Sat. Nov 21st, 2026

✍️ ലിബി.സി. എസ്

ഞാനും ഈ ചന്ദ്രികാ സോപ്പ് പോസ്റ്റ് 2 ദിവസമായി പലരുടെയും വാളുകളിൽ കണ്ടിരുന്നു. കേരളത്തിലെ ഒരു പൊതുബോധം അങ്ങനൊക്കെയായതിനാൽ ലൈക്കാനും കമന്റാനും ഒന്നും പോയില്ല. എന്നാൽ ഇപ്പോൾ ചില ദളിത് ആക്ടിവിസ്റ്റുകൾ തന്നെ അത് ദളിത് സാഹിത്യമായോ, ചിലർ ദലിത്പക്ഷ രചനയായോ ഒക്കെ വ്യാഖ്യാനിച്ചും ന്യായീകരിച്ചും ഒക്കെ രംഗത്ത് വന്നതുകൊണ്ടുമാത്രം എനിക്ക് തോന്നിയ ചിലത് കുറിക്കുന്നു.

അതൊരു പുതിയ കഥയുടെ ത്രെഡ് ആണ്. ഇതിപ്പോൾ സോഷ്യൽമീഡിയയിലെ ഒരു പുതിയ ട്രെൻഡ് ആണല്ലോ? ആരെയെങ്കിലുമൊക്കെ ക്രൂശിച്ചുകൊണ്ട് യാതൊരു ആധികാരികതയും ഇല്ലാത്ത ലൈംഗീകാരോപണങ്ങളോ പൈങ്കിളി കഥകളോ ദീപ എഴുതിയിരിക്കുന്നതുപോലുള്ള പുരോഗമന ഉദാരതയോ ഒക്കെ സ്വന്തം അനുഭവമായി എഴുതി ഫെയ്‌സ്‌ബുക്കിൽ പോസ്റ്റ് ചെയ്യുക. അത് ക്ലിക്ക് ആയാൽ കുറച്ചുകൂടി ഡെവലപ്പ് ചെയ്ത് പുസ്തകമാക്കുക, എന്നതൊക്കെ! അതുപോലെ ഒരു ബിസിനസ് ആയേ ഇതിനെയും കാണേണ്ടതുള്ളൂ. അവർ ഒരു കഥാകൃത്ത് അല്ലേ? അതിൽ പോയി ലൗവും ലൈക്കും വാരി വിതറിയവരൊക്കെ ദളിത് വിരുദ്ധരായതുകൊണ്ടൊന്നുമല്ല. അവർക്കതിലെ ദളിത് വിരുദ്ധത മനസിലാകാഞ്ഞിട്ടാണ്. കേരളത്തിലെ ഒരു പൊതുബോധം ഇങ്ങനെയൊക്കെയാണ്. അതിന് പറ്റിയ എഴുത്താണ് അവരുടേത്. ലൈക്കുകളും ലൗ ഉം ദീപയ്ക്കും അമ്മയ്ക്കും ഉള്ളതാണ്.


ദളിത് സാഹിത്യവും- ദളിത് പക്ഷ രചനയും!

ദളിത് അനുഭവങ്ങൾ ദലിതരല്ലാത്ത ആരെങ്കിലും ആവിഷ്കരിച്ചുകൂട എന്നോ ദളിത് പക്ഷ രചനകൾ പാടില്ല എന്നോ ദളിത് ആക്ടിവിസ്റ്റുകൾ ആരെങ്കിലും പറഞ്ഞതായി ഞാൻ കണ്ടില്ല! അങ്ങനെ പാടില്ലേ എന്ന് ചിലർ ചോദ്യമുന്നയിച്ചിരിക്കുന്നത് കണ്ടു. ഒരുനൂറ്റാണ്ട് മുൻപേ മലയാളത്തിൽ അത്തരം സൃഷ്ടികൾ ഉണ്ട്.

ദളിതനെ മനുഷ്യനായി അംഗീകരിച്ച് അവതരിപ്പിച്ച മലയാള സാഹിത്യത്തിലെ ആദ്യകൃതി ആശാൻറെ ദുരവസ്ഥയാണ്. അതിനുമുൻപ് സാഹിത്യത്തിലും ദളിതൻ വിറക് വെട്ടിയും വെള്ളം കോരിയുമൊക്കെ മാത്രം ആയിരുന്നു. ആലങ്കാരികമായി മലയാളത്തിലെ ആദ്യത്തെ ദളിത് സാഹിത്യമാണ് ദുരവസ്ഥ എന്നൊക്കെ ചിലർ പറയാറുണ്ടെങ്കിലും അത് ഒരു ദളിത് സാഹിത്യമല്ല, ഒരു ദളിത് പക്ഷ രചന മാത്രമാണ്. ആശാൻ കണ്ട് നിന്നിട്ട് അദ്ദേഹത്തിൻറെ നീതിബോധത്തിന് യോജിക്കാൻ പറ്റാത്തതിനാൽ എഴുതിയതാണ്. അല്ലാതെ അദ്ദേഹത്തിൻറെ അനുഭവമല്ല. എന്നാൽ അതിനേക്കാൾ തീഷ്ണമായി അതാവിഷ്കരിക്കാൻ അതനുഭവിക്കുന്നവർക്ക് പറ്റും. അതിനെയാണ് ദളിത് സാഹിത്യം എന്ന് പറയുക. അതാണ് നമ്മുടെ വിനായകനും പറഞ്ഞത് ‘ഞാൻ ഒരു പുലയനാണ്. എൻറെ സംഗീതം ഭീകരമായിരിക്കും. അത് നിങ്ങൾക്ക് താങ്ങാൻ പറ്റില്ലെന്ന്’.

ദളിത് അനുഭവങ്ങൾ മാത്രമല്ല തീഷ്ണമായ ഏതനുഭവവും അങ്ങിനെയാണ്. ഇടികൊണ്ടാൽ എങ്ങനെയിരിക്കുമെന്ന് പൊകുന്നംവർക്കിക്ക് ബോധ്യമായപ്പോഴാണ് അദ്ദേഹം ലോക്കപ്പ് മർദ്ദനത്തെ കുറിച്ച് കഥയിൽ എഴുതാൻ തുടങ്ങിയത്. പുറത്തുവെച്ചുള്ള ഇടിപോലല്ല ലോക്കപ്പിലിട്ട് ഏതെങ്കിലും ഒരു പിസി നാറാപിള്ള ഇടിക്കുന്നത്. പുറത്താണെങ്കിൽ 10 ഇടി ഇടിക്കുമ്പോൾ ഒരു ഇടിയെങ്കിലും നമുക്ക് കൊടുക്കാൻ പറ്റും. ഇത് കൊള്ളുകമാത്രമേ നിർവാഹമുള്ളൂ. അത് കണ്ടുനിൽക്കുന്നവർക്കും എഴുതാമെങ്കിലും അത് അനുഭവിച്ച ആൾ എഴുതുന്നത്രയും തീഷ്ണത ഉണ്ടാവില്ലേ.


ദളിത് സാഹിത്യവും Subaltern Studies ഉം ഒക്കെ ഡെവലപ്പ് ചെയ്യുന്നതിന് മുൻപ് തന്നെ 19 ആം നൂറ്റാണ്ടിന്റെ രണ്ടാം പകുതിമുതൽ കേരളത്തിൻറെ സാമൂഹ്യമണ്ഡലത്തിലുണ്ടായ നവോത്ഥാനത്തിൻറെ മാറ്റങ്ങൾ സാഹിത്യം പരിശോധിച്ചാലും നമുക്ക് കാണാൻ പറ്റും. ഭക്തി പ്രസ്ഥാനത്തിൻറെ ആവിർഭാവത്തോടെ 5 ആം നൂറ്റാണ്ട് മുതൽ ഇൻഡ്യയിൽ കേട്ടുതുടങ്ങുന്ന രാമകഥയിൽ (കേരളത്തിൽ രാമനും കൃഷ്‌ണനും എത്തുന്നത് 7 ആം നൂറ്റാണ്ടിലാണ്) സീത നല്ല അനുസരണയുള്ള ഒരു കുലസ്ത്രീ ആയിരുന്നു. എന്നാൽ 20 ആം നൂറ്റാണ്ട് ആകുമ്പോൾ ആശാൻ സീതയെ പിടിച്ച് തിരിച്ച് നിർത്തുന്നു. ഒരു ഇടംതിരുപ്പത്തി സീതയാണ് ആശാന്റെ സീത. രാമന് അഭിമാനമുണ്ടെങ്കിൽ സീതയ്ക്കും അഭിമാനമുണ്ടെന്നും രാമന് കുലമഹിമയുണ്ടെങ്കിൽ സീതയായ തനിക്കും കുലമഹിമയുണ്ടെന്നും സ്ത്രീകൾക്കും അഭിമാനമുണ്ടെന്നും പറയുന്ന ഒരു സീതയും ” നെല്ലിൻ ചുവട്ടിൽ മുളയ്ക്കും കാട്ടു പുല്ലല്ല സാധു പുലയൻ” എന്ന് പറയുന്ന ഒരു പുലയൻ ഉണ്ടാകുന്നു, പിന്നേയും ആശാൻ “ചണ്ഡാലി തൻ മെയ് ദ്വിജൻറെ ബിജപിണ്ഡത്തിന് ഊഷരമാണോ?” എന്ന വലിയ ചോദ്യം ഉന്നയിക്കുന്നു. ദുരവസ്ഥയിലെത്തുമ്പോൾ വിടി ഭട്ടതിരിപ്പാടൊക്കെ നമ്പൂതിരി സ്ത്രീയെ അടുക്കളയിൽ നിന്ന് അരങ്ങത്ത് എത്തിക്കുന്നതിന് മുൻപ് തന്നെ പുലയനെ നമ്പൂതിരി സ്ത്രീയെക്കൊണ്ട് കിടക്കപ്പായയിലേക്ക് ക്ഷണിപ്പിക്കുകയും കൂടെ കിടത്തി ഇറക്കുകയും ചെയ്യുന്നുണ്ട് ആശാൻ.

വിടി ഭട്ടതിരിപ്പാടിനൊക്കെ അരങ്ങു വരെയേ എത്തിയുള്ളൂ. നമ്മുടെ പൊതുബോധവും അതാണ് അരങ്ങത്ത് വരെയേ പാടുള്ളൂ കിടക്കപ്പായിൽ വരേ പാടില്ല എന്നുപറഞ്ഞാണ് ദുരവസ്ഥ പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരളാ യൂണിവേഴ്സിറ്റിയിൽ കേരളത്തിലെ ആദ്യത്തെ പാഠപുസ്തക വിവാദം ഉണ്ടായത്.


20 ആം നൂറ്റാണ്ടിൻറെ രണ്ടാം പകുതിമുതൽ സാമൂഹ്യരംഗത്ത് കേരളം യു-ടേൺ അടിച്ചെങ്കിലും സാഹിത്യത്തിൽ അതുണ്ടായില്ല എന്ന് ആശ്വസിക്കാം. പിന്നീട് ചങ്ങമ്പുഴയിലെത്തുമ്പോൾ നട്ടുനനച്ച് വളർത്തിയ കുല തമ്പ്രാൻവെട്ടിക്കൊണ്ടുപോകുമ്പോൾ “ഇതിനൊക്കെ പ്രതികാരം ചെയ്യതടങ്ങുമോ പതിതരെ നിങ്ങൾതൻ പിന്മുറക്കാർ?” എന്ന് പറയുന്ന പുലയനും ഇടശ്ശേരിയിലേക്കത്തുമ്പോൾ “കൊയ്യില്ലീവിള മറ്റാരും” എന്ന് ധീരമായി പറയുന്ന പുലയനുമൊക്കെ സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇതൊന്നും ദളിത് സാഹിത്യമായിരുന്നില്ല ദളിത് പക്ഷ രചനകൾ മാത്രമാണ്. അതോടൊപ്പംതന്നെ മലയാളത്തിലെ ദളിത് സാഹിത്യശാഖയും ശക്തിപ്രാപിക്കുന്നുണ്ട്. അതിനിടയിൽ ഇതുപോലുള്ള ചില ഐറ്റങ്ങളും ഉണ്ടെന്നേയുള്ളൂ. അതെല്ലാക്കാലത്തും ഉണ്ടായിരുന്നു. അല്ലാതെ മലയാള സാഹിത്യത്തിൽ ഈ സാമൂഹ്യരംഗത്തുണ്ടായ പുനരുത്ഥാനം ബാധിച്ചിട്ടില്ലെന്ന് തന്നെ പറയാം. അതിൽ ആശങ്കപ്പെടേണ്ടതില്ല.

ഇവിടെ ചന്ദ്രിക സോപ്പ് പോസ്റ്റിൻറെ വിഷയത്തിൽ ദളിത് ആക്റ്റിവിസ്റ്റുകൾ ഉന്നയിച്ചത് കൃത്യമായ ചോദ്യമാണ് “വി.കെ. ദീപ ഏത് ജാതിയാണ്?” എന്ന ചോദ്യം!

“ആ കുട്ടി കറുത്തിട്ടാണ്, വൃത്തിയില്ല, മറ്റു കുട്ടികളെ പോലെയല്ല, മിനിയുടെ ചെവി എപ്പോഴും പൊട്ടി ഒലിച്ചു കൊണ്ടാണ്, മൂക്കും അങ്ങിനെതന്നെ. പേൻ നെറ്റിയിൽ വന്ന് നിൽക്കും, ആകെ രണ്ട് കുപ്പായം ഉണ്ട്. അതാണെങ്കിൽ തിരുമ്പൂം ഇല്ല. പുഴുപ്പല്ലത്തി. തുറന്ന് പിടിച്ച വായിൽ നിന്ന് എപ്പോഴും തുപ്പൽ ഊറിച്ചാടും” തുടർന്ന് മിനി ദലിത് ആണ് എന്നും മിനിയുടെ ബഞ്ചിൽ ഇരിക്കുന്ന മറ്റ് 4 കുട്ടികളും ദളിത് ആണെന്നും അവരെല്ലാം മിനിയേക്കാൾ കുറച്ച് ഭേദമാണെന്ന് മാത്രം” എന്നും വി.കെ. ദീപ എഴുതുന്നുണ്ട്. അപ്പോൾ ഇതെഴുതുന്ന ദീപയുടെ ജാതി ഏതാണ്? എന്നത് വളരെ പ്രസ്കതമാണ്. അത് അറിഞ്ഞാലേ വി.കെ. ദീപ എഴുതിയിരിക്കുന്ന പുരോഗമന ഉദാരതയെ വിലയിരുത്താനാവൂ. കൃത്യവും രാഷ്ട്രീയവുമായ ചോദ്യമാണ് അത്.