ന്യൂഡൽഹി: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് സംബന്ധിച്ച് നിയമകമ്മീഷന്റെയും രാഷ്ട്രീയ പാർട്ടികളുടെയും അഭിപ്രായം തേടാൻ ഉന്നതതല സമിതി തീരുമാനം. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി ശനിയാഴ്ച ഡൽഹിയിൽ ചേർന്ന ആദ്യ യോഗത്തിലാണ് ഈ തീരുമാനം എടുത്തത്.
അംഗീകൃത ദേശീയ പാർട്ടികൾ, സംസ്ഥാനങ്ങളിൽ സർക്കാരുകളുള്ള പാർട്ടികൾ, പാർലമെന്റിൽ അവരുടെ പ്രതിനിധികളുള്ളവർ, മറ്റ് അംഗീകൃത സംസ്ഥാന പാർട്ടികൾ എന്നിവരിൽ നിന്നാകും സമിതി നിർദേശങ്ങൾ തേടുക. കൂടാതെ നിർദേശങ്ങളും കാഴ്ചപ്പാടുകളും അറിയിക്കാൻ കേന്ദ്ര നിയമ കമ്മീഷനെയും ക്ഷണിക്കുമെന്ന് നിയമ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഒരേസമയം തിരഞ്ഞെടുപ്പ് നടക്കുമ്പോൾ തൂക്കുസഭ, അവിശ്വാസ പ്രമേയം അംഗീകരിക്കൽ, കൂറുമാറ്റം തുടങ്ങിയ സാഹചര്യങ്ങളുണ്ടായാൽ എന്ത് ചെയ്യണമെന്നത് സംബന്ധിച്ചും സമിതി വിശകലനം നടത്തും. ഭരണഘടനയിലെ ചില ഭേദഗതികൾക്ക് കുറഞ്ഞത് 50 ശതമാനം സംസ്ഥാന നിയമസഭകളുടെ അംഗീകാരം ആവശ്യമാണ്.
ആഭ്യന്തരമന്ത്രി അമിത് ഷാ, നിയമമന്ത്രി അർജുൻ റാം മേഘ്‍വാൾ, രാജ്യസഭയിലെ മുൻ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, മുൻ ധനകാര്യ കമ്മീഷൻ ചെയർമാൻ എൻ കെ സിംഗ്, മുൻ ലോക്സഭാ സെക്രട്ടറി ജനറൽ സുഭാഷ് സി കശ്യപ്, മുൻ ചീഫ് വിജിലൻസ് കമ്മീഷണർ സഞ്ജയ് കോത്താരി എന്നിവർ യോഗത്തിൽ പങ്കെടുത്തു. പ്രമുഖ അഭിഭാഷകൻ ഹരീഷ് സാൽവെ വെർച്വലായും യോഗത്തിൽ പങ്കെടുത്തു.
ലോക്സഭയിലെ കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി യോഗത്തിൽ പങ്കെടുത്തില്ല. സമിതിയുടെ നിഗമനങ്ങൾ ഉറപ്പുനൽകുന്ന രീതിയിൽ ടേംസ് ഓഫ് റഫറൻസ് തയ്യാറാക്കിയ സമിതിയിൽ സേവനമനുഷ്ഠിക്കാൻ വിസമ്മതിച്ച് അദ്ദേഹം അമിത് ഷാക്ക് നേരത്തെ കത്ത് നൽകിയിരുന്നു.
ലോക്സഭ, സംസ്ഥാന നിയമസഭകൾ, മുനിസിപ്പാലിറ്റികൾ, പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്ക് ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്ന കാര്യം പരിശോധിച്ച് ശുപാർശകൾ നൽകാൻ സർക്കാർ സെപ്റ്റംബർ 2 നാണ് കേന്ദ്ര സർക്കാർ എട്ടംഗ ഉന്നതതല സമിതിയെ ചുമതലപ്പെടുത്തിയത്. സമിതി വേഗത്തിൽ ശുപാർശകൾ നൽകുമെന്ന് സർക്കാർ വിജ്ഞാപനത്തിൽ പറഞ്ഞിരുന്നുവെങ്കിലും റിപ്പോർട്ട് സമർപ്പിക്കുന്നതിനുള്ള സമയപരിധി വ്യക്തമാക്കിയിട്ടില്ല.