✍️ എ.കെ. വിനോദ്
ഒരു കട്ടിൽ ഒരു മുറി എന്ന സിനിമ കിസ്മത്തും തൊട്ടപ്പനും മലയാളത്തിന് സമ്മാനിച്ച ഷാനവാസ് ബാവക്കുട്ടിയുടെ സുന്ദരമായ ഒരു പ്രണയ കഥയാണ്. യഥാർത്ഥ പ്രണയം നിരന്തരമായ കണ്ടെത്തലുകളുടെതാണ്. നീ നിത്യവും നൃത്തം ചെയ്യുന്നു എന്ന് നെരൂദ പറഞ്ഞതുപോലെ പ്രണയം നിത്യവും കണ്ടെത്തപ്പെടുന്ന ഒരു കവിതയാണ്.
ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങൾക്ക് രണ്ട് പേരുകൾ ഉണ്ട്. അക്കമ്മയും മധുമിയയും രുഗ്മാംഗദനും രണ്ടുപേരുകൾ ഉള്ളവർ മാത്രമല്ല രണ്ടിലധികം ജീവിതവും ജീവിക്കുന്നുണ്ട്.
സിനിമ ആകെ ഈ കഥാപാത്രങ്ങളുടെ ജീവിതത്തിൻറെ പല അടരുകളിലൂടെ കാണികളെ കൊണ്ടുപോകുന്നു. പൂർണിമ ഇന്ദ്രജിത്തും പ്രിയംവദ കൃഷ്ണനും ഹക്കീം ഷായും ക്ലാസിക് പെയിന്റിങ്ങുകളിലെ ദൃശ്യങ്ങൾ പോലെ കഥയുടെ പശ്ചാത്തലത്തിലേക്ക് ചേർന്ന് ജീവിക്കുന്നു. വളരെ പണിപ്പെട്ട് ദുർഘടകമായ വഴികൾ പിന്നിട്ട് കുന്നുകയറി അത്യന്തം ആനന്ദകരമായ ഒരു സൂര്യോദയം കാണുന്നതുപോലെ ഈ സിനിമയിലെ അവസാന രംഗം പ്രണയത്തിൻറെ ഉദയരാശി കാണിയുടെ ഹൃദയത്തിലേക്ക് വീശുന്നു.
ഷമ്മി തിലകന്റെ അച്ഛൻ കഥാപാത്രം അദ്ദേഹത്തിൻറെ അഭിനയ ജീവിതത്തിലെ ഏറ്റവും പുതിയ കണ്ടെത്തലായിരിക്കും. മലയാള സിനിമയ്ക്ക് നൂതനമായ ഒരു ഭാവുകത്വം സമ്മാനിച്ച തിലകൻ നിർത്തിവെച്ച ഒരു ഘട്ടത്തിൽ നിന്ന് ഷമ്മി തിലകൻ അനായാസമായി തുടരുന്നതിന്റെ അത്ഭുതകരമായ ഒരു കാഴ്ച ഈ സിനിമ സമ്മാനിക്കുന്നു. മധുമിയയും രുഗ്മാംഗതനും പ്രണയത്തെ തിരിച്ചുപിടിക്കുമ്പോൾ അക്കമ്മയുടെ പ്രണയം സിനിമയ്ക്ക് പുറത്ത് പ്രതീക്ഷയോടെ നിൽക്കുകയാണ്.
സിനിമയിൽ കുറച്ചുനേരത്തേക്കെങ്കിലും വന്നു പോകുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജാഫർ ഇടുക്കി ജനാർദ്ദനൻ വിജയരാഘവൻ രഘുനാഥ് പലേരി ഗണപതി പ്രശാന്ത് മുരളി എന്നിവരുടെ കഥാപാത്രങ്ങൾ ഒക്കെ കാണിയുടെ ദൃശ്യപരിധിക്ക് അപ്പുറം തങ്ങൾക്ക് മറ്റൊരു ജീവിതം കൂടി ഉണ്ട് എന്ന് നിരന്തരം ഓർമ്മപ്പെടുത്തുന്നു. ഒരു സിനിമയ്ക്ക് ഉള്ളിൽ ഇത്രയധികം കഥകൾ ഇങ്ങനെ അടുക്കി അടുക്കി വെച്ചിരിക്കുന്നത് തന്നെ എത്ര സുന്ദരമാണ്.
സിനിമയുടെ തുടക്കത്തിൽ ഒരു ഭാര്യ തന്റെ ഭർത്താവിനെ ഉപേക്ഷിച്ച് പുതിയ കാമുകൻറെ കൂടെ പോകുന്നതിനു വേണ്ടി ഒരു നുണ പറയുന്നു. പക്ഷേ സംഭവിക്കാൻ സാധ്യതയുള്ള ഒരു ദുരന്തത്തിന്റെ തൊട്ടുമുൻപ് ആ ഭാര്യ തൻറെ പഴയ ജീവിതത്തിലേക്ക് തിരിച്ചുവരികയും പ്രണയം കണ്ടെത്തുകയും ചെയ്യുന്ന ഒരു രംഗമുണ്ട്. വളരെ ചെറിയ ഒരു രംഗം. അതുതന്നെ ഒരു മുഴുവൻ സിനിമയായി അനുഭവപ്പെടും. ഇങ്ങനെ ഓരോ കഥാപാത്രത്തിനും ഒരു കഥ എഴുതിവെച്ചിട്ടുണ്ട് രഘുനാഥ് പലേരി.
തുടർന്നുകൊണ്ടിരിക്കുന്ന ജീവിതത്തിൻറെ പ്രസക്തമായ ഒരു സന്ദർഭത്തെ അതുവരെ ആരും കാണാത്ത ഒരു ആംഗിളിൽ നോക്കിക്കാണുന്ന അനുഭവമാണ് സിനിമ. ജീവിതമാകട്ടെ ആ സന്ദർഭത്തിന് അപ്പുറത്തും ഇപ്പുറത്തും തുടർന്നുകൊണ്ടേ ഇരിക്കുകയാണ്.
വ്യത്യസ്ത ജീവിതങ്ങളാണെങ്കിലും ഒരു കട്ടിൽ കൊണ്ടും ഒരു മുറി കൊണ്ടും പരസ്പരം എത്രയെത്ര മനുഷ്യരാണ് കണ്ണിചേർക്കപ്പെടുന്നത് എന്നതും ഈ സിനിമയുടെ ഒരു അത്ഭുതമായി അനുഭവപ്പെടുന്നു. രഘുനാഥ് പലേരിയുടെ സിനിമാ ജീവിതത്തിൻറെ നാല്പതാം വർഷമാണ് ഇത്. കഥാപാത്രങ്ങളുടെ വിന്യാസത്തിലൂടെ ആ കൈവഴക്കം പ്രകടമായിരിക്കുന്നു. അതിമനോഹരമായ ഫ്രെയിമുകളാണ് ഈ സിനിമയുടെ മറ്റൊരു ആകർഷണം. ഈ സിനിമയുടെ സംഗീതം പോലെ ആ ആ ദൃശ്യങ്ങളും തിയേറ്ററിന് പുറത്തേക്ക് നമ്മളോടൊപ്പം പോരും.
ഞങ്ങളുടെയൊക്കെ പ്രിയപ്പെട്ട കൂട്ടുകാരനായ വിക്രമാദിത്യന്റെ പേരിലാണ് ഈ സിനിമയുടെ നിർമ്മാണ കമ്പനി. അതുതന്നെ സ്നേഹസമ്പന്നമായ ഓർമ്മയുടെ വീണ്ടെടുക്കലാണ്. സ്നേഹത്തിന്റെയും പ്രണയത്തിന്റെയും വീണ്ടെടുപ്പുകളിലേക്ക് കാഴ്ചക്കാരെ ഹൃദയം തൊട്ട് വിളിക്കുന്ന ഷാനവാസിന്റെ ഈ പുതിയ സിനിമ പ്രണയ പ്രതീക്ഷകൾക്കുള്ള സ്നേഹപുരസ്സരമായ സമർപ്പണമാണ്.


