Mon. Nov 23rd, 2026

വയനാട്: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി കേരളം ഒറ്റക്കെട്ടായി രംഗത്തിറങ്ങിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഉരുള്‍ പൊട്ടലുണ്ടായ വയനാട്ടില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ശരിയായ മുന്നറിയിപ്പ് നല്‍കിയില്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ദുരന്തമുണ്ടായ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഓറഞ്ച് അലര്‍ട്ടാണ് കേന്ദ്ര മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ പ്രവചനത്തേക്കാള്‍ വലിയ മഴയാണ് പ്രദേശത്ത് പെയ്തത്. ദുരന്തമുണ്ടാകുന്നതിന് മുന്‍പ് അവിടെ റെഡ് അലര്‍ട്ട് ഉണ്ടായിരുന്നില്ലെന്നും ദുരന്തത്തിന് ശേഷമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നല്‍കിയ ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് പച്ചയായിരുന്നു. ഇപ്പോള്‍ ദുരന്തമുണ്ടായത് മുന്നറിയിപ്പ് പ്രകാരം ജനങ്ങളെ മാറ്റി പാര്‍പ്പിച്ച ഇടത്ത് നിന്നും 7 കിലോ മീറ്റര്‍ മാറിയാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.

പുനരധിവാസത്തിനും രക്ഷാപ്രവര്‍ത്തനത്തിനുമായി വലിയ സാമ്പത്തിക ആവശ്യമുണ്ട്. എല്ലാ പാര്‍ട്ടി ഘടകങ്ങളും സംഭാവനകള്‍ നല്‍കണമെന്നും എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിന് ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.