Sun. Apr 21st, 2024

തൃശൂര്‍: തമിഴ്‌നാട്ടില്‍ നിന്നുള്ള സ്ത്രീകള്‍ അടങ്ങിയ കവര്‍ച്ചാ സംഘം കേരളത്തില്‍ വ്യാപകമായി മോഷണം നടത്തുന്നതായി സൂചന. കേരളത്തിലെ ക്ഷേത്രോത്സവങ്ങളും ആഘോഷങ്ങളിലെ ജനത്തിരക്കും ലക്ഷ്യമിട്ടാണ് സംഘം എത്തിയതെന്നാണ് കരുതുന്നത്.

ബസില്‍ മോഷണം നടത്തിയ തമിഴ്നാട് മോഷണ സംഘത്തിലെ പ്രധാനിയായ യുവതിയെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തിരിച്ചന്തൂര്‍ ടെമ്പിള്‍ സ്വദേശിനി ഗായത്രി (സുബ്ബമ്മ 26) യെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം വേലൂര്‍ സ്വദേശിനി ഹിയാനിയുടെ പണമടങ്ങിയ ബാഗാണ് മോഷ്ടിച്ചത്. വേലൂരില്‍നിന്നു ബസില്‍ കേച്ചേരിയിലേക്കുള്ള യാത്രയ്ക്കിടെയാണ് യുവതിയുടെ 5,000 രൂപയും എ ടി എം കാര്‍ഡും ചികിത്സ രേഖകളും അടങ്ങിയ ബാഗ് കവര്‍ന്നത്. മോഷണം നടത്തിയ സ്ത്രീയുടെ ദൃശ്യങ്ങള്‍ ബസില്‍ ഘടിപ്പിച്ച സി സി ടി വി ക്യാമറയില്‍ പതിഞ്ഞു. കഴിഞ്ഞ ദിവസം വീണ്ടും യുവതി ബസില്‍ കയറി മോഷ്ടിക്കാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് പിടിയിലായത്. കൂടുതല്‍ ചോദ്യം ചെയ്യലില്‍ പ്രതി മോഷണ കുറ്റം സമ്മതിച്ചു.

കഴിഞ്ഞ നവംബറില്‍ അമ്പലത്തില്‍ മോഷണം നടത്തിയ സംഭവത്തില്‍ ജയിലില്‍ കഴിഞ്ഞിരുന്ന പ്രതി അടുത്തിടെയാണ് പുറത്തിറങ്ങിയത്. സബ് ഇന്‍സ്പെക്ടര്‍മാരായ യു മഹേഷ്, ജോഷി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഗ്രീഷ്മ, നൗഫല്‍, മിഥുന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.മലബാറിലെ വിവിധ ക്ഷേത്രോത്സവ സ്ഥലങ്ങളില്‍ നിന്നു സംശയാസ്പദമായ നിലയില്‍ തമിഴ് സംഘങ്ങള്‍ പിടിയിലായിട്ടുണ്ട്.