Mon. Nov 23rd, 2026

കോഴിക്കോട്: കൊയിലാണ്ടിയില്‍ സി.പി.എം നേതാവ് വെട്ടേറ്റ് മരിച്ചു. കൊയിലാണ്ടി ടൗൺ ലോക്കൽ സെക്രട്ടറി പി.വി സത്യനാഥ് ആണ് മരിച്ചത്. ചെറിയപുറം ക്ഷേത്രം ഉത്സവത്തിനിടെ ആണ് ആക്രമണമുണ്ടായത്. ശരീരത്തിൽ നാലിൽ അധികം മഴു കൊണ്ടുളള വെട്ട് ഏറ്റിട്ടുണ്ട്. അര മണിക്കൂറിനകം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രാത്രി 10 മണിക്കായിരുന്നു സംഭവം. പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രത്തിൽ ഗാനമേള നടക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. മദ്യലഹരിയിലുണ്ടായിരുന്ന ആളാണ് ആക്രമിച്ചത്. വ്യക്തിപരമായ പ്രശ്നങ്ങളാണ് ആക്രമണത്തിനു പിന്നിലെന്നാണ് പൊലീസിനു ലഭിക്കുന്ന സൂചന. കൊയിലാണ്ടിയിൽ ഇന്ന് സിപിഎം ഹർത്താൽ പ്രഖ്യാപിച്ചു.

മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽനിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്‍മോര്‍ട്ടം നടപടികൾക്കായി കൊണ്ടുപോകും. കൊയിലാണ്ടി സി.ഐ മെൽവിൻ ജോസഫിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആശുപത്രിയിലെത്തി പ്രാഥമികാന്വേഷണം ആരംഭിച്ചു. പ്രതിയെക്കുറിച്ചുള്ള സൂചന പൊലീസിനു ലഭിച്ചിട്ടുണ്ട്.

ഭാര്യ: ലതിക. മക്കൾ: മക്കൾ സലിൽനാഥ്, സെലീന. സഹോദരങ്ങൾ: വിജയൻ, രഘുനാഥ്, സുനിൽ.