Sun. Apr 21st, 2024

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ അരവിന്ദ് കെജ് രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഈ വിഷയത്തില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കി. ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍ അധ്യക്ഷനായ ബഞ്ചാണ് ഹരജി തള്ളിയത്.

സുര്‍ജിത് സിംഗ് യാദവ് എന്നയാളാണ് കെജ് രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കെജ് രിവാള്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നതിനുള്ള നിയമ തടസ്സം എന്താണെന്ന് പരാതിക്കാരനോട് കോടതി ചോദിച്ചു.

ഇതിനിടെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് അരവിന്ദ് കെജ് രിവാളിനെ റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കി. മാര്‍ച്ച് 21 ന് രാത്രിയാണ് മദ്യനയ അഴിമതി കേസില്‍ കെജ് രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് മാര്‍ച്ച് 28 വരെ കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു.

അരവിന്ദ് കെജ്‍രിവാളിന്റെ കസ്റ്റഡി കാലാവധി ഏപ്രിൽ ഒന്ന് വരെ നീട്ടി

ന്യൂഡല്‍ഹി: ഡൽഹി മദ്യനയ കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ഇഡി കസ്റ്റഡി ഏപ്രിൽ 1 വരെ നീട്ടി. വ്യാഴാഴ്ച കെജ്‌രിവാളിനെ ഇഡി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കി. ഏഴ് ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്നാണ് ഇഡി ആവശ്യപ്പെട്ടിരുന്നത്. വാദം കേട്ട ശേഷം റോസ് അവന്യൂ കോടതി കസ്റ്റഡി 4 ദിവസത്തേക്ക് നീട്ടി നൽകുകയായിരുന്നു.

ഇഡി കസ്റ്റഡി കാലാവധി ഇന്ന് തീർന്ന സാഹചര്യത്തിലാണ് കെജ് രിവാളിനെ വിചാരണ കോടതിയില്‍ ഹാജരാക്കിയത്. കെജ് രിവാളിനെ എത്തിക്കുന്നതിനാല്‍ കോടതിക്ക് പുറത്ത് വന്‍ സുരക്ഷ ഒരുക്കിയിരുന്നു. കോടതിക്ക് പുറത്ത് കേന്ദ്ര സേനയെ വിന്യസിച്ചു. ഡല്‍ഹി മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവര്‍ കോടതിയില്‍ എത്തി.

അരവിന്ദ് കെജ് രിവാളിന്റെ ഭാര്യ സുനിത കെജരിവാളും കോടതിയില്‍ എത്തിയിരുന്നു. മദ്യ നയ അഴിമതി കേസിലെ നിര്‍ണായക വെളിപ്പെടുത്തലുകള്‍ ഇന്നുണ്ടാകുമെന്ന് കെജ് രിവാളിന്റെ ഭാര്യ സുനിത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.