തിരുവനന്തപുരം: പുതുപ്പള്ളി ഉപ തിരഞ്ഞെടുപ്പിലെ യു ഡി എഫ് വിജയത്തോട് പ്രതികരിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ജനവിധി മാനിക്കുന്നതായി അദ്ദേഹം പറഞ്ഞു.
സഹതാപ തരംഗമുണ്ടായിട്ടും 42,000 ത്തിലധികം വോട്ട് ഇടത് സ്ഥാനാര്‍ഥിക്ക് നേടാനായി. പുതുപ്പള്ളിയില്‍ എല്‍ ഡി എഫിന്റെ വോട്ടിങ് അടിത്തറയില്‍ മാറ്റമൊന്നും വന്നിട്ടില്ലെന്നത് ഇതില്‍ നിന്ന് വ്യക്തമാണ്. എല്‍ ഡി എഫിന്റെ മികച്ച സംഘടനാ പ്രവര്‍ത്തനമാണ് ഇതിനു പിന്നിലെന്നും എം വി ഗോവിന്ദന് പറഞ്ഞു. ഉമ്മന്‍ ചാണ്ടിയെപ്പോലൊരാളുടെ മരണത്തെ തുടര്‍ന്ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ സഹതാപം സ്വാഭാവികമാണെന്നും വലിയ അവകാശവാദങ്ങള്‍ എല്‍ ഡി എഫ് നടത്തിയിരുന്നില്ലെന്നും സി പി എം സെക്രട്ടറി പറഞ്ഞു.
ബി ജെ പിയുടെ വോട്ട് യു ഡി എഫിന് പോയതും ചാണ്ടി ഉമ്മന്റെ വിജയത്തിന് കാരണമായി. ബി ജെ പിയുടെ വോട്ട് വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. ബി ജെ പി 19,000 വരെ വോട്ട് നേടിയിട്ടുള്ള മണ്ഡലമാണിത്. ഇത്തവണ 6,558 ആയി കുറഞ്ഞു.
പരാജയത്തിന്റെ കാരണങ്ങള്‍ വിലയിരുത്തുകയും ഫലപ്രദമായ കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തുകയും ചെയ്യും. ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന സൂചനയാണ് തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. എല്ലാ ഘടകങ്ങളും പരിശോധിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്തും. തിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തലായി കാണാനാകില്ല.സഭാ വിശ്വാസികള്‍ യു ഡി എഫുമായി പൂര്‍ണമായി സഹകരിച്ചുവെന്ന് പറയാന്‍ കഴിയില്ല. എല്‍ ഡി എഫിന് എല്ലാ വിഭാഗത്തിന്റെയും വോട്ട് ലഭിച്ചിട്ടുണ്ടെന്നും എം വി ഗോവിന്ദന് പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇതേ വികാരമുണ്ടാകുമെന്നത് യു ഡി എഫിന്റെ സ്വപ്നം മാത്രമാണ്. 53 വര്‍ഷം ഉമ്മന്‍ ചാണ്ടി ജയിച്ച മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ മകന് ജയിക്കുക എന്നത് മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.


