Wed. Nov 25th, 2026

✍️ ചന്ദ്രപ്രകാശ് എസ് എസ്

ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസാണ് സഞ്ജീവ് ഖന്ന. ജസ്റ്റിസ് ചന്ദ്രചൂഡിനെപ്പോലെ നിയമകുടുംബ പശ്ചാത്തലം അദ്ദേഹത്തിനുമുണ്ട്. സഞ്ജീവ് ഖന്നയുടെ പിതാവ് ദേവ് രാജ് ഖന്ന ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്നു.മാതുലൻ ഹൻസ് രാജ് ഖന്ന (എച്ച് ആർ ഖന്ന) സുപ്രീം കോടതി ജഡ്ജിയായിരുന്നു. ചരിത്രപുരുഷനായ ഹൻസ് രാജ് ഖന്നയെന്ന എച്ച് ആർ ഖന്നയെക്കുറിച്ചാണിത്. ചരിത്രം ആവർത്തിച്ച് വായിക്കാൻ വേണ്ടിയും, ഇങ്ങനെയും ഒരു ചരിത്രമുണ്ടോ എന്ന് ചിന്തിക്കുന്ന ചരിത്രവിദ്യാർത്ഥികളും ഇതറിയണം.

കുപ്രസിദ്ധമായ അടിയന്തരാവസ്ഥക്കാലത്ത് നിരപരാധികളായ ആയിരക്കണക്കിന് സ്ത്രീ-പുരുഷന്മാരാണ് മിസപ്രകാരം അറസ്റ്റ് വരിച്ച് ഇന്ത്യയിൽ പലയിടത്തും ജയിലിലായത്. അടിയന്തരാവസ്ഥ സമയത്ത് ആർട്ടിക്കിൾ 359 (1) പ്രകാരം മൗലികാവകാശങ്ങൾ റദ്ദാക്കി. അക്കാലത്ത് മൗലികാവകാശങ്ങൾ നിഷേധിച്ച സർക്കാർ നടപടിയെ പിന്തുണച്ച അഞ്ചംഗ സുപ്രീം കോടതി ബെഞ്ചിൽ ഡി വൈ ചന്ദ്രചൂഡിന്റെ പിതാവ് ജസ്റ്റിസ് വൈ വി ചന്ദ്രചൂഡും, സഞ്ജീവ് ഖന്നയുടെ അമ്മാവൻ എച്ച് ആർ ഖന്നയും(ഹൻസ് രാജ് ഖന്ന) ഉണ്ടായിരുന്നു. അന്നത്തെ ജബൽപുർ എഡിഎമ്മും ശിവകാന്ത് ശുക്ല എന്ന ആളും തമ്മിലുള്ള കേസായിരുന്നു അന്ന് അഞ്ചംഗ ബെഞ്ച് പരിഗണിച്ചത്.

അഞ്ചിൽ നാലുപേരും ഇന്ദിരാഗാന്‌ധി സർക്കാരിന് അനുകൂലമായി വിധിഎഴുതി. വിയോജിപ്പ് പ്രകടിപ്പിച്ച വ്യക്തി എച്ച് ആർ ഖന്നയായിരുന്നു. ആ വിധിയിലെ ഗുരുതര പിഴവുകൾ തിരുത്തിയത് വൈ വി ചന്ദ്രചൂഡിൻ്റെ മകനും ഇന്ന് വിരമിച്ച ചീഫ് ജസ്റ്റിസുമായ ‘മകൻ ചന്ദ്രചൂഡ്’ ആയിരുന്നു എന്നതാണ് കൗതുകം. പിതാവിന്റെ കുപ്രസിദ്ധമായ വിധി തിരുത്തിയ മകൻ.

ഈ കേസ്സിൽ വിധി പറയുന്നതിന് മുമ്പ് എച്ച് ആർ ഖന്ന തൻ്റെ സഹോദരിക്ക് എഴുതിയതിങ്ങനെ- “ഞാൻ എൻ്റെ വിധിന്യായം തയ്യാറാക്കിയിട്ടുണ്ട്, അത് എനിക്ക് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസെന്ന പദവി നഷ്ടപ്പെടുത്തും.”

ജസ്റ്റിസ് ഖന്ന പറഞ്ഞത് അക്ഷരംപ്രതി ശരിയായി. ഉത്തരവ് പുറപ്പെടുവിച്ചതിന് ശേഷം,ഖന്നയുടെ ജൂനിയറായ എം എച്ച് ബേഗിനെ ചീഫ് ജസ്റ്റിസാക്കി സർക്കാർ പ്രതികാരം ചെയ്തു. എം എച്ച് ബേഗ് മേൽപ്പറഞ്ഞ കേസ്സിൽ സർക്കാർ പക്ഷം ചേരുക മാത്രമല്ല, ഒരു പടികൂടിക്കടന്ന് “ഭരണകൂടം തടവുകാരെ ഒരു അമ്മയെപ്പോലെ പരിപാലിക്കുന്നു” എന്നുവരെ പ്രശംസിക്കുകയും ചെയ്തു. ബേഗ് ചീഫ് ജസ്റ്റിസായതിന് പിന്നാലെ എച്ച് ആർ ഖന്ന രാജിവച്ചു.

രാജ്യത്തെ നൂറുകണക്കിന് അതിപ്രശസ്തരായ അഭിഭാഷകർ ‘നാവടക്കൂ പണിയെടുക്കൂ’എന്നത് ലംഘിച്ച് എച്ച് ആർ ഖന്നയെ പ്രശംസിച്ചു. ജീവിച്ചിരിക്കുമ്പോൾ തന്നെ അദ്ദേഹത്തിൻ്റെ ഛായാചിത്രം സുപ്രീം കോടതിയിൽ ഇടംപിടിച്ചു. വിധിയിൽ സർക്കാരിനൊപ്പം നിന്ന ജസ്റ്റിസ് ഭഗവതി പിന്നീട് തൻ്റെ തീരുമാനത്തിൽ ഖേദിക്കുകയും മാപ്പ് പറയുകയും ചെയ്തു. പ്രസ്തുത കേസിൽ തൻ്റെ പിതാവിന് വീഴ്ച പറ്റിയെന്ന് ജസ്റ്റിസ് വൈ വി ചന്ദ്രചൂഡിൻ്റെ മകൻ ഡി വൈ ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസ് ആയ ഉടൻ ഒരു വിധിയിലൂടെ അംഗീകരിച്ചത് വീണ്ടും ആവർത്തിക്കുന്നു.

48 വർഷം മുമ്പ് ജസ്റ്റിസായിരുന്ന എച്ച് ആർ ഖന്നയ്ക്ക് അർഹമായിരുന്ന ചീഫ് ജസ്റ്റിസ് സ്ഥാനം അദ്ദേഹത്തിൻ്റെ അനന്തരവൻ ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് കിട്ടുന്നു എന്നത് ചരിത്രത്തിൽ ഇടം പിടിക്കും. വർത്തമാനകാലത്ത് അദ്ദേഹത്തിൽ നിന്ന് അമ്മാവൻ പുറപ്പെടുവിച്ച പോലെയുള്ള വിഖ്യാത വിധികൾ പ്രതീക്ഷിക്കുന്നു.