ഇടുക്കി: യുവതിയെ മൊബൈല്‍ ഫോണില്‍ വിളിച്ച് അശ്ലീലച്ചുവയോടെ സംസാരിക്കുന്നതു പതിവാക്കിയ പോലീസ് ഉദ്യോഗസ്ഥന് 18 മാസം തടവും പതിനായിരം രൂപ പിഴയും. മുരിക്കാശ്ശേരി സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടറായിരുന്ന കുറുക്കന്‍പറമ്പില്‍ തങ്കച്ചനെ (55) ആണ് ഇടുക്കി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. 2019 സെപ്തംബറിലാണ് ഇയാള്‍ യുവതിയെ അകാരണമായി ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തുകയും അശ്ലീലം പറയുന്നതും പതിവാക്കിയത്.
ഇതോടെ മുരിക്കാശ്ശേരി സ്വദേശിനിയായ യുവതി നിയമ നടപടി സ്വീകരിക്കുകയായിരുന്നു. പൊതു പ്രവര്‍ത്ത കയായ യുവതി ആദ്യം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും എസ് ഐക്കെതിരെ അന്വേഷണം നടത്താന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. പ്രതി വീണ്ടും ശല്യം തുടര്‍ന്നു. ഇതോടെ യുവതി ഇടുക്കി ജില്ലാ പോലീസ് മേധാവിക്ക് നേരിട്ട് പരാതി സമര്‍പ്പിക്കുകയായിരുന്നു.
ഈ പരാതിയില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കോടതി വിധി. സ്ത്രീ സുരക്ഷക്ക് മുന്‍തൂക്കം നല്‍കി പ്രവര്‍ത്തിക്കേണ്ട നിയമപാലകന്‍ തന്നെ ഇത്തരത്തില്‍ സ്ത്രീകളെ ഉപദ്രവിക്കുന്ന രീതി ഗൗരവതരമെന്ന് കോടതി നിരീക്ഷിച്ചു. പരാതിക്കാരിക്ക് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഇ രമേഷ് ഹാജരായി.


