കേരളത്തിൽ ആദ്യമായി താൻ ഒന്നിന് മൂന്ന് ലക്ഷം രൂപാ നിരക്കിൽ പത്തോളം പിഎച്ച്ഡി പ്രബന്ധങ്ങൾ എഴുതിക്കൊടുത്തിട്ടുണ്ടെന്നും അവരെല്ലാം കോളേജ് അദ്ധ്യാപരും ആയിരുന്നതിനാൽ കൃത്യമായി കാശും തന്നിരുന്നു എന്ന് സോഷ്യൽമീഡിയയിലൂടെ പരസ്യമായി പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ നവകേരള ഫെല്ലോഷിപ്പിന് അർഹയായ ഇന്ദു മേനോൻറെ ഭാഷാപരിജ്ഞാനം തൊണ്ടിസഹിതം വെളിപ്പെടുത്തി മാധ്യമപ്രവർത്തകൻ പ്രമോദ് പുഴങ്കരയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
എന്തായാലും ചങ്ങമ്പുഴയുടെ കുടിയൊഴിക്കലും വൈലപ്പിള്ളിയുടെ വാഴക്കുലയും ചേർത്തുവെച്ച പ്രബന്ധത്തിന് ഡോക്ടറേറ്റ് കിട്ടുകയും ടി പ്രബന്ധത്തിലെ പ്രമാദങ്ങൾ സാമ്രാജ്യത്വ ഗൂഢാലോചനയായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്ത നാടായതുകൊണ്ട് ശ്രീമതി മേനോനോക്കെ സുരക്ഷിതയാണ്. മാർക്വേസിനെ വായിച്ചതിന്റെ പ്രത്യാഘാതങ്ങളാണ് അവർ നമ്മളെ അനുഭവിപ്പിക്കുന്നത്. മാർക്വേസിനെ മോഷ്ടിച്ചിരുന്നെങ്കിൽ ശ്രീമതി മേനോൻ ഇതിലേറെ ഉയരങ്ങളിലെത്തുമായിരുന്നു. സാഹിത്യ മോഷണം ഒരു പുരോഗമന രാഷ്ട്രീയ വ്യവഹാരമായി ആഘോഷിക്കുന്ന നാടാണിത് എന്ന് പ്രമോദ് പുഴങ്കര പോസ്റ്റിൽ പരിഹസിക്കുന്നു.
“ഗബ്രിയേൽ ഗാർഷ്യ മാർക്കേസിനാണ് തെറ്റിയത്. ഇവരുടെ തർജ്ജമക്കനുസരിച്ചായിരുന്നു അങ്ങേർ എഴുതേണ്ടിയിരുന്നത്.” എന്നും “മാർക്വേസിനുള്ള മരണാനന്തര ഭീഷണിയായി ശ്രീമതി മേനോൻ മറ്റൊരു വിദൂര ഭൂഖണ്ഡത്തിലുണ്ട്” എന്നുമൊക്കെയുള്ള കമന്റുകളും പോസ്റ്റിനടിയിൽ നിറയുകയാണ്.
ഇവരെയൊക്കെകൊണ്ട് കൂലിക്കായാലും പ്രബന്ധമെഴുതിക്കുന്ന കേരളത്തിലെ കോളേജ് അദ്ധ്യാപകരുടെ ഗതികേടും ഉന്നത വിദ്യാഭ്യാസ രംഗത്തിൻറെ അവസ്ഥയുമൊക്കെ ലോക മാതൃകയാണല്ലോ എന്നോർക്കുമ്പോഴാണ് ഒരു സമാധാനം! തീർച്ചയായും ഇവർ തന്നെയാണ് പോസ്റ്റ് ഡോക്ടറൽ റിസേർച്ചിനുള്ള മുഖ്യമന്ത്രിയുടെ നവകേരള ഫെലോഷിപ്പിന് അർഹ!
ഫെയ്സ്ബുക്ക് പോസ്റ്റിൻറെ പൂർണ്ണരൂപം:
തീസിസുകളും പ്രബന്ധങ്ങളും ഇരുകൈകൾക്കൊണ്ടും എഴുതിക്കൊടുത്ത പരദൂഷണ തമാശ പറയുന്നവന് നാണമില്ലെങ്കിൽ കേൾക്കുന്നവനെങ്കിലും വേണമല്ലോ എന്ന ന്യായത്തിൽ ഇനി തൊടാതിരിക്കാൻ ശ്രമിക്കുമ്പോഴാണ് അല്പസ്വല്പമൊക്കെ സാഹിത്യമെഴുതും എന്നുകൂടി പരസ്യപ്പെടുത്തുന്ന ടി ശ്രീമതി ഇന്ദു മേനോൻ തന്നെ “വൈകാരികവും ആത്മീയവും ക്രിയാത്മകവുമായി അടിമുടി സ്പർശിക്കുകയും മാറ്റിമറിക്കുകയും ചെയ്ത അത്ഭുതകരമായ പുസ്തകമായിരുന്നു” (വാക്കുകൾ മേനോന്റേത്) എന്ന് വിശേഷിപ്പിച്ചുകൊണ്ട് Gabriel García Márquezഎഴുതിയ One Hundred Years of Solitude എന്ന, തന്റെ ബാല്യകാലം മുതലേ തന്നെ മാറ്റിമറിച്ച കൊടുങ്കാറ്റായ നോവലിനെക്കുറിച്ച് എഴുതിയതിലെ പാണ്ഡിത്യഗരിമയും സർഗ്ഗാത്മകതയും ചില സുഹൃത്തുക്കൾ fb -യിൽ പങ്കുവെച്ചത് കണ്ടത്. ഏകാന്തതയുടെ നൂറു വർഷങ്ങളിലേക്ക് കൂപ്പുകുത്തിയതിനെക്കുറിച്ച് പറയുമ്പോൾ മാർക്വേസിന്റെ മറ്റൊരു പുസ്തകത്തെക്കുറിച്ചും ശ്രീമതി മേനോൻ ഓർത്തെടുക്കുന്നു. “General At His Labyrinth” (എന്ന് മേനോൻ) എന്ന പുസ്തകമാണത്. കൊടുങ്കാറ്റും പേമാരിയുമൊക്കെയായി തന്നെ മാറ്റിമറിച്ച എഴുത്തുകാരനായ മാർക്വേസിന്റെ ആ പുസ്തകത്തിന്റെ പേര് “The General in His Labyrinth” എന്നാണെന്നാണ് മാർക്വേസ് പറയുന്നത്. തീസിസ് എഴുതിക്കൊടുത്തതല്ല proof നോട്ടവും ghost writing -ഉം ആണെന്ന് മേനോൻ പറയുമ്പോൾ ഇമ്മാതിരി മട്ടിലാണാ proof നോട്ടമെങ്കിൽ അതെന്താണെന്നാണ് നമുക്ക് സന്ദേഹമുണ്ടാവുക. എന്തായാലും മാറ്റിമറിച്ച പുസ്തകത്തെ മേനോൻ നിഗ്രഹിക്കുന്നത് അതിനു ശേഷമാണ്.
ഏകാന്തതയുടെ നൂറു വർഷങ്ങളിൽ നിന്നും മേനോൻ ഒരു ഭാഗം തർജ്ജമയായി കൊടുക്കുന്നു. അതിങ്ങനെയാണ്-‘അവൻ അതേ പഴഞ്ചൻ വസ്ത്രവും കാക്കയുടെ ചിറകുകൾ പോലെ തോന്നിക്കുന്ന തൊപ്പിയും ധരിച്ചിരുന്നു, അവന്റെ വിളറിയ ക്ഷേത്രങ്ങളിൽ നിന്ന് കൊഴുപ്പ് ഒഴുകുന്നു. ഔറേലിയാനോയും ജോസ് ആർക്കാഡിയോയും കുട്ടികളായിരിക്കുമ്പോൾ അവനെ കണ്ടതുപോലെ, ചൂടിൽ ഉരുകിയ അവന്റെ തല. അയാൾ ചെയ്യുന്നതെന്തെന്ന് എനിയ്ക്ക് കൃത്യമായി മനസ്സിലായി.”
ഇനി മാർക്വേസ് എഴുതിയതിന്റെ ഇംഗ്ലീഷ് പരിഭാഷ നോക്കൂ. “He was wearing the same old-fashioned vest and the hat that looked like a raven’s wings, and across his pale temples there flowed the grease from his hair that had been melted by the heat, just as Aureliano and José Arcadio had seen him when they were children”. Pale temples -നെയാണ് സർഗാത്മകതയുടെ ഗന്ധർവ്വൻ ബാധിച്ചുകൊണ്ട് വിളറിയ ക്ഷേത്രങ്ങളാക്കിയത്. ഇങ്ങനെയാണ് തന്നെ ഏറ്റവുമധികം മാറ്റിമറിച്ച പുസ്തകമെന്ന് പറയുന്ന പുസ്തകം അവർ വായിച്ചിട്ടുള്ളതെങ്കിൽ ബാക്കി പുസ്തകങ്ങളുടെ കഥയെന്താവും എന്ന് മാത്രമല്ല, ആ എഴുതിക്കൊടുത്തതും സഹായിച്ചതും proof നോക്കിയതുമായ മറ്റ് സാഹസങ്ങളുടെ അവസ്ഥയെന്താകും എന്നുകൂടിയാണ്. അഫ്ഗാനിസ്ഥാനിൽ റോയിട്ടേഴ്സ് നാല് പേരെ തട്ടിക്കൊണ്ടുപോയെന്നും ഇത്തവണ ഹജ്ജ് തീർത്ഥാടനത്തിനിടയിൽ അനാശാസ്യ സംഭവങ്ങളൊന്നും ഉണ്ടായില്ലെന്നുമൊക്കെ സഹർഷം തർജ്ജമ ചെയ്തവരെ നമുക്ക് നേരിട്ടറിയാം. എന്നാൽ അവരൊന്നും ഗവേഷക വഴികാട്ടികളോ ഗവേഷണ പ്രബന്ധങ്ങളുടെ കൈക്കുറ്റപ്പാട് തീർക്കുന്നവരോ തീസിസുകൾ നിമിഷാർദ്ധം കൊണ്ടെഴുതിത്തീർക്കുന്ന ഗണപതിമാരോ ആയിരുന്നില്ല. അവർ ഇത്തരം വഷളത്തങ്ങൾ എഴുതിക്കൊടുത്താൽ അത് മുൻപിൻ നോക്കാതെ സമഗ്രസാഹിത്യ സംഭാവനയായി പ്രസിദ്ധീകരിച്ചു വരികയുമില്ല. അതുകൊണ്ട് പൊറുക്കാവുന്നതും പിന്നീട് തിരുത്താവുന്നതുമായ സാധാരണ മനുഷ്യരായിരുന്നു.
എന്തായാലും ചങ്ങമ്പുഴയുടെ കുടിയൊഴിക്കലും വൈലപ്പിള്ളിയുടെ വാഴക്കുലയും ചേർത്തുവെച്ച പ്രബന്ധത്തിന് ഡോക്ടറേറ്റ് കിട്ടുകയും ടി പ്രബന്ധത്തിലെ പ്രമാദങ്ങൾ സാമ്രാജ്യത്വ ഗൂഢാലോചനയായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്ത നാടായതുകൊണ്ട് ശ്രീമതി മേനോനോക്കെ സുരക്ഷിതയാണ്. മാർക്വേസിനെ വായിച്ചതിന്റെ പ്രത്യാഘാതങ്ങളാണ് അവർ നമ്മളെ അനുഭവിപ്പിക്കുന്നത്. മാർക്വേസിനെ മോഷ്ടിച്ചിരുന്നെങ്കിൽ ശ്രീമതി മേനോൻ ഇതിലേറെ ഉയരങ്ങളിലെത്തുമായിരുന്നു. സാഹിത്യ മോഷണം ഒരു പുരോഗമന രാഷ്ട്രീയ വ്യവഹാരമായി ആഘോഷിക്കുന്ന നാടാണിത്.
എന്തായാലും മാർക്വേസ് പ്രസിദ്ധീകരിക്കേണ്ട എന്നുപറഞ്ഞുവെച്ച ഒരു പുസ്തകം (Until August) അദ്ദേഹത്തിന്റെ മരണാനന്തരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിക്കേണ്ടായിരുന്നു എന്നും, അങ്ങനെയല്ല അത്ര കേമമല്ലെങ്കിലും മോശമൊന്നുമല്ല എന്നൊക്കെയുള്ള പല അഭിപ്രായങ്ങളും വായിച്ചവർക്കിടയിലുണ്ട്. എന്തായാലും മരിച്ചുപോയ മാർക്വേസിന് ഇനിയതിലൊന്നും ചെയ്യാനില്ല. മാർക്വേസിനുള്ള മരണാനന്തര ഭീഷണിയായി ശ്രീമതി മേനോൻ മറ്റൊരു വിദൂര ഭൂഖണ്ഡത്തിലുണ്ട്. ഈ സർഗാത്മക നിഗ്രഹം നടത്തിയ അജീർണ്ണവാചകസാഹിത്യത്തിൽ ഇങ്ങനെക്കൂടി പറയുന്നുണ്ട് മേനോൻ, “ചിന്തയെ ദ്യോതിപ്പിച്ച, വായനയെ അമ്പരപ്പിച്ച, എന്നിലെ എഴുത്തുകാരിയെ വെല്ലുവിളിച്ച ഒരു പുസ്തകം” എന്ന്. മാർക്വേസിന്റെ വെല്ലുവിളി ശ്രീമതി മേനോൻ ഏറ്റെടുത്തതിന്റെ ബാക്കിയാണ് നമ്മളിപ്പോൾ കാണുന്നത്.

