Wed. Feb 21st, 2024

✍️ ലിബി. സി.എസ്

സഹോദരൻ അയ്യപ്പൻറെ അവസാനത്തെ പൊതു പരിപാടി ആയിരുന്ന 1967 ഡിസംബർ 30,31 1968 ജനുവരി1 തീയതികളിൽ നടന്ന ശിവഗിരി തീർത്ഥാടന സമ്മേളനത്തിൽ അദ്ദേഹം നടത്തിയ പ്രസംഗത്തിൻറെ സംക്ഷിപ്തമാണ്‌ ഇത്. 1968 ജനുവരി1 ന് ആയിരുന്നു ശിവഗിരി സമാധിമണ്ഡപത്തിൽ ഇപ്പോൾ ഉള്ള മാർബിൾ പ്രതിമ അനാച്ഛാദനം ചെയ്തത്. അന്നത്തെ രാഷ്‌ട്രപതി ഡോ. സക്കീർ ഹുസൈൻ ആണ് അത് അനാച്ഛാദനം ചെയ്തത്. ആ ചടങ്ങിൽ ആണ് സഹോദരൻ അയ്യപ്പൻ അവസാനമായി പ്രസംഗിച്ചത്. അതിന് ശേഷം അദ്ദേഹം പൊതുപരിപാടിയിൽ പങ്കെടുത്തിട്ടില്ല. 1968, മാർച്ച് 6 ന് അദ്ദേഹം അന്തരിച്ചു. അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടായിരുന്നു ചടങ്ങിൽ അദ്ധ്യക്ഷൻ.

അയ്യപ്പൻമാഷ് ആ ചടങ്ങിൽ മുഖ്യപ്രഭാഷകനായി മാറിയെങ്കിലും ക്ഷണിക്കപ്പെട്ട ഒരു അതിഥിയായിരുന്നില്ല. അന്ന് മഠവും എസ്‌എൻഡിപി യോഗവും നല്ല ബന്ധത്തിൽ ആയിരുന്ന സമയമായിരുന്നു. അതുകൊണ്ട് അവർക്കുകൂടി താത്പര്യമുള്ള പലരുമായിരുന്നു പ്രാസംഗികർ. ഗുരുവുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന പലരേയും ക്ഷണിച്ചിരുന്നുമില്ല. പക്ഷേ അന്നൊക്കെ ശിവഗിരി തീത്ഥാടന സമയത്ത് പലസ്ഥലങ്ങളിലുള്ള ഗുരുവിൻറെ മിക്കവാറും ശിഷ്യന്മാരൊക്കെ ഈ ദിവസങ്ങളിൽ അവിടെ ഒത്തുകൂടുക പതിവായിരുന്നു. അങ്ങനെ ഒരു സാധാരണ തീർത്ഥാടകനായി എത്തി തീർത്ഥാടന പന്തലിൽ മറ്റുള്ളവർക്കൊപ്പം ഇരിക്കുകയായിരുന്നു സഹോദരൻ അയ്യപ്പനും. പക്ഷേ സ്റ്റേജിൽ ഇരുന്ന ഇ എം എസ് തീർത്ഥാടനപ്പന്തലിൽ സഹോദരൻ ഇരിക്കുന്നത് കണ്ടിരുന്നു.

ശിവഗിരിയിലെ സ്വാമിയുടെ സ്വാഗത പ്രസംഗത്തിന് ശേഷം അദ്ധ്യക്ഷ പ്രസംഗത്തിന് എഴുന്നേറ്റ മുഖ്യമന്ത്രി ഇഎംഎസ് പ്രോട്ടോക്കാൾ അനുസരിച്ച് രാഷ്ട്രപതിയെ ആദ്യം അഭിസംബോധനചെയ്ത് തുടങ്ങേണ്ട പ്രസംഗം തുടങ്ങിയത് ഓഡിയൻസിന് ഒപ്പമിരുന്ന സഹോദരൻ അയ്യപ്പനെ അഭിസംബോധന ചെയ്തുകൊണ്ടാണ്. “ഒരായുസുകൊണ്ട് നാലുജൻമം ജീവിച്ചുതീർത്ത വെറും കെ. അയ്യപ്പനായി, അയ്യപ്പൻ മാഷായി, പിന്നീട് പുലയൻ അയ്യപ്പനായി അവസാനം മലയാളിയുടെ എക്കാലത്തെയും പ്രിയ്യപ്പെട്ട നിഷേധി സഹോദരൻ അയ്യപ്പനായി മാറിയ അയ്യപ്പൻമാഷാണ്‌ ആധുനീക കേരളത്തിൻറെ സൃഷ്ടാവ്” എന്നുപറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. അതിന് ശേഷമാണ് രാഷ്ട്രപതിയെപ്പോലും അഭിസംബോധന ചെയ്തത്. അപ്പോഴാണ് മറ്റുള്ളവരൊക്കെ അദ്ദേഹത്തെ കണ്ടത്. അങ്ങനെയാണദ്ദേഹത്തെ സ്റ്റേജിലേക്ക് ക്ഷണിച്ചുകൊണ്ടുവരുന്നതും അദ്ദേഹത്തെ പ്രസംഗിക്കാൻ നിർബന്ധിക്കുന്നതും. അതുകൊണ്ടുതന്നെ അതൊരു മുൻകൂട്ടി തയ്യാറാക്കിയ പ്രസംഗം ആയിരുന്നില്ല.


രാഷ്‌ട്രപതി ഡോ.സക്കീർ ഹുസൈൻ പങ്കെടുത്ത പരിപടിയിൽ സഹോദരൻ അയ്യപ്പൻ തൻറെ പ്രസംഗം തുടങ്ങുന്നത് ഇങ്ങനെയാണ് ‘കടലിൽ ചെന്നാലും വെള്ളം കോരി എടുത്താലേ കുടിക്കാൻ പറ്റൂ. ആ കോരുന്ന പാത്രത്തിൻറെ രൂപമായിരിക്കും ജലത്തിന്, നാരായണ ഗുരു ഒരു വലിയ കടൽ ആയിരുന്നു. ഗുരുവിനെപ്പറ്റി പലരും അതുകൊണ്ട് പലതും ധരിച്ചുവെച്ചിട്ടുണ്ട്…. എൻറെ ഗുരുവിനെ പറ്റി ഞാൻ ധരിച്ചു വെച്ചിരിക്കുന്നത് പറയാം‘ എന്ന ആമുഖത്തോടെയാണ് സഹോദരൻ പ്രസംഗം തുടങ്ങിയത്.

ഞാനും ദൈവ വിശ്വാസിയൊന്നും അല്ലെങ്കിലും ഏറ്റവും കൂടുതൽ തവണ ചൊല്ലിയിട്ടുള്ള ഒരു ഗുരുവിന്റെ കൃതി ദൈവദശകം ആണ്. അത് എഴുതുമ്പോൾ ഉള്ള ഗുരുവിന്റെ മനോവിചാരം എന്തായിരുന്നു എന്ന് പൂർണ്ണമായി ഉൾക്കൊള്ളാൻ ഒന്നും എനിക്ക് അന്നും ഇന്നും കഴിഞ്ഞിട്ടില്ല. എൻറെ മനസിലേക്ക് ഈ അമൂർത്തമായ പരികല്പനകൾ ഒന്നും കടന്നു വരില്ല. ദൈവദശകത്തിലെ ഗുരുവിൻറെ ‘നീ സത്യം ജ്ഞാനം ആനന്ദം എന്ന വരികൾ വായിക്കുമ്പോൾ എൻറെ മനസിലേക്ക് മുൻപൊക്കെ വന്നിരുന്നത് എൻറെ കുട്ടിക്കാലത്തെ പഴയ മൂന്ന് കാമുകിമാരാണ്. വീടിനടുത്ത് വാടകയ്ക്ക് താമസിക്കാൻ വന്ന സഹോദരിമാരായ മൂന്ന് പട്ടത്തി പെൺകുട്ടികൾ. സത്യലക്ഷ്മി ജ്ഞാന ലക്ഷ്മി, ആനന്ദ ലക്ഷ്മി. എന്നിവരെയാണെന്നും മൂന്നുപേരെയും അദ്ദേഹം ഒരേസമയം പ്രേമിച്ചെന്നും രസകരമായ അവരുടെ പ്രേമത്തെക്കുറിച്ചും ജാതിയിൽ തട്ടിത്തകരുന്ന ആ ആദ്യപ്രണയത്തെക്കുറിച്ചുമൊക്കെ വിവരിച്ച ശേഷം ഇപ്പോൾ ഈ വരികൾ കേൾക്കുമ്പോൾ തൻറെ മനസിലേക്ക് വരാറുള്ളത് ഗുരുവിൻറെ മൂന്ന് സവർണ്ണ ശിഷ്യന്മാരെയാണെന്നും.’സത്യം’ എന്ന് പറയുമ്പോൾ സത്യവൃത സ്വാമികളെയും ‘ജ്ഞാനം’ എന്ന് പറയുമ്പോൾ മഹാപണ്ഡിതനായിരുന്ന കുറ്റിപ്പുഴ കൃഷ്ണപിള്ളയെയും ‘ആനന്ദം’ എന്ന് പറയുമ്പോൾ ഗുരുവിൻറെ അവസാനത്തെ ശിഷ്യൻ ആനന്ദ തീർത്ഥസ്വാമികളെയുമാണ് എന്ന് സൂചിപ്പിച്ചശേഷം ഈ മൂന്ന് പേരെയും കുറിച്ച് വിശദീകരിച്ചുകൊണ്ടാണ് ആ പ്രസംഗം.

ഗുരുവിൻറെ ശിഷ്യന്മാരിൽ എന്നെപ്പോലെ വേറൊരു അയ്യപ്പനുണ്ടായിരുന്നു ചങ്ങനാശ്ശേരി അങ്ങാടിയിലെ വലിയ റൗഡിയും അവിടെ ഒരു കുടിപ്പള്ളിക്കൂടത്തിൽ അദ്ധ്യാപകനുംആയിരുന്ന കണ്ണിൽകണ്ട ഈഴവരെയും പുലയരെയും പറയരെയുമൊക്കെ തല്ലി കൈക്കരുത്ത് തീർത്തിരുന്ന ചങ്ങനാശ്ശേരി അയ്യപ്പൻപിള്ള. ഈ റൗഡി ഒരിക്കൽ ഗുരുവിനെ കാണാൻ വന്നു. ആലുവയിൽ ഒരു ചോകാസ്വാമി ഉണ്ടെന്നറിഞ്ഞു ഒന്ന് കൈകാര്യം ചെയ്യാൻ വന്നതായിരുന്നു. പക്ഷേ ഗുരുവിനെ നേരിൽ കണ്ടപ്പോൾ നാരായണൻറെ കണ്ണുകളിലെ ആർദ്രത അയ്യപ്പൻ പിള്ളയുടെ അഹങ്കാരം ശമിപ്പിച്ചു.കുറേനേരം അങ്ങനെ നോക്കിനിന്നിട്ട് കൈകൾ കൂപ്പി ‘പോട്ടേ’ എന്ന് അനുവാദം ചോദിച്ചു.”പോയിട്ട് വരാമല്ലോ?” എന്ന് ഗുരു അനുവാദവും നൽകി, അധികം താമസിയാതെ അയ്യപ്പൻ പിള്ള വന്നു.


ആ അയ്യപ്പൻ പിള്ളയാണ് ഗുരു തന്നെ പലപ്പോഴും “സത്യവൃതനെ കണ്ടുപഠിക്കൂ സത്യവ്രതന് അശേഷം ജാതിയില്ല; നമുക്കുപോലും അത്രയ്ക്ക് ജാതിപോയിട്ടില്ല ” എന്ന് റോൾമോഡലായി ചൂണ്ടിക്കാണിക്കാറുള്ള സത്യവൃത സ്വാമിയായി മാറിയത്. പിന്നീട് നാരായണഗുരുവിൻറെ ഉഗ്രപ്രാസംഗികനായ ശിഷ്യനായി മാറി സത്യവ്രതൻ.

ഗുരുവിൻറെ സാമീപ്യം ഒരു റൗഡിയെ എങ്ങനെയെല്ലാം മാറ്റിത്തീർക്കും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ആലുവയിൽനടന്ന സർവ്വമത സമ്മേളനത്തിൽ സത്യവൃത സ്വാമി നടത്തിയ സ്വാഗത പ്രസംഗം. അത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു മുൻ റൗഡി നടത്തിയ പ്രസംഗമാണത്.

“എൻറെ ഗുരു കരയുന്നതും ഞാൻ കണ്ടു. അത് സത്യവൃതൻ മരിച്ചപ്പോഴാണ്.” അകാലത്തിലുള്ള സത്യവൃതൻറെ മരണവർത്തയറിഞ്ഞ ഗുരു ചാരുകസേരയിലേക്ക് മറിഞ്ഞുവീണ് പൊട്ടിക്കരയുകയായിരുന്നു. അതിന്‌ ശേഷം അദ്ദേഹം പറഞ്ഞു, നമുക്കു ക്ഷീണം തോന്നുന്നു. എന്തെല്ലാം കർമ്മങ്ങൾ ചെയ്യാൻ നിശ്ചയിച്ചിരുന്ന ദേഹമാണ്. ജീവിച്ചിരുന്നവർക്ക് ഇതു കൊണ്ട് വിരക്തി തോന്നി ജീവിതകാലം മുഴുവൻ ഒരിടത്ത് കിടന്ന് ഉറങ്ങികളയാൻ സാധിക്കുന്നതല്ലല്ലോ. അതു കൊണ്ട് എല്ലാവരും നിശ്ചയിച്ച കർമ്മങ്ങളെല്ലാം തുടർന്നു ചെയ്യുക. ഹ്യദയശുദ്ധി, ജാതി ഇല്ലായ്മ. ഈ രണ്ടു കാര്യങ്ങളിൽ സത്യവ്രതൻ പൂർണ്ണനായിരുന്നു. സത്യവ്രതൻ സത്യവ്രതനായിതന്നെ മരിച്ചു. ആ ജീവിതാദർശങ്ങൾ ജനങ്ങളുടെ ഇടയിൽ പരത്താൻ ശ്രമിക്കണം” ഗുരുവിൻറെ ദൈവദശകത്തിലെ സത്യം എന്ന വാക്ക് കേൾക്കുമ്പോൾ എന്റെ മനസിലേക്ക് വരാറുള്ളത് സത്യവ്രത സ്വാമികളാണ്.


ഗുരു ആലുവ അദ്വൈതാശ്രമത്തിൽ താമസിക്കുമ്പോൾ തന്നെയാണ് പ്രൊഫ: കുറ്റിപ്പുഴ കൃഷ്ണപിളളയേയും ആദ്യമായി കാണുന്നത്. ആശ്രമത്തിന് അടുത്തുള്ള ആലുവ യു.സി കോളേജിൽ അധ്യാപകൻ ആയിരുന്ന അദ്ദേഹം ഒരുദിവസം ഉച്ചക്ക് ഗുരുവിനെ കാണാൻ ആശ്രമത്തിലേക്ക് ചെല്ലുകയായിരുന്നു.

അപ്പോൾ ഗുരു ആശ്രമത്തിൽ എടുത്ത് വളർത്തിയിരുന്ന രണ്ട് ദളിത് കുട്ടികളുമായി ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. കുറ്റിപ്പുഴക്കും ഒരു ഇല ഇട്ടുകൊടുത്തു ചോറും കറികളും വിളമ്പി. കുറ്റിപ്പുഴ ചോറ് ഉരുട്ടി വായോടു അടുപ്പിച്ചപ്പോൾ ഗുരു ചോദിച്ചു ’പോയോ ?’ എന്ന്. ജാതി പോയോ, തൊട്ടുകൂടായ്മ പോയോ എന്നൊക്കെയാണ് ഗുരു ഉദ്ദേശിച്ചതെന്ന് കുറ്റിപ്പുഴക്ക് മനസിലായി. ‘പോയി’ എന്ന് കുറ്റിപ്പുഴ ഉത്തരവും കൊടുത്തു.

അങ്ങനെ എല്ലാം പോയ കുറ്റിപ്പുഴ അന്നുമുതൽ ആലുവ അദ്വൈതാശ്രമത്തിലെ സംസ്കൃത അദ്ധ്യാപകനായി. അദ്ദേഹം പക്ഷേ കാവി ഉടുത്തില്ല. മരണം വരെ വെള്ള ഖദർ ജുബ്ബയും ഖദർ മുണ്ടുമായിരുന്നു വേഷം.

ഗുരു തൻറെ അവസാന നാളുകളിൽ മൂത്ര തടസത്താൽ അലറി കരയുമായിരുന്നു. പോസ്ട്രൈറ്റ് ക്യാൻസർ ആയിരുന്നു ഗുരുവിന്. ഒരു പീഡ എറുമ്പിനും വരുത്തരുതെന്ന് കരുതി ജീവിച്ച ഗുരു വേദനകൊണ്ട് പുളയുന്നതുകണ്ട് വലിയവായിൽ നിലവിളിക്കുന്നതുകേട്ട് ഇവർക്കാർക്കും മനസിലാകാത്ത ഒരു കാര്യം കുറ്റിപ്പുഴക്ക് മനസിലായി. ഈ ദൈവം എന്നൊന്നില്ലെന്ന്. അതദ്ദേഹം തൻറെ ആത്മകഥയിൽ എഴുതിവെച്ചിട്ടുണ്ട്. അങ്ങനെ ഒരു ദൈവം ഉണ്ടെങ്കിൽ ഞാൻ കണ്ടിട്ടുള്ളതിൽവെച്ചു ഇത്രയും മഹാത്മാവായ ഒരു മനുഷ്യൻ ഇത്രയും വേദന സഹിച്ചു മരിക്കില്ലായിരുന്നു എന്നും അതാണ് തന്നെ യുക്തിവാദിയാക്കിയതെന്നും. ദൈവദശകത്തിലെ ജ്ഞാനം എന്ന വാക്ക് കേൾക്കുമ്പോൾ എന്റെ മനസിലേക്ക് വരാറുള്ളത് മഹാപണ്ഡിതനായിരുന്ന കുറ്റിപ്പുഴ കൃഷ്‌ണപിള്ളയെയാണ്. ആനന്ദം എന്നവാക്ക് കേൾക്കുമ്പോൾ ആനന്ദതീർത്ഥനെയും.


അവസാനമയി അദ്ദേഹം സദസിൽ തന്നെ ഉണ്ടായിരുന്ന ഗുരുവിൻറെ തല്ലുകൊള്ളി ശിഷ്യന്മാരിൽ പ്രധാനിയായ ആനന്ദതീർത്ഥ സ്വാമിയും സന്യാസം സ്വീകരിക്കാനായി ഗുരുവിനെ പലതവണ കാണാൻ വരുന്നതും ഗുരു തിരിച്ചയക്കുന്നതും അനുസ്മരിച്ചുകൊണ്ടാണ് തൻറെ പ്രസംഗം അവസാനിപ്പിക്കുന്നത്. പയ്യന്നൂരിലെ അനന്ദ ഷേണായി. നാരായണ ഗുരു നേരിട്ട് സന്യാസം നൽകിയ അവസാന ശിഷ്യൻ, മുൻ ശിവഗിരി മഠം അധിപൻ ആയിരുന്ന ബ്രാഹ്‌മണൻ.

ഗുരു സമാധിയാകുന്നതിനു മൂന്ന് ദിവസം മുൻപ്, പലതവണ സന്യാസം സ്വീകരിക്കാൻ വന്നിട്ടും ഗുരു നിരുത്സാഹപ്പെടുത്തി തിരിച്ചയച്ചിട്ടുള്ള ആനന്ദനെ ടെലഗ്രാം ചെയ്തു വരുത്തി. ആനന്ദന് സന്യാസം കൊടുത്തു ആനന്ദ തീർത്ഥൻ എന്ന പേരും കൊടുത്തു. ആനന്ദൻ ടെലിഗ്രാം കിട്ടിയ സന്തോഷത്തിൽ ശിവഗിരിയിൽ എത്തിയപ്പോൾ ഗുരു കാപ്പി കുടിക്കുകയായിരുന്നു. കുടിച്ചുകൊണ്ടിരുന്ന കാപ്പിയുടെ പകുതി ആനന്ദന് കൊടുത്തു. അതായിരുന്നു ആനന്ദന്റെ സന്യാസ ദീക്ഷാ ചടങ്ങ്. ”നീ ഇപ്പോൾ തന്നെ പുറപ്പെട്ടോളൂ ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്, നീ തീരെ താഴ്ത്തട്ടിലുള്ളവർക്ക് വേണ്ടി പ്രവർത്തിക്കണം” ഇതായിരുന്നു മദ്രാസ് യൂണിവേഴ്സിറ്റിയിലെ അന്നത്തെ എം എ രണ്ടാം റാങ്ക് കാരൻ കൂടിയായിരുന്ന ശിഷ്യന് ഗുരു നൽകിയ സന്ദേശം.ശിഷ്യൻ അത് ജീവിതാവസാനം വരെ പാലിക്കുകയും ചെയ്തു.

സമാധിയാകുന്നതിന് മൂന്ന് ദിവസംമുമ്പ് ടെലഗ്രാം ചെയ്ത് വിളിച്ചുവരുത്തി സന്യാസം കൊടുത്ത ആനന്ദതീർത്ഥ സ്വാമിയാണ് ഗുരു നമുക്ക് നൽകിയ അവസാന സന്ദേശമെന്നും ഗുരുകുടിച്ച കാപ്പിയുടെ ബാക്കികുടിച്ച് സന്യാസദീക്ഷ സ്വീകരിച്ച് ഗുരു അവസാനിപ്പിച്ചിടത്തുനിന്നാണ് ആനന്ദൻ തുടങ്ങിയത് ഏന്നും ഓർമ്മിപ്പിച്ചുകൊണ്ടാണ് സഹോദരൻ തൻറെ പ്രസംഗം അവസാനിപ്പിക്കുന്നത്. ആനന്ദൻ എന്തായിരുന്നു എന്ന് മുൻപ് പലതവണ വിശദമായി പോസ്റ്റിയിരുന്നതിനാൽ കൂടുതൽ വിവരിക്കുന്നില്ല, ദളിതരുടെ വിമോചനത്തിനുവേണ്ടിയാണ് ആനന്ദൻ പ്രവർത്തിച്ചത്.അതാണ് ഗുരു നൽകിയ അവസാന സന്ദേശമെന്ന് ഓർമ്മിപ്പിക്കുന്നതായിരുന്നു പുലയൻ അയ്യപ്പനായ സഹോദരന്റെയും അവസാന പ്രസംഗം.