✍️ ചന്ദ്രപ്രകാശ് എസ് എസ്
ബുധിനി മരിച്ചുപോയിരിക്കും എന്ന മുൻവിധിയോടെയാണ് സാറാ ജോസഫ് നോവലെഴുത്ത് ആരംഭിച്ചത്. രണ്ട് അദ്ധ്യായം എഴുതി പൂർത്തിയാക്കിയപ്പോഴാണ് യഥാർത്ഥ ബുധിനി ജീവിച്ചിരിക്കുന്നു എന്ന് അറിയുന്നത്.
ബുധിനി എന്ന പേര് സാറടീച്ചർ ആദ്യമായി കേൾക്കുന്നത് സിവിക് ചന്ദ്രൻ്റെ ഒരു പ്രസംഗത്തിൽ നിന്നാണ്. അത് ബുധിനി എഴുതുന്നതിനും വർഷങ്ങൾക്ക് മുൻപ്.ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കെതിരായ പ്രതിഷേധത്തിൻ്റെ ഭാഗമായി സിവിക് ചന്ദ്രൻ നടത്തിയ ഒരു പ്രസംഗത്തിലാണ് ബുധിനി കടന്നുവന്നത്. അന്ന് വേദിയിൽ സാറാ ജോസഫും ഉണ്ടായിരുന്നു. അന്നുമുതൽ ബുധിനിയെക്കുറിച്ച് കൂടുതൽ അറിയാൻ നോവലിസ്റ്റ് ശ്രമിക്കുകയായിരുന്നു.ബുധിനിയെ ഒരു ഗവേഷണവിഷയം പോലെ സമീപിച്ചു.
കിട്ടാവുന്ന സ്രോതസ്സുകളിൽ നിന്നെല്ലാം ബുധിനിയുടെയും അണക്കെട്ടിൻ്റെയും വിശദാംശങ്ങളെടുത്തു. അപ്പോഴാണ് മനസ്സിലായത്, ഇതൊരു ഉപന്യാസമോ, ചെറുകഥയോ പോലെ ലളിതമല്ലെന്ന്.
ബുധിനിയുടെ കഥയിൽ നിരവധി വശങ്ങളുണ്ട്.ഗർത്തങ്ങളും, സമതലങ്ങളും,മലകളും,കുണ്ടുംകുഴിയുമുണ്ട്.
ഇന്ത്യാചരിത്രം മുതൽ ഇന്ത്യയുടെ വികസന ചരിത്രം തുടങ്ങി വ്യത്യസ്ഥമായ നിരവധി വേർഷനുകൾ. ഒരു പദ്ധതി നടത്തിപ്പിലൂടെ ആദിവാസികളെ അവരുടെ തനത് ഭൂപ്രദേശത്തുനിന്നും എങ്ങനെ തുടച്ചുമാറ്റപ്പെടുന്നു എന്നതുൾപ്പടെയുള്ള വിവിധ വശങ്ങൾ.
പിന്നീട് സന്താൾ ഗോത്രത്തിൽപ്പെട്ട ബുധിനിയെന്ന പെൺകുട്ടിയുടെ ജീവിതം,ചരിത്രം,ഭാഷ,സംസ്ക്കാരം എന്തെന്ന് കൂടുതൽ അറിഞ്ഞു. അന്വേഷണം ആഴത്തിലായപ്പോൾ രാജ്യത്ത് നടന്ന വിവിധ ഘട്ടങ്ങളിലെ വികസനം ആദിവാസികൾക്ക് വരുത്തിയ നഷ്ടങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കി.
1947 മുതൽ ആറരക്കോടിയിൽപ്പരം ആദിവാസികൾ വികസനങ്ങളുടെ പേരിൽ അവരുടെ സ്വന്തം ഭൂമിയിൽ നിന്നും കുടിയൊഴിപ്പിക്കപ്പെട്ടുവെന്ന് വിവിധ പഠനങ്ങളിലൂടെ മനസ്സിലാക്കി. ബ്രിട്ടീഷുകാർക്ക് അവരുടെ ഭരണകാലത്ത് ഭൂമി ഏറ്റെടുക്കൽ എളുപ്പമായിരുന്നു. ആളുകളെ കൊന്നും,അടിച്ചുവീഴ്ത്തിയും ഗോത്രഗൃഹങ്ങളിൽ നിന്നും അവർ നിഷ്ക്കാസിതരാക്കാൻ ബ്രിട്ടീഷുകാർക്ക് എളുപ്പമായിരുന്നു.
അതേസമയം സ്വതന്ത്ര ഇന്ത്യയിൽ ഈ രീതി പാടുണ്ടോ എന്ന ചിന്ത ബുധിനിയിൽ സന്നിവേശിപ്പിക്കാൻ സാറാ ജോസഫിന് കഴിഞ്ഞു.
ബുധിനിയുടെ രണ്ട് അദ്ധ്യായം പൂർത്തിയാക്കിയ ഉടൻ ജാർഖണ്ഡിലെ ബുധിനിയുടെ ഗ്രാമം സന്ദർശിക്കാൻ നോവലിസ്റ്റ് തീരുമാനിച്ചു.ബുധിനിയെ അറിയുന്നവരിൽ നിന്നും,നാട്ടുകാരിൽ നിന്നും ഒരു വിവരശേഖരണം നടത്താം എന്നത് മാത്രമായിരുന്നു താല്പര്യം.അതിനുവേണ്ടി ദാമോദർവാലി കോർപ്പറേഷൻ പി ആർ ഒ വിജയകുമാറിൻ്റെ ഫോൺനമ്പർ ഏറെ പരിശ്രമത്തിനൊടുവിൽ സംഘടിപ്പിച്ചു.
ബുധിനിയുടെ ഗ്രാമം സന്ദർശിക്കാനും ബുധിനിയെക്കുറിച്ച് ആളുകൾക്ക് പറയാനുള്ളത് കേൾക്കാനും ആഗ്രഹമുണ്ടെന്ന് വിജയകുമാറിനെ അറിയിച്ചു. അന്നേരം വിജയകുമാറിൻ്റെ മറുചോദ്യം “എന്തുകൊണ്ട് നിങ്ങൾ ബുധിനിയെ നേരിട്ട് കാണുന്നില്ല? നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ബുധിനിതന്നെ ഉത്തരം തരുമല്ലോ?”
ഇതു കേട്ട സാറാ ജോസഫ് ഞെട്ടി. ബുധിനി ജീവിച്ചിരിക്കുന്നു !
ബുധിനി ഖണ്ഡശ പ്രസിദ്ധീകരിച്ച മാതൃഭൂമി ആഴ്ചപ്പതിപ്പിൽ സാറാ ജോസഫ് ബുധിനിയെ കണ്ടുമുട്ടിയതിനെപ്പറ്റി എഴുതി –
“ബുധിനി ജീവിച്ചിരിക്കുന്നു എന്ന വിവരം എനിക്ക് വലിയ ഞെട്ടലായിരുന്നു. 2012 ജൂൺ 2ന് വന്ന ‘ആധുനിക ഇന്ത്യയുടെ മൺനിറഞ്ഞ ഭൂപ്രകൃതിയിൽ നിന്ന് ബുധിനിയെ വീണ്ടെടുക്കുന്നു’ എന്ന ഒരു ലേഖനം ഞാൻ ദി ഹിന്ദുവിൽ വായിച്ചു. അതിൽ 2010 ൽ ബുധിനി മരിച്ചുവെന്നായിരുന്നു വിവരം. ജീവിച്ചിരിക്കുന്ന ബുധിനിയെ കണ്ടുമുട്ടിയതിൽ ഞാൻ വളരെ സന്തോഷിക്കുന്നു.
എങ്കിലും ബുധിനിയ്ക്ക് എന്നോട് കൂടുതലായൊന്നും പറയാൻ ഉണ്ടായിരുന്നില്ല. കഴിഞ്ഞത് കഴിഞ്ഞു, എന്നുപറഞ്ഞ് ബുധിനി കൂടുതൽ സംസാരിക്കാൻ പോലും ആഗ്രഹിച്ചില്ല “
വെള്ളിയാഴ്ചയാണ് പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻ്റെ ‘ഗോത്രവധു’എന്ന വിളിപ്പേരിൽ സമുദായം ദുരിതക്കയത്തിലേക്ക് വലിച്ചെറിഞ്ഞ ബുധിനി മെജാൻ യാത്രയായത്. സാറാ ജോസഫ് തന്റെ നോവലിലൂടെ അനശ്വരയാക്കിയ ബുധിനി യാഥാർത്ഥ ജീവിതത്തിൽ നിന്നും വിടപറഞ്ഞ വിവരം മലയാളികളെ അറിയിച്ചതും സാറടീച്ചർ തന്നെ. ജീവിതത്തിലും നോവലിലും ബുധിനി ചരിത്രമായി.
ഇന്നത്തെ ഝാർഖണ്ഡിലെ ധൻബാദ് ജില്ലയിലെ പാഞ്ചേത് എന്ന സ്ഥലത്ത് ദാമോദർ നദിക്ക് കുറുകെ നിർമിച്ച അണക്കെട്ടിന്റെ ഉദ്ഘാടനം നിർവഹിക്കാനെത്തിയ നെഹ്റു ആ പ്രദേശത്തുകാരിയും സാന്താൾ വംശജയുമായ ബുധിനി മെജാൻ എന്ന ആദിവാസി പെൺകുട്ടിയെക്കൊണ്ട് ആ കർമം ചെയ്യിക്കുന്നു. ഡി വി സി (ദാമോദർ വാലി കോർപറേഷൻ) യുടെ നിർദ്ദേശാനുസരണം സ്റ്റേജിലെത്തിയ ബുധിനി നെഹ്റുവിനെ പൂമാലയണിയിച്ചു.
അവൾ ഉൾപ്പെടുന്ന സാന്താൾ ഗോത്രത്തിന്റെ വിശ്വാസമനുസരിച്ച് ബുധിനി ആ മാലയിടലോടെ അന്യഗോത്രക്കാരനായ ഒരാളുടെ ഭാര്യയായിക്കഴിഞ്ഞു. അങ്ങനെയൊരു ധിക്കാരം പ്രവർത്തിച്ചവളെ വെച്ചുപൊറുപ്പിക്കാനാവില്ലെന്നുറച്ച് അവർ ബുധിനിയെ ഗ്രാമത്തിൽ നിന്ന് പുറത്താക്കുന്നു.
ബുധിനി-സാറടീച്ചർ സംഭാഷണത്തിൽ നിന്ന് –
ബുധിനി:”ഞാനാരേയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. എനിക്കാരോടും ദേഷ്യമോ സ്നേഹമോ ഇല്ല”
സാറടീച്ചർ: “ബുധിനിമാ,നമ്മുടെ രാജ്യം നിങ്ങളോട് തെറ്റാണ് ചെയ്തത്.അത് തിരുത്താൻ…”
ബുധിനി:”രാജ്യമോ? ഏതാണ് എൻ്റെ രാജ്യം?”


