോ? കൊള്ളാം. നമ്മുടെ കുഴല്‍ വെള്ളത്തില്‍ കുളിക്കാം, ശാരദ ദേവിയെ വന്ദിക്കുകയും ചെയ്യാം. നല്ല കാര്യം, വായിക്കണം കേള്‍ക്കട്ടെ.

റൈറ്റര്‍: കേരളത്തിലെ ഈഴവര്‍ക്ക് ശിവഗിരി പുണ്യസ്ഥലമായി തൃപ്പാദങ്ങള്‍ കല്‍പ്പിച്ചു അനുവദിക്കണമെന്ന് അപേക്ഷിക്കുന്നു.

ഗുരു: വര്‍ക്കല ജനാര്‍ദ്ദനം പുണ്യ സ്ഥലമാണല്ലോ. അതിനടുത് ശിവഗിരി കൂടി പുണ്യ സ്ഥലമാകുമോ?

റൈറ്റര്‍: ഹിന്ദുക്കളുടെ പുണ്യ സ്ഥലങ്ങളില്‍ ഞങ്ങള്‍ക്ക് പ്രവേശനം ഇല്ല. അല്ലാതെ പോകുന്നവര്‍ക്ക് മര്‍ദ്ദനവും മാനക്കേടും, പണ നഷ്ടവും ആണ് ഫലം. തൃപ്പാദങ്ങള്‍ കല്‍പ്പിച്ചാല്‍ ശിവഗിരി പുണ്യസ്ഥലം ആകും. കല്പന ഉണ്ടായാല്‍ മതി.

ഗുരു: നാം പറഞ്ഞാല്‍ ശിവഗിരി പുണ്യസ്ഥലം ആകുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നു അല്ലെ?

വൈദ്യര്‍: ഞങ്ങള്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നു.

ഗുരു: അപ്പോള്‍ നാം പറയുകയും നിങ്ങള്‍ രണ്ടാളും വിശ്വസിക്കുകയും ചെയ്താല്‍ അകെ മൂന്നു പേരായി . മതിയാകുമോ?

വൈദ്യര്‍: കല്പന ഉണ്ടായാല്‍ ഞങ്ങള്‍ ഇരുപതു ലക്ഷവും ഞങ്ങളെ പോലുള്ള മറ്റു അധ:കൃതരും ശിവഗിരി പുണ്യ സ്ഥലമായി സ്വീകരിക്കുകയും വിശ്വസിക്കുകയും ചെയ്യും.

ഗുരു: വിശ്വാസമുണ്ടല്ലോ, കൊള്ളാം; ”അനുവാദം തന്നിരിക്കുന്നു.”

റൈറ്റര്‍: തീര്‍ത്ഥാടനം ആണ്ടിലൊരിക്കല്‍ നടത്തണമെന്നാണ് ആഗ്രഹിക്കുന്നത്. അത് എപ്പോള്‍, എതു മാസം, തീയതി, നക്ഷത്രം ആയിരിക്കണമെന്ന് കല്പന ഉണ്ടായിരിക്കണം.

ഗുരു: (അല്പം ആലോചിച്ചിട്ട് നക്ഷത്രവും മുഹൂർത്തവും ഒന്നും വേണ്ടെന്ന് തീരുമാനിച്ചു) തീര്‍ത്ഥാകര്‍ ശിവഗിരിയില്‍ വന്നു കൂടുന്നത് യൂറോപ്യൻ മാരുടെ ആണ്ടു പിറപ്പിനു ആയിക്കൊള്ളട്ടെ. ജനുവരി മാസം 1 ആം തീയതി. അത് നമ്മുടെ കണക്കിന് ധനു മാസം പതിനാറു, പതിനേഴു, തീയതികളില്‍ ആയിരിക്കണം. അത് നല്ല സമയം ആണ്. എന്ന് പറഞ്ഞു.

റൈറ്റര്‍: തീര്‍ത്ഥാകര്‍ വല്ല വൃതവും ആചരിക്കണമോ? അതിന്റെ രീതികള്‍ക്ക് കല്പന ഉണ്ടായിരിക്കണം.
ഗുരു: (ഗുരു സ്ത്രീകളെ അകറ്റിനിർത്താൻ ആഗ്രഹിക്കാത്തതുകൊണ്ട് നാൽപ്പത്തൊന്നു ദിവസത്തെ വൃതമൊന്നും പറഞ്ഞില്ല) പത്തു ദിവസത്തെ വൃതം ശ്രീ ബുദ്ധന്റെ പഞ്ച ശുദ്ധിയോടെ ആചരിച്ചാല്‍ മതിയാകും. വൈദ്യര്‍ എന്ത് പറയുന്നു.? എന്നാണ് ചോദിച്ചത്.

വൈദ്യര്‍: കല്‍പ്പിച്ചത് ധാരാളം മതിയാകും.

ഗുരു: കൊള്ളാം, അതുമതി, നന്നായിരിക്കും.

അടുത്ത സംശയവും ശബരിമലയും പഴനിയുമൊക്കെപോലെ തീർത്ഥാടകരുടെ യൂണിഫോമിനെക്കുറിച്ചായിരുന്നു.

റൈറ്റര്‍: തീര്‍ത്ഥാടകരുടെ വസ്ത്ര ധാരണ രീതിയില്‍ വല്ല പ്രത്യേകതയും ഉണ്ടായിരിക്കണമോ?

ഗുരു: വെള്ള വസ്ത്രം ഗൃഹസ്ഥന്‍മാരുടെത്, കാഷായം സന്യസിമാരുടെത്, കറുത്ത തുണിയും കരിമ്പടവും ശബരിമലക്കാര്‍ക്ക്. ശിവഗിരി തീര്‍ത്ഥാടകര്‍ക്ക് ഇതൊന്നും വേണ്ട മഞ്ഞ വസ്ത്രം ആയിക്കൊള്ളട്ടെ, (അതും വെള്ള മുണ്ട് തന്നെ മഞ്ഞളിൽ മുക്കി ഉപയോഗിച്ചാൽ മതിയെന്നും വീട്ടിൽച്ചെന്നു കഴുകി വീണ്ടും ഉപയോഗിക്കാമെന്നും എടുത്ത് പറഞ്ഞിരുന്നു)

അടുത്ത ചോദ്യം മാലയിടലും ഊരലുമൊക്കെ സംബന്ധിച്ചായിരുന്നു.

കൂട്ടത്തില്‍ ഒരാള്‍: തീര്‍ത്ഥാകര്‍ രുദ്രാക്ഷം ധരിക്കണമോ?

ഈ വക കലാപരിപാടികളൊന്നും ഇവിടെവേണ്ട എന്നായിരുന്നു ഗുരുവിൻറെ നിലപാട്.
ഗുരു : വേണ്ട, വേണ്ട, നിർബന്ധമാണെങ്കിൽ രുദ്രാക്ഷം കുറെ ഉരച്ചു പച്ചവെള്ളത്തില്‍ കുടിക്കുന്നത് നന്നായിരിക്കും. ഗുണമുണ്ടാകതിരിക്കുകയില്ല .എന്നായിരുന്നു ഗുരു ട്രോളിയത്.

ഗുരു: ഇനി എന്തെങ്കിലും ചോദിപ്പാനുണ്ടോ?

(സന്ദര്‍ശകര്‍ തലേന്നാള്‍ രാത്രിയില്‍ തയ്യാര്‍ ചെയ്തു വച്ചിരുന്ന ചോദ്യങ്ങള്‍ അവിടെ അവസാനിച്ചു.)

റൈറ്റര്‍: ഇനി ഒന്നുമില്ല.

ഗുരു: ശ്രീ ബുദ്ധന്റെ പഞ്ച ശുദ്ധി അറിയാമോ വൈദ്യര്‍ക്കു?

വൈദ്യര്‍: അറിയാം. “ശരീര ശുദ്ധി, ആഹാര ശുദ്ധി, മന ശുദ്ധി, വാക് ശുദ്ധി, കര്‍മ്മ ശുദ്ധി.”

ഗുരു: ശരി, ഇത് അനുഷ്ഠിച്ചാല്‍ മതിയാകും. മഞ്ഞ വസ്ത്രം എന്ന് നാം പറഞ്ഞതിന് മഞ്ഞപ്പട്ടു വാങ്ങിക്കാന്‍ ആരും തുനിയരുത്. കോടി വസ്ത്രം പോലും ആവശ്യമില്ല. ഉപയോഗത്തില്‍ ഇരിക്കുന്ന വെള്ള വസ്ത്രം മഞ്ഞളില്‍ മുക്കി ഉപയോഗിച്ചിട്ടു പിന്നീടു അലക്കി തെളിച്ചു എടുക്കാം. യാത്ര ആര്‍ഭാടരഹിതമാക്കണം. വിനീതമായിരിക്കണം. ഈശ്വര സ്തോത്രങ്ങള്‍ ഭക്തിയായി ഉച്ചരിക്കുന്നത് കൊള്ളാം. ഇതിന്റെ പേരില്‍ ആര്‍ഭാടങ്ങളും ആടംബരങ്ങളും ഒച്ചപ്പാടുകളും ഉണ്ടാക്കി ഈ പ്രസ്ഥാനത്തെ മലിനപെടുത്തരുത്. ഈഴവര്‍ പണം ഉണ്ടാക്കും, പക്ഷെ മുഴുവന്‍ ചെലവു ചെയ്തു കളയും. ചിലര്‍ കടം കൂടി വരുത്തി വയ്ക്കും. അത് പാടില്ല മിച്ചം വയ്ക്കുവാന്‍ പഠിക്കണം. സമുദായം വിദ്യാഭ്യാസത്തിലും, ധനസ്ഥിതിയിലും, ശുചിത്വത്തിലും വളരെ പിന്നോക്കം. ഈ രീതി മാറണം- മാറ്റണം.

ഒരുവർഷം ജോലിചെയ്ത പണം മുഴുവൻകൊണ്ടുപോയി ബ്രാഹ്മണനും ഭണ്ഡാരത്തിലും ഇടുന്ന സനാതനികളുടെ തീർത്ഥാടനത്തിന് എട്ടിൻറെ പണികൊടുക്കുകയായിരുന്നു ഉദ്ദേശിച്ചത് അനുയായികൾക്ക് പക്ഷെ അത് ഇതുവരെ പിടികിട്ടിയിട്ടില്ല. പലരും ശിവഗിരിയിൽ ചെന്ന് തീർത്ഥാടനത്തോടനുബന്ധിച്ചുള്ള സെമിനാറുകളിലൊന്നും പങ്കെടുക്കാതെ അടുത്തുള്ള ജനാർദ്ദന ക്ഷേത്രവും പദ്മനാഭസ്വാമിക്ഷേത്രം ശുചിന്ദ്രം വഴി കന്യാകുമാരിയിലും പിന്നെ എവിടൊക്കെ പൂണൂലിട്ടവൻറെ അമ്പലങ്ങളുണ്ടോ അവിടൊക്കെ കറങ്ങി ഉള്ള കാശും പൊടിച്ചാണ് വീട്ടിലേക്ക് പോകാറ്.

ഗുരു പുതുതായി ആരംഭിച്ച അറിവിൻറെ തീർത്ഥാടനത്തിൻറെ ഉദ്ദേശവും വ്യക്തമാക്കിയിരുന്നു
ഗുരു: ഈ തീര്‍ത്ഥാടനം നടത്തുന്നതിന്റെ ഉദ്ദേശം എന്ത്? ഒന്നുമില്ലന്നുണ്ടോ?

റൈറ്റര്‍: ഉദ്ദേശങ്ങള്‍ മുന്‍പ് കല്പിച്ചിട്ടുണ്ടല്ലോ?

ഗുരു: അത് അതിന്റെ രീതികള്‍ അല്ലയോ? രീതികള്‍ ആണോ ഉദ്ദേശം? (ആരും മറുപടി പറഞ്ഞില്ല.)

അടുത്തുണ്ടായിരുന്ന വൈദ്യരെയും സന്യാസിമാരെയും ചുറ്റുപാടും നിന്നിരുന്ന ജന പ്രമാണിമാരെയും ഗുരു നോക്കി, എന്നിട്ട് അല്പം ഗൌരവത്തോടെ തുടര്‍ന്നു…

“ആണ്ടിലൊരിക്കല്‍ കുറെ ആളുകള്‍ രാജ്യത്തിന്‍റെ നാനാ ഭാഗത്ത്‌ നിന്നും മഞ്ഞ വസ്ത്രവും ധരിച്ചു യാത്ര ചെയ്തു ശിവഗിരിയില്‍ ചെന്ന് ചുറ്റും നടന്നു കളിയും ഊണും കഴിഞ്ഞു പണവും ചിലവാക്കി വീടുകളില്‍ ചെല്ലുന്നത് കൊണ്ട് എന്ത് സാധിച്ചു? ഒന്നും സാധിച്ചില്ല. വെറും ചെലവും, ബുദ്ധിമുട്ടും! ഇതു പാടില്ല. ഏതു പ്രവര്‍ത്തിക്കും ഒരു ഉദ്ദേശം വേണം”

(പ്രധാനിയുടെ നേര്‍ക്ക്‌ നോക്കി ഗുരു എഴുതാന്‍ കല്പിച്ചു.)

ഗുരുപറഞ്ഞുകൊടുത്ത് അവരെക്കൊണ്ട് എഴുതി വെപ്പിച്ചു,
ശിവഗിരി തീര്‍ത്ഥയാത്രയുടെ ഉദ്ദേശങ്ങള്‍, സാധിക്കേണ്ട കാര്യങ്ങള്‍, അതിന്റെ ലക്‌ഷ്യം.
1 . വിദ്യാഭ്യാസം
2 . ശുചിത്വം
3 . ഈശ്വര ഭക്തി
4 . സംഘടന
5 . കൃഷി
6 . കച്ചവടം
7 . കൈത്തൊഴില്‍
8 . സാങ്കേതിക പരിശീലനങ്ങള്‍ .

ഈ വിഷയങ്ങളെ കുറിച്ച് പ്രസംഗ പരമ്പര നടത്തണം.ഓരോ വിഷയത്തിലും വൈദഗ്ധ്യം ഉള്ളവരെ ക്ഷണിച്ചു വരുത്തി പ്രസംഗം പറയിക്കണം. ജനങ്ങള്‍ അച്ചടക്കത്തോട്‌ കൂടി ഇരുന്നു ശ്രദ്ധിച്ചു കേള്‍ക്കണം. കേട്ടതെല്ലാം പ്രവര്‍ത്തിയില്‍ വരുത്താന്‍ ശ്രമിക്കണം. അതില്‍ വിജയം പ്രാപിക്കണം. അപ്പോള്‍ ജനങ്ങള്‍ക്കും, രാജ്യത്തിനും അഭിവൃദ്ധി ഉണ്ടാകും. ശിവഗിരി തീര്‍ത്ഥാടത്തിന്റെ പ്രധാന ഉദ്ദേശം ഇതായിരിക്കണം. എന്ന്. ആരോട് പറയാൻ? ആര് കേൾക്കാൻ? 21 ആം നൂറ്റാണ്ടിലും അബ്രാഹ്മണ പൂജാരിയെപോലും അലർജിയുള്ള അയ്യപ്പനെക്കാണാൻ ഈഴവന്മാർ ഓടുകയാണ്. കഴിഞ്ഞ വർഷത്തെ ദളിത് ഉണ്ണിയപ്പ കഥയൊക്കെ ദലിതരും മറന്നു.

കേരളത്തിൻറെ ചരിത്രത്തിലും തങ്ങളുൾപ്പെടെയുള്ള പിന്നോക്കജനതയുടെ ചരിത്രത്തിലും അരുവിപ്പുറത്തെ നാരായണന്റെ ധിക്കാര പ്രതിഷ്ഠയ്ക്കപ്പുറം ഒരു സ്ഥാനവും ഒരു അയ്യപ്പനും കയ്യപ്പനുമൊന്നുമില്ല.

കല്ലിന്റെ ബ്രഹ്മചര്യവും വിർജിനിറ്റിയും സംരക്ഷിക്കാൻ പോയി ജയിലിൽ കിടന്നവരും സനാതന ധർമ്മം സംരക്ഷിക്കാൻ നടക്കുന്നവരുമൊക്കെ അധികവും ഈഴവരായിരുന്നു. ഇതൊന്നും നമ്മുടെ ലക്ഷ്യമല്ല എന്നും. അത് അതിൻറെ വക്താക്കളും ഗുണഭോക്താക്കളും ചെയ്തോട്ടെ എന്നും. ആരെങ്കിലുമൊക്കെ മോക്ഷം നേടാൻ പോയി ചാത്തോട്ടെ എന്നും അടിസ്ഥാന ജനത ഇനിയെങ്കിലും മനസിലാക്കിയാൽ കൊള്ളാം. കേരളത്തിൻറെ സാമൂഹ്യ സാംസ്‌കാരിക ചരിത്രത്തിൽ അരുവിപ്പുറം പ്രതിഷ്ഠയ്ക്ക് അപ്പുറം അയ്യപ്പനെ പ്രതിഷ്ഠിക്കാനും അയോധ്യമോഡൽ അയ്യപ്പരാഷ്ട്രീയം കേരളത്തിലും ഇറക്കാൻ ചിലർ കുറേക്കാലമായി ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്.അതിൻറെ ഈ വർഷത്തെ ഇറക്കുമതിയായിരുന്നു വപുരാൻ!
തികച്ചും രാഷ്ട്രീയ ബോധമില്ലാത്ത ഒരു തലമുറയാണ് സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. യാതൊരു സംശയവും വേണ്ട ശ്രദ്ധിച്ചില്ലെങ്കിൽ രാജ്യത്തിന് തന്നെ രാമൻ അപകടകരിയായി തീർന്നത് പോലെ ഈ അയ്യപ്പൻ കേരളത്തിന് വലിയ അപകടകാരിയായി മാറും.

അരുവിപ്പുറത്തെ ശ്രീനാരായണൻറെ ധിക്കാരപ്രതിഷ്ഠയ്ക്കപ്പുറമല്ല കേരളത്തിൽ ഒരു അയ്യപ്പനും എന്ന് തിരിച്ചറിയുന്ന ഒരു ജനതയാണ് സൃഷ്ടിക്കപ്പെടേണ്ടത്.