✍️ ചന്ദ്രപ്രകാശ് എസ് എസ്
ഫോട്ടോഗ്രഫി രംഗത്ത് പടയോട്ടം നടത്തിയ ഇന്ത്യയിലെ ആദ്യ വനിതാ ഫോട്ടോജേണലിസ്റ്റാണ് ഹോമൈ വ്യാരവല്ല. സ്വതന്ത്ര ഇന്ത്യയുടെ തുടക്കകാല ചിത്രങ്ങളിൽ ചിലത് കാണുമ്പോൾ അവ എടുത്തത് ഒരു സ്ത്രീയാണെന്ന വസ്തുത നമ്മളിൽ പലർക്കും അറിയുന്ന കാര്യമല്ല.
ഗുജറാത്തിലെ ഒരു പാർസി കുടുംബത്തിൽ 1913 ഡിസംബർ 9 നാണ് ഹോമൈ ജനിച്ചത്. കുട്ടിക്കാലത്തിന്റെ ഭൂരിഭാഗവും യാത്രയിലായിരുന്നു.ഹോമൈയുടെ പിതാവ് ഒരു ട്രാവലിംഗ് തിയേറ്റർ ഗ്രൂപ്പിലെ പ്രധാന അഭിനേതാവ് ആയിരുന്നു. പിന്നീട് കുടുംബം മുംബൈയിലേക്ക് ചേക്കേറി. അവിടെ ജെ ജെ സ്കൂൾ ഓഫ് ആർട്സിൽ ചേർന്ന് ഹോമൈ പഠിച്ചു.
അക്കാലത്താണ്ഫ്രീലാൻസ് ഫോട്ടോഗ്രാഫറായ മനേക്ഷാ വ്യാരവല്ലയെ ഹോമൈ കണ്ടുമുട്ടുന്നത്.
പിന്നീട് അദ്ദേഹത്തെ അവർ വിവാഹം ചെയ്തു. അദ്ദേഹമാണ് ഹോമൈയ്ക്ക് ഫോട്ടോഗ്രാഫിയുടെ ലോകം പരിചയപ്പെടുത്തിയത്.ഭർത്താവിൽ നിന്നും അഭ്യസിച്ച ഫോട്ടോഗ്രാഫിയെന്ന കലയെ ഹോമൈ ജീവനെപ്പോലെ ചേർത്തുപിടിച്ചു. മികവുറ്റ പല ചിത്രങ്ങളും അവരുടെ ക്യാമറയിൽ പതിഞ്ഞു. ഇന്ത്യാചരിത്രത്തിലെ പ്രധാന സംഭവങ്ങളിൽ പലതും ഹോമൈയുടെ ക്യാമറക്കണ്ണുകൾ പകർത്തി.
പഠനവേളയിൽ എടുത്ത ആദ്യത്തെ ചിത്രം ഒരു പിക്നിക് ഫോട്ടോ ആയിരുന്നു. ഇത് ഒരു പ്രാദേശിക പത്രം പ്രസിദ്ധീകരിച്ചു. അതിലൂടെ ഹോമൈ ശ്രദ്ധിക്കപ്പെട്ടു. താമസിയാതെ കൂടുതൽ ഫ്രീലാൻസ് ജോലികൾ ലഭിച്ചു. അതെല്ലാം ഒരു തുടക്കം മാത്രമായിരുന്നു. ‘ദി ഇല്ലസ്ട്രേറ്റഡ് വീക്ക്ലി ഓഫ് ഇന്ത്യ’ മാസികയിൽ ഫോട്ടോകൾ പ്രസിദ്ധീകരിച്ചതിലൂടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ഇന്ത്യയുടെ ചരിത്രത്തിലെ പ്രധാനപ്പെട്ട പല സംഭവങ്ങളും പകർത്തുകയുണ്ടായി. അക്കാലത്താണ് ബ്രിട്ടീഷ് ഇൻഫർമേഷൻ സർവീസിലെ ഫോട്ടോഗ്രാഫർമാരായി ഹോമൈക്കും ഭർത്താവിനും ജോലി ലഭിച്ചത്. അതിനെത്തുടർന്ന് 1942 ൽ ദമ്പതികൾ ദില്ലിയിലേക്ക് താമസം മാറി. അക്കാലത്ത് ദില്ലിയിൽ ജോലി ചെയ്തിരുന്ന എണ്ണപ്പെട്ട ഫോട്ടോ ജേണലിസ്റ്റുകളിലൊരാളായി ഹോമൈ മാറി.
രാജ്യവിഭജനത്തിനുശേഷം ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഒരു സ്വതന്ത്ര രാജ്യത്തേക്കുള്ള ഇന്ത്യയുടെ പല മാറ്റങ്ങളും ഒപ്പിടുക്കാൻ അവർ തൻ്റെ ക്യാമറ ഉപയോഗിച്ചു. പിന്നിൽ ക്യാമറയും വഹിച്ച് തലസ്ഥാനത്തിലൂടെയുള്ള ഹോമൈയുടെ സൈക്കിൾയാത്ര കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു.
ഒരു ഫോട്ടോജേണലിസ്റ്റ് എന്ന നിലയിൽ, 1947 ഓഗസ്റ്റ് 15 ന് ചെങ്കോട്ടയിൽ ഉയർത്തിയ ആദ്യത്തെ പതാക, അവസാനത്തെ വൈസ്രോയി മൗണ്ട് ബാറ്റൺ പ്രഭു, മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്‌റു,ലാൽ ബഹദൂർ ശാസ്ത്രി തുടങ്ങിയവരുടെ അനേകം നിമിഷങ്ങൾ അവർ തന്റെ ക്യാമറയിൽ പകർത്തുകയും ആ ചിത്രങ്ങളെല്ലാം അനശ്വരമാവുകയും ചെയ്തു. പ്രമുഖ സ്വാതന്ത്ര്യസമര നേതാക്കളുടെ ഫോട്ടോയും അവർ എടുത്ത ചിത്രങ്ങളിൽ പെടുന്നു.

മഹാത്മാഗാന്ധിയുടെ മരണരംഗം പകർത്താൻ കഴിയാതിരുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖമെന്ന് ഒരു അഭിമുഖത്തിൽ അവർ പറയുകയുണ്ടായി. അന്നത്തെ പരിപാടിയിൽ പങ്കെടുക്കാൻ പോയ സമയത്ത് ഭർത്താവ് മറ്റ് എന്തോ ജോലിക്കായി അവരെ തിരികെ വിളിക്കുകയായിരുന്നു. അതേസമയം ഗാന്ധിജിയുടെ സംസ്ക്കാരച്ച ടങ്ങുകൾ പകർത്തുകയുണ്ടായി.
സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യ സന്ദർശിച്ച പ്രമുഖരുടേയും, വിശിഷ്ടാതിഥികളുടെയും ഫോട്ടോകൾ ഹോമൈ എടുത്തിട്ടുണ്ട്. ചൈനയുടെ ആദ്യ പ്രധാനമന്ത്രി ഷൗ എൻലൈ, വിയറ്റ്നാമീസ് നേതാവ് ഹോ ചി മിൻ, എലിസബത്ത് രാജ്ഞി, യുഎസ് പ്രസിഡന്റ് ജോൺ എഫ് കെന്നഡി എന്നിവരെല്ലാം അതിൽ ഉൾപ്പെടുന്നു. ആ ചിത്രങ്ങൾ എല്ലാം ഇന്ന് ചരിത്രത്തിന്റെ ഭാഗമാണ്.
രാജ്യത്തും വിദേശത്തുമുള്ള നിരവധി പ്രശസ്തരുടെ ഫോട്ടോയെടുത്തിട്ടുണ്ടെങ്കിലും, നെഹ്‌റുവിന്റെ ചിത്രങ്ങൾ പകർത്താനായിരുന്നു ഹോമൈയ്ക്ക് ഏറെ താല്പര്യം. നെഹ്റുവിന്റെ ഏറെ പരിചിതമായ നിരവധി ചിത്രങ്ങൾ പകർത്തിയത് ഇന്ത്യയുടെ ആദ്യത്തെ ഈ വനിതാ ഫോട്ടോ ജേണലിസ്റ്റാണ്.
ചരിത്രത്തിലെ അനേകം ചിത്രങ്ങൾ ഒപ്പിയെടുത്ത ഹോമൈ ഭർത്താവിന്റെ മരണശേഷം ജോലി ഉപേക്ഷിച്ചു. നാല് പതിറ്റാണ്ട് നീണ്ട സംഭവബഹുലമായ കരിയറിന് ശേഷം 1970 ൽ ഫോട്ടോഗ്രഫിയുടെ ലോകത്തുനിന്നും വിരമിച്ചു. അവരുടെ എല്ലാ ചിത്രങ്ങളും ഇന്നും പുതുതലമുറയ്ക്ക് ഒരു നാഴികക്കല്ലായും ചരിത്രമായും ഇപ്പോഴും സംവദിക്കുന്നു. ഏക മകൻ 1989 ൽ കാൻസർ ബാധിച്ച് മരിച്ചതോടെ ശിഷ്ടകാലം ഹോമൈ ഒറ്റപ്പെട്ട ജീവിതമാണ് നയിച്ചത്.
ഡൽഹി ആസ്ഥാനമായുള്ള ‘ദി അൽകാസി ഫൗണ്ടേഷൻ ഫോർ ദ ആർട്സി’ലെ സ്ഥിരം ശേഖരത്തിൻ്റെ ഭാഗമാണ് ഹോമൈ യുടെ ഫോട്ടോകൾ. ഡാൽഡ – 13 എന്ന ഓമനപ്പേരിലാണ് മിക്ക ചിത്രങ്ങളും പ്രസിദ്ധീകരിച്ചത്. അതിന് പിന്നിലും രസകരമായ ഒരു കഥയാണ്. 1913 ൽ ജനിച്ച ഹോമൈ 13 വയസ്സിലാണ് ഭാവി ഭർത്താവിനെ ആദ്യം കണ്ടത്. ആദ്യത്തെ കാറിൻ്റെ നമ്പർ DLD 13 എന്നായിരുന്നു.
അക്കാലത്ത് ഒരു വനിത ഫോട്ടോഗ്രാഫറുടെ ക്യാമറയിലൂടെ ഇത്തരം ചിത്രങ്ങൾ പകർത്തുകയെന്നത് തീർച്ചയായും വെല്ലുവിളി തന്നെയായിരുന്നു. എങ്കിലും കാലത്തോട് കിടപിടിക്കും തരത്തിലുള്ള ജീവസുറ്റ ചിത്രങ്ങൾ തന്നെയാണ് ഹോമൈയുടെ ക്യമറ ഒപ്പിയെടുത്തത്.
2011ൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു. 2012 ജനുവരി 15 ന് 98 വയസ്സിലാണ് ഹോമൈ കഥാവശേഷയായത്.

