Mon. Nov 23rd, 2026

✍️ ഡോ. എ കെ. വാസു

മോഹൻലാലിനെ അധിക്ഷേപിച്ചത് അപലപിക്കപ്പെടുമ്പോൾ, മോഹൻലാൽ സിനിമകൾ സവർണ്ണസ്ത്രീകളെ വാഴ്ത്തുകയും ബഹുജന സ്ത്രീകളെ അവഹേളിക്കുകയും ചെയ്ത തിരക്കഥകൾ നിരവധിയുണ്ട്. മോഹൻലാൽസിനിമകളിൽ ബഹുജന സ്ത്രീകളും സവർണ്ണ സ്ത്രീകളും വേർതിരിയുന്നത് എങ്ങനെയെന്ന് തൂവാനത്തുമ്പികളും സ്ഫടികവും മാത്രം നോക്കിയാൽ മതിയാവും.

“ലൈലാ ബീഗത്തിന്റെ അറബിക്കാപ്പി എന്റെ ആശാന് വലിയ ഇഷ്ടമാണ് “എന്ന് മണിയൻപിള്ള രാജുവിന്റെ കഥാപാത്രം പള്ളീലച്ചനോട് (കരമന ജനാർദ്ദനൻ നായർ ) പറയുന്നിടത്താണ് സ്ഫടികം എന്ന സിനിമയിലെ സിൽക്ക് സ്മിത അവതരിപ്പിക്കുന്ന കഥാപാത്രമൊരു മുസ്ലിം സ്ത്രീയാണെന്ന് പ്രകടമാവുന്നത് (അറബിക്കാപ്പി എന്ന പ്രയോഗം പ്രത്യേകം ശ്രദ്ധിക്കണം). തറവാട്ടിൽ നിന്നും കലഹിച്ചിറങ്ങിപ്പോന്ന സുറിയാനീ കുലപുരുഷന്റെ തെറിച്ച ജീവിതത്തിന്റെ ഇടമാകുന്നത് ലൈലാ ബീഗത്തിന്റെ വീടാണ്. അവളെ കൈപിടിച്ച് ആൾക്കൂട്ടത്തിൽ നടന്നു എന്നതാണ് തറവാടിന് മാനക്കേടുണ്ടാക്കിയ നിഷേധിത്തരങ്ങളിൽ ഒന്നാമതായി നിൽക്കുന്നത്. ആ നടത്തിക്കൽകൊണ്ട് ലൈലാ ബീഗത്തിനൊരു മാനക്കേടുമില്ലെന്നാണ് സിനിമയുടെ കണ്ടെത്തൽ. അവൾ പിന്നീടെന്തായി, എങ്ങോട്ടു പോയി എന്നതൊന്നും പ്രേക്ഷകരുടെ വിഷയമായിരുന്നില്ല.

“ഏഴിമല പൂഞ്ചോലാ…..
മാമനുക്ക് മണി മാലാ ….. “
എന്ന പാട്ടിന്റെ നൃത്തരംഗത്തിലും ആടുതോമയുടെ തെറിച്ച ജീവിതത്തിലും ഇടമാകുന്ന പശ്ചാത്തലം കഠിനാദ്ധ്വാനം ചെയ്യുന്ന മനുഷ്യരുള്ള പാറമടയാണ്. മലയാള സിനിമ മിക്കവാറും തൊഴിലിടങ്ങളെയാണ് കുറ്റവാളിയിടമായി കണ്ടെത്താറുള്ളത്. ഇറച്ചിവെട്ട്, മാർക്കറ്റ്. തടിമില്ല്, മീന്തുറ, പാറമട തുടങ്ങിയ തൊഴിലിടങ്ങളെ വില്ലൻമാരുടെമാത്രം കേന്ദ്രമാക്കുന്നു. അധ്വാനത്തിന്റെ ചലനങ്ങളിലെല്ലാം ലൈഗീകച്ചുവ കലർത്തുന്നതാണ് സൂപ്രധാനമായ അപരഹിംസ. കരിങ്കൽക്വാറി തൊഴിലാളികളാണ് ‘ഏഴിമല പൂഞ്ചോല’ എന്ന ലൈംഗികസൂചനകളുള്ള പ്രകടനനൃത്തത്തിൽ കോറസ്സായി ആടിപ്പാടുന്നത്. ഇതേ പാട്ടിൽ
“കണ്ണാടി നോക്കും കാട്ടുപൂവേ
കണ്ണുവയ്ക്കല്ലേ തമ്പുരാനേ “
എന്നതിന്റെ ചിത്രണഭാഗത്ത്, കറുത്തൊരു തൊഴിലാളിസ്ത്രീ ആടുതോമയുടെ ശരീരത്തിൽ ആർത്തിയോടെ നോട്ടംവെക്കുന്നതും ലൈലാബീഗം അവളെ തട്ടിമാറ്റുന്നതുമായൊരു ദൃശ്യമുണ്ട് അത്തരത്തിലൊരു ദൃശ്യം ഭാവനചെയ്തു ചിത്രീകരിക്കാൻ വംശവെറിയടച്ചുവെച്ച ചെറുതല്ലാത്ത സാമൂഹ്യവിരുദ്ധത തന്നെ സംവിധായകന് വേണം. പാട്ട് അവസാനിക്കുമ്പോൾ ഒരു ഗുണ്ട്പടക്കം പാറക്കുളത്തിലേക്ക് കത്തിച്ചെറിഞ്ഞ് മീൻപിടിക്കുന്ന രംഗവുമുണ്ട്. ലൈലാ ബീഗത്തിനെ, വാഴ്ത്തപ്പെട്ട സദാചാര ജീവികളുടെ കണ്ണിലൂടെ നോക്കുമ്പോൾ, എത്രത്തോളം വെറുക്കപ്പെട്ടവളായി ചെളിക്കുണ്ടിൽ നിർത്താമോ അതിനങ്ങേയറ്റവും ഇത്തരം ദൃശ്യവിന്യാസങ്ങൾ കൊണ്ട് ചെയ്യുന്നു.

ഗുണ്ട്, പടക്കം, വെടി, പോലുള്ള പദങ്ങൾ കുലസ്ത്രീകളല്ലാത്ത അപരസ്ത്രീകളെ വിശേഷിപ്പിക്കാൻ മധ്യവർഗ്ഗബോധം നാടൊട്ടുക്കും നിത്യം പ്രയോഗിക്കുന്ന ചീത്തവിളികളാണ്. ഗുണ്ട്പടക്കം കുളത്തിലേക്കെറിയുന്ന ദൃശ്യവും അതേ അപരഹിംസാ ബോധത്തിൽ നിന്നു തന്നെയാണെന്നു വ്യക്തം.

മാന്യന്മാരെ വഴിതെറ്റിക്കുന്ന ‘തേവിടിശ്ശി’ ആണ് അവളെന്ന് തോമായുടെ കുടുംബത്തിലുള്ളവർ പലവട്ടം പഴിപറയുന്നുമുണ്ട്. നായക കഥാപാത്രത്തിന്റെ ബഹിഷ്കൃത ജീവിതത്തിൽ തണലാകുമ്പോഴും ഏറ്റവും ആട്ടിയകറ്റേണ്ടവളായി ഈ അപരസ്ത്രീ ചിത്രീകരിക്കപ്പെടുന്നു. ലൈലയെന്ന കഥാപാത്രത്തിന് പിന്നീടെന്ത് ദുരന്തം പിണഞ്ഞാലും ആർക്കും ഒന്നും തേന്നേണ്ടാത്തതരം താഴ്ത്തിക്കെട്ടൽ.

തൂവാനത്തുമ്പികൾ എന്ന സിനിമ നോക്കാം. മണ്ണാറത്തൊടി ജയകൃഷ്ണമേനോൻ (മോഹൻലാൽ) എന്ന ഫ്യൂഡൽ കുലപുരുഷന്റെ നാട്ടിൻപുറം വിട്ടുള്ള നഗരസഞ്ചാരങ്ങളിൽ സൗന്ദര്യമായി നിറയുന്നത്, ക്ലാര എന്ന സുന്ദരിയാണ് (സുമലത)
“മേഘം പൂത്തുതുടങ്ങി…..
മോഹം പെയ്തു തുടങ്ങി….
മേദിനികേട്ടു നെഞ്ചിൽ പുതിയൊരു രാഗം …..” എന്നപാട്ടുരംഗം കടലും മീൻപിടുത്തവും പശ്ചാത്തലമാവുന്നത് കേവലം കാൽപ്പനികമായിട്ടല്ല. ഇതിൽ ജയകൃഷ്ണമേനോനെന്ന ഫ്യൂഡൽ തമ്പുരാൻ കഥാപാത്രം കടലിൽ പോയി മീൻപിടിച്ചു വരുന്നതും ക്ലാര ചെമ്മീനിലെ കറുത്തമ്മയുടെ വേഷത്തിൽ മീൻകൊട്ടയുമായി തുറയിൽ കാത്തുനിൽക്കുന്നതുമായ ഗാനരംഗത്തിനുമുമ്പ്, പരസ്പരം ഉടൽ ഉരുമ്മികൊണ്ടുള്ള പ്രണയ സംഭാഷണമുണ്ട്. ആ സംഭാഷണത്തോടു ചേർത്തുവെച്ച് കാണണം ക്ലാരയെന്ന അപരസ്ത്രീയുടെ സ്വത്വപ്രഖ്യാപനം.

പുരുഷചാരിത്ര്യ സദാചാര സംരക്ഷകൻ കൂടിയായ ജയകൃഷ്ണമേനോന് കുലസ്ത്രീയായ രാധയുടെ (പാർവ്വതി) തിരസ്കാരം സഹിക്കാനാവുന്നില്ല. അതിനിടെയുള്ള നഗരഗമനത്തിലാണ് അയാൾ ക്ലാരയെ കാണുന്നത്. രാധയങ്ങിനെ ചെയ്തില്ലെങ്കിൽ താൻ ക്ലാരയെ കാണുകപോലും ചെയ്യില്ലെന്ന് ജയകൃഷ്ണൻതന്നെ പ്രഖ്യാപിക്കുന്നുണ്ട്. ആ തുറന്നു പറച്ചിലിനുശേഷം “ഇനിയിപ്പോ ഇവളായാലും മതിയെന്ന” പാതിമനസിൽ നിന്നുമാണ് ജയകൃഷ്ണൻ ക്ലാരയോട് വിവാഹസമ്മതം തേടുന്നത്.

അതൊരു വെറും ചോദ്യമാണെന്ന തിരിച്ചറിവോടെ, ക്ലാരയുടെ സംവൃതമായ ഒരു ചിരിയുണ്ട്. സ്വത്വങ്ങൾ തമ്മിലുള്ള കൂട്ടിയാൽ കൂടാനാവാത്ത അന്തരമാവണം ആ ചിരിയിൽ. പാരമ്പര്യ ജന്മിയായ ജസ്റ്റീസ് തമ്പുരാന്റെ ഏകമകൻ ജയകൃഷ്ണമോനോൻ രാധയെന്ന തറവാട്ടുകുലസ്ത്രീയിൽ എത്രമാത്രം അഭിരമിക്കുന്നെന്ന തിരിച്ചറിവും ആ ചിരിയിലുണ്ട്. മലയാളസിനിമ എന്നും ഓർത്തിരിക്കുന്ന, പിടിതരാത്ത പിന്നെയും അർത്ഥം തീരാത്തൊരു ദീനവശ്യചിരിയാണത്. ആ ചിരിയെത്തുടർന്നാണവൾ തന്റെ സമുദായസ്വത്വം വെളിപ്പെടുത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

ആ സംഭാഷണം ഇങ്ങനെയാണ്:
ജയകൃഷ്ണൻ :- ഞാൻ ക്ലാരയെ മാരി ചെയ്യട്ടെ ?
ക്ലാര:- അതിന് ഞങ്ങടെ കൂട്ടത്തിൽ ചേരണം
ജയകൃഷ്ണൻ:- എന്നുവച്ചാൽ?
ക്ലാര:- കടലിൽ പോണം
ജയകൃഷ്ണൻ:- പോകാം
ക്ലാര:- പോയാൽ തിരിച്ചുവരുമ്പോൾ വലയിൽ എന്തെങ്കിലും ഉണ്ടാവണം.
ജയകൃഷ്ണൻ:- വലേല് എന്തെങ്കിലുമുണ്ടായാൽ മതിയോ?
ക്ലാര:- പോരാ. ഒരു വള്ളം നിറയെ…
ഈ സംഭാഷണത്തിൽ ക്ലാരയൊരു തീരദേശ ലാറ്റിൻ ക്രൈസ്തവ സമുദായ സ്വത്വമാണെന്ന് സിനിമ പറഞ്ഞു വയ്ക്കുന്നു. ക്ലാരയുടെ രണ്ടാനമ്മയുടെ പേരിലും ആ സ്വത്വനിർമ്മിതിയുണ്ട്.
ജന്മിയുടെ പറമ്പിലെ കൃഷിപ്പണി മടുത്ത്, നാട്ടിൻപുറത്തു നിന്നും നഗരത്തിലേക്ക് ചേക്കേറി സെയിൽസ് ഗേൾ പോലുള്ള തൊഴിലുകളിൽ ഏർപ്പെടുന്ന സാധാരണ സ്ത്രീകളെ ‘വഴിവിട്ടവളെന്ന’ ആക്ഷേപിക്കുന്നത് നാട്ടിൻപുറത്തെ സഹജമായ പുരുഷയുക്തിയാണല്ലോ. അശോകൻ അവതരിപ്പിക്കുന്ന, ജയകൃഷ്ണമേനോന്റെ കൂട്ടുകാരനായ കഥാപാത്രത്തിന്, ‘സംഗതി അകത്തുണ്ട് ‘ എന്ന ഡയലോഗിൽ, ലോഡ്ജ് മുറിയിൽ നാട്ടുപെണ്ണിനെ ഒപ്പിച്ചുകൊടുക്കുന്ന സിനിമാപ്ലാനിങ്ങിൽ ഇതേ നാട്ടിൻപുറത്തിന്റെ തിൻമ കാണാം.

സ്വന്തം നാട്ടുകാരിയാണ് ത്രേസ്യാ ജോസ് എന്ന് പ്രഖ്യാപിക്കുമ്പോഴും അവൾ ‘തറവാടുവിശുദ്ധജാതി’ക്കാരിയാകാതിരിക്കാൻ സവർണ്ണ ബോധം ശ്രദ്ധിക്കുന്നുണ്ട്. ത്രേസ്യാ ജോസ് എന്ന നാമകരണം ക്ലാരയുടേതു തന്നെയായ സമുദായമാക്കുന്നു അവളെ എന്നതും ചേർത്തുവായിക്കേണ്ടതുണ്ട്.

നായർകുലപുരുഷനായ ജയകൃഷ്ണൻ തറവാട്ടിൽ വിഹരിക്കുമ്പോൾ രാധയെത്തന്നെയാണ്  കാംക്ഷിക്കുന്നത്. തറവാട്ടുകുലസ്ത്രീയായ അവളെ കാണുന്നത്, പാടവരമ്പിലും കോളേജിലും മാത്രമല്ല, അമ്പലവഴികളിലും ആണെന്നത് ശ്രദ്ധേയമാണ് കുലസ്ത്രീയെ പ്രണയിക്കുമ്പോൾ പശ്ചാത്തലമാകുന്ന പാട്ട് ക്ഷേത്ര പ്രദക്ഷിണ വഴികളിലും ക്ഷേത്രാചാര ബിംബകൽപനകളിലും തങ്ങിനിൽക്കുന്നു.

“ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ വടക്കുംനാഥന്റെ മുമ്പിൽ “എന്നിങ്ങനെ ഹൈന്ദവ ഭക്തിയാണ് ഈ പ്രണയഗാനത്തിലും ദൃശ്യപശ്ചാത്തലത്തിലും നിറയുന്നത്. കുലമഹിമയും ജാതിസവർണ്ണതയും ഒത്തു നിൽക്കുന്നതിനാൽ രാധയിൽ മാത്രം ജയകൃഷ്ണമേനോനെ ചേർത്തുവെക്കാനാണ് സിനിമ ശ്രമിക്കുന്നത്. ആചാരസംരക്ഷണം തന്നെ ഇളക്കംകൂടാതെ ഈ സിനിമയും ലക്ഷ്യമാക്കുന്നെന്നു വ്യക്തം.

ക്ലാരയുടെ ചിരി നിസ്സഹായതയുടേതാണെങ്കിൽ, രാധയുടെ ചിരിയിൽ ഫ്യൂഡൽ കുലസ്ത്രീയുടെ അപരഹിംസ കാണാം. കുടിയാനായ നിസ്സഹായനെ (ജഗതി) കൊന്നുതള്ളാൻ തന്റെ കാമുകനായ ഫ്യൂഡൽനായകൻ കൊണ്ടുപോയെന്ന സാമൂഹ്യവിരുദ്ധ മാടമ്പിത്തം കേൾക്കുന്ന മാത്രയിൽ രാധ പൊട്ടിച്ചിരിക്കുകയാണ് ചെയ്യുന്നത്.

‘പാരമ്പര്യസിദ്ധമായ’ അപരഹിംസ അവളിലും ആഴത്തിലുണ്ടെന്നു തെളിയിക്കുന്നതാണാ പൊട്ടിച്ചിരി. അതുതന്നെയാണ് അവർ തമ്മിലുള്ളചേർച്ചയ്ക്കടിസ്ഥാനവും.

“ഇനിയും സംശയിക്കുന്നോ ? അംഗരാജ്യത്തിന്റെ അവകാശി പിറക്കേണ്ടത് വർണ്ണ മഹിമയും കുലമഹിമയും ഉള്ള ക്ഷേത്രത്തിൽ തന്നെവേണം. ഇനിയും തെറ്റുകൾ ആവർത്തിക്കണോ? രാജാവ് ധർമ്മം പാലിക്കാതിരുന്നാൽ നശിക്കുന്നത് നാടാണ് ” എന്ന ഭാഷണംകൊണ്ട് തെരുവുപെണ്ണായ വൈശാലിയെ (സുപർണ്ണ) ഉപയോഗ ശേഷം ചവിട്ടിയരച്ച്, സപത്നീകുമാരിയെ (അതുംപാർവ്വതിതന്നെ) ഋഷ്യശൃംഗനിൽ ചേർക്കുന്ന വൈശാലിയിലെ ബ്രാഹ്മണപുരോഹിതന്റെ (നെടുമുടി വേണു) കുബുദ്ധിയുപദേശങ്ങൾ പത്മരാജന്റെ തൂവാനത്തുമ്പികളിലും അദൃശ്യമായി മുഴങ്ങുന്നുണ്ട്.

ക്ലാരയെ മൂവാറ്റുപുഴയിലുള്ള സ്വജാതിക്കാരനും മധ്യവയസ്കനുമായ മോനീ ജോസഫിൽ (സോമൻ) ഏൽപ്പിച്ചു തടിയൂരുമ്പോഴും ജാത്യാചാരം തന്നെയാണ് പത്മരാജൻ നിർവഹിക്കുന്നത്. നീലക്കുയിലെന്ന സിനിമയിൽ മാടമ്പിനായരെ പ്രണയിച്ചത് ദലിത് സ്ത്രീയായതിനാൽ മരണമുറപ്പിച്ചാണ് ‘കഥകഴിച്ച’തെന്ന് സാമൂഹിക ചിന്തകനായ കെ. കെ ബാബുരാജ് നിരീക്ഷിക്കുന്നുണ്ട്.

അപഥസഞ്ചാരങ്ങളിൽ നിന്നും തിരിച്ചെത്തിയ ഒരുവൾക്ക് സജാതീയ വിവാഹം നിർദ്ദേശിക്കുന്ന തരത്തിൽ ജാതിബോധം ഇവിടെയും രൂഢമാണ്. ചുരുക്കത്തിൽ ‘അപര സ്ത്രീയായ
ക്ലാരയെ ഭോഗാനന്തരം വെടിഞ്ഞ്, സവർണ്ണസ്ത്രീയായ രാധയിൽ ജാതിബദ്ധജീവിതം ഉറപ്പിക്കുന്ന ആചാരസംരക്ഷണമാണ് ഈ തിരക്കഥയിലും പൂർത്തീകരിക്കുന്നത്. സ്വജാതീയ വിവാഹങ്ങളാണ് ജാതിയെ ഇളക്കം കൂടാതെ നിലനിർത്തുന്നതെന്ന് ഡോ.അംബേദ്കർ വിലയിരുത്തിയിട്ടുണ്ട്.

സ്ഫടികം എന്ന സിനിമയിൽ സവർണ്ണനായ രാവുണ്ണി മാഷിന്റെ മകളായ തുളസി (ഉർവശി) തോമസ് ചാക്കോയ്ക്ക് വധുവാകുമെന്ന സൂചനയുണ്ട്. ലൈലാബീഗമെന്ന (സിൽക്ക്സ്മിത) അപരസ്ത്രീയുടെ’ മറുപുറമായ കു അഭിജാതസ്ത്രീയായായാണ് തുളസിയെ ചിത്രീകരിക്കുന്നത്. അപഥസഞ്ചാരം നിറുത്തി, നല്ലനടപ്പിലെത്തുന്ന കുലപുരുഷന് ഇവിടെയുമൊരു സവർണ്ണ മാന്യമതി കാത്തിരിക്കുന്നുണ്ട്.
ചെറിയ വ്യത്യാസമുള്ളത് സിറിയൻക്രിസ്ത്യൻ കുടുംബവും നായർ കുടുംബവും തമ്മിലുള്ള പ്രണയാനന്തര സംഗമമാണെന്നുള്ളതാണ്.

പൊതുവേ മലയാള സിനിമ സിറിയൻ ക്രിസ്ത്യൻ സാമൂഹ്യനിലയെയും നായർ സാമൂഹ്യനിലയെയും സമീകരിക്കുന്നത് കാണാവുന്നതാണ്. അനിയത്തിപ്രാവ്, ഓം ശാന്തി ഓശാന തുടങ്ങിയ സിനിമകളിലെ പ്രണയം മാത്രമല്ല, ഇരുകുടുംബങ്ങളുടെ വിവാഹസമതവും ഇതോടുചേർത്തു വായിക്കാവുന്നതാണ്.

തങ്ങൾ മതംമാറിയ ബ്രാഹ്മണരാണെന്ന അപസർപ്പക കഥ വിശ്വസിച്ച് പ്രചരിപ്പിച്ചു കൊണ്ടുനടക്കുന്നവരാണ് കേരളത്തിലെ സവർണ്ണ ക്രൈസ്തവർ. അതേ സവർണ്ണതയുടെ തുടർച്ചയായി വേണം ഇത്തരം പ്രണയങ്ങളെയും കുലമഹിമാവിവാഹങ്ങളെയും വിലയിരുത്താൻ. ഇതുപോലുള്ള സമീകരണ സിനിമകൾ മലയാളത്തിൽ ഏറെയുണ്ട്താനും. തോമാശ്ലീഹാ വന്നില്ലായിരുന്നെങ്കിൽ താനിപ്പോൾ കേശവൻ നായർ ആയിരുന്നേനെ എന്നൊക്കെ പറയുന്ന നേതാക്കളുടെ അബോധം ചേർത്തുവേണം ഇത്തരം “തോളൊപ്പം ചേരലുകളെ ” അപഗ്രഥിക്കാൻ.

തൂവാനത്തുമ്പികളിൽ ക്ലാരയെന്ന ലാറ്റിൻ കൈസ്തവ പെണ്ണിന്റെ ദുർനടപ്പിൽ നിന്നും ജയകൃഷ്ണ മേനോനെന്ന കുലപുരുഷനെ രാധയെന്ന സവർണ്ണസ്ത്രീയിലും, സ്ഫടികത്തിൽ ലൈലാബീഗം എന്ന മുസ്ലിം സ്ത്രീയുടെ പുറമ്പോക്കു ജീവിതത്തിൽ നിന്നും തോമസ് ചാക്കോയെന്ന സവർണ്ണക്രൈസ്തവ കുലപുരുഷനെ തുളസിയെന്ന (ഉർവശി) അഭിജാതസ്ത്രീയിലും സുരക്ഷിതപ്പടുത്തിക്കൊണ്ടു നടത്തുന്ന ആചാര സംരക്ഷണമാണ് ഇരു സിനിമകളും നിർവ്വഹിക്കുന്നത്. അപ്പോഴും തിരക്കഥ പുറന്തള്ളുന്ന ബഹുജൻസ്ത്രീകളിൽ ചൊരിയുന്ന അപരവൽക്കരണവും അപമാനവീകരണവും ചർച്ചയാകാതെ പോകുന്നു. തുളസിയും പിതാവായ കിട്ടുണ്ണി നായരും (നെടുമുടി വേണു) തൂവാനത്തുമ്പികളിലെ പശ്ചാത്തല ദേശമായ ഒറ്റപ്പാലത്തു നിന്നുതന്നെയാണ് എത്തുന്നതെന്നതും ശ്രദ്ധേയമാണ്.

വാസവദത്ത ഉപഗുപ്തനോട് എന്ന സച്ചിദാനന്ദന്റെ കവിത,
“ഉപഗുപ്തൻ,
എനിക്ക് നിന്റെ കരുണ വേണ്ട’
എന്ന്, കുമാരനാശാൻ നിർമ്മിച്ച സദാചാരബദ്ധകരുണയെ തള്ളിക്കളയുന്നുണ്ട്. എന്റെ രക്തം തേനായിരുന്നപ്പോൾ എന്നെ ഉപേക്ഷിച്ചുപോയിട്ട് മുന്നിൽ മരണമുള്ള ചുടുകാട്ടിലിനി നിന്റെ കരുണയെന്തിന്? എന്ന വാസവദത്തയുടെ പ്രഖ്യാപനം ഉപഗുപ്തന്റെ കരുണാവർഷത്തെ അപഹസിക്കുന്ന കവിതയാണ്.
മദർ സുപ്പീരിയറായി തെരുവിലേക്കു വിളിച്ചുവരുത്തിയ ജയകൃഷ്ണന്റെ കരുണയും ഉപഗുപ്ത സമമായൊരു സോകാൾഡ് സദാചാര തിരക്കഥതന്നെ.

ലാസ്റ്റ് ടെംപ്റ്റേഷൻ എന്ന സിനിമയിൽ മഗ്ദലനമറിയത്തിന്റെ കാമുകനായ ക്രിസ്തു, മറിയത്തെ പ്രണയത്തിൽ കൈയൊഴിഞ്ഞ് ജ്ഞാനവഴികൾ തേടിപ്പോകുന്നു. പ്രണയപരാജയാനന്തരം അവൾ പോകുന്നത് ലൈംഗിക തൊഴിലിലേക്കാണ്. കാലങ്ങൾക്കുശേഷം ചന്തയിൽ മഗ്ദലന മറിയത്തെ പ്രാപിക്കാൻ വരിയിൽ നിൽക്കുന്ന അനേകരിൽ ക്രിസ്തുവുമുണ്ട്. പ്രാപിക്കാനല്ല താൻ വന്നത്, മാപ്പിരക്കാനാണെന്നു ക്രിസ്തു വിനയത്തോടെ പറഞ്ഞു. മുഖത്തേക്ക് കാർക്കിച്ചു തുപ്പുകയാണപ്പോൾ മറിയം ചെയ്യുന്നത്. സദാചാര പ്രഖ്യാപനത്തിന്റെ പേരിൽ നടത്തിവരുന്ന മുഴുവൻ അനീതിക്കും നേരെയാണാ കാർക്കിച്ചുതുപ്പൽ എല്ക്കുന്നത്.

ആചാര സംരക്ഷണത്തിന്റെ പേരിൽ പ്രണയത്തെ കാണാതെപോകുന്ന വിശ്വാസികൾക്കു നേരെയുള്ള അപരസ്ത്രീയുടെ പ്രതിഷേധമെന്നതിനാലാണ്ട് ആ ദൃശ്യം ലോകക്ലാസിക്കാകുന്നത്. എന്നാൽ മലയാളസിനിമയിൽ ആചാരസംരക്ഷണം ‘അൽപ്പം അന്ധവിശ്വാസത്തിലൊക്കെയാണേ’ എന്റെ ജീവിതമുള്ളതെന്ന ജയകൃഷ്ണാദികളുടെ എസ്കേപ്പിസത്തിനുനേരെ തുപ്പൽ തെറിപ്പിക്കാൻ മലയാള സിനിമ ഇനിയും വളരേണ്ടിയിരിക്കുന്നു. ശുദ്ധിവാദം എന്ന മനുഷ്യവിരുദ്ധതയിൽ നിന്ന് കലർപ്പിന്റെ ജനാധിപത്യ സാധ്യതകളെ പ്രത്യക്ഷവൽക്കരിക്കേണ്ടിയിരിക്കുന്നു.

കുലപുരുഷനെ കുലസ്ത്രീയിൽ ചേർത്തു വയ്ക്കുന്ന ഇത്തരം സിനിമാറ്റിക് ടെക്നിക്കുകൾ ശബരിമല യുവതീപ്രവേശന സുപ്രീം കോടതി വിധിക്കെതിരായ വലതുപക്ഷ സമരത്തിനും എത്രയോമുന്നേ താരസാമ്രാട്ടുകളുടെ സിനിമകളാൽ നിർവ്വഹിച്ചു വിജയം കൊയ്തിരിക്കുന്നു. സാമൂഹിക വിരുദ്ധനും തെമ്മാടിയുമായ കഥാപാത്രങ്ങൾ ജാതിസവർണ്ണത കൊണ്ട് ആദർശവൽക്കരിക്കപ്പെട്ടിരിക്കുന്നു.
ഫ്യൂഡൽ തമ്പുരാൻവാഴ്ചയുടെ ഹിംസകളെപ്പോലും എത്രയെത്ര സവർണ്ണതാഘോഷ സിനിമകൾ ഒളിച്ചുകടത്തിക്കഴിഞ്ഞിരിക്കുന്നു.

തുള്ളലും കഥകളിയും കൂത്തു കൂടിയാട്ടങ്ങളും സവർണ്ണ പുരാണങ്ങളെയെന്ന പോലെ, മേന്ന്ന്നേ… വാര്യര്‌രേ… തമ്പുരാൻ… വിളികളാൽ സവർണ്ണത്തറവാട്ടു പുനരുദ്ധാനങ്ങളും ആചാര സംരക്ഷണങ്ങളും സിനിമയാൽ നിവർത്തിച്ചെടുത്തിരിക്കുന്നു. നവോത്ഥാനാനന്തരം ഉണ്ടാവേണ്ടിയിരുന്ന ആധുനീകതയിലേക്കുള്ള മുൻനടപ്പിനെ വലതു പക്ഷത്തേക്കു പിൻനടത്തിയതിൽ മലയാള സിനിമക്കുള്ള പങ്ക് കൂടുതൽ ചർച്ചയാകേണ്ടതുണ്ട്.

സ്മാർത്ത വിചാരത്തിന്റെ പുരാരേഖകൾ, സംബന്ധമേർപ്പാട്, ബഹുഭർത്തൃത്വം, മരുമക്കത്തായം, തുടങ്ങിയ സവർണ്ണ ക്രമങ്ങളിൽ തെളിയുന്നത് തീർച്ചയായും മേൽത്തട്ട് തറവാടുകളിൽ വ്യാപകമായിരുന്ന ലൈംഗിക അരാജകത്വവും സ്ത്രീ വിരുദ്ധതയും തന്നെയാണല്ലോ! ബഹുഭർതൃത്വം, അരാജകലൈംഗികത തുടങ്ങിയവ മേൽത്തട്ടു ജീവിതത്തിന്റെ ചരിത്രമായിരിക്കെ, അതിനെ സദാചാര ഇടമായി സ്ഥാപിച്ചെടുക്കുകയും തൊഴിൽ ചെയ്ത് ജീവിതം നയിച്ചിരുന്ന അവർണ്ണ വിഭാഗങ്ങൾക്ക് മേൽ ലൈംഗിക കുറ്റകൃത്യങ്ങൾ ആരോപിക്കുകയും ചെയ്യുന്ന ചരിത്രയാഥാർഥ്യത്തിന്റെ തിരിച്ചിടലാണ് ചലച്ചിത്രമടക്കം മലയാളികളുടെ കലാരൂപങ്ങൾ കൊണ്ടുനടക്കുന്നത്.

‘ഡ്രൈവിംഗ് സ്കൂൾ എന്നായിരുന്നു നിന്റെ അമ്മായിയെ ആളുകൾ വിളിച്ചിരുന്നതെന്ന്’ കീഴാള കഥാപാത്രത്തെ നോക്കി സവർണ്ണ ഉദാര വെല്ല്യേട്ടൻമാർ ‘പഞ്ച്ഡൈലോഗു’ കാച്ചുമ്പോൾ, തറവാട്ടിൽ ഇത്തരം സ്കൂളുകൾ ഉണ്ടായിരുന്നോ എന്ന് വെല്ല്യേട്ടന്മാർ അന്വേഷിക്കാത്തതെന്താവും?

മനുഷ്യ വർഗത്തെ വർണ്ണങ്ങളായും ജാതികളായും വിഭജിച്ച ഹിംസാത്മകതയാണ് ബ്രാഹ്മണിക് മൂല്യബോധം. അത്തരം ബോധ്യങ്ങളെയും അതിന്റെ സാഹിത്യാഖ്യാനങ്ങളെയും എഴുത്തച്ഛൻ പോലുള്ള പിതൃബിംബങ്ങളിലൂടെയാണ് മലയാള മണ്ണിൽ സ്ഥാപിച്ചെടുത്തിട്ടുള്ളത്. അതിന്റെ തുടർച്ചയായി, തറവാട് കേന്ദ്രീകൃത ഫ്യൂഡൽ ആചാരസംരക്ഷണം, അവർണ്ണർക്കു നേരെയുള്ള അപരവൽക്കരണം, ഭൂതകാലാഭിരതി, കുലസ്ത്രീ സ്തുതി, ദലിത്ബഹുജൻ സ്ത്രീകൾക്കെതിരായ ദുഷ്പ്രചരണങ്ങൾ തുടങ്ങിയ വലതുപക്ഷ നിലപാടുകൾ ‘മമ്മൂക്ക’, ‘ലാലേട്ടൻ’ പോലുള്ള ചേട്ടൻബിംബങ്ങളിലൂടെ സ്ഥാപിച്ചെടുക്കുന്നു എന്നുള്ളതും ജാഗ്രതയോടെ കാണേണ്ടതുണ്ട്.

അപരങ്ങളെ നിർമ്മിക്കാത്ത, ലിംഗസമത്വത്തെ അംഗീകരിക്കുന്ന, തുല്യനീതിയിലധിഷ്ഠിതമായ ബഹുസ്വരതയുടെ സഹവർത്തിത്വം സാധ്യമാക്കുന്ന വികസിതസങ്കൽപങ്ങൾ മലയാള സിനിമയിലുണ്ടാവണമെങ്കിൽ ഇനിയുമേറെക്കാലം കാത്തിരിക്കേണ്ടിവരും.