കൊച്ചി: കൊച്ചിയില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ് നടത്താന്‍ ശ്രമം. വാഹന വാടക ആവശ്യപ്പെട്ട് ബേക്കറി ഉടമയില്‍ നിന്ന് പണം കൈക്കലാക്കാനായിരുന്നു ശ്രമം. സംശയം തോന്നിയ ബേക്കറി ഉടമ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതോടെ തട്ടിപ്പുകാരന്‍ കാറില്‍ രക്ഷപ്പെട്ടു.
ഇടപ്പള്ളി പത്തടിപ്പാലത്തെ റോയല്‍ സ്വീറ്റ്സ് എന്ന കട ഉടമയില്‍ നിന്നാണ് നിന്ന് പണം തട്ടാന്‍ ശ്രമം നടന്നത്. രാവിലെ ഒമ്പത് മണിയോടെ കടയിലെത്തിയ ആള്‍ ഫുഡ് സേഫ്റ്റി ഓഫീസറാണെന്ന് സ്വയം പരിചയപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് കടയുടെ പ്രവര്‍ത്തനം നിരീക്ഷിക്കുകയും രേഖകള്‍ ആവശ്യപ്പെട്ട് പരിശോധിക്കുകയും ചെയ്തു. ശേഷം വാഹനത്തിന് വാടക നല്‍കാന്‍ 750 രൂപ ആവശ്യപ്പെട്ടു.