✍️ അശോകൻ ചരുവിൽ
1924ല്‍ ആലുവയില്‍ നടന്ന സര്‍വ്വമതസമ്മേളനം കേരളചരിത്രവഴിയിലെ നിര്‍ണ്ണായകമായ ഒരു നാഴികക്കല്ലാണ്. ലോകത്ത് നിലനില്‍ക്കുന്ന വ്യത്യസ്ത മതങ്ങളേയും ദര്‍ശനങ്ങളേയും പഠിക്കാനുള്ള ശ്രീനാരായണഗുരുവിന്റെ ശ്രമമായിരുന്നു അത്.
വിവിധ മതങ്ങളിലെ പണ്ഡിതന്മാര് പ്രഭാഷകരായി എത്തി. ഹിന്ദുമതത്തിന്റെ വക്താവ് അന്നത്തെ ആര്യസമാജത്തിന്റെ പ്രസിഡണ്ട് പണ്ഡിറ്റ് ഋഷിറാം ആയിരുന്നു. ഇംഗ്ലീഷിലുള്ള അദ്ദേഹത്തിന്റ പ്രസംഗം ടി.കെ.മാധവന് പരിഭാഷപ്പെടുത്താന്‍ തുടങ്ങി.
പ്രസംഗം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ ടി.കെ.മാധവന് വെറുപ്പോടെ പരിഭാഷയില്‍ നിന്നു പിന്മാറി. പിന്നീട് സഹോദരന് അയ്യപ്പന് ദൗത്യം ഏറ്റെടുത്തു. വൈകാതെ അയ്യപ്പനും മടുത്തു, ഇറങ്ങിപ്പോയി. ഋഷിറാം പ്രസംഗത്തിലുടനീലുടനീളം പ്രകടിപ്പിച്ച അന്യമതവിദ്വേഷം -പ്രത്യേകിച്ചും ക്രിസ്തുമതനിന്ദയാണ് പരിഭാഷകരെ അസ്വസ്ഥരാക്കിയത്.
പ്രസംഗത്തിന്റെ പരിഭാഷയായിട്ടാണെങ്കില് പോലും ഗുരുസാന്നിദ്ധ്യത്തിൽ അന്യമതവിദ്വഷമുള്ള വാക്കുകൾ പറയുവാന്‍ മതേതരകേരളത്തിന്റെ സിംഹക്കുട്ടികള്‍ക്ക് കഴിയുമായിരുന്നില്ല. തുടര്‍ന്ന് മഞ്ചേരി രാമകൃഷ്ണയ്യരാണ് ആ പരിഭാഷ പൂര്‍ത്തിയാക്കിയത്. പ്രസംഗവും അയ്യരുടെ പരിഭാഷയും തമ്മില്‍ യാതൊരു ബന്ധവും ഉണ്ടായിരുന്നില്ലെന്നു മാത്രം.
ഇന്ന് ശ്രീനാരയണന്റെ പേരുപയോഗിക്കുന്ന ചില സംഘടനകളുടെ വേദിയില്‍ ചെല്ലുമ്പോള്‍ അണുവികീരണത്തേക്കാള് അപകടകരമായ അന്യമത വിദ്വേഷവിഷമല്ലാതെ മറ്റൊന്നും കേള്‍ക്കാറില്ല.
(അവലംബം: സച്ചിദാനന്ദസ്വാമികള്‍ എഴുതിയ സത്യവ്രതസ്വാമികളുടെ ജീവചരിത്രം)
വാൽ കഷ്ണം: ആലുവയിൽ നടന്ന സർവമത സമ്മേളനത്തിന്റെ മോഡറേറ്ററായിരുന്ന ഗുരു അവസാന ദിവസം നടത്തിയ തൻറെ കൺക്ലൂഷൻ പ്രസംഗത്തിൽ പറഞ്ഞത് ‘രണ്ടു ദിവസമായി ഇവിടെ നടന്നുവരുന്ന സമ്മേളനത്തിൽ പങ്കെടുത്ത വിവിധ മതപണ്ഡിതന്മാർ നടത്തിയ പ്രസംഗങ്ങളിൽ നിന്നും നമുക്ക് മനസിലാക്കാൻ കഴിയുന്നത് സ്നേഹത്തിൻറെ മതാണ് ക്രിസ്തുമതം എന്നും, സാഹോദര്യത്തിൻറെ മതമാണ് ഇസ്ളാം മതം എന്നും ചിന്തിക്കുന്നവൻറെ മതമാണ് ബുദ്ധമതം എന്നുമാണ്. എന്നാൽ ഈ സ്നേഹവും സാഹോദര്യവും എല്ലാം പരസ്പര പൂരകങ്ങളാണ്. അത് ചിന്തിക്കുന്നവനെ മനസ്സിലാകൂ, നാമായി ഒരു മതത്തിലും പെടുന്നില്ല, മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി.’ എന്നായിരുന്നു. അവിടെയും ഹിന്ദുവിനെപ്പറ്റി ഒന്നുംപറഞ്ഞില്ല. പിന്നീട് ഒരുവർഷത്തിനു ശേഷം 1925 ൽ നാഗ്പൂരിൽ ആർഎസ്എസ് രൂപം കൊണ്ടകാലത്തു തന്നെ അപകടം മണത്ത ഗുരു കേരളകൗമുദിയിൽ സിവി കുഞ്ഞിരാമാനുമായി നടത്തിയ അഭിമുഖത്തിൽ ഗുരുതന്നെ “എന്താണ് ഇന്ത്യയുടെ ഇന്നത്തെ പ്രശ്നം?” എന്ന് ചോദിച്ചുകൊണ്ട് നൽകുന്ന വിശദീകരണത്തിൽ “ഹിന്ദു എന്നൊരു മതമില്ലല്ലോ?” എന്ന് വ്യക്തമായി പറയുന്നുണ്ട്.


