Wed. Feb 21st, 2024

വർക്കല: ശ്രീനാരയണ ഗുരുദേവ തൃപ്പാദങ്ങളിൽ പ്രണമിക്കാൻ പീതവസ്ത്രധാരികളായി ശ്രീനാരായണ ഗുരുഭക്തർ ഒഴുകിയെത്തിയപ്പോൾ ശിവഗിരിക്കുന്നും പ്രാന്തപ്രദേശവും പീതസാഗരമായി. 91-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ അഭൂതപൂർവ്വമായ ഭക്തജനത്തിരക്കാണ് ശിവഗിരി കണ്ടത്.

ഇന്നാണ് മഹാസമാധി മന്ദിരത്തിലെ ഗുരുദേവപ്രതിമ പ്രതിഷ്ഠാദിനം. രാവിലെ എട്ടു മണിക്ക് വിശേഷാൽ സമാരാധനയും പഷ്പകലശാഭിഷേകവുമുണ്ടാവും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പദയാത്രകൾ ഇന്നലെ പുലർച്ചെ മുതൽ ശിവഗിരിക്കുന്ന് ലക്ഷ്യമാക്കി എത്തിക്കൊണ്ടിരുന്നു. വനിതകൾ നേതൃത്വം കൊടുത്തുള്ള പദയാത്രകളും ധാരാളമായെത്തി. പ്രധാന പാതയായ റെയിൽവേ സ്റ്റേഷൻ റോഡു മുതൽ മഹാസമാധി വരെയുള്ള ഭാഗത്ത് തീർത്ഥാടകർ നിറഞ്ഞുനീങ്ങിയതോടെ വാഹന ഗതാഗതം അസാദ്ധ്യമായി. നാരായണ മന്ത്രങ്ങൾ ഉരുവിട്ടും ദൈവദശക ശ്ളോകങ്ങൾ ഭക്തിപാരവശ്യത്തോടെ ആലപിച്ചുമാണ് കൂട്ടത്തോടെ ഭക്തർ മഹാസമാധിയിലെത്തിയത്. സമാധിവളപ്പിലെ പഞ്ചാരമണലിൽ ധ്യാനനിമഗ്നരായിരുന്ന് ശ്രീനാരായണീയർ ഗുരുസ്മരണ പുതുക്കി. മഹാസമാധിക്ക് പുറമെ ശാരദാമഠവും വൈദിക മഠവും വലം വച്ചാണ് ഗുരുഭക്തർ നീങ്ങിയത്. സന്ധ്യ മയങ്ങിയതോടെ നിയന്ത്രിക്കാനാവാത്തവിധമായി ജനങ്ങളുടെ ഒഴുക്ക്. തെളിഞ്ഞ കാലാവസ്ഥയും ഞായറാഴ്ചയുമായതിനാൽ ദൂരെ ദിക്കിൽനിന്നു വരെയുള്ള ഗുരുഭക്തർ ട്രെയിൻ മാർഗ്ഗവും ബസുകളിലും രാവിലെ മുതൽ ശിവഗിരി ലക്ഷ്യമാക്കി എത്തിക്കൊണ്ടിരുന്നു


സംബർ 15 മുതൽ തീർത്ഥാടന കാലമായി ശിവഗിരി മഠം പ്രഖ്യാപിച്ചത് ഗുരുഭക്തർക്ക് സൗകര്യപ്രദമായി മഹാസമാധി ദർശനം സാദ്ധ്യമാക്കാനായിരുന്നെങ്കിലും, തീർത്ഥാടക ബാഹുല്യം കുറയ്ക്കാനായില്ല. ജനുവരി അഞ്ചുവരെയാണ് തീർത്ഥാടന കാലം. മഹാതീർത്ഥാടനത്തിലെ പ്രധാന ചടങ്ങായ തീർത്ഥാടന ഘോഷയാത്രയ്ക്കും വൻ ഭക്തജനപങ്കാളിത്തമായിരുന്നു. അലങ്കരിച്ച ഗുരുദേവ റിക്ഷയ്ക്ക് ഭക്തജനങ്ങൾ അകമ്പടി സേവിച്ചു.ശിവഗിരി പ്രാന്തവും മൈതാനവും ചുറ്റിയാണ് ഘോഷയാത്ര തിരികെ മഹാസമാധിയിലെത്തിയത്.