Sun. Nov 22nd, 2026

✍️ ചന്ദ്രപ്രകാശ് എസ് എസ്

രാഷ്ട്രപതിയുടെ സ്വര്‍ണ്ണമെഡല്‍ മലയാളത്തിന് ആദ്യമായി നേടിത്തന്ന ചെമ്മീനിലെ ‘മാനസമൈനേ വരൂ’ എന്ന ഒറ്റ പാട്ടുകൊണ്ട് പ്രബോദ് ചന്ദ്ര ഡേ എന്ന മന്നാഡെ മലയാളമനസ്സിൽ ഇടം നേടി.
വയലാറിൻ്റെ രചനയിൽ സലില്‍ ചൗധരി സംഗീതം നല്‍കിയ ഈ ഗാനം മന്നാഡെയുടെ മധുരശബ്ദത്തിൻ്റെ പ്രതിഫലനമായി.

മലയാളിയ്ക്ക് മറക്കാനാവാത്ത ശബ്ദമായി അദ്ദേഹം മാറിയെങ്കിലും മലയാള ചലച്ചിത്രഗാനരംഗത്ത് മന്നാഡെ ആകെ ആലപിച്ചത് രണ്ടു ഗാനങ്ങള്‍ മാത്രം. രണ്ടാമത്തേത് നെല്ലിലെ ‘ചെമ്പാ ചെമ്പാ’എന്ന
പി ജയച്ചന്ദ്രനുമൊത്തുള്ള കോറസ്.

പൂര്‍ണചന്ദ്രയുടെയും മഹാമായ ഡേയുടെയും മകനായി 1919 മെയ് ഒന്നിന് കല്‍ക്കത്തയിൽ ജനിച്ച പ്രബോദ് ചന്ദ്ര ഡേയെന്നെ മന്നാഡെയുടെ ജീവിതസഖി മലയാളിയായ സുലോചന കുമാരനാണ്.
കണ്ണൂർ പയ്യാമ്പലത്തെ ഒണ്ടേൻ കാവുങ്കൽ കുമാരൻ്റെയും ദേവകിയുടെയും മകൾ.സുലോചന ജനിച്ചത് കണ്ണൂരിലാണെങ്കിലും പഠിച്ചതും വളർന്നതും മുംബൈയിലാണ്. സുലോചനയുടെ അച്ഛൻ കുമാരന് മുംബൈയിൽ ബിസിനസ്സായിരുന്നു.

1962 ൽ മന്നാഡെയും ഭാര്യ സുലോചനയും മക്കളായ സുമിതയ്ക്കും, സുരോമയ്ക്കുമൊപ്പം കണ്ണൂർ തെക്കീ ബസാറിലെ ജാനകി നിവാസിൽ ഒരാഴ്ചയോളം താമസിച്ചു.അന്ന് അറയ്ക്കൽ കൊട്ടാരം മന്നാഡെയെ ആദരിച്ചു. കണ്ണൂരിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ അന്ന് മന്നാഡെ,കുടുംബത്തിനൊപ്പം സന്ദർശിച്ചു.അന്നത്തെ സന്ദർശന ആൽബം ഇപ്പോഴും ജാനകി നിവാസിലുണ്ട്.

കണ്ണൂർ സന്ദർശന സമയത്ത് സംഗീത സംവിധായകൻ എ ടി ഉമ്മർ എല്ലാ ദിവസവും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പിന്നീടും അദ്ദേഹം കണ്ണൂരിൽ വന്നിട്ടുണ്ട്. അതെല്ലാം സംഗീതവുമായി ബന്ധപ്പെട്ടായിരുന്നു. തലശ്ശേരിയിൽ സംഗീത പരിപാടി നടത്തിയിട്ടുണ്ട്. മരിക്കും മുൻപ് കണ്ണൂരിലേക്ക് വീണ്ടും വരാൻ പലപ്പോഴും ആഗ്രഹിച്ചെങ്കിലും തിരക്കും രോഗങ്ങളും അതിന് തടസ്സമായി.

കോളേജ് പഠനകാലത്താണ് മന്നാഡെയും സുലോചനയും പ്രണയബദ്ധരായത്.മന്നാഡെയുടെ കരിയർ പൂർണ്ണമായും രൂപപ്പെടുത്തിയതിൽ സുലോചനയുടെ പങ്ക് വളരെ വലുതാണ്. മുംബൈയിൽ ഇംഗ്ലീഷ് പ്രൊഫസ്സറായിരുന്നു സുലോചന. മന്നാഡെയുടെ പാട്ടുജീവിതത്തിനായി ജീവിതം ഉഴിഞ്ഞുവച്ച് മരണം വരെ അവർ നിലകൊണ്ടു.

സുലോചന കുമാരൻ പരത്തിയ സുഗന്ധമാണ് മന്നാഡെയുടെ എല്ലാ സംഗീത വിജയങ്ങൾക്കും കാരണം. സുലോചനയുടെ മരണശേഷം ഒന്നര വർഷം കഴിഞ്ഞാണ് മന്നാഡെയുടെ അന്ത്യം. മലയാളികൾക്ക്‌ എക്കാലവും പ്രിയപ്പെട്ട മാനസ മൈനേ വരൂ എന്ന മധുരവിരഹഗാനം മന്നാഡെ സമർപ്പിച്ചിരിക്കുന്നത് ജീവിതസഖിയായ സ്വന്തം മാനസമൈനയ്ക്കാണ്.

അദ്ദേഹത്തിൻ്റെ വാക്കുകൾ – “സുലുവിൻ്റെ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ എൻ്റെ ശബ്ദം മലയാളത്തിൽ നിങ്ങൾ കേൾക്കുമായിരുന്നില്ല.സലിൽ ചൗധരിയുടെ നിർബന്ധത്തിന് വഴങ്ങിയാണ്  മനസ്സില്ലാമനസ്സോടെ ചെമ്മീനിൽ പാടാൻ സമ്മതിച്ചത്. അത്ര എളുപ്പം വഴങ്ങുന്ന ഭാഷയല്ല മലയാളം.
ആദ്യ റിഹേഴ്സൽ കഴിഞ്ഞ് വീട്ടിൽ വന്ന് ഞാൻ പാട്ട് സുലുവിനെ പാടിക്കേൾപ്പിച്ചു. എൻ്റെ ഉച്ഛാരണത്തിൻ്റെ മേന്മകൊണ്ടാകണം പാട്ട് കേട്ടിരുന്ന എൻ്റെ രണ്ട് മക്കൾക്കും ചിരിയടക്കാനായില്ല. അവർക്ക് മലയാളം അറിയാം. ആ നിമിഷം ഞാൻ തീരുമാനിച്ചു ഈ പാട്ട് എനിക്ക് പറഞ്ഞിട്ടുള്ളതല്ലെന്ന്.എൻ്റെ നിലപാടിനോട് സുലു യോജിച്ചില്ല. എന്നെ ഭാഷ പഠിപ്പിക്കുന്ന ദൗത്യം അവൾ ഏറ്റെടുത്തു. ഒരാഴ്ചത്തെ തീവ്രപരിശീലനത്തോടെ എനിക്ക് ആ പാട്ട് പാടാൻ സാധിച്ചു “

മുകേഷ്, കിഷോര്‍ കുമാര്‍,മുഹമ്മദ് റാഫി എന്നിവര്‍ക്കൊപ്പം1950 മുതൽ 70 കളുടെ മദ്ധ്യം വരെയുള്ള കാലഘട്ടത്തില്‍ അദ്ദേഹം ഇന്ത്യന്‍ സിനിമയില്‍ സജീവമായിരുന്നു. വിവിധ ഭാഷകളിലായി 3500ല്‍ അധികം ഗാനങ്ങള്‍ മന്നാഡെ ആലപിച്ചു. ജിബോനര്‍ ജല്‍സാഖോരെ എന്നപേരില്‍ ബംഗാളി ഭാഷയില്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ആത്മകഥ മെമ്മറീസ് കം എലൈവ് എന്നപേരില്‍ ഇംഗ്ളീഷിലും യാദേന്‍ ജീ ഉതീ എന്നപേരില്‍ ഹിന്ദിയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇന്ത്യന്‍ സിനിമയുടെ പരമോന്നത ബഹുമതിയായ ഫാല്‍ക്കേ അവാര്‍ഡ് 2007ല്‍ അദ്ദേഹത്തെ തേടിയെത്തി. പത്മശ്രി, പത്മഭൂഷണ്‍ ബഹുമതികളും നേടി.മേരേ ഹൂസൂര്‍ എന്ന ഹിന്ദി ചിത്രത്തിലേയും നിശി പത്മ എന്ന ബംഗാളി ചിത്രത്തിലേയും ഗാനാലാപനത്തിന് മന്നാഡെയ്ക്ക് ദേശീയ അവാര്‍ഡും ലഭിച്ചു. 1987-88 ലെ ലളിതസംഗീതത്തിനുളള ലതാമങ്കേഷ്കര്‍ അവാര്‍ഡ് നേടി. ‘മേരാനാം ജോക്കര്‍ എന്ന ചിത്രത്തിലെ ”ഏ ഭായ് സരാ ദേഖ് കെ ചലോ”എന്നു തുടങ്ങുന്ന ഗാനത്തിന് ഫിലിം ഫെയര്‍ അവാര്‍ഡ് കിട്ടി.

2012ല്‍ ഭാര്യയുടെ മരണശേഷമാണ് മന്നാഡെ പിന്നണിഗാനരംഗത്തു നിന്നും പൂർണമായി പിന്‍വലിഞ്ഞത്. തുടർന്ന് അമ്പതു വര്‍ഷത്തെ മുംബൈ വാസത്തിന് തിരശ്ശീലയിട്ട് ബാംഗ്ലൂരിലേയ്ക്ക് താമസം മാറ്റി.2013 ഒക്ടോബർ 24ന് പുലര്‍ച്ചയോടെ അദ്ദേഹം ബാംഗ്ലൂരിൽ വച്ച് അന്ത്യശ്വാസം വലിച്ചു.

മന്നാഡേയെപ്പറ്റി വിഖ്യാതനായ ഗായകൻ മുഹമ്മദ് റഫിയുടെ വാക്കുകൾ- “നിങ്ങൾ എന്നെ കേൾക്കുന്നു. പക്ഷേ ഞാൻ ആസ്വദിക്കുന്നത് മന്നാഡേയുടെ പാട്ടുകളാണ് ” ജീവിതം സാർത്ഥകമായെന്നാണ് ഈ അംഗീകാരത്തെക്കുറിച്ച് മന്നാഡേ പ്രതികരിച്ചത്.