Fri. Mar 1st, 2024

ന്യൂഡൽഹി: പാർലിമെന്റ് ശീതകാല സമ്മേളനം നടന്നുകൊണ്ടിരിക്കെ ലോക്സഭയിൽ കളർ സ്പ്രേയുമായി കടന്നുകയറി ആക്രമണത്തിന് ശ്രമിച്ചതിന് പിന്നിൽ ആറ് പേരെന്ന് പോലീസ്. സാഗര്‍, മനോരഞ്ജന്‍, നീലംദേവി, അമോല്‍ എന്നീ നാലുപേരെ കൂടാതെ മറ്റു രണ്ടുപേര്‍ കൂടി സംഭവത്തിന് പിന്നിലുണ്ടെന്നാണ് പോലീസ് പറയുന്നത്. അഞ്ചാമന്റെ പേര് ലളിത് ഝാ എന്നാണ്. ഗുഡ്ഗാവ് സ്വദേശിയായ ഇയാളുടെ വീട്ടിലാണ് പ്രതികൾ താമസിച്ചിരുന്നത്. ഇവർ അഞ്ച് പേരും അറസ്റ്റിലായിട്ടുണ്ട്. ഗുഡ്ഗാവിൽ നിന്നുള്ള വിക്കി ശർമയാണ് ആറാമൻ. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്.

പ്രതികൾ പരിചയപ്പെട്ടത് സോഷ്യൽ മീഡിയ വഴിയെന്നാണ് സൂചന. ഒരേ ലക്ഷ്യമാണ് നാല് പേർക്കും ഉണ്ടായിരുന്നത്. സോഷ്യൽ മീഡിയയിലൂടെ ഉള്ള പരിചയംവെച്ച് നാല് പേരും പാർലിമെന്റ് ആക്രമിക്കാൻ പദ്ധതി തയ്യാറാക്കുകയായിരുന്നുവെന്നാണ് ചില കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മൂന്ന് മാസത്തെ ആസൂത്രണം ഇതിനായി പ്രതികൾ നടത്തിയെന്നും വിവരമുണ്ട്.


ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് ലോക്സഭയിൽ വൻ സുരക്ഷാ വീഴ്ച സംഭവിച്ചത്. സന്ദർശക ഗ്യാലറിയിൽ നിന്ന് രണ്ട് യുവാക്കൾ താഴേക്ക് ചാടി. ഒരു മേശയിൽ നിന്ന് മറ്റൊന്നിലേക്ക് ചാടിക്കയറിയ ഇവർ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ ഷൂവിനുള്ളിൽ കരുതിയ കളർ സ്പ്രേ പ്രയോഗിക്കുകയായിരന്നു. ഇതോടെ ലോക്സഭക്ക് ഉള്ളിൽ മഞ്ഞ നിറത്തിലുള്ള പുക നിറഞ്ഞു. തുടർന്ന് ചെയർമാനായിരുന്ന ബിജെപി അംഗം രാജേന്ദ്ര അഗർവാൾ സഭാനടപടികൾ രണ്ടുമണിവരെ നിർത്തിവച്ചു. ഇതേ സമയം പാർലിമെന്റ് മന്ദിരത്തിന് പുറത്തും രണ്ട് പേർ സമാനമായ രീതിയിൽ കളർ സ്പ്രേ പ്രയോഗിച്ചു.

സാഗർ, മനോരഞ്ജൻ എന്നീ പ്രതികളാണ് ലോക്സഭയിൽ കടന്നുകയറി ആക്രമണം നടത്തിയത്. നീലം, അമോൽ ഷിൻഡെ എന്നിവർ പുറത്തും ആക്രമണത്തിന് ശ്രമിച്ചു. സാഗര്‍ ശര്‍മ, ഉത്തര്‍ പ്രദേശിലെ ലഖ്‌നൗ സ്വദേശിയാണെന്നും മനോരഞ്ജന്‍ മൈസൂരു സ്വദേശിയാണെന്നുമാണ് പ്രാഥമിക വിവരം. പാര്‍ലമെന്റിന് പുറത്ത് അക്രമം കാണിച്ചവരില്‍ നീലം ദേവി ഹരിയാണയിലെ ഹിസാര്‍ സ്വദേശിനിയാണെന്നും അമോല്‍, മഹാരാഷ്ട്രയിലെ ലാത്തൂര്‍ സ്വദേശിയും.

പുക ആക്രമണം നടത്തിയ സാഗർ ശർമ മൈസൂരിൽ നിന്നുള്ള ബിജെപി എംപി പ്രതാപ് സിംഹയുടെ അതിഥിയായി സന്ദർശക ഗ്യാലറിയിൽ എത്തിയ ആളാണ്. സംഭവത്തെ തുടർന്ന് പ്രതാപ് സിംഹ ലോക്സഭാ സ്പീക്കർ ഓം ബിർളയെയും പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയെയും കണ്ട് വ്യക്തത വരുത്തി.