Wed. Nov 25th, 2026

✍️ ഡോ. എ കെ. വാസു

ചെകുത്താനെ അറസ്റ്റു ചെയ്ത നീതി ഈ അട്രോസിറ്റിയിലും പ്രവർത്തിക്കുമോ? മോഹൻലാൽ അഭിനയിച്ച സിനിമകളിൽ ആദിവാസി സമൂഹത്തെ പരസ്യമായി ആക്ഷേപിച്ച നിരവധി സന്ദർഭങ്ങൾ ഉണ്ട്. സിനിമകൾ നോക്കുക….

“നിന്നെ നിന്റെ ഡാഡി മംഗല്ല്യപ്പുഴയ്ക്കു കൊണ്ടുപോയി ഏതെങ്കിലും ആദിവാസി കോന്തനെക്കൊണ്ട് കല്യാണം കഴിപ്പിക്കും.”

“ഈ തായത്തു കഴുത്തിൽ കിടക്കുന്നതു കൊണ്ടാണ് ഈ വിവരംകെട്ട കുറുമ്പന്മാര് എനിക്കിത്തിരിയെങ്കിലും വില നൽകുന്നത്”- ചിത്രം എന്ന സിനിമയിൽ യഥാക്രമം നെടുമുടിവേണുവിന്റെയും (അഡ്വ. പുരുഷോത്തമ കൈമൾ) ശ്രീനിവാസന്റെയും ( ഭാസ്കരൻ നമ്പ്യാർ) കഥാപാത്രങ്ങൾ പറയുന്ന സംഭാഷണങ്ങളാണ് ഇവ.

“ഇത് തുളുവും കന്നടയും ഒന്നുമല്ലാ , ദൈവം ഉണ്ടാകുന്നതിനു മുമ്പേയുള്ള ഏതോ കാടൻ ഭാഷയാ “
(തേന്മാവിൻ കൊമ്പത്തിലെ മാണിക്യൻ എന്ന മോഹൻലാലിന്റെ കഥാപാത്രം) ആദിവാസി വിരുദ്ധവും അതിനാൽ തന്നെ സാമൂഹ്യ വിരുദ്ധവുമായ ഇതുപോലുള്ള ഡയലോഗുകൾ എത്രവേണമെങ്കിലും ഈ രണ്ടു പ്രിയദർശൻ സിനിമകളിൽ നിന്ന് കണ്ടെടുക്കാനാവും….

പടിഞ്ഞാറൻ ദേശങ്ങളുടെ അപരക്കാഴ്ചകൾ കൊണ്ടാണ് കിഴക്കൻ നാടുകളെ അവർ നിർണയിച്ചിരിക്കുന്നത് എന്ന് എഡ്വേർഡ് സൈദ് ഓറിയൻറലിസം എന്ന ചിന്താപദ്ധതിയിൽ പറയുന്നുണ്ട്. നാഗരികതയിൽ മുൻപിൽ നിൽക്കുന്ന തങ്ങളാൽ പരിഷ്കരിക്കപ്പെടേണ്ട ജനത എന്ന നിലയിലാണ് പാശ്ചാത്യർ പൗരസ്ത്യ ദേശങ്ങളിലെ ജനങ്ങളെ നിർവചിച്ചത്. അതുകൊണ്ടുതന്നെ അക്രമത്തിലൂന്നി നിലനിന്ന അവരുടെ കൊളോണിയൽ പിടിച്ചടക്കലുകളെയെല്ലാം ശരിവെക്കുന്നതായിരുന്നു അവരുണ്ടാക്കിയ എല്ലാ സിദ്ധാന്തങ്ങളും.

യൂറോപ്യർ ഏഷ്യയെകണ്ട അതേ ഇകഴ്ത്തിപ്പിടിച്ച അപരക്കാഴ്ചയിലൂടെയാണ് വടക്കേയിന്ത്യക്കാർ തെക്കുള്ളവരെ കണ്ടത്. ‘മദ്രാസികൾ’ എന്നത് വടക്കർ ഇകഴ്ത്താനുള്ള പദമായി തെക്കർക്ക് നേരെ പൊതുവായി ഉപയോഗിച്ച് വന്നു. തെക്കൻകേരളത്തിലുള്ളവർ കാസർഗോഡ് പോലുള്ള വടക്കൻജില്ലക്കാരെ കാണുന്നതിലും ഇതേ അപരവല്ക്കരണമുണ്ട്. “കാസർഗോഡിന് തട്ടും ” എന്നതുപോലുള്ള സിനിമാ ഡയലോഗുകൾ അത്തരത്തിൽ ഉണ്ടായി വരുന്നതാണ്.

പ്രദേശം സംബന്ധിച്ച ഇതേ കാഴ്ചപാട് തന്നെയാണ് വംശീയതയുടെ സവർണ്ണ സിനിമാക്യാമറകൾ ആദിവാസികളെ കാണുന്നതിലും സ്വീകരിച്ചിരിക്കുന്നത്. തങ്ങൾക്കൊപ്പം അല്ലാത്ത ഒരിക്കലും ഒപ്പം ചേർക്കാൻ ആവാത്ത വിചിത്ര ജീവികളായിട്ടാണ് മലയാള സിനിമ ആദിവാസികളെ എക്കാലത്തും ചിത്രീകരിച്ചിട്ടുള്ളതെന്നതിന് ദൃഷ്ടാന്തങ്ങൾ എത്രയോ കണ്ടെടുക്കാനാവും.

പോയ കാലത്ത് പ്രൗഢി ആയി കണക്കാക്കിയിരുന്നു എങ്കിൽ പോലും, ഷർട് ഉടുക്കാതെ പാളത്താറായി വേഷ്ടി ധരിച്ച് കസവു തോർത്തും തോളിലിട്ട് ഒരാൾ ഇക്കാലത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കോട്ടും സ്യൂട്ടുമണിഞ്ഞവർക്കൊപ്പം നിൽക്കുന്നത് കണ്ടാൽ വേഷ്ടിക്കാരൻ അപരിഷ്കൃതനാവുമെന്നുറപ്പ്. രണ്ടു കാലഘട്ടങ്ങളെ ഒപ്പം ചേർക്കുന്നതിലുണ്ടാവുന്നതാണീ അന്തരം.

സവർണ്ണ പക്ഷപാതികളായ സിനിമാക്കാർ അവരുടെ ജീവിത പരിസരങ്ങളെ വർത്തമാന കാലത്ത് നിർത്തുകയും ആദിവാസി ജീവിതങ്ങളെ പ്രാചീനതയിൽമാത്രം നിർത്തി താരതമ്യം ചെയ്യുന്നത് മുൻപ് പറഞ്ഞ അപര കാഴ്ച നിർമ്മിക്കുന്നതിനു തുല്ല്യമാണ്. ആദിവാസികൾക്കുനേരെ സിനിമാ ക്യാമറകൾ ഇപ്പോഴും തിരിയുന്നത് അപരവൽക്കരണത്തിനപ്പുറം അപരിഷ്കൃതമായ സാഹചര്യങ്ങളിൽ ജീവിക്കുന്നവരോടുള്ള പുച്ഛവും പരിഹാസവും നിറഞ്ഞ കണ്ണുകളോടെയാണ്.

വഴിതെറ്റി ചെല്ലുമ്പോൾ മാത്രം കണ്ടെത്തുന്ന ലോകങ്ങളായിട്ടാണ് തേൻമാവിൻ കൊമ്പത്ത് പോലുള്ള സിനിമകൾ ആദിവാസികളെ അടയാളപ്പെടുത്തിയിട്ടുള്ളത്. മിക്കവാറും അപസർപ്പകകഥകളിലെ നായകനോ നായികയോ പെട്ടുപോകുന്ന പാതാള ലോകങ്ങളുടെ മാതൃകയാണ് ഇവിടെയുള്ളത്.
കടമറ്റത്തു കത്തനാർ ഒരു ഗുഹയിൽ വീണു പാതാള ലോകത്ത് ചെന്നുപെടുന്നതും അവിടെ നീരാഴത്തിലറുകൊല, കാപ്പൂര്, ജിന്ന് തുടങ്ങിയ വിചിത്ര ഭൂതഗണങ്ങളെ കണ്ട് അൽഭുതം കൂറുന്നതും മരുന്നും മന്ത്രവാദങ്ങളും അവരിൽ നിന്ന് പഠിച്ചിടുത്ത ശേഷം പാതാള ഭൂതങ്ങളുടെ കണ്ണുവെട്ടിച്ച് രക്ഷപെട്ടു നാട്ടിലെത്തി മാന്ത്രീകവിദ്യയിലുള്ള മിടുക്കിനാൽ നാട്ടിൽ പ്രാമാണികനായി മാറുന്നതായി ഒരു നാടോടിക്കഥയുണ്ട്.

ക്രിസ്തുമത പ്രചരണത്തിന് ഇന്നാട്ടിലെ മന്ത്രവാദവിദ്യകൾ കൂടി ആവശ്യമാണ് എന്ന് മനസിലാക്കിയ ഒരു ദിവ്യൻ ഇടനാട്ടിലുള്ള പറയർ, പുലയർ, വേലർ എന്നിവരിൽ നിന്ന് ആദ്യം മന്ത്രവിദ്യകൾ പഠിച്ചു. വിദ്യ തികയാത്തതിനാൽ കടമറ്റത്തിന് തൊട്ടുകിഴക്കുള്ള ഇടുക്കി, പത്തനംതിട്ട പ്രദേശങ്ങളിലെ ‘തൊട്ടമല തൊണ്ണൂറ്റൊമ്പതുമല മേപ്പാടിമല’ എന്നൊക്കെ മന്ത്രവാദത്തിൽ അടയാളമുള്ള മന്ത്രമലകളിലെ മലയരയർ, ഊരാളിമാർ, മന്നാൻമാർ തുടങ്ങിയ വിഭാഗങ്ങളിൽ നിന്ന് മന്ത്രവാദം പഠിച്ചെടുക്കുന്നു. എന്നിട്ടൊടുവിൽ പാതാളം എന്ന മിഥ്യയിലൂടെ കീഴാളരുടെ കൊടുതികളെയും പ്രദേശങ്ങളെയും അദൃശ്യമാക്കുന്നു. ഇതിനു പ്രതികാരമായി അടുത്ത തലമുറയിലെ പറയക്കുട്ടികൾ കടമറ്റത്തച്ചനിൽ നിന്നും അതേ വിദ്യകൾ പഠിച്ചെടുത്തിട്ടൊടുവിൽ അച്ചന്റെ കണ്ണു കെട്ടിച്ച് കടന്നുപോയി പ്രതികാരം ചെയ്യുന്ന കഥയും കുന്നത്തുനാട്ടിലെ നാടോടിആഖ്യാനങ്ങളിലുണ്ട്.

ഇക്കഥ മലയാളസിനിമാ ലോകത്തിന്റെ ആദിവാസിക്കാഴ്ചയെ വിശദീകരിക്കാൻ പര്യാപ്തമാണ്. കടമറ്റത്തച്ചൻകഥ ആദിവാസി ലോകത്തെ പാതാളമാക്കി അദൃശ്യപ്പെടുത്തുമ്പോൾ, മലയാള സിനിമ ആദിവാസിലോകങ്ങളെ ‘പരിഷ്‌കൃതരായ’ മനുഷ്യർ പെട്ടുപോകുന്ന ‘പാതാളമാക്കി’ അവതരിപ്പിച്ച് അവഹേളിക്കുന്നു. ഭീമസേനൻ സർപ്പലോകത്ത് പെട്ടുപോകുന്ന സമാനകഥ മഹാഭാരതത്തിലുമുണ്ട്.
തേൻമാവിൻ കൊമ്പത്ത് ചിത്രീകരണത്തിന്റെ മേന്മകൊണ്ട് ദേശീയാവാർഡുകൾ നേടിയതും ഏറെ ശ്രദ്ധിക്കപ്പെട്ടതുമായ സിനിമയാണ്. കർണാടകത്തോട് ചേർന്നുള്ള കേരളാതിർത്തിയിലെ ഗ്രാമീണ ജീവിതവും ഗ്രാമത്തിൽ നടക്കുന്ന ത്രികോണ പ്രണയവുമാണ് ഇതിലെ പ്രതിപാദ്യം.

ചന്തയിൽ സാധനങ്ങൾ വിൽക്കാൻപോയി വരുന്നവഴി അപരിചിതയായ കാർത്തുമ്പിയെന്ന നാടകക്കാരിയെയും (ശോഭന) അമ്മാവനെയും (കുതിരവട്ടം പപ്പു.) ശ്രീകൃഷ്ണന്റെ (നെടുമുടി വേണു) നിർബന്ധത്താൽ മാണിക്യൻ (മോഹൻലാൽ) അവരുടെ കാളവണ്ടിയിൽ കയറ്റുന്നു. യാത്രക്കിടയിൽ ഉത്സവപ്പറമ്പിൽ ഉണ്ടായ അടിപിടി ബഹളത്തെത്തുടർന്ന് കാളവണ്ടിയിൽ കാർത്തുമ്പിയും മാണിക്യനും വനത്തിനകത്തെ അപരിചിത പ്രദേശത്ത് പെട്ടുപോകുന്നു. വഴി തെറ്റിച്ചെന്ന് പെട്ടുപോകുന്ന ഇടത്താണിവിടെ ആദിവാസികളുടെ ലോകമുള്ളത്.

ആ ലോകത്തെയാണ് പ്രിയദർശൻ പാതാളവൽക്കരിക്കുന്നത്. ആദിവാസികളുടെ ഭാഷ തങ്ങൾക്കു മനസ്സിലാകാത്തത് തങ്ങളുടെ കുറവായല്ല, മറിച്ച് ‘മനുഷ്യന്’ മനസിലാകാത്ത ഭാഷയിൽ ഇവിടത്ത്കാർ സംസാരിക്കുന്നതുകൊണ്ടാണെന്ന പരിഹാസത്തിലൂടെയാണ് ഇവിടെ ഹാസ്യം സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. “ഇത് തെലുങ്കും കന്നടയുമൊന്നുമല്ലാ ദൈവം ഉണ്ടാകുന്നതിനും മുമ്പുള്ള ഏതോ കാടൻ ഭാഷയാ” എന്ന സംഭാഷണമാണ് മോഹൻലാലിന്റെ മാണിക്യനെക്കൊണ്ടു പറയിക്കാൻ പ്രീയദർശൻ എഴുതി വച്ചത്.

പ്രാചീന വേഷം കെട്ടിച്ച്, നെയ്തു തീരാത്തകൊട്ട കൊണ്ടുള്ള ചില തൊപ്പികൾ ധരിപ്പിച്ച്, ആദിവാസികളെ അതിവിദൂരകാല ജനതയായി ചിത്രീകരിക്കുന്നു. ഗുഹാമനുഷ്യരിൽ നിന്നും തെല്ലും വളർച്ച പ്രാപിക്കാത്തവരായി ചിത്രീകരിക്കാനാണ് ഇവിടെ സംവിധായകൻ അത്യുത്സാഹം കാട്ടുന്നത്. നാഗരികതയോട് താരതമ്യപ്പെടുത്തി ആ ജനതയെ ഇകഴ്ത്തുന്നതിലും ഇതേ ഉത്സാഹം നിലനിർത്തുന്നു. അതിനാൽ ഈ സിനിമ തികച്ചും മനുഷ്യവിരുദ്ധതയെയാണ് ഉയർത്തിക്കാട്ടുന്നത്. ആദിവാസി വിഭാഗത്തിപ്പെട്ട ഒരാൾ തന്റെ സിനിമ എങ്ങനെ കാണുന്നു എന്ന് ചിന്തിക്കാനുള്ള ബോധം പോലും പ്രിയദർശൻ എന്ന സംവിധായകന് ഇല്ലാതെ പോകുന്നു.

അപ്പോഴും താനുൾച്ചേരുന്ന സവർണ്ണ ഫ്യൂഡൽ സമൂഹത്തിന്റെ പ്രിവിലേജുകൾ മറ്റെല്ലാ സിനിമയിലുമെന്ന പോലെ ഇവിടെയും സ്ഥാപിക്കുന്നതിൽ സിനിമയുടെ ബാക്കി ഭാഗം മൊത്തമായും പ്രിയദർശൻ ഉപയോഗപ്പെടുത്തുന്നു. സംവിധായകനിൽ പുളിച്ച് തികട്ടുന്ന ഫ്യൂഡൽ ജാതിബോധം എല്ലാ അർത്ഥത്തിലും ചേരുന്നതാണ് സിനിമയുടെ തുടർന്നുള്ള ദൃശ്യങ്ങൾ.

പ്രതാപകാലമെല്ലാം പോയില്ലേ എന്ന് എന്ന കവിയൂർ പൊന്നമ്മയുടെ അകത്തമ്മയായ കഥാപാത്രത്തെക്കൊണ്ട് പറയിപ്പിക്കുന്നുണ്ടെങ്കിലും ജാതി പ്രതാപങ്ങളിൽ തെല്ലും കുറവു വരുത്താതെ നോക്കാൻ സംവിധായകൻ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്.

ഫ്യൂഡലിസത്തിന്റെ സുഖാനുഭൂതികൾ മാത്രമല്ല, ജാതിയെ ഒരു സ്വയംഭരണ സ്ഥാപനം പോലെ നിലനിർത്തുന്നതിന്, കഥാപാത്രങ്ങൾ ഓരോരുത്തരും അവരവരുടെ ജാതിസ്ഥാനങ്ങളിൽ അടയാളപ്പെടുത്തപ്പെടാൻ ബദ്ധശ്രദ്ധ പുലർത്തുന്ന ശ്രേണീകരണത്തിന്റെ എല്ലാ അംശങ്ങളും ഈ സിനിമയിലുണ്ട്.

വീട്ടിനകത്ത് മുഴുവൻ സ്വാതന്ത്ര്യവും ലഭിക്കുമ്പോഴും മാണിക്യൻ എന്ന മോഹൻലാൽ കഥാപാത്രം നെടുമുടി വേണു അവതരിപ്പിക്കുന്ന ശ്രീകൃഷ്ണൻ എന്ന ഫ്യൂഡൽ ഇടപ്രഭുവിനെ ചേട്ടൻ എന്നല്ല ‘തമ്പ്രാൻ ചേട്ടൻ’ എന്നാണ് സംബോധന ചെയ്യുന്നത്. അമ്മയ്ക്ക്തുല്യം എന്നൊക്കെ പറയുമ്പോഴും തമ്പുരാട്ടിയമ്മ എന്നു തന്നെയാണ് കവിയൂർ പൊന്നമ്മയുടെ അകത്തമ്മ എന്ന കഥാപാത്രത്തെ മാണിക്യൻ വിളിക്കുന്നത്. ഇതിലൂടെയെല്ലാം മാണിക്യൻ സവർണ്ണതയുടെ വാഴ്ത്തു പാട്ടുകാരായ ഏതെങ്കിലും അന്തരാളജാതി വിഭാഗമാണെന്ന് ഉറപ്പിക്കാം.

അത്തരം തൊട്ടുചേർന്നുള്ള അന്തരാള ജാതിയുടെ സമർപ്പിത വിധേയത്വം മാണിക്യന്റെ പിതാവായ കണ്ണയ്യയിൽ (ശങ്കരാടി) വ്യക്തമാണ്. മകനെ കാണാൻ മാടമ്പിത്തറവാട്ടിലെത്തുന്ന കണ്ണയ്യയാണ് ആ കുടുംബത്തിന്റെ വാഴ്ത്തുപാട്ട് കർമ്മം സിനിമയിൽ നിറവേറ്റുന്നത്. കണ്ണയ്യയോട്, വല്ലതും കഴിക്കാൻ അകത്തേക്ക് വരൂ എന്നല്ല, പിന്നാമ്പുറത്തേക്കു വന്നോളൂ എന്നാണ് ഈ അകത്തമ്മ കൽപ്പിക്കുന്നത്. പാത്രം കഴുകി വെക്കാൻ അതിനും പുറത്തുള്ള ആദിവാസി സ്ത്രീയോട് ആജ്ഞാപിക്കുന്ന സീൻ ചേർത്ത് ശ്രേണീകരണം ഉറപ്പിക്കാനും പ്രിയദർശൻ മറക്കുന്നില്ല.

മലയാള സിനിമയിലെ എക്കാലത്തും ഓർത്തു ചിരിക്കാവുന്ന മഹാഹാസ്യമാണ് ഇവിടെ കണ്ണയ്യയുടെ (ശങ്കരാടി) സംഭാഷണം. മാടമ്പിത്തറവാട്ടിലെ കാര്യസ്ഥ പണിയുണ്ടെങ്കിൽ പിന്നെ സർക്കാർ ജോലിയൊക്കെ ആർക്കുവേണം എന്നാണ് അയാൾ തട്ടിവിടുന്നത്. തറവാട്ടിലെ അടിമയായ കാര്യസ്ഥനെക്കാൾ വലുതല്ല അയാളെ സംബന്ധിച്ചിടത്തോളം ആധുനീകവിദ്യാഭ്യാസത്തിലൂടെ നേടുന്ന സർക്കാരുദ്യോഗം. സർക്കാർ ഉദ്യോഗങ്ങൾ വഴി ബഹുജന സമൂഹം അൽപ്പം അന്തസും അഭിമാനവും നേടിയ കാലത്താണ് ഇത്തരം സംഭാഷണങ്ങൾ രൂപപ്പെടുന്നത് എന്നുള്ളതിനെ കേവലം തമാശയായി കാണാനാവില്ല.

വനപ്രദേശങ്ങളിൽ ഗോത്രമായി സ്വാശ്രയ ജീവിതം നയിക്കുന്ന ആദിവാസി വിഭാഗങ്ങളുടെ അഭ്യന്തര പ്രശ്നങ്ങൾക്ക് തീർപ്പുകൽപ്പിക്കുന്നത്, തങ്ങൾക്കിടയിലെ സ്ഥാനി പദവിയാളുന്ന ഗോത്രമൂപ്പനാണ്. ഇതര വിഭാഗങ്ങൾക്കതിൽ യാതൊരു സ്ഥാനവുമില്ല. എന്നാൽ നാടുവാഴി വ്യവസ്ഥയുടെ ഉപോൽപ്പനങ്ങൾ ആദിവാസി സമൂഹത്തിലേയ്ക്കും തിരുകിക്കയറ്റാൻ ഈ സിനിമ ശ്രമിക്കുന്നത് നോക്കുക. കറുത്തവരായ ആദിവാസി ദമ്പതികൾക്ക് ജനിച്ച വെളുത്തകുഞ്ഞിനെച്ചൊല്ലി, ഭർത്താവ് സംശയം ഉന്നയിച്ചപ്പോൾ സവർണ്ണ നാട്ടുകൂട്ട യുക്തിയുടെ കിടമത്സരത്തിൽ ശ്രീകൃഷ്ണൻ (നെടുമുടി വേണു) ആളാവുന്നത് ഒരു വിചിത്ര യുക്തിയിലൂടെയാണ്. കുട്ടി സ്വന്തം ഭർത്താവിന്റേതു തന്നെയെന്നു തെളിയിക്കാൻ തിരക്കഥയിൽ ചേർക്കുന്ന യുക്തിയാണ് അതിഫലിതം.

വെറ്റിലമുറുക്ക് നൽകിയിട്ട് മുറുക്കാൻ ചേരുവകളുടേതല്ലാത്ത നിറമല്ലേ നിനക്ക് ചവച്ചു തുപ്പാൻ കഴിയൂ എന്ന ഓർമ്മപ്പെടുത്തലാണ് പിതൃത്വത്തിൽ സംശയമുന്ന ആദിവാസിയായ പുരുഷനു നൽകുന്ന നിർദ്ദേശം. അങ്ങിനെ കഴിയില്ലെന്നുറപ്പായതിനാൽ അയാൾ മാനസാന്തരപ്പെടുന്നതായി സീനുണ്ടാക്കുന്നു. ആധുനീക വൈദ്യശാസ്ത്രപ്രകാരം വെറ്റില മുറുക്കിനു തത്തുല്ല്യമാണോ ഗർഭധാരണം എന്നൊക്കെയുള്ള ചോദ്യത്തിനൊന്നും അവിടെ പ്രസക്തിയില്ല. ആദിവാസികൾക്കു മേലുള്ള നീതി നടപ്പാക്കലിൽ ഇത്തരം വിചിത്രകഥയും സ്യൂഡോ ശാസ്ത്ര യുക്തിയുമൊക്കെ മതിയാവും എന്ന് പ്രിയദർശൻ കരുതുന്നിടത്താണ് ആ രംഗത്തിന്റെ അപരഹിംസ പ്രവർത്തിക്കുന്നത്.

സവർണ്ണ സദാചാര കേന്ദ്രീകൃതമായ വീക്ഷണങ്ങൾ ആദിവാസി സമൂഹങ്ങളിൽ ഇല്ലെന്നിരിക്കെ, അത്തരം സന്നിഗ്ദ്ധതകളെ ആദിവാസികളിലേക്കും അടിച്ചേൽപ്പിക്കുകയാണ് ഈ വക ഗിമ്മിക്കുകൾ കൊണ്ട് ചെയ്തു കൂട്ടുന്നത്. കാർത്തുമ്പിയെക്കൊണ്ട് മാണിക്യൻ തറവാട്ടിൽ എത്തിച്ചേരുമ്പോൾ കണ്ടമാത്രയിൽ തറവാട്ടമ്മയ്ക്കറിയേണ്ടത് ആ പെണ്ണിന്റെ പേരോ നാടോ വീടോ ഒന്നുമല്ല ‘എന്താ ഇതിന്റെ ജാതി’ എന്നാണ്. അവിടെ ചാടിക്കേറി ‘നമ്മുടെ ജാതിയാ അച്ഛന്റെ പേര് ഗോവിന്ദൻനായർ’ എന്നൊക്കെ ശ്രീകൃഷ്ണൻ തട്ടിവിടുന്നുണ്ട്. അതിനെ പരിഹസിച്ചു കൊണ്ട് മാണിക്യൻ പറയുന്നത് അമ്മേടെ പേര് ചോക്കുട്ടി എന്നാണ് ‘കാണാൻ ഐശ്യമുള്ളതുകൊണ്ട് ‘ സവർണ്ണ തറവാട്ടിൽ പിറന്നതാവും എന്ന ഡയലോഗ് കാച്ചുമ്പോൾ ഐശ്വര്യവും മുഴുവൻ നിൽക്കുന്നത് സവർണ്ണ തറവാട്ടിലാണ് എന്ന മേൽജാതി ദുരഭിമാനമാണ് വെളിവാകുന്നത്.

സിനിമയിൽ കുയിലി എന്ന ആദിവാസിപ്പെൺകുട്ടിക്ക്, തന്നെ സ്‌നേഹിക്കുന്ന അപ്പക്കാളയെ (ശ്രീനിവാസൻ) ഇഷ്ടമല്ല. അവൾ മാണിക്യന്റെ പിന്നാലെ പ്രണയ പരവശയായി നടക്കുന്നതായാണ് ചിത്രീകരിക്കുന്നത്. കീഴാളസ്തീകൾ മേൽജാതിപ്പുരുഷന് ചുറ്റും ഉപഗ്രഹമായി കറങ്ങിക്കൊണ്ടിരിക്കുന്നൂ എന്ന മട്ടിൽ നിരവധി സിനിമകളിൽ നാം ചിത്രീകരിച്ച് കണ്ടിട്ടുണ്ട്. കാർത്തുമ്പിയെ മാണിക്യനിൽ നിന്ന് അകറ്റാൻ അപ്പക്കാള ശ്രീകൃഷ്ണന് ബുദ്ധിയുപദേശിച്ചു കൊടുക്കുന്നൊരു രംഗമുണ്ട് ചിത്രത്തിൽ. മാണിക്യനാൽ താൻ ഗർഭവതിയാണെന്നു കുയിലിയെക്കൊണ്ട് കള്ളം പറയിപ്പിക്കാം എന്ന അപ്പക്കാളയുടെ തലയിലുദിക്കുന്ന ബുദ്ധിയിലും ‘സവർണ്ണാൽഭുതം’ പൊട്ടിത്തെറിക്കുന്നുണ്ട്.

“വെറുതെയല്ലാ ദൈവം നിനക്കൊക്കെ വലിയ ബുദ്ധി തരാത്തത്” എന്നാണ് അവിടെ ശ്രീകൃഷ്ണന്റെ(നെടുമുടി വേണു.) ആശ്വാസം. ഇത്തരം ജാതിജാതിബോധങ്ങളുടെ തുടർച്ച പിൽക്കാലത്തുണ്ടായ നിരവധി സിനിമകളിൽ കാണാം

ഒരു കേസിൽ പോലീസ് സ്റ്റേഷനിൽ നിന്നും ജാമ്യമെടുക്കുന്ന വക്കീൽ വേഷമുള്ള സലീം കുമാർ , വിജയിക്കുന്ന സന്ദർഭത്തിൽ മീശമാധവൻ സിനിമ അത്ഭുതം കൂറുന്നു. കറുത്തതും സവർണ്ണഭൂഷകൾ ഇല്ലാത്തതുമായ ആ ശരീരത്തിൽ നിന്നും ഇത്രയ്ക്ക് ബുദ്ധിയോ എന്നാണ് ആശ്ചര്യാതിരേകം…

അപ്പോൾ ശരിക്കും വക്കീലാണല്ലേ എന്നാണ് കള്ളനായ മാധവൻ നായർക്കു വേണ്ടി വാദിച്ചു വിജയിച്ച ആളിന് നേരെ ചോദ്യമുയരുന്നത് (ഹരിശ്രീ അശോകൻ) “ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ “എന്ന് സലീം കുമാറിന്റേതു പോലൊരു ശരീരത്തെക്കൊണ്ട് പറയിക്കുമ്പോൾ സവർണ്ണരും സവർണ്ണത പേറുന്ന അവർണ്ണരും തീയറ്ററിൽ പൊട്ടിച്ചിരിയാൽ ജാതിവായ് നാറ്റം നിറച്ചിട്ടുണ്ട് എന്നത് സത്യമാണ്.

കീഴാളരിൽ ബുദ്ധിയിരിക്കില്ല എന്ന ബ്രാഹ്മണിക്ക് ‘അബോധത്തിൽ നിന്നാണ് ആ ചിരി ഉയരുന്നത്. ബോഡീ ഷെയിമിങ്ങ് എന്ന അപര ഹിംസ തന്നെയാണ് ഇവിടെയുള്ളത്. ജാതിയും ശരീരവും ചേർത്ത് ബഹുപക്ഷ ജനതയെ പുറംന്തള്ളുന്നതിന്റെ യുക്തിയാണിവിടെ പ്രവർത്തിക്കുന്നത്.

കടമറ്റത്തു കത്തനാരെന്നെ സീരിയലിന്റെ അനുകരണമായ പ്രീസ്റ്റ് എന്ന പുതിയ മമ്മൂട്ടി സിനിമയിലും ഇതേ സവർണ്ണാത്ഭുതം നിറച്ചിരിക്കുന്നതിനിൽ ഇതൊരു സാംസ്കാരിക പകർച്ചവ്യാധിയായി ഇനിയും തുടരുമെന്ന് ഉറപ്പിക്കേണ്ടതുണ്ട്.

കേസ് അന്വേഷിക്കുമ്പോൾ കൊലപാതകം നടന്ന കോമ്പൗണ്ടിൽ നിന്നും അസാധാരണമായി കാണുന്നത് കണ്ടെത്തി ഏൽപ്പിക്കാൻ തൊഴിലാളി സ്ത്രീകളെ ചുമതലപ്പെടുത്തുന്നു. വയസായൊരു തൊഴിലാളി സ്ത്രീ ഗുളികയുടെ കവർ അസാധാരണമായി കണ്ടെത്തുന്നു. അതിലെന്താ അസാധാരണത്വം എന്ന് പ്രീസ്റ്റ് ചോദിക്കുമ്പോൾ കക്കൂസിൽ നിന്ന് ആരും ഗുളിക കഴിക്കില്ലല്ലോ എന്ന മറുപടിയിൽ പ്രീസ്റ്റ് അത്ഭുതം കൂറുന്നു. അവിടെയും ആ സ്ത്രീയെക്കൊണ്ട് സലിം കുമാറിന്റെ ഏറ്റുപറച്ചിൽ തന്നെ ആവർത്തിപ്പിക്കുന്നു. (ലുക്കില്ലെന്നേയുള്ളു. ഭയങ്കര ബുദ്ധിയാ)

ഇവിടെ ചലിക്കുന്നത് കേവലം ഹാസ്യമല്ല. ശാരീരികാക്ഷേപവും ജാത്യാവഹേളനവുമാണ്. അതു പറഞ്ഞാൽ മനസിലാക്കാൻ കഴിയാത്ത വിധം ലാലേട്ടൻ, മമ്മൂക്കാ… പോലുള്ള “ചേട്ടബിംബങ്ങൾ”ചിന്തയ്ക്ക് തടസം പിടിച്ചിരിക്കുന്നു. ബുദ്ധിയിരിക്കാൻ സവർണ്ണശരീരം തന്നെ വേണമെന്ന അബോധം എല്ലാവരിലും നിറഞ്ഞിരിക്കുന്നു. മന്ദബുദ്ധികളായ ബ്രാഹ്മണർ എത്രയോ ഉണ്ട് നമുക്കു ചുറ്റും അപ്പോഴും സിനിമാ ക്ഷേത്രകല പട്ടരിൽ പൊട്ടരില്ലെന്നും അയ്യർ ദ ഗ്രേറ്റ് എന്നുമൊക്കെ വിവരക്കേടു പ്രചരിപ്പിക്കും…

കോമഡി ഷോ മുഴുവനായും വംശീയാധിഷേപത്തിന്റെ തുടർച്ചയാണ് അപരഹിംസയായി തുടരുകയും ചെയ്യുന്നു. ഇത് മാറിയേ തീരൂ…

ഇക്കാര്യം, പോൾ ഗിൽ റോയിയെ ഉദ്ധരിച്ചുകൊണ്ട് കെ.കെ.ബാബുരാജ് വിശദീകരിച്ചിട്ടുണ്ട്. “വിവേകത്തെ പോലെതന്നെ വ്യക്തിപരതയെയും (Persona ) പ്രതിഭയെയും ( Genius) കുറിച്ചുള്ള നിർവചനങ്ങളും പടിഞ്ഞാറൻ നാടുകളിൽ വെളുത്ത പുരുഷനെയും ഇന്ത്യയിൽ ബ്രാഹ്മണ പുരുഷനെയും കർത്തൃസ്ഥാനത്ത് നിർത്തിക്കൊണ്ടാണ് വികസിച്ചത്. ആധുനികമായ പൗരത്വ സങ്കല്പനങ്ങളിലും സാംസ്കാരിക വിഭവത്തെ പറ്റിയുള്ള ധാരണകളിലും വമ്പിച്ച തരത്തിലുള്ള വിവേചനങ്ങളും അവസരസമത്വനിഷേധങ്ങളും നിലനിർത്തുന്നതിലും ഇത്തരം നിർവചനങ്ങളുടെ പങ്കു ചെറുതല്ല.” (ഇരുട്ടിലെ കണ്ണാടി DC ബുക്സ്).

ചിത്രം എന്ന പ്രീയദർശൻ സിനിമ തുടങ്ങി പത്തുമിനിറ്റിനുള്ളിൽ നെടുമുടി വേണുവിന്റെ കഥാപാത്രമായ പുരുഷോത്തമൻ, കൈമൾ എന്ന ജാതിയാണെന്നും, കല്യാണിയെന്ന രഞ്ജിനിയുടെ കഥാപാത്രം കോടീശ്വരനായ രാമചന്ദ്രമേനോന്റെ മകളായ മേനവത്തി ആണെന്നും ജാതി ചോദിക്കാതെ പറയുന്നതിൽ തിടുക്കം കാട്ടിയിട്ടുണ്ട്. അതിനോടൊപ്പം സിനിമ തിടുക്കപ്പെടുന്നത്, സവർണ്ണസഹജമായ അപരാവഹേളനത്തിലാണ്. കല്യാണിക്കുട്ടീ മേനോനോട് പുരുഷോത്തമകൈമൾ പറയുന്നു “നിന്നെ നിന്റെ മേനോനച്ഛൻ മംഗല്ല്യപ്പുഴയ്ക്കു കൊണ്ടുപോയി ഏതെങ്കിലും ആദിവാസി കോന്തനെക്കൊണ്ട് കല്യാണം കഴിപ്പിക്കും” എന്നാണ്. (ആദിവാസിക്കോന്തൻ എന്ന് തിരക്കഥയിലെഴുതുന്നതിൽ ഒരു കുഴപ്പവും പ്രീയദർശന് മാത്രമല്ല, സെൻസർ ബോഡിനും തോന്നിയില്ല.)

അവിടെയുള്ള അമ്മാവൻ ഭാസ്കരൻ നമ്പ്യാരാണെന്നും (ശ്രീനിവാസൻ) പറയുന്നുണ്ട്. പിന്നീട് സിനിമയുടെ ഹാസ്യം മുഴുവൻ നിൽക്കുന്നതും അപരത്വ നിർമ്മിതിയിൽ തന്നെയാണ്. ആദിവാസികളുടെ ജീവിതചര്യകളെ അപലപിച്ചും ഇകഴ്ത്തിയും സിനിമ ഹാസ്യം സൃഷ്ടിക്കുന്നു. തായത്തു കഴുത്തിൽ കിടക്കുന്നതു കൊണ്ടാണ്”ഈ വിവരംകെട്ട കുറുമ്പന്മാർ ” തനിക്കിത്ര വില നൽകുന്നതെന്ന് ശ്രീനിവാസനെക്കൊണ്ടു പറയിപ്പിക്കുന്നതിലൊന്നും യാതൊരു കുഴപ്പവുമില്ലെന്നു ചിന്തിക്കാൻ കഴിയുന്നിടത്താണ് സംവിധായകൻ പ്രീയദർശനെ പോലുള്ളവരുടെ മാടമ്പിസവർണ്ണത മറവിട്ട് പുറത്ത് ചാടുന്നത്.തങ്ങളെ തൊഴുതും ഓച്ഛാനിച്ചുംനിൽക്കുന്ന ആദിവാസി സമൂഹം ചുറ്റുമുണ്ട് എന്ന ‘അതുല്ല്യത’ അന്തസായി സവർണ്ണർ പ്രഖ്യാപിക്കുന്നതു കൂടിയാണ് ചിത്രമെന്ന സിനിമ.

പുല്ലും പൂവും വയലുമുള ഗ്രാമഭംഗി മാത്രമല്ല,തന്നെ ഓച്ഛാനിച്ചു നിൽക്കുന്ന കുഗ്രാമകീഴാളർ ഇല്ലാതാകുന്നതും കാൽപനീകമായ തീരാനഷ്ടമായി സവർണ്ണമായ കാൽപനീകത കാണുന്നു എന്ന്, വൈലോപ്പിള്ളി കവിതകൾ പഠിച്ചുകൊണ്ട് പി.വി . വേലായുധൻ പിള്ള അസ്വസ്ഥതയുടെ നിറഭേദങ്ങൾ എന്ന പുസ്തകത്തിൽ വിലയിരുത്തിയിട്ടുണ്ട്.

അമേരിക്കയിൽ ആർഭാടജീവിതമുള്ള സവർണ്ണതയുടെ ആധുനീകജീവിതത്തെ വർത്തമാനകാല പരിസരത്തു നിന്നും, അതിപ്രാചീന ആചാരമുള്ള ആദിവാസിയെ അതിഭൂതകാലത്തിലും കണ്ടുപിടിച്ച് വർത്തമാനകാലത്ത് ഒപ്പം നിറുത്തി തരതമ്യം ചെയ്യുന്ന രംഗരീതി ശാസ്തം,ദേശകാലങ്ങളെ തെറ്റിച്ചിട്ടുകൊണ്ടു നടത്തുന്ന സാമൂഹ്യദ്രോഹമാണ്.

സാമൂഹ്യ രാഷ്ട്രീയ ചിന്തകളെ സമയത്തിലും കാലത്തിലും കണ്ടുപിടിക്കണമെന്ന കെ.കെ ബാബുരാജിന്റെ വിലയിരുത്തൽ ഇവിടെ പ്രസക്തമാണ്. വിശ്വാസ സംരക്ഷണവും ആചാര സംരക്ഷണവും ആദർശമായി പറയുന്ന സവർണ്ണത എക്കാലത്തും ദളിതരുടെയും ആദിവാസികളുടെയും പിന്നാക്ക ജനതയുടെയും ആചാരവിശ്വാസങ്ങളെ അവഹേളിക്കുകയും പരിഹസിക്കുകയും ഇല്ലാതാക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെ ആദിവാസികളുടെ ആചാരവിശ്വാസങ്ങൾ പരിഹസിക്കപ്പെടുന്നവയാണ്. ഉള്ളം കയ്യിൽ വച്ച് കർപ്പൂരം കത്തിക്കൽ, ദമ്പതിമാരുടെ വസ്ത്രങ്ങൾ തമ്മിൽ കൂട്ടിക്കെട്ടിയുണ്ടാക്കുന്ന ഹാസ്യ ചേഷ്ടകൾ, കുറ്റം ചെയ്താൽ തലകൊണ്ട് കാവിലെ മണിയടിച്ചു പ്രായശ്ചിത്തം ചെയ്യൽ തുടങ്ങിയവയെല്ലാം സവർണ്ണതയുടെ ചിരി നോട്ടങ്ങൾക്കായി ചിത്രത്തിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. സവർണ്ണ ആചാരങ്ങൾ അതിപവിത്രമായി സംരക്ഷിക്കേണ്ടതും ദളിത്-ആദിവാസി ബഹുജന ആചാരങ്ങൾ കളിയാക്കലേറ്റ് പൊഴിച്ച് കളയേണ്ടതാണെന്നും ബ്രാഹ്‌മണ്യ ആത്മീയതയുടെ കീഴടക്കൽ ബോധ്യങ്ങൾ ഈ സിനിമയിലൂടെ നിർവ്വഹിക്കപ്പെടുന്നു.

ഇതിന്റെയൊക്കെ തുടർച്ചയായിട്ടാണ്, ആദിവാസിയവഹേളനം ആദ്യവസാനം ലക്ഷ്യമിട്ട ബാംബൂ ബോയ്സ് പോലുള്ള സിനിമകൾ പിന്നീട് ഉണ്ടായി വന്നത്. പെരുച്ചാഴി പോലുള്ള മോഹൻലാൽ സിനിമകളിൽ “അട്ടപ്പാടികൾ ലുലു മോളിൽ കേറിയ പോലെ” എന്ന തരത്തിലുള്ള വംശീയാധിഷേപ സംഭാഷണം പടച്ചുവിട്ടപ്പോൾ അത് സൃഷ്ടിച്ച സിനിമാക്കാരിലല്ല, അക്കാര്യം ചൂണ്ടിക്കാണിച്ച ഡോ. ബിജുവിലാണ് കുഴപ്പം എന്ന തിരിച്ചിടലിനെ തൊണ്ട തൊടാതെ വിഴുങ്ങിയവരാണ് ഇവിടെയേറെയുള്ളത്.

നിന്നെ പോലുള്ള ആദിവാസികൾക്കു പാടാൻ പറ്റിയ പാട്ടൊന്നുമില്ലെന്നു ഫ്രെണ്ട്സ് സിനിമയിൽ പറഞ്ഞതൊക്കെ വംശീയാധിക്ഷേപമാണെന്ന വസ്തുത തുറന്നു പറഞ്ഞാലും, അത് വിളിച്ച് പറഞ്ഞവനാണ് കള്ളനെന്നു പറയുന്ന യുക്തിയാണിന്നും പ്രബലം.