Fri. Mar 1st, 2024

കൊച്ചി: അഞ്ച് മാസമായി വിധവാപെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് അടിമാലി സ്വദേശിനി മറിയക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ തീരുമാനം നാളെ അറിയിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. കേന്ദ്രസര്‍ക്കാര്‍ വിഹിതം എന്തുകൊണ്ട് നല്‍കിയില്ലെന്ന് നാളെ കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ വ്യക്തമാക്കണമെന്നും കോടതി വ്യക്തമാക്കി.

സാമ്പത്തിക പ്രതിസന്ധിയാണ് പെന്‍ഷന്‍ മുടങ്ങാന്‍ കാരണമെന്നാണു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. അങ്ങനെയെങ്കില്‍ പണമില്ലായെന്ന് പറഞ്ഞ് സര്‍ക്കാരിന്റെ ഏതെങ്കിലും ആഘോഷങ്ങള്‍ മുടക്കുന്നുണ്ടോയെന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.


78 വയസുള്ള സ്ത്രീയാണ്. അവര്‍ക്ക് ജീവിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ല. മരുന്നിനും ഭക്ഷണത്തിനുമായാണ് 1600 രൂപക്ക് വേണ്ടി നിങ്ങള്‍ക്ക് മുമ്പില്‍ കാത്തുനില്‍ക്കു ന്നതെന്നും കോടതി പറഞ്ഞു. ആവശ്യമെങ്കില്‍ അഭിഭാഷകര്‍ ക്കിടയില്‍ പിരിവിട്ട് മറിയക്കുട്ടിക്ക് പണം നല്‍കാമെന്ന് അദ്ദേഹം പറഞ്ഞു. താമസിക്കാന്‍ സ്വന്തമായൊരു വീടുപോലും ഇല്ലെന്ന് മറിയക്കുട്ടി കോടതിയെ അറിയിച്ചിരുന്നു.

ക്ഷേമ പെന്‍ഷനിലെ കേന്ദ്ര വിഹിതം ലഭിക്കുന്നില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ജീവിക്കാന്‍ മറ്റൊരു മാര്‍ഗവുമില്ലാത്തതിനാല്‍ കോടതിക്ക് മുമ്പില്‍ എത്തിയ മറിയക്കുട്ടി ഒരു വി ഐ പിയാണ്. അങ്ങനെയാണ് കോടതി പരിഗണിക്കുന്നതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.