✍️ സുരേഷ്. സി.ആർ
“മതഗ്രന്ഥങ്ങൾ പറയുന്ന കാര്യങ്ങളുടെ തെളിവുകൾ എങ്ങും കിട്ടാതായതുകൊണ്ടാണ് ഞാൻ പള്ളിയിൽ പോകുന്നത് നിർത്തിയത്”-
പാരാസൈക്കോളജി പോലുള്ള അശാസ്ത്രീയ അവകാശവാദങ്ങളെ തുറന്നു കാണിക്കുകയും കപടശാസ്ത്രത്തിന്റെ വക്താക്കളെ ചോദ്യം ചെയ്യുകയും ജീവിതസപര്യയായി കൊണ്ടുനടന്ന കനേഡിയൻ-അമേരിക്കൻ സ്റ്റേജ് മജീഷ്യനും ശാസ്ത്രീയ സ്കെപ്റ്റിക്കും ആയിരുന്നു ജെയിംസ് റാൻഡി (1928 – 2020).
ലോകവ്യാപകമായി അതിന്ദ്രീയമായതും അശാസ്ത്രീയമായതുമായ അവകാശവാദങ്ങളെ ശക്തമായി എതിർത്ത അദ്ദേഹത്തിന് അമാനുഷിക ശക്തിയും അതിശയകരമായ കഴിവുകളും ഉണ്ടെന്ന് ഉദ്ഘോഷിച്ചു നടന്ന ആളുകളുടെ പൊള്ളത്തരം പുറത്തുകൊണ്ടുവരിക എന്നത് ഒരു ജീവിതലക്ഷ്യമായിരുന്നു. ഇതിനായി അമാനുഷിക കഴിവുകൾ ഉണ്ടെന്ന് അവകാശപ്പെടുന്നവരെ അവരുടെ കഴിവുകൾ തെളിയിക്കാന് അദ്ദേഹം വെല്ലുവിളിച്ചു. തെളിയിക്കുന്നവർക്ക് പത്തു ലക്ഷം യു.എസ്. ഡോളർ സമ്മാനം പ്രഖ്യാപിച്ചു. അതിനുള്ള വേദിയൊരുക്കുന്നതിനായി ജെയിംസ് റാൻഡി എജ്യൂക്കേഷനൽ ഫൗണ്ടേഷൻ എന്ന സ്ഥാപനം തന്നെ ഉണ്ടാക്കി.

ആയിരക്കണക്കിന് അപേക്ഷകർ വന്നെത്തിയെങ്കിലും എല്ലാവരും പരാജിതരായി. അമാനുഷികമായ കഴിവുണ്ടെന്ന് തെളിയിക്കാൻ ഒരാൾക്കും കഴിഞ്ഞില്ല. 1964 മുതൽ പ്രവർത്തനനിരതമായിരുന്ന ഈ സ്ഥാപനം 2015 ൽ പ്രവർത്തനം നിർത്തിവച്ച് നാളിതുവരെ ചെലവാകാതിരുന്ന ആ പണം യുക്തിചിന്തയും തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ലോകവീക്ഷണവും പ്രോത്സാഹിപ്പിക്കുന്ന വ്യക്തികൾക്കോ സംഘടനകൾക്കോ അവർ ലാഭമില്ലാത്തരീതിയിൽ പ്രവർത്തിക്കുകയാണെങ്കിൽ ഗ്രാന്റ് നൽകിവരുന്നു. സ്വയം ഒരു അന്വേഷകൻ എന്ന പേരിൽ അറിയപ്പെടാനാണാഗ്രഹിച്ച അദ്ദേഹത്തെ ആളുകൾ ഡീബങ്കർ എന്ന പേരിലാണ് വിളിച്ചത്. അശാസ്ത്രീയമായ അവകാശവാദങ്ങളെ തുറന്നുകാട്ടുന്നയാൾ എന്നാണ് ഈ വാക്കിനർത്ഥം.
ടൊറന്റോയിൽ ജനനം. ചെറുപ്പം മുതൽ തന്നെ നാസ്തികനായി. ദ എമേസിങ്ങ് റാൻഡി എന്ന പേരിൽ സ്റ്റേജ് മാ ജിക്ക് തുടങ്ങി. പിന്നീട്, തന്റെ സമയം അതിന്ദ്രീയാവകാശവാദങ്ങൾ പ്രകൃത്യാതീത അവകാശവാദങ്ങൾ മന്ത്രവാദവിദ്യകൾ എന്നിവയെപ്പറ്റി അന്വേഷിക്കുവാൻ ചിലവഴിച്ചു. ഇത്തരം അവകാശവാദങ്ങളെ അദ്ദേഹം വൂ-വൂ എന്നാണ് വിശേഷിപ്പിച്ചത്.
പാരാനോർമൽ പ്രതിഭാസം, സ്കെപ്റ്റിസിസം, മാജിക്കിന്റെ ചരിത്രം എന്നിവയെപ്പറ്റി പുസ്തകങ്ങളും മറ്റും എഴുതിയിട്ടുണ്ട്.
ദ ടു നൈറ്റ് ഷോ സ്റ്റാറ്റിംഗ് ജോണി കാഴ്സൻ എന്ന ടെലിവിഷൻ ഷോയിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു. പെൻ ആൻഡ് ടെല്ലർ: ബുൾഷിറ്റ് എന്ന ടെലിവിഷൻ പ്രോഗ്രാമിൽ മിക്കപ്പോഴും അദ്ദേഹത്തെ ഫീച്ചർ ചെയ്തിരുന്നു.

