Sun. Nov 22nd, 2026

✍️ ചന്ദ്രപ്രകാശ് എസ് എസ്

ഹെർമൻ ഗുണ്ടർട്ട് മലയാളികൾക്ക് സുപരിചിതനാണ്. അതേ സമയം ഹെർമൻ ഹെസ്സെയോ?
പറഞ്ഞുവന്നാൽ അദ്ദേഹവും നമുക്ക് അപരിചിതനല്ല എന്ന് തോന്നാം. മലയാള ഭാഷയ്ക്ക് തനതും സവിശേഷവുമായ നിരവധി സംഭാവനകള്‍ നല്‍കിയ ജര്‍മന്‍ പാതിരി ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ മകള്‍ മേരിയുടെ പുത്രനാണ് ഹെർമൻ ഹെസ്സെ. ഗുണ്ടർട്ട് മലയാളം നിഘണ്ടു തയ്യാറാക്കുന്ന കാലത്ത് ഇന്ത്യയിലാണ് മേരി ജനിച്ചത്.

ഒരു പുസ്തകവില്പനക്കാരനിൽ നിന്നും 1946 ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം വരെ നേടിയ ഹെസ്സെ കവി, നോവലിസ്റ്റ്, ചിത്രകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു. ജര്‍മനിയില്‍ ജനിച്ചുവളര്‍ന്ന അദ്ദേഹം രാഷ്ട്രീയ നിലപാടുകളില്‍ നിര്‍ഭയനായിരുന്നു. എന്നുകരുതി രാഷ്ട്രീയമായിരുന്നില്ല അദ്ദേഹത്തിൻ്റെ അഭയസ്ഥാനം.

അഡോള്‍ഫ് ഹിറ്റ്ലറുടെ വിമര്‍ശകനായിരുന്നു ഹെസ്സെ. അക്കാലത്തെ പ്രശസ്തരായ പല എഴുത്തുകാരും ചിന്തകരുമെല്ലാം ജര്‍മനിയിൽ നിന്നും പലായനം ചെയ്യുമ്പോള്‍, അതിനു കൂട്ടാക്കാതെ ഹിറ്റ്ലറെ നേർക്ക് നേർ ചെറുക്കാന്‍ അദ്ദേഹം തീരുമാനിച്ചു. അതിൻ്റെ ഫലമായി ഹെസ്സെയ്ക്ക് അന്നത്തെ ജര്‍മനിയില്‍ സര്‍വതലങ്ങളിലും വിലക്ക് വന്നു. ഹെസ്സെ ഹിറ്റ്ലറിന്റെ കണ്ണിലെ കരടായി മാറി. എന്നിട്ടും വിമര്‍ശനത്തില്‍ ഒരു മയവും അദ്ദേഹം വരുത്തിയില്ല.

സാമൂഹ്യ പ്രവർത്തനമോ, പരിഷ്‌കരണ വാദങ്ങളോ, രാഷ്ട്രീയപ്രവര്‍ത്തനമോ ഒന്നും ആയിരുന്നില്ല ഹെസ്സെയുടെ ജീവിതം എന്നിരിക്കെയാണ് അദ്ദേഹം ഹിറ്റ്‌ലറോട് ഏറ്റുമുട്ടിയത്.ഹെസ്സെയുടെ യഥാർത്ഥ ജീവിതലക്ഷ്യം ടാഗോർ സ്വാംശീകരിച്ച മാതൃകയിലുള്ള ആത്മീയതയും, കലയും, സാഹിത്യവും, ദാര്‍ശനികതയും ആയിരുന്നു.

ആത്മീയാന്വേഷണ പരീക്ഷണങ്ങളുടെ ഭാഗമായി അദ്ദേഹം ബുദ്ധിസത്തിലേക്കും മറ്റ് പൗരസ്ത്യദര്‍ശനങ്ങളിലേക്കും വഴുതി വീണു. മുത്തച്ഛൻ ഗുണ്ടർട്ടിനെപ്പോലെ പില്‍ക്കാലത്ത് അദ്ദേഹം ഇന്ത്യയിലേയ്ക്കും വന്നു. സിദ്ധാര്‍ത്ഥ എന്ന ക്ലാസിക്കിലേക്ക് അദ്ദേഹത്തെ എത്തിച്ചത് ഇന്ത്യൻ ദർശനങ്ങളായിരുന്നു.1951 ൽ അമേരിക്കയിലാണ് ‘സിദ്ധാർത്ഥ’ പ്രസിദ്ധീകരിച്ചത്.

തികച്ചും വ്യത്യസ്തമായ ചുറ്റുപാടുകളില്‍ മറ്റൊരുദേശത്ത് വേറിട്ടൊരു സംസ്ക്കാരത്തിൽ വളര്‍ന്ന ഹെസ്സെ സിദ്ധാര്‍ത്ഥന്‍ എന്ന യുവാവിന്റെ ആത്മീയാന്വേഷണങ്ങളെ അനിതരസാധാരണമായ ദാര്‍ശനിക തെളിമയോടെ ആവിഷ്‌കരിക്കുകയാണ് ഈ നോവലില്‍ ചെയ്തത്.

ബുദ്ധിസം ‘സിദ്ധാര്‍ത്ഥ’യുടെ അന്തര്‍ധാരയായി നില്‍ക്കുന്നുവെങ്കിലും,ഹെർമൻ ഹെസ്സെയുടെ സിദ്ധാര്‍ത്ഥന്‍ ജീവിത നിരാസത്തിന്റേതല്ല,മറിച്ച് ജീവിതാലിംഗനത്തിന്റെ വഴിയാണ് പിന്തുടരുന്നത്.
ജ്ഞാനം നിത്യമായ ആനന്ദമാണ് എന്ന് ചെറുപ്പകാലം മുതല്‍ തന്നെ അറിഞ്ഞൊരാളാണ് ഹെസ്സെയുടെ സിദ്ധാര്‍ത്ഥന്‍.

പ്രണയത്തിന്റെയും, ആനന്ദത്തിന്റെയും, ഉന്‍മാദത്തിന്റെയും, കാമത്തിൻ്റെയും കൊടുമുടികള്‍ കീഴടക്കിയ നോവലാണ് സിദ്ധാർത്ഥ. കമലയാണ് സിദ്ധാർത്ഥൻ്റെ നായിക. എഴുത്തിനപ്പുറത്തേക്ക് എഴുത്തുകാരിലേക്കും അപൂര്‍വ്വമായി മാത്രം നടക്കാറുള്ള ഒരു പരിവർത്തനമാണ് സിദ്ധാർത്ഥയിൽ.

ഹെസ്സെയുടെ ചിത്രങ്ങളിലൂടെ തെളിഞ്ഞത് ശാന്തി നിറയ്ക്കുന്ന നിറച്ചാര്‍ത്തുകള്‍ ആയിരുന്നു. ജലച്ചായ ചിത്രങ്ങള്‍ ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേയ്ക്ക് ചാലുവെട്ടിയ തണ്ണീർ ചാലുകളും. വാക്കുകള്‍ക്കും വരികള്‍ക്കും വരകൾക്കുമപ്പുറം ചിന്തയുടെ അസാധാരണ സമ്മേളനമായിരുന്നു ഹെസ്സെയുടെ വരികളും വരയും.

വിന്നീസിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഒരു മാസികയിൽ ‘മഡോണ’ എന്ന തലക്കെട്ടോടെ ഒരു കവിത ആദ്യമായി അച്ചടിച്ചു വന്നപ്പോളാണ് ഹെസ്സെയ്ക്ക് ആദ്യമായി അല്പം ആത്മവിശ്വാസം കൈവന്നത്. പിന്നീട് ‘റൊമാന്റിക് കവിതകൾ’ എന്ന പേരിൽ ഒരു സമാഹാരം പുറത്തിറക്കി. അറുനൂറ് കോപ്പികൾ പ്രിന്റുചെയ്ത പുസ്തകം രണ്ട് വർഷം കൊണ്ട് വെറും അമ്പത്തിനാല് കോപ്പികളാണ് ആകെ വിറ്റുപോയത്.

ഒടുവിൽ സ്വന്തം അമ്മപോലും ആ കവിതാ സമാഹാരത്തെ തള്ളിപ്പറഞ്ഞു. പിന്നീടാണ് ബുക്ക്ഷോപ്പിലെ ജോലിയുപേക്ഷിച്ചത്.വീണ്ടും കുറേ കവിതകളും ചെറിയ സാഹിത്യ ലേഖനങ്ങളും പ്രസിദ്ധീകരിക്കുക വഴി അത്യാവശ്യം കാശൊക്കെ കിട്ടാൻ തുടങ്ങിയ കാലത്താണ് അമ്മ മേരി മരണമടയുന്നത്. ദീർഘകാലമായി അസുഖബാധിതയായിരുന്നു അവർ.അമ്മയുടെ മരണശേഷമാണ് എഴുത്ത് ഒരു ജീവിതോപാധിയായി സ്വീകരിച്ചുകൊണ്ട് ഹെർമൻ ഹെസ്സേ നിലയുറപ്പിച്ചത്.

1877 ജൂലെ രണ്ടിന് ജർമനിയിൽ ജനിച്ച ഹെസ്സെ ചെറുപ്പം മുതലേ സ്വന്തം ലോകത്തിലും ചിന്തയിലും മുഴുകുന്ന പ്രകൃതക്കാരനായിരുന്നു.സ്കൂൾ പഠനകാലത്തുതന്നെ വിഷാദരോഗത്തിന്റെ എല്ലാ സ്വഭാവങ്ങളും ഹെർമൻ ഹെസ്സെ പ്രകടിപ്പിച്ചിരുന്നു. ഏകാന്തതയിൽ നിന്നും അനാവശ്യ ചിന്തകളിൽ നിന്നും ഹെസ്സെയെ വായനയിലേക്ക് തിരിച്ചുവിട്ടത് മുത്തച്ഛനായ ഹെർമൻ ഗുണ്ടർട്ടാണ്.തന്റെ അതി ബൃഹത്തായ പുസ്തകശേഖരം കൊച്ചുമകന് വേണ്ടി അദ്ദേഹം തുറന്നുകൊടുത്തു. എഴുത്തിൻ്റെ വഴിയിലൂടെ ഹെസ്സെയെ കൈപിടിച്ച് ആനയിച്ചത് ഗുണ്ടർട്ടാണ്.

പിന്നീട് എഴുത്തിലും ജീവിതത്തിലും കാര്യമായ പുരോഗതികളുമായി ഹെസ്സെ വാർത്തകളിൽ നിറഞ്ഞു. ജർമനിയിലെ പ്രശസ്ത ഗണിതശാസ്ത്രജ്ഞരുടെ കുടുംബമായ ബെർനൗലിയിൽ നിന്നും അദ്ദേഹം വധുവിനെ കണ്ടെത്തി. പിതാവിന്റെ സമ്മതമില്ലാതെ മരിയ ബെർനൗലിയും ഹെസ്സെയും ഒരുമിച്ച് ജീവിതമാരംഭിച്ചു. മൂന്നു കുഞ്ഞുങ്ങളുടെ പിതാവായിരിക്കേ തന്റെ രണ്ടാമത്തെ നോവലായ ബെനീത് ദ വീലിന്റെ പണിപ്പുരയിലേക്കു കടന്നു.1906 ൽ അത് പ്രസിദ്ധീകരിക്കുന്നതിനിടയിൽത്തന്നെ ധാരാളം കവിതകളും കൊച്ചുലേഖനങ്ങളും എഴുതി മുഖ്യധാരാ സാഹിത്യത്തിലും തന്റെ സാന്നിധ്യം അറിയിച്ചു. 1910 ൽ ജെർട്രൂഡ് ഇറങ്ങി. ആ നോവൽ അത്ര സ്വീകാര്യമായില്ല. മിസ്കാര്യേജ് എന്ന് ജെർട്രൂഡിനെ വിശേഷിപ്പിച്ചതും എഴുത്തുകാരൻ തന്നെയാണ്.

ഒന്നാം ലോകമഹായുദ്ധകാലത്ത് ജർമൻ പട്ടാളത്തോട്, തന്നെയും സൈന്യത്തിൽ എടുക്കണമെന്ന ആവശ്യവുമായി അർദ്ധകാഴ്ചയും, നാഡീസംബന്ധമായ അസുഖങ്ങളുള്ള ഹെസ്സേ പോകാൻ കാരണം തന്നെക്കാൾ ഇളയവരായ എഴുത്തുകാർ യുദ്ധത്തിൽ മരിച്ചുവീഴുന്നത് കണ്ടുസഹിക്കാനാവാതെ ആയിരുന്നു. ജോലിയെടുക്കാനുള്ള ശക്തി പോരെങ്കിലും തടവുകാരെ പാർപ്പിക്കുന്ന സ്ഥലത്ത് ഡ്യൂട്ടിയ്ക്കായി ഹെസ്സെ നിയോഗിക്കപ്പെട്ടു. അതിനിടയിലാണ്ഭാര്യയുമായി അഭിപ്രായ വ്യത്യാസമുണ്ടായി പിരിയുന്നത്. മറ്റൊരു ബന്ധത്തിലേർപ്പെട്ടെങ്കിലും അതും പരാജയമായിരുന്നു.

നാസിസം ജർമനിയെ കീഴടക്കിയ കാലത്ത് അസ്വസ്ഥരായ ബെർഥോൾട് ബ്രഹ്ത്,തോമസ് മൻ എന്നിവർ രാജ്യത്തുനിന്നും പലായനം ചെയ്യുമ്പോൾ അവർ ഹെസ്സെയെക്കൂടി ക്ഷണിച്ചുവെങ്കിലും ഹിറ്റ്ലറോട് പൊരുതിനിൽക്കാനായിരുന്നു ഹെസ്സെ തീരുമാനിച്ചത്. കാഫ്ക ഉൾപ്പെടെയുള്ള ജൂതവംശജരായ എഴുത്തുകാരുടെ കൃതികളെ നിരൂപണം ചെയ്തുകൊണ്ടും തുടരെത്തുടരെ അവർക്കുവേണ്ടി എഴുതിക്കൊണ്ടും ഹെസ്സെ ഹിറ്റ്ലറെ അതികഠിനമായി പ്രകോപിപ്പിച്ചു. കലയും സാഹിത്യവും ജർമനിയിൽ ഹിറ്റ്ലർ തച്ചുടച്ചു എന്ന് അദ്ദേഹം പരസ്യമായി ആരോപിച്ചു. ജർമനിയിലെ പ്രസിദ്ധീകരണങ്ങൾ ഹെസ്സെയെ തമസ്ക്കരിച്ചു. അദ്ദേഹം എഴുതിയതൊന്നും ജർമനിയിൽ പ്രസിദ്ധീകരിച്ചില്ല. താമസിയാതെ ഹെസ്സെയുടെ കൃതികൾക്ക് നിരോധനവും ഏർപ്പെടുത്തി.

‘ഗ്ളാസ് ബ്ളീഡ് ഗെയിം’ ആണ് ഹെസ്സെയുടെ അവസാനത്തെ നോവൽ. 1962 ഓഗസ്റ്റ് 9 ന് എൺപത്തിയഞ്ചാം വയസ്സിൽ ഹെസ്സെ അന്തരിച്ചു. വിജയഗാഥകളെക്കാളുപരി സ്വന്തം ജീവിതത്തിലുണ്ടായ പരാജയങ്ങളെ ക്കുറിച്ചും ഹെസ്സെ തന്റെ ആരാധകരോട് സംവദിച്ചിരുന്നു.