✍️ ലിബി. സി. എസ്
ഒരു പക്ഷേ കൊച്ചി കഴിഞ്ഞാൽ സഹോദര സംഘത്തിൻറെ പ്രവർത്തനങ്ങൾ ഏറ്റവും ശക്തമായിരുന്ന സ്ഥലമാണ് ചേർത്തല. ജാതീയമായ അസമത്വങ്ങളും വിവേചനങ്ങളും അനാചാരങ്ങളും എല്ലാം ശക്തമായിരുന്ന സ്ഥലവും എന്നാൽ അതിനെതിരെ ഏറ്റവും ശക്തമായ ചെറുത്തുനിൽപ്പുകളും നടന്നിട്ടുള്ള സ്ഥലമാണ് ചേർത്തല.
ഇത്തരം അസമത്വത്തിനും അനീതിക്കുമെതിരെ ചെറായിയിലെ മിശ്രഭോജനം നടന്ന ഉടനെത്തന്നെ ചേർത്തലയിലെ കുറേ ചെറുപ്പക്കാർ കുളത്രക്കാട് കെ.സി ജയസിംഗ് എന്ന കെ.സി.കുട്ടൻ്റെ നേതൃത്വത്തിൽ സംഘടിച്ചുകൊണ്ട് സഹോദര’സംഘത്തിൻ്റെ ഒരു യൂണിറ്റ് ചേർത്തലയിൽ സ്ഥാപിച്ചു. സാഹോദരസംഘത്തിന്റെ ചേർത്തല യൂണിറ്റിന്റെ മുഖ്യ ചുമതലക്കാരൻ വയലാർ സ്വദേശിയും അന്ന് വെറും 15 വയസ്സുകാരനുമായ എം.കെ.കൃഷ്ണൻ ആയിരുന്നു (വയലാർ രവിയുടെ അച്ഛൻ). എംകെ കൃഷ്ണനോടൊപ്പം സഹോദരസംഘത്തിൻ്റെ മുൻനിരക്കാരായി കെ.സി.അങ്കൻവൈദ്യൻ, കെ.ആർ.പി കണിയാർ, ഭൂപേന്ദ്രസിംഗ്, വി.മാധവൻ (മനക്കോടം), കളവംകോടം സി. കൃഷ്ണൻ, ഭഗവാൻ സിംഗ്, പി.കെ.ഗോവിന്ദൻ വക്കീൽ, എൻ.എ.കൃഷ്ണൻ മാസ്റ്റർ, എൻ.ആർ.കൃഷ്ണൻ, പെരിങ്ങാലത്ത് ശങ്കരൻ, കുത്തിയതോട് സി.നാരായണൻ തുടങ്ങിയവരായിരുന്നു.
ഇതിലെ മനക്കോടം വി. മാധവൻ തുറവൂർ കേള വൈദ്യരുടെ മകനാണ്. അദ്ദേഹം ആദ്യം ചേർത്തലയിൽ വക്കീൽ ആയിരുന്നു. പിന്നീട് സർക്കാർ സർവീസിൽ കയറി. ഗവൺമെൻ്റ് സെക്രട്ടറിയായിട്ടാണ് പിരിഞ്ഞത്. അതിന് ശേഷം തിരുവനന്തപുരത്ത് തന്നെയായിരുന്നു കുടുംബസമേതം താമസിച്ചിരുന്നത്. കെ ആർ ഗൗരിയമ്മ ചേർത്തലയിൽ വക്കീൽ ആയിരുന്നപ്പോൾ വി.മാധവൻ്റെ കീഴിലായിരുന്നു പ്രാക്ടിസ് ചെയ്തിരുന്നത്. NR കൃഷ്ണൻ വക്കിലിൻ്റെ കസിൻ ബ്രദർ കൂടിയാണ് മാധവൻ. എം സി ജോസഫ് ഉം ആദ്യം ചേർത്തലയിൽ ആയിരുന്നു പ്രാക്റ്റീസ് ചെയ്തിരുന്നതും പ്രവർത്തിച്ചിരുന്നതും അദ്ദേഹവും ആദ്യകാലത്ത് എസ് എൻ ഡിപി യിൽ പ്രവർത്തിച്ചിരുന്നു. എന്നാൽ ചേർത്തലയിൽ സഹോദരസംഘത്തിൻറെ പ്രവത്തനങ്ങൾ ആരംഭിക്കുമ്പോൾ എംസി ചേർത്തലയിൽ ഉണ്ടായിരുന്നില്ല. അദ്ദേഹം ഇരിങ്ങാലക്കുടയിലേക്ക് താമസം മാറ്റിയിരുന്നു.
അയിത്തോച്ചാടനവും, മദ്യവർജനവും ശാസ്ത്രപ്രചാരണവും മുൻനിർത്തിയായിരുന്നു പ്രചാരണവും പ്രക്ഷോഭണവും. സഹോദരസംഘത്തിൻ്റെ പ്രധാന പരിപാടികളായ മിശ്രഭോജനവും ജാതിരാക്ഷസ ദഹനവും സമ്മേളനങ്ങളുമൊക്കെ ചേർത്തലയിലും സംഘടിപ്പിച്ചിട്ടുണ്ട്. നല്ല അടിയും കൊണ്ടിട്ടുണ്ട്. പരസ്പരം തൊട്ടു തിന്നാൻ ‘മടിക്കുന്ന വിവിധ സമുദായക്കാർ ഒന്നിച്ചു ഒരു പന്തിയിലിരുന്നു ഭക്ഷണം കഴിക്കുക അവരെക്കൊണ്ട് സഹോദരസംഘത്തിൻറെ ”ജാതിവ്യത്യാസം ശാസ്ത്രവിരുദ്ധവും ദോഷകരവും അനാവശ്യവും മനുഷ്യത്വ വിരുദ്ധവും ആയതുകൊണ്ട് അതിനെ ഇല്ലാതാക്കാൻ നിയമവിരുദ്ധമല്ലാത്ത വിധം എന്നാൽ കഴിയുന്നതൊക്കെ ഞാൻ ചെയ്യുന്നതാണ്” എന്ന പ്രതിജ്ഞ ചൊല്ലിക്കുക സമ്മേളനം നടത്തിപ്പിരിയുക ഇതായിരുന്നു പരിപാടി.
അതിൽ പങ്കെടുക്കാനുള്ള ദളിതരെ സംഘടിപ്പിക്കുക എന്നത് സംഘാടകരുടെ ചുമതലയായിരുന്നു. താഴ്ന്ന ജാതിക്കാരുമായി ഭക്ഷണം പങ്കിടാൻ മുന്നോക്കക്കാർക്കും തമ്പ്രാക്കൻമാരുടെ ഒപ്പമിരിക്കാൻ അവർണ്ണരും മടിക്കുന്ന കാലം ആയിരുന്നതുകൊണ്ട് ആളെ സംഘടിപ്പിക്കൽ ദുഷ്‌കരമായിരുന്നെങ്കിലും കെസി കുട്ടൻറെ നേതൃത്വത്തിൽ ചെറായിയിൽ നിന്നും വ്യത്യസ്തമായി ഉള്ളാട സമുദായക്കാരെ ഉൾപ്പെടെ പങ്കെടുപ്പിച്ചുകൊണ്ട് വിജയകരമാക്കിത്തീർത്തു അത്.
എം.കെ.കൃഷ്ണൻ വയലാറിലെ തൻ്റെ വീട്ടിലും ഒരു മിശ്രഭോജന വിപ്ളവം നടത്തി. എം.കെ.യുടെ ബന്ധുക്കൾ പരിപാടി ബഹിഷ്കരിച്ചെങ്കിലും നാട്ടുകാരെല്ലാം പങ്കെടുത്ത് പരിപാടി വിജയിപ്പിച്ചു.
ഇപ്പോഴത്തെ മിഥില ബാർ നിൽക്കുന്ന പറകുന്നം വെളിയിൽ വെച്ച് സഹോദരൻ അയ്യപ്പൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ജാതിരാക്ഷസ ദഹനവും നടത്തിയിട്ടുണ്ട്.
കോടംതുരുത്തിൽ പുലയ സമുദായത്തിന്റെ ഒരു ക്ഷേത്രമുണ്ടായിരുന്നു. അവിടെ അച്ചുതൻ വൈദ്യരുടെ നേതൃത്വത്തിൽ ഒരു മിശ്രഭോജന വിപ്ളവം നടത്തി. അതിൽ ഒരുപടികൂടി കടന്ന് ഭക്ഷണം പാചകം ചെയ്തത് ദളിതരായിരുന്നു. അത് മറ്റൊരു സാമൂഹിക വിപ്ളവം ആയിമാറി. അതുകൂടി ആയപ്പോൾ സഹോദര സംഘക്കാരെ സമൂഹം ഒറ്റപ്പെടുത്തിത്തുടങ്ങി. യാഥാസ്ഥിതികരായ ഈഴവ പ്രമാണിമാർക്ക് ഹാലിളകി. കുത്തിയതോട് സി.നാരായണനെ സമുദായ ഭ്രഷ്‌ട് കൽപ്പിച്ച് പുറത്താക്കി. സഹോദരൻ അയ്യപ്പൻ കൂടെക്കൂടെ ചേർത്തലയിൽ എത്തി പ്രവർത്തകരെ ആവേശഭരിതരാക്കിക്കൊണ്ടിരുന്നു.
സഹോദരൻ അയ്യപ്പൻ പങ്കെടുത്ത യോഗം അലങ്കോലപ്പെടുത്തുന്നു:
ചേർത്തല ദേവീക്ഷേത്രത്തിനോട് ചേർന്നുള്ള മൈതാനിയിൽ സഹോദര സംഘം കെസി കുട്ടൻറെ നേതൃത്ത്വത്തിൽ ഒരു യോഗം സംഘടിപ്പിച്ചു. ഉദ്‌ഘാടകൻ കെ.അയ്യപ്പൻ ആയിരുന്നു. യോഗം അലങ്കോലപ്പെടുത്താൻ ഗുണ്ടകൾ എത്തി. സർക്കാർ പക്ഷക്കാരനായ ഒരു മാടമ്പിയായിരുന്നു പിന്നിൽ. ശീലാന്തി വർഗീസ് എന്ന ഗുണ്ട അധ്യക്ഷ വേദിയിലേക്ക് കയറി യോഗം അലങ്കോലപ്പെടുത്തി. കെ.സി.കുട്ടൻ തിരിച്ചടിക്കുന്ന സ്വഭാവക്കാരൻ ആയിരുന്നെങ്കിലും സഹോദരൻ അയ്യപ്പൻ അങ്ങിനെ ആയിരുന്നില്ലല്ലോ? അദ്ദേഹം ഗുരു “യേശുവിനെപ്പോലെ ക്ഷമിക്കണം” എന്നു പറഞ്ഞിട്ടുള്ളതിനാൽ അവരുടെ അജ്ഞതയായി കണ്ട് എവിടെയും തിരിച്ചടിക്കാൻ നിന്നിട്ടില്ല, കൊടുങ്ങല്ലൂര് വെച്ച് സനാതനികളുടെ അടികൊള്ളുകയും കത്തിമുനയിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയും ചെയ്തിട്ടും അദ്ദേഹം തിരിച്ചടിച്ചിട്ടില്ല.
ചേർത്തലയിലും കെ.സി.കുട്ടനോടും പ്രവർത്തകരോടും സംയമനം പാലിക്കാൻ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു, അവർ ചെറുത്തുനില്പിന് തുനിയാതെ യോഗം നടത്താനാവാതെ വീടുകളിലേക്കു മടങ്ങി. സ്വന്തം വീടായ കുളത്രക്കട്ട് എത്തുന്നതിനു മുൻപ് ഗുണ്ടകൾ അന്ന് കെ.സി.യെ കൈയേറ്റം ചെയ്തു.
കളവങ്കോടം കണ്ണാടി പ്രതിഷ്ഠ:
മറ്റൊരു ചരിത്രമായി മാറിയ ഗുരുവിൻറെ ചേർത്തല കളവങ്കോടം കണ്ണാടി പ്രതിഷ്ഠയ്ക്കും വാസ്തവത്തിൽ കാരണക്കാരനായത് കെസി കുട്ടനും സഹോദര സംഘക്കാരുമാണ്. ബോധാനന്ദ സ്വാമിക്കൊപ്പം പ്രതിഷ്ഠയ്ക്കെത്തിയ ഗുരുവിനോട് വിഗ്രഹം പ്രതിഷ്ഠിക്കരുതെന്ന് പറഞ്ഞത് കെസി കുട്ടൻറെ നേതൃത്വത്തിൽ സഹോദരസംഘക്കാരാണ്. വഴക്ക് ഒഴിവാക്കാനായി ഏതു വിഗ്രഹം വേണമെന്ന് തർക്കിച്ച വിഗ്രഹ വാദക്കാരെയും ഇനി വിഗ്രഹ പ്രതിഷ്ഠ വേണ്ടെന്ന് പറഞ്ഞ സഹോദര സംഘകകരെയും ശാന്തരാക്കി ഗുരു കണ്ണാടി പ്രതിഷ്ഠിക്കുകയായിരുന്നു.
ഇ വി ആർ അരൂക്കുറ്റി ജയിലിൽ നിന്ന് മോചിതനായപ്പോൾ കെസിയുടെ നേതൃത്വത്തിൽ പാണാവള്ളിയിൽ ആണ് സ്വീകരണം ഒരുക്കിയത്. പെരിയാറിന്റെ ജയിൽവാസത്തിൻറെ ഹാങ്ങ് ഓവർ മാറാൻ രാത്രി കൃഷ്ണൻ വൈദ്യരുടെ ശ്രീകണ്ഡേശ്വരം കഥകളി സംഘത്തിൻറെ വകയായി രാത്രി വൈദ്യരുടെ വീട്ടിൽ കഥകളിയും നടത്തി. പെരിയാർ ആദ്യമായി കഥകളി കാണുന്നത് അന്നാണ്.
ഉള്ളാടൻ കുട്ടൻ:
കെസി കുട്ടൻ സഹോദരനെപ്പോലെതന്നെ ഒരു സംഭവം ആയിരുന്നു. അന്നത്തെ ചേർത്തലയിലെ ജാതി സമൂഹം ഏറ്റവും അധഃസ്ഥിതരായി കരുതിയിരുന്ന ഉള്ളാട സമുദായത്തിലെ സാധുക്കൾക്കായി കെ.സി. മുൻകൈയെടുത്ത് സർക്കാർ സഹായത്തോടെ പന്ത്രണ്ട് വീടുകൾ നിർമിച്ചു നൽകി. കൂടാതെ ഉള്ളാട സമുദായക്കാർക്ക് വേണ്ടി കുറുപ്പം കുളങ്ങരയിൽ ഒരു ക്ഷേത്രവും കെസി കുട്ടൻ നിർമ്മിച്ച് നൽകുകയുണ്ടായി. അത് ഇപ്പോഴും നിലനിൽകുന്നുണ്ട്. കൂടാതെ ചേർത്തല തെക്ക് അരിപ്പറമ്പിൽ വാല്മീകി വള്ളൂവർ ഗ്രാം എന്ന പേരിലും ചേർത്തല വാരനാട്ട് ശ്രി ബുദ്ധപുരം ഹൗസിംഗ് കോളനിയും സ്ഥാപിച്ചത് കെസി കുട്ടനായിരുന്നു.
സഹോദരനെ പുലയൻ അയ്യപ്പൻ എന്ന് വിളിച്ചിരുന്നതുപോലെ കെസി കുട്ടനെ അന്നും ഉണ്ടായിരുന്ന സവർണ്ണ ഈഴവന്മാർ ‘ഉള്ളാടൻ കുട്ടൻ’ എന്നാണ് പരിഹസിച്ച് വിളിച്ചിരുന്നത്.
അധ:സ്ഥിതർക്ക് തൊഴിൽ നൽകുന്നതിന് ചേർത്തലയിൽ ഗുരുറാം ദാസ് കയർഫാക്ടറി സ്ഥാപിച്ചതും കെ സി കുട്ടൻ്റെ പ്രവർത്തനഫലമായിട്ടാണ്.
‘ഉഴുതുമ്മൽ കിട്ടൻ’ എന്ന പേരിൽ ശ്രീ ഉഴുതുമ്മേൽ കിട്ടൻ എന്ന സാമൂഹ്യ പരിഷ്കർത്താവിൻ്റെ ജീവചരിത്രകൃതി ഉൾപ്പെടെ അനവധി ഗ്രന്ഥങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. ‘യുഗപുരുഷൻ’ സിനിമയിൽ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിലൂടെയാണ് കെസി കുട്ടനെ വീണ്ടും ഇന്നത്തെ തലമുറ പരിചയപ്പെടുന്നത്.
1967 നവംബർ 8 ന് ആണ് കെസി കുട്ടൻ അന്തരിച്ചത്. അദ്ദേഹത്തിൻറെ മകനാണ് അന്തരിച്ച പ്രശസ്ത കോൺഗ്രസ് നേതാവും ചേർത്തല നഗരസഭ ചെയർമാനും ആയിരുന്ന ശ്രീ.കെ. സി വിജയൻ. ഒരുപക്ഷെ ചേർത്തലയിലെ പഴയ രാഷ്ട്രീയ കാലാവസ്ഥ വെച്ച് കോൺഗ്രസ് കാരൻ ആയിരുന്നതുകൊണ്ടാണെന്ന് തോന്നുന്നു പിന്നീട് അദ്ദേഹത്തിന് അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയത്.
(സഹോദരനൊപ്പം ചിത്രത്തിലുള്ളത് കെസി കുട്ടനും എംകെ കൃഷ്ണനുമാണ്)


