Wed. Feb 21st, 2024

കോട്ടയം: സാമൂഹ്യമാധ്യമങ്ങൾ കേന്ദ്രീകരിച്ചുള്ള ഓൺലൈൻ വസ്ത്രവ്യാപാര തട്ടിപ്പ് വ്യാപകമാകുന്നു. സാമൂഹ്യമാധ്യമങ്ങളിൽ പരസ്യം നൽകിയും ആകർഷക പേജ് തയ്യാറാക്കിയും ഉപയോക്താക്കളെ സ്വാധീനിച്ച്‌ മുൻകൂർ പണം വാങ്ങിയശേഷം ഉൽപ്പന്നങ്ങൾ നൽകാതെ ‘മുങ്ങു’ന്നതാണ്‌ രീതി.

താരതമ്യേന കുറഞ്ഞ വിലയുള്ള ഉൽപ്പന്നങ്ങളുടെ പേരിലാണ്‌ തട്ടിപ്പ്‌. സാമൂഹ്യ മാധ്യമ പേജുകളിൽ വസ്ത്രങ്ങളുടെ ചിത്രങ്ങൾ അപ്‌‌ലോഡ് ചെയ്ത്, വിപണിയിലുള്ളതിനേക്കാൾ കുറഞ്ഞ വിലയിട്ടാണ്‌ ഉപയോക്താക്കളെ ആകർഷിക്കുക. വിശ്വാസ്യത ആർജിക്കാൻ ഉൽപ്പന്നത്തെക്കുറിച്ച്‌ നല്ല അഭിപ്രായങ്ങൾ ഓരോ പോസ്റ്റിനടിയിലും കമന്റുകളായും ഉണ്ടാകും.


ഫെയ്‌സ്‌ബുക്ക്‌ പേജിലെ വസ്ത്രങ്ങളുടെ ചിത്രവിവരണത്തിനൊപ്പം ചിലർ വെബ്‌സൈറ്റിലേക്കുള്ള ലിങ്കും നൽകും. അതിൽ ക്ലിക്ക് ചെയ്ത് കയറിയാൽ മറ്റ് ഷോപ്പിങ് സൈറ്റുകളിലേതിന്‌ സമാനമായി ഉൽപ്പന്നങ്ങൾ ബുക്ക് ചെയ്യാം. പക്ഷേ, ക്യാഷ് ഓൺ ഡെലിവറി എന്ന ഓപ്ഷനിൽ എത്ര ക്ലിക് ചെയ്താലും ബുക്കിങ് പൂർത്തീകരിക്കാനാവില്ല. നെറ്റ് ബാങ്കിങ്ങും മൊബൈൽ ബാങ്കിങ്ങുമായി ബന്ധപ്പെട്ട ഓപ്ഷനുകളിൽ ക്ലിക് ചെയ്താലുടൻ ബുക്കിങ് സ്വീകരിക്കും. ഉടൻ അക്കൗണ്ടിൽനിന്ന് തുക പോകും. ഓർഡർ ചെയ്‌ത വസ്ത്രമെത്തുമെന്ന് പറഞ്ഞ തീയതി കഴിഞ്ഞ് ദിവസങ്ങൾ പിന്നിടുമ്പോഴാണ്‌ തട്ടിപ്പ്‌ വെളിപ്പെടുക. വെബ്സൈറ്റ് ഇല്ലാത്തവർ ഫെയ്‌സ്‌ബുക്ക്‌ പേജിൻറെ ഇൻബോക്സ് വഴിയും വാട്‍സ് ആപ്പ് വഴിയുമാണ് ആളുകളെ പറ്റിക്കുന്നത്.

സൈറ്റിലും സാമൂഹ്യമാധ്യമ പേജുകളിലും നൽകിയ ഫോൺനമ്പറിൽ വിളിച്ചാലും ഫലമുണ്ടാകില്ല. പരാതി ഇ–മെയിൽ ചെയ്‌താലും പ്രതികരണവുമുണ്ടാകില്ലെന്ന്‌ തട്ടിപ്പിനിരയായവർ പറയുന്നു. 500 രൂപ മുതൽ 1000 രൂപ വരെയുള്ള വസ്ത്രങ്ങൾ കാട്ടിയാണ് തട്ടിപ്പ്. അതിനാൽ കുറച്ചു പണമല്ലേ നഷ്ടപ്പെട്ടതെന്ന് കരുതിയും നാണക്കേട് വിചാരിച്ചും ഭൂരിഭാഗവും പരാതിപ്പെടില്ല. പണം അടയ്ക്കുന്നതിനായി ഇവർ നൽകുന്ന അകൗണ്ടുകൾ പോലും ഇതിലെ യദാർത്ഥ തട്ടിപ്പുകാരുടേതല്ല. അവിടെ ജോലിക്കെത്തുന്ന ഏതെങ്കിലും പാവപ്പെട്ട സ്റ്റാഫുകളുടേതാവും.

കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ, പാമ്പാടി സ്റ്റേഷനുകളിൽ ഇത്തരത്തിലെ നിരവധിപരാതികൾ ലഭിച്ചിട്ടുണ്ട്. പാമ്പാടി സ്റ്റേഷനിൽ കേസിൽ പ്രതിയാക്കപ്പെട്ട സ്ത്രീ യഥാർത്ഥത്തിൽ തട്ടിപ്പുകാരുടെ സ്റ്റാഫ് മാത്രമായിരുന്നു എന്ന് പറയപ്പെടുന്നു. മുൻപ് നിരവധി ചീറ്റിങ് കേസുകളിൽ പ്രതിയായിട്ടുള്ള ഫിജോ ജോസഫ് എന്ന സ്ത്രീയാണ് ഈ സ്ഥാപനത്തിൻറെ ഉടമയെന്ന് പൊലീസ് വ്യക്തമാക്കി. അവരെയും ഇന്ന് കേസിൽ പ്രതിയാക്കിയിട്ടുണ്ടെന്ന് പാമ്പാടി പോലീസ് പറഞ്ഞു.

ഇത്തരം സ്ഥാപനങ്ങൾക്കെതിരെ പരാതികൾ ഉയർന്നാൽ കുറച്ചുദിവസങ്ങൾക്കകം സാമൂഹ്യ മാധ്യമങ്ങളിലെ പേജും ഷോപ്പിങ് സൈറ്റുകളിലെ ഇവരുടെ ലിങ്കും നിഷ്‌ക്രിയമാകും. കബളിപ്പിക്കപ്പെട്ടാൽ താമസിക്കുന്ന പരിധിയിലുള്ള പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകണമെന്ന് സൈബർ പൊലീസ് പറഞ്ഞു.