Sun. Feb 25th, 2024

കോഴിക്കോട്: ഓർക്കാട്ടേരി സ്വദേശി ഷബ്‌നയുടെ ആത്മഹത്യയിൽ ഭർത്താവ് ഹബീബും ഭർതൃസഹോദരിയും നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. ഭർതൃമാതാവ് നബീസയുടെയും ഭർത്താവിന്റെ അമ്മാവൻ ഹനീഫയുടെയും ജാമ്യാപേക്ഷയും അനുവദിച്ചില്ല. ഇരുവരും നിലവിൽ റിമാൻഡിൽ തുടരുകയാണ്.


ഷബ്‌നയുടെ മരണവുമായി ബന്ധപെട്ട് പ്രായം പരിഗണിച്ച് ഭർതൃപിതാവിനു മാത്രമാണ് നിലവിൽ കോഴിക്കോട് ജില്ലാ സെഷൻ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ഷബ്‌നയുടെ മരണത്തിൽ അമ്മാവൻ ഹനീഫയും ഭർതൃമാതാവ് നബീസയും മാത്രമാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്.

ഷബ്‌നയുടെ മരണത്തിൽ യുവതിയുടെ വീട്ടുകാർ ഭർതൃവീട്ടുകാർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഷബ്‌നയെ ഭർതൃവീട്ടുകാർ മർദിക്കുന്നതിന്റെ ദൃശ്യങ്ങളും യുവതിയുടെ വീട്ടുകാർ പുറത്തുവിട്ടിരുന്നു.