Sat. Mar 2nd, 2024

കൊച്ചി: മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള നവകേരള യാത്രക്കിടെ  ഡിവൈഎഫ്‌ഐ നടത്തിവരുന്ന ‘രക്ഷാപ്രവര്‍ത്തനം’ എംഎല്‍എയ്ക്ക് നേരെയും. പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിയെയാണ് കൈയേറ്റം ചെയ്തത്. എംഎല്‍എയുടെ ഡ്രൈവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നവകേരള യാത്രയ്‌ക്കെതിരായ പ്രതിഷേധത്തിനിടെ മര്‍ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴായിരുന്നു സംഭവം. ആശുപത്രി മുറ്റത്തുവെച്ചാണ് ഒരു സംഘമാളുകള്‍ എംഎല്‍എയെ കയ്യേറ്റം ചെയ്യുകയും ഡ്രൈവറെ മര്‍ദിക്കുകയും ചെയ്തത്.


അതേസമയം, പെരുമ്പാവൂരിലും കോതമംഗലത്തും മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് കെഎസ്.യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു. ഇവരെ പൊലീസ് നോക്കിനില്‍ക്കേ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നു. കോതമംഗലം ഇരുമലപ്പടി കനാല്‍ ജംഗ്ഷനിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. പെരുമ്പാവൂര്‍ ഓടക്കാലിയിയില്‍ നവകേരള ബസിന് നേര്‍ക്ക് കെഎസ്‌യു പ്രവര്‍ത്തകര്‍ ഷൂ ഏറിഞ്ഞു.

താന്‍ സഞ്ചരിക്കുന്ന വാഹനത്തിന് നേരെ ഷൂ ഏറിലേക്ക് പോയാല്‍ കടുത്ത നടപടികളിലേക്ക് പോകേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ താക്കീത് ചെയ്തിട്ടുണ്ട്. പിന്നെ വിലപിച്ചിട്ട് കാര്യമില്ലെന്നും അദേഹം പറഞ്ഞു.

നവകേരള സദസിനെത്തുന്നവര്‍ ഒന്നിച്ച് ഊതിയാല്‍ പറന്ന് പോകുന്നവരേയുള്ള എറിയാന്‍ വരുന്നവര്‍. നവകേരള സദസിനെ മറ്റൊരു രീതിയില്‍ തിരിച്ചുവിടാന്‍ നീക്കം നടക്കുകയാണ്. നവകേരള സദസിനു നേരെ വ്യാപകമായ തരത്തിലുള്ള ആക്രമണങ്ങളാണ് നടക്കുന്നതെന്നും അദേഹം പറഞ്ഞു.