തിരുവനന്തപുരം: ബാറുടമകളും സർക്കാരും ഒത്തുകളിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നികുതി കുടിശിക പിരിച്ചെടുക്കാനുളള തീരുമാനം അട്ടിമറിച്ചതിന് പിന്നിൽ അഴിമതിയെന്നും കോഴ വാങ്ങിയത് ആരൊക്കെയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ബാറുകളിലെ നികുതി കുടിശിക പിരിച്ചെടുക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തിയെന്ന് പ്രതിപക്ഷം നിരന്തരം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയതാണ്. വീഴ്ച പറ്റിയെന്ന് സർക്കാർ സമ്മതിച്ചതുമാണ്. എന്നിട്ടും കുടിശിക പിരിക്കാനുള്ള തീരുമാനം സർക്കാർ തന്നെ അട്ടിമറിച്ചു. കുടിശിക അടയ്ക്കാത്ത ബാറുകൾക്ക് മദ്യം കൊടുക്കുന്നത് സർക്കാർ നിർത്തി വച്ചതാണ്. എന്നാൽ ബാറുടമകളുടെ സമ്മർദ്ദത്തെ തുടർന്ന് ഈ തീരുമാനം പിൻവലിച്ചെന്നാണ് മാദ്ധ്യം വാർത്തകൾ.
തീരുമാനം സർക്കാർ പിൻവലിക്കുമെന്ന് ബാറുടമകൾക്ക് മുൻകൂട്ടി അറിയാമായിരുന്നു. അനുകൂല തീരുമാനം ഉണ്ടാക്കുന്നതിന് വേണ്ടി ബാറുടമകൾ സംഘടനാതലത്തിൽ പണപ്പിരിവ് നടത്തിയെന്ന വിവരങ്ങളും പുറത്തു വരുന്നു. കൊടിയ അഴിമതിയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. സർക്കാരിനെക്കൊണ്ട് തീരുമാനം പിൻവലിപ്പിക്കുന്നതിന് ആരൊക്കെയാണ് ബാർ ഉടമകളിൽ നിന്നും കോഴ വാങ്ങിയത്? മന്ത്രിമാരും രാഷ്ട്രീയ നേതൃത്വവും ഉൾപ്പെടെ സംശയ നിഴലിലാണ്. ഇതേക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിടാൻ മുഖ്യമന്ത്രി തയാറാകണം.
ചുരുങ്ങിയത് 300 കോടി രൂപയെങ്കിലും ബാറുകളിൽ നിന്ന് നികുതി കുടിശിക പിരിക്കാനുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോഴും കുടിശിക പിരിക്കുന്നതിൽ സർക്കാരിന് ആത്മാർത്ഥതയില്ല. ബാറുകളുടെ ടേണ്‍ ഓവർ എത്രയെന്നത് സംബന്ധിച്ച കൃത്യമായ പരിശോധനയുമില്ല. ബാർ ഉടമകൾ നൽകുന്നതാണ് സർക്കാരിന്റെ ആധികാരിക കണക്ക്. ഇത് കൂടി ചേരുമ്പോൾ നഷ്ടകണക്ക് വീണ്ടും കൂടും. ബാറുടമകളുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിലൂടെ ധനവകുപ്പ് തന്നെയാണ് ഖജനാവിന് കോടികളുടെ നഷ്ടമുണ്ടാക്കുന്നത്.’ വി ഡി സതീശൻ പറഞ്ഞു.


