Wed. Nov 25th, 2026

തിരുവനന്തപുരം: കേരളത്തെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്ന കേരളീയം വരും വര്‍ഷങ്ങളിലും കൂടുതല്‍ വിപുലമായി സംഘടിപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അടുത്ത കേരളീയത്തിനായി പ്രവര്‍ത്തനം ഇപ്പോഴെ തുടങ്ങും അതിനായ് ചീഫ് സെക്രട്ടറി ചെയര്‍മാനായി സംഘാടക സമിതിക്ക് മന്ത്രിസഭാ യോഗം തീരുമാനിച്ചു. അടുത്ത കേരളീയത്തിന്റെ തയ്യാറെടുപ്പുകള്‍ ഈ കമ്മിറ്റി ആരംഭിക്കും. സാംസ്‌കാരിക മേഖലയില്‍ ചെലവഴിക്കുന്ന പണം ധൂര്‍ത്തെന്നു പറയുന്നത് അംഗീകരിക്കാനാവില്ല. സാംസ്‌കാരിക പരിപാടികളെ നിഷേധിക്കുന്നത് ഫാസിസത്തിന്റെ സ്വഭാവമാണ്.


ചുരുങ്ങിയ സമയത്തിനുള്ളിലാണു കേരളീയം സംഘടിപ്പിക്കപ്പെട്ടത്. സ്വാഭാവികമായി ഉണ്ടായ ആശങ്കകളെ അകറ്റി കേരളീയതയുടെ ആഘോഷമായി. മലയാളികളടെ മഹോത്സവമായി. സ്വാഭാവികമായ പിഴവുകള്‍ തിരുത്തി അടുത്ത വര്‍ഷവും കേരളീയം സംഘടിപ്പിക്കും. മറ്റു നാടുകളില്‍ നിന്നുള്ള പങ്കാളിത്തം ഉറപ്പുവരുത്തും.

കേരളത്തെ കൂടുതല്‍ മികവോടെ ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കുകയാണു ലക്ഷ്യം. ബഹിഷ്‌കരിച്ചു നില്‍ക്കുന്നവരെ സഹകരിപ്പിക്കാന്‍ ശ്രമിക്കണം. ആറു പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ലോകത്തിനു മുന്നില്‍ അനുകരണീയമായ മാതൃക എന്ന നിലയില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ കഴിയുന്നതു ചെറിയകാര്യമല്ല. ഒരു ജനവിഭാഗത്തിന്റെ നിലവാരം അളക്കുന്ന എല്ലാ മാനകങ്ങളിലും കേരളംലോക നിലവാരത്തിലാണ്. അതി ദരിദ്രരെ ഇല്ലാതാക്കുന്ന പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 2025 നു മുമ്പുതന്നെ അതിദരിദ്രരെ തുടച്ചു നീക്കുന്നതില്‍ ഗണ്യമായ പുരോഗതി നേടും.

കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരെ പോലുള്ള പ്രമുഖര്‍ കേരളത്തെ കുറിച്ച് വലിയ പ്രത്യാശ പങ്കുവച്ചു. കേരളീയത്തെ കുറിച്ചുള്ള വിമര്‍ശനങ്ങളും ആക്ഷേപങ്ങളും വലിയ തോതില്‍ ബാധിച്ചില്ല. ബി ജെ പി നേതാവ് ഒ രാജഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍ സമാപന സമ്മേളനത്തില്‍ എത്തി.


ഭാവി കേരളത്തിന്റെ നയ രൂപീകരണത്തിനു സഹായകമാകും വിധം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖരുടെ അഭിപ്രായം ചര്‍ച്ച ചെയ്തു. സെമിനാറില്‍ മുപ്പതിനായിരത്തിലധികം പേര്‍ പങ്കെടുത്തു. സെമിനാറില്‍ ഉയര്‍ന്നുവന്ന ആശയങ്ങളും നിര്‍ദ്ദേശങ്ങളും നവകേരളത്തിനു മാര്‍ഗരേഖയാവും. കേരളത്തിന്റെ പുരോഗതി ലോക സമക്ഷം വീണ്ടും വീണ്ടും പറയേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംരംഭകര്‍ എത്തി. മുന്നൂറോളം സാംസ്‌കാരിക പരിപാടികള്‍ നടന്നു.

കേന്ദ്ര നിലപാടാണ് കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്കു കാരണ്. തനത് വരുമാനം ഉയര്‍ത്തിയും ധന മാനേജ്‌മെന്റ് വഴിയും സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ശ്രമിക്കുന്നത്. ജി എസ് ടി വരുമാനം 23,000 കോടി വര്‍ധിപ്പിച്ചു. റവന്യൂ കമ്മി ഒരു ശതമാനത്തില്‍ താഴെ എത്തിയത് ചരിത്രത്തില്‍ ആദ്യമായാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ തനതു വരുമാന സ്രോതസ്സുവഴിയാണ് ചെലവുകള്‍ പ്രധാനമായും നിര്‍വഹിച്ചത്. സംസ്ഥാനത്തിന്റെ ഭാവിയിലേക്കുള്ള ആലോചനകള്‍ മാറ്റിവയ്ക്കാനാവില്ല.പരിപാടിയുടെ വരവു ചെലവു കണക്കുകള്‍ പിന്നീട് പ്രസിദ്ധീകരിക്കും. സൗജന്യങ്ങള്‍ പാടില്ലെന്ന കേന്ദ്ര നിലപാട് അംഗീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


ആദിവാസി കലയെ ഉപയോഗിച്ചുള്ള വ്യാജ പ്രചാരണം കേരളീയത്തിന്റെ ശോഭ കെടുത്താനുള്ള ശ്രമം

കേരളീയം പരിപാടിയുടെ വന്‍ വിജയത്തിന്റെ ശോഭ കെടുത്തുക എന്ന ലക്ഷ്യത്തോടെ കെട്ടിച്ചമച്ചതാണ് ആദിമം പരിപാടിക്കെതിരായ പ്രചാരണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നാടോടി ഗോത്ര കലാകാരന്‍മാര്‍ക്ക് അവരുടെ പരിപാടി അവതരിപ്പിക്കാനുള്ള വേദി ഒരുക്കിയതാണ് ആദിമം.

പളിയനൃത്തം അവതരിപ്പിച്ചതില്‍ ഒരുതെറ്റും കാണാനാവില്ല. പരമ്പരാഗത ഗോത്ര വിഭാഗത്തില്‍ പെട്ട കലാകരന്‍മാര്‍ക്ക് ഫോക്ലോര്‍ അക്കാഡമിയാണു വേദിയൊരുക്കിയത്. അവരെ പ്രദര്‍ശന വസ്തുക്കളാക്കി എന്ന പ്രചാരണം ശരിയായ ഉദ്ദേശ്യത്തോടെ നടന്നതല്ല. തങ്ങളുടെ പ്രകടനം ജനം കണ്ടതില്‍ അവര്‍ സന്തുഷ്ടരായിരുന്നു.

പരമ്പരാഗത കുടിലിനു മുന്നില്‍ കലാകാരന്‍മാര്‍ വിശ്രമിക്കുന്ന ചിത്രം പ്രദര്‍ശനമാണെന്നു പ്രചരിപ്പിക്കുകയാണുണ്ടായത്. ആദിമ മനുഷ്യരുടെ ജീവിതവും ആചാരാനുഷ്ഠാനങ്ങളും പരിചയപ്പെടുത്തുന്നത് ലോകത്തെമ്പാടും നടക്കുന്നു. കേരളീയം ജനശ്രദ്ധ നേടിയപ്പോള്‍ അതിന്റെ ശോഭ കെടുത്താന്‍ ശ്രമമുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.