Wednesday, December 6, 2023

Latest Posts

ഉത്തര്‍പ്രദേശില്‍ ഹലാല്‍ ഉല്‍പ്പന്ന നിരോധനത്തിന് പിന്നാലെ സഹാറ മാളില്‍ റെയ്ഡ്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഹലാല്‍ മുദ്രയുള്ള ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചതിന് പിന്നാലെ ലഖ്‌നൗവിലെ പ്രശസ്തമായ സഹാറമാളില്‍ കഴിഞ്ഞ ദിവസം എഫ്എസ്ഡിഎ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. മാളിലെ വിവിധ സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഇറച്ചി, പാല്‍, ശീതളപാനീയം, ഡ്രൈ ഫ്രൂട്ട്‌സ് തുടങ്ങിയവ പരിശോധിച്ചു. എട്ട് കമ്പനികള്‍ക്കെതിരെ പരാതികള്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

ഹലാല്‍ മുദ്രണം ചെയ്ത ഉല്‍പ്പന്നങ്ങള്‍ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. ഹലാല്‍ സര്‍ട്ടിഫിക്കേഷനുള്ള ഭക്ഷ്യ ഉല്‍പന്നങ്ങളുടെ ഉല്‍പ്പാദനം, സംഭരണം, വിതരണം, വില്‍പ്പന എന്നിവ അടിയന്തര പ്രാബല്യത്തില്‍ നിരോധിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, കയറ്റുമതിക്കായി നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം ബാധകമാകില്ല. എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.


ശനിയാഴ്ചയാണ് ഹലാല്‍ സാക്ഷ്യപ്പെടുത്തിയ മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയുടെ ഉല്‍പാദനം, സംഭരണം, വിതരണം, വാങ്ങല്‍, വില്‍പന എന്നിവ ഉത്തര്‍പ്രദേശില്‍ നിരോധിച്ചത്. ഭക്ഷ്യ ഉല്‍പന്നങ്ങളുടെ ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ഒരു സമാന്തര സംവിധാനമാണെന്നും, ഇത് ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നും ഉത്തരവില്‍ പറയുന്നു.

ഭക്ഷ്യ നിയമ ഭക്ഷ്യ സുരക്ഷാ സ്റ്റാന്‍ഡേര്‍ഡ് നിയമത്തിലെ സെക്ഷന്‍ 89 പ്രകാരം ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ബാധകമല്ലെന്നും ഉത്തരവില്‍ പറയുന്നു. ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം തീരുമാനിക്കാനുള്ള അവകാശം പ്രസ്തുത നിയമത്തിലെ സെക്ഷന്‍ 29 ല്‍ നല്‍കിയിരിക്കുന്ന അധികാരികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മാത്രമേ ഉള്ളൂ. അവര്‍ നിയമത്തിലെ വ്യവസ്ഥകള്‍ക്കനുസരിച്ച് മാനദണ്ഡങ്ങള്‍ പരിശോധിക്കുന്നുവെന്നും ഉത്തരവില്‍ വ്യക്തമാക്കി. മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്നിവയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിയമങ്ങളില്‍ ലേബലുകളില്‍ ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ അടയാളപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകളൊന്നും ഇല്ലെങ്കിലും ചില മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്നിവയില്‍ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ചെയ്യുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

1940-ലെ ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് ആക്ടിലും അതുമായി ബന്ധപ്പെട്ട നിയമങ്ങളിലും ഹലാല്‍ സര്‍ട്ടിഫിക്കേഷനെക്കുറിച്ചൊന്നും പരാമര്‍ശിച്ചിട്ടില്ല. വ്യാജ ഹലാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി വില്‍പ്പന വര്‍ധിപ്പിക്കാന്‍ ആളുകളുടെ മതവികാരം മുതലെടുത്തെന്നാരോപിച്ച് ഒരു കമ്പനിക്കും മറ്റ് ചില സംഘടനകള്‍ക്കുമെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്.





 

Latest Posts

spot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.