Mon. Nov 23rd, 2026

തൃപ്പൂണിത്തുറ: പര്‍ദ ധരിച്ചെത്തി മുളകുപൊടി സ്പ്രേ ചെയ്ത് പണവും ആഭരണവും കവര്‍ന്ന കേസില്‍ യുവതി അറസ്റ്റില്‍. പാലക്കാട് കരിമ്പുഴ പടിഞ്ഞാറേതില്‍ ഫസീല (36) യെയാണ് ഹില്‍പാലസ് പോലീസ് അറസ്റ്റ് ചെയ്തത്. ചിട്ടി സ്ഥാപനമുടമയുടെ മുഖത്ത് മുളകുപൊടി സ്പ്രേ ചെയ്ത് പണവും ആഭരണവും കവര്‍ന്ന കേസിലാണ് യുവതി പിടിയിലായത്.

തൃപ്പൂണിത്തുറ പഴയ ബസ് സ്റ്റാന്‍ഡിനു സമീപം സാന്‍ പ്രീമിയര്‍ ചിട്ടി സ്ഥാപനയുടമ തൃപ്പൂണിത്തുറ കീഴത്ത് വീട്ടില്‍ കെ എന്‍ സുകുമാര മേനോനാണ് (72) കവര്‍ച്ചക്കിരയായത്. ഇക്കഴിഞ്ഞ 21-ന് രാവിലെയായിരുന്നു സംഭവം. ഓഫീസിലെ മേശയില്‍നിന്ന് പതിനായിരം രൂപയും സുകുമാര മേനോന്റെ രണ്ടര പവന്റെ മാലയും ഇവര്‍ കവര്‍ന്നിരുന്നു. പര്‍ദ ധരിച്ചു വന്നയാളാണ് മുഖത്ത് മുളകുപൊടി സ്പ്രേ ചെയ്ത് തന്നെ ആക്രമിച്ച് പണവും ആഭരണവും കവര്‍ന്നതെന്ന് സുകുമാര മേനോന്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.സിസിടിവി. ക്യാമറകളടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ കവര്‍ച്ച നടത്തിയത് സ്ത്രീയാണെന്ന് ഉറപ്പിച്ചത്. ഇവര്‍ കവര്‍ച്ചയ്ക്കുശേഷം ഓട്ടോറിക്ഷയില്‍ കണ്ണന്‍കുളങ്ങരയില്‍ വന്നിറങ്ങി പര്‍ദ അഴിച്ചുമാറ്റി ഓടുന്നതും തിരിച്ച് നടന്നു വരുന്നതുമായ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.

വിവിധ സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് ഫസീല. ഒറ്റപ്പാലത്ത് ഭര്‍ത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയതിനും ഭര്‍തൃപിതാവിനെ വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും ഫസീലയുടെ പേരില്‍ കേസുണ്ടെന്ന് പോലീസ് പറഞ്ഞു. കേസില്‍ ഇവരെ അഞ്ച് വര്‍ഷം കഠിനതടവിന് ഒറ്റപ്പാലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചിരുന്നു.