Tue. Nov 24th, 2026

കോട്ടയം: നായ സംരക്ഷണ കേന്ദ്രത്തിന്റെ മറവില്‍ ലഹരിക്കച്ചവടം നടത്തിയ കേസില്‍ പ്രതി റോബിന്‍ ജോര്‍ജ് പിടിയില്‍. തമിഴ്‌നാട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. നാല് സംഘങ്ങളായി തിരിഞ്ഞായിരുന്നു പോലീസ് അന്വേഷണം നടത്തിയത്. കോട്ടയം കുമാര നല്ലൂരിലെ ‘ഡെല്‍റ്റ കെ-9’ എന്ന നായ പരിശീലന കേന്ദ്രത്തില്‍നിന്ന് 18 കിലോ കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്.

നായകളെ പരിശീലിപ്പിക്കുന്നതിന്റെ പേരില്‍ വാടകക്ക് വീടെടുത്ത് റോബിന്‍ ജോര്‍ജ് എന്ന യാളാണ് ലഹരിവില്‍പ്പന നടത്തിയിരുന്നത്. പതിമൂന്നോളം നായ്ക്കളാണ് ഇയാളുടെ കേന്ദ്ര ത്തിലുണ്ടായിരുന്നത്. മിക്കസമയത്തും നായ്ക്കളെ അഴിച്ചുവിടുന്നതിനാല്‍ ആരും ഇവിടേക്ക് അടുത്തിരുന്നില്ല. പ്രതിയുടെ പിതാവിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.


അമേരിക്കന്‍ ബുള്ളി, പിറ്റ്ബുള്‍ തുടങ്ങിയ നായകളെയാണ് ഇയാള്‍ വളര്‍ത്തിയിരുന്നത്. ഇവയെ പരിശീലിപ്പിക്കുന്ന നിരവധി വീഡിയോകള്‍ ഇയാള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. കാക്കി കണ്ടാല്‍ കടിക്കാന്‍ വരെ ഇയാള്‍ നായകളെ പരിശീലിപ്പിച്ചിരുന്നതായും പോലീസ് പറഞ്ഞിരുന്നു.

വളര്‍ത്തുനായകളുടെ ഹോസ്റ്റല്‍ സൗകര്യവും ഇവിടെ ഒരുക്കിയിരുന്നു. രാത്രികാലങ്ങളില്‍ പലരും ബൈക്കുകളിലും കാറുകളിലുമായി ഇവിടെ എത്തിയിരുന്നതായാണ് സമീപവാസികള്‍ പറയുന്നത്. ചില രാത്രികളില്‍ നൃത്തവും സംഗീതവും ഉണ്ടാകും. ശല്യം വര്‍ധിച്ചതോടെ പലരും റോബിനോട് സംസാരിച്ചെങ്കിലും അയാള്‍ ഇതൊന്നും കേട്ടതായി നടിച്ചില്ല. ഇതോടെയാണ് സമീപവാസികള്‍ പോലീസില്‍ പരാതി നല്‍കിയത്.